രണ്ടാം വര്‍ഷം – 4/6/2018

ഒന്നാം വായന
വി.പത്രോസ് എഴുതിയ രണ്ടാം ലേഖനത്തില്‍നിന്ന് (1:2-7)
(തന്‍റെ മഹത്വവും ഔന്നത്യവും വഴി അവിടുന്നു നിങ്ങള്‍ക്ക്
അമൂല്യവും ശ്രേഷ്ഠവുമായ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നു)
സഹോദരരേ, ദൈവത്തെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള പൂര്‍ണമായ പരിജ്ഞാനംമൂലം നിങ്ങളില്‍ കൃപയും സമാധാനവും വര്‍ധിക്കട്ടെ! തന്‍റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവന്‍റെ ദൈവികശക്തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു. ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്ഷപെട്ടു ദൈവികസ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്, തന്‍റെ മഹത്വവും ഔന്നത്യവും വഴി അവിടുന്നു നിങ്ങള്‍ക്ക് അമൂല്യവും ശ്രേഷ്ഠവുമായ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നു. ഇക്കാരണത്താല്‍ നിങ്ങളുടെ വിശ്വാസത്തെ സുകൃതം കൊണ്ടും, സകൃതത്തെ ജ്ഞാനംകൊണ്ടും, ജ്ഞാനത്തെ ആത്മസംയമനംകൊണ്ടും, ആത്മസംയമനത്തെ ക്ഷമകൊണ്ടും, ക്ഷമയെ ഭക്തികൊണ്ടും, ഭക്തിയെ സഹോദരസ്നേഹംകൊണ്ടും, സഹോദരസ്നേഹത്തെ ഉപവികൊണ്ടും സമ്പൂര്‍ണമാക്കാന്‍ നന്നായി ഉത്സാഹിക്കുവിന്‍.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(91:1-2,14-15ab,15c-16)
R (v.2a) എന്‍റെ കര്‍ത്താവേ, ഞാന്‍ അങ്ങില്‍ ആശ്രയിക്കുന്നു.
1. അത്യുന്നതന്‍റെ സംരക്ഷണത്തില്‍ വസിക്കുന്നവനും, സര്‍വശക്തന്‍റെ തണലില്‍ കഴിയുന്നവനും, കര്‍ത്താവിനോട് എന്‍റെ സങ്കേതവും എന്‍റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്‍റെ ദൈവവും എന്നുപറയും.
R എന്‍റെ കര്‍ത്താവേ ………….
2. അവന്‍ സ്നേഹത്തില്‍ എന്നോട് ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും; അവന്‍ എന്‍റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. അവന്‍ എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്‍റെ കഷ്ടതയില്‍ ഞാന്‍ അവനോടു ചേര്‍ന്നുനില്‍ക്കും.
R എന്‍റെ കര്‍ത്താവേ ………….
3. ഞാന്‍ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും. ദീര്‍ഘായുസ്സു നല്‍കി ഞാന്‍ അവനെ സംതൃപ്തനാക്കും; എന്‍റെ രക്ഷ ഞാന്‍ അവനു കാണിച്ചുകൊടുക്കും. നീതിമാന്‍ സന്തോഷിക്കുന്നു.
R എന്‍റെ കര്‍ത്താവേ ………….
അല്ലേലൂയാ!
അല്ലേലൂയാ! (cf.വെളി.1:5ab) വിശ്വസ്തസാക്ഷിയും മൃതരില്‍നിന്നുള്ള ആദ്യജാതനുമായ യേശുക്രിസ്തുവേ, നീ ഞങ്ങളെ സ്നേഹിക്കുകയും സ്വന്തം രക്തത്താല്‍ ഞങ്ങളുടെ പാപങ്ങള്‍ മോചിക്കുകയും ചെയ്തു. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (12:1-12)
(മുന്തിരത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍റെ പുത്രനെ കൃഷിക്കാര്‍ കൊന്ന്
മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു)
അക്കാലത്ത്, യേശു പ്രധാന പുരോഹിതന്‍മാരോടും നിയമജ്ഞരോടും ജനപ്രമാണികളോടും ഉപമകള്‍വഴി സംസാരിക്കാന്‍ തുടങ്ങി. ഒരുവന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു; അതിനു ചുറ്റും വേലികെട്ടി; മുന്തിരിച്ചക്കു സ്ഥാപിച്ചു; ഒരു ഗോപുരവും പണിതു. അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട് അവന്‍ അവിടെനിന്നു പോയി. സമയമായപ്പോള്‍ മുന്തിരിഫലങ്ങളില്‍നിന്ന് തന്‍റെ ഓഹരി ശേഖരിക്കാന്‍ അവന്‍ കൃഷിക്കാരുടെ അടുത്തേക്കു ഭൃത്യനെ അയച്ചു. എന്നാല്‍, അവര്‍ അവനെ പിടിച്ച് അടിക്കുകയും വെറുംകൈയോടെ പറഞ്ഞയയ്ക്കുകയും ചെയ്തു. വീണ്ടും അവന്‍ മറ്റൊരു ഭൃത്യനെ അയച്ചു. അവര്‍ അവനെ തലയ്ക്കു പരിക്കേല്‍പ്പിക്കുകയും അപമാനിച്ചയയ്ക്കുകയും ചെയ്തു. അവന്‍ വീണ്ടും ഒരുവനെ അയച്ചു. അവനെ അവര്‍ കൊന്നുകളഞ്ഞു. മറ്റു പലരെയും അയച്ചു. ചിലരെ അവര്‍ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു. അവന് ഇനി ഒരുവന്‍ മാത്രം അവശേഷിച്ചു – തന്‍റെ പ്രിയപുത്രന്‍. എന്‍റെ പുത്രനെ അവര്‍ മാനിക്കും എന്നുപറഞ്ഞ് അവസാനം അവനെയും അവരുടെയടുത്തേക്ക് അയച്ചു. കൃഷിക്കാര്‍ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; ഇവനെ നമുക്കു കൊന്നുകളയാം; അവകാശം നമ്മുടേതാകും. അവര്‍ അവനെ പിടിച്ചു കൊന്നു മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു. ഇനി മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ എന്തു ചെയ്യും? അവന്‍ വന്ന് ആ കൃഷിക്കാരെ നശിപ്പിച്ച് മുന്തിരിത്തോട്ടം വേറെ ആളുകളെ ഏല്‍പിക്കും.
ഈ വിശുദ്ധലിഖിതം നിങ്ങള്‍ വായിച്ചിട്ടില്ലേ? പണിക്കാര്‍ ഉപേക്ഷിച്ച കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നു. ഇതു കര്‍ത്താവിന്‍റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടിയില്‍ ഇത് അദ്ഭുതകരമായിരിക്കുന്നു. തങ്ങള്‍ക്കെതിരായിട്ടാണ് ഈ ഉപമ അവന്‍ പറഞ്ഞതെന്നു മനസ്സിലാക്കി അവര്‍ അവനെ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ജനക്കൂട്ടത്തെ അവര്‍ ഭയപ്പെട്ടു. അതുകൊണ്ട്, അവര്‍ അവനെ വിട്ടുപോയി.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here