രണ്ടാം വര്‍ഷം – 5/10/2018

 

ഒന്നാം വായന
ജോബിന്‍റെ പുസ്തകത്തില്‍നിന്ന് (38:1, 12-21; 40:3-5)
(സമുദ്രത്തിന്‍റെ ഉറവകളോളം നീ കടന്നു ചെന്നിട്ടുണ്ടോ?
ആഴിയുടെ ആഴങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ?)
അക്കാലത്ത്, ചുഴലിക്കാറ്റില്‍ നിന്ന് ജോബിന് ഉത്തരം നല്‍കി. ജീവിതം തുടങ്ങിയതിനുശേഷം എന്നെങ്കിലും നീ പ്രഭാതത്തിനു കല്‍പന കൊടുക്കുകയും സൂര്യോദയത്തിനു സ്ഥാനം നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ടോ? അങ്ങനെ ഭൂമിയുടെ അതിര്‍ത്തികള്‍ പിടിച്ചടക്കാന്‍ നീ പ്രഭാതത്തോടു കല്‍പിക്കുകയും ദുഷ്ടരുടെ അവരുടെ ഒളിസങ്കേതങ്ങളില്‍നിന്നു കുടഞ്ഞുകളയുകയും ചെയ്തിട്ടുണ്ടോ? മുദ്രകൊണ്ട് കളിമണ്ണ് എന്ന പോലെ അതിനു രൂപം തെളിയുകയും വര്‍ണശബളമായ വസ്ത്രം പോലെ അതു കാണപ്പെടുകയും ചെയ്യുന്നു. ദുഷ്ടര്‍ക്കു പ്രകാളം തടയപ്പെട്ടിരിക്കുന്നു; അവരുടെ ഉയര്‍ത്തിയ കരം ഒടിക്കപ്പെട്ടിരിക്കുന്നു. സമുദ്രത്തിന്‍റെ ഉറവകളോളം നീ കടന്നുചെന്നിട്ടുണ്ടോ? ആഴിയുടെ ആഴങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ? മൃത്യുകവാടങ്ങള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അഗാധമായ അന്ധകാരത്തിന്‍റെ വാതിലുകള്‍ നീ കണ്ടിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയെല്ലാം നിനക്കറിയാമെങ്കില്‍ പറയുക. പ്രകാശത്തിന്‍റെ വസതിയിലേക്കുള്ള വഴി ഏത്? അന്ധകാരത്തിന്‍റെ പാര്‍പ്പിടം എവിടെ? അങ്ങനെ അതിനെ അതിന്‍റെ അതിര്‍ത്തിയോളം നയിക്കാനോ പാര്‍പ്പിടത്തിലേക്കുള്ള വഴിയില്‍ അതിനെ അനുഗമിക്കാനോ നിനക്കു കഴിയുമോ? നിനക്കറിയാമല്ലോ, നീ അന്നേ ജനിച്ചതല്ലേ? നിന്‍റെ ആയുസ്സ് അത്യ്ക്കു ദീര്‍ഘമാണല്ലോ!
ജോബ് കര്‍ത്താവിനോടു പറഞ്ഞു: ഞാന്‍ നിസ്സാരനാണ്; ഞാന്‍ എന്തുത്തരം പറയാനാണ്! ഞാന്‍ വായ് പൊത്തുന്നു. ഒരിക്കല്‍ ഞാന്‍ സംസാരിച്ചു; ഇനി ഞാന്‍ ഉത്തരം പറയുകയില്ല. രണ്ടു തവണ ഞാന്‍ മറുപടി പറഞ്ഞു; ഇനി ഞാന്‍ മിണ്ടുകയില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(139:1-3,7-8,9-10,13-14ab)
R (v.24b) കര്‍ത്താവായ ദൈവമേ, ശാശ്വതമാര്‍ഗത്തിലൂടെ എന്നെ നയിക്കണമേ.
1. കര്‍ത്താവേ, അവിടുന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു. ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്ന് അറിയുന്നു; എന്‍റെ വിചാരങ്ങള്‍ അവിടുന്ന് അകലെനിന്നു മനസ്സിലാക്കുന്നു. എന്‍റെ നടപ്പും കിടപ്പും അങ്ങു പറിശോധിച്ചറിയുന്നു; എന്‍റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം.
R കര്‍ത്താവായ ദൈവമേ……..
2. അങ്ങയില്‍നിന്നു ഞാന്‍ എവിടെപ്പോകും? അങ്ങയുടെ സന്നിധിവിട്ടു ഞാന്‍ എവിടെ ഓടിയൊളിക്കും? ആകാശത്തില്‍ കയറിയാല്‍ അങ്ങ് അവിടെയുണ്ട്; ഞാന്‍ പാതാളത്തില്‍ കിടക്ക വിരിച്ചാല്‍ അങ്ങ് അവിടെയുണ്ട്.
R കര്‍ത്താവായ ദൈവമേ……..

3. ഞാന്‍ പ്രഭാതത്തിന്‍റെ ചിറകുധരിച്ചു സമുദ്രത്തിന്‍റെ അതിര്‍ത്തിയില്‍ചെന്നു വസിച്ചാല്‍ അവിടെയും അങ്ങയുടെ കരം എന്നെ നയിക്കും; അങ്ങയുടെ വലത്തുകൈ എന്നെ പിടിച്ചുനടത്തും.
R കര്‍ത്താവായ ദൈവമേ……..
അവിടുന്നാണ് എന്‍റെ അന്തരംഗത്തിനു രൂപം നല്‍കിയത്; എന്‍റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു. ഞാന്‍ അങ്ങയെ സ്തുതിക്കുന്നു; എന്തെന്നാല്‍, അങ്ങ് എന്നെ വിസ്മയനീയമായി സൃഷ്ടിച്ചു.
R കര്‍ത്താവായ ദൈവമേ……..
അല്ലേലൂയാ!
അല്ലേലൂയാ! (cf.സങ്കീ.95:7-8) ഇന്ന് കര്‍ത്താവിന്‍റെ സ്വരം ശ്രവിക്കുമെങ്കില്‍, നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (10:13-16)
(എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു)
അക്കാലത്ത്, യേശു അരുളിച്ചെയ്തു: കൊറാസീന്‍, നിനക്കു ദുരിതം! ബേത്സയ്ദാ, നിനക്കു ദുരിതം! നിങ്ങളില്‍ നടന്ന അത്ഭുതങ്ങള്‍ ടയിറിലും സീദോനിലും നടന്നിരുന്നുവെങ്കില്‍ അവിടത്തെ ജനങ്ങള്‍ ചാക്കുടുത്തും ചാരംപൂശിയും പണ്ടേ തന്നെ പശ്ചാച്ചപിക്കുമായിരുന്നു. ആകയാല്‍, വിധിദിനത്തില്‍ ടയിറിന്‍റെയും സീതോന്‍റെയും സ്ഥിതി നിങ്ങളുടേതിനെക്കാള്‍ സഹനീയമായിരിക്കും. കഫര്‍ണാമേ, നീ ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്ത്തപ്പെടും.
നിങ്ങളുടെ വാക്കു കേള്‍ക്കുന്നവന്‍ എന്‍റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here