രണ്ടാം വര്‍ഷം – 3/10/2018

ഒന്നാം വായന
ജോബിന്‍റെ പുസ്തകത്തില്‍നിന്ന് (9:1-12, 14-16)
(~ഒരുവന് ദൈവത്തിന്‍റെ മുന്‍പില്‍ എങ്ങനെ നീതിമാനാകാന്‍ കഴിയും?)
ജോബ് തന്‍റെ സ്നേഹിതരോട് മറുപടി പറഞ്ഞു: ഒരുവന് ദൈവത്തിന്‍റെ മുന്‍പില്‍ എങ്ങനെ നീതിമാനാകാന്‍ കഴിയും? ഒരുവന്‍ അവിടുത്തോട് വാഗ്വാദത്തിലേര്‍പ്പെട്ടാല്‍ ആയിരത്തില്‍ ഒരു തവണപോലും അവിടുത്തോട് ഉത്തരം പറയാന്‍ കഴിയുകയില്ല. അവിടുന്ന് ജ്ഞാനിയും ബലിഷ്ഠനുമാണ്. അവിടുത്തോട് എതിര്‍ത്ത് ആര്‍ ജയിച്ചിട്ടുണ്ട്? അവിടുന്ന് പര്‍വതങ്ങളെ നീക്കിക്കളയുന്നു. തന്‍റെ കോപത്തില്‍ അവയെ മറിച്ചുകളയുന്നു, എന്നാല്‍ അവ അതറിയുന്നില്ല. അവിടുന്ന് ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്നു. അതിന്‍റെ തൂണുകള്‍ വിറയ്ക്കുന്നു. അവിടുന്ന് സൂര്യനോടു കല്‍പിക്കുന്നു; അത് ഉദിക്കുന്നില്ല. അവിടുന്ന നക്ഷത്രങ്ങള്‍ക്കു മുദ്രവയ്ക്കുന്നു. അവിടുന്ന് മാത്രമാണ് ആകാശത്തെ വിരിച്ചത്; അവിടുന്ന് സമുദ്രത്തിലെ തിരമാലകളെ ചവിട്ടിമെതിക്കുന്നു. സപ്തര്‍ഷിമണ്‍ഡലം, മകയിരം, കാര്‍ത്തിക എന്നിവയെയും, തെക്കേ നക്ഷത്രമണ്‍ഡലത്തെയും അവിടുന്ന് സൃഷ്ടിച്ചു. ദുര്‍ജ്ഞേയമായ മഹാകൃത്യങ്ങളും എണ്ണമറ്റ അദ്ഭുതങ്ങളും അവിടുന്ന് പ്രവര്‍ത്തിക്കുന്നു. അവിടുന്ന് എന്നെ കടന്നുപോകുന്നു, ഞാന്‍ അവിടുത്തെ കാണുന്നില്ല; അവിടുന്ന് നടന്നു നീങ്ങുന്നു, ഞാന്‍ അവിടുത്തെ അറിയുന്നില്ല. അവിടുന്നു പിടിച്ചെടുക്കുന്നു, തടയാന്‍ ആര്‍ക്കു കഴിയും? എന്താണീ ചെയ്യുന്നത് എന്ന് ആര്‍ക്കു ചോദിക്കാന്‍ കഴിയും? അപ്പോള്‍ അവിടുത്തോട് ഉത്തരം പറയാന്‍ എനിക്ക് എങ്ങനെ വാക്കു കിട്ടും? ഞാന്‍ നീതിമാനായിരുന്നാലും അവിടുത്തോട് മറുപടി പറയാന്‍ എനിക്കു കഴിയുകയില്ല. എന്നെ കുറ്റം വിധിക്കുന്ന അവിടുത്തെ കരുണയ്ക്കുവേണ്ടി ഞാന്‍ യാചിക്കണം. ഞാന്‍ വിളിച്ചപേക്ഷിച്ചിട്ട് അവിടുന്ന് ഉത്തരമരുളിയാലും അവിടുന്ന് എന്‍റെ ശബ്ദം ശ്രവിക്കുകയായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുകയില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(88:9bc-10,11-12,13-14)
R (v.2a) എന്‍റെ പ്രാര്‍ത്ഥന അങ്ങയുടെ മുന്‍പില്‍ എത്തുമാറാകട്ടെ.
1. കര്‍ത്താവേ, എന്നും ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ഞാന്‍ അങ്ങയുടെ സന്നിധിയിലേക്കു കൈകള്‍ ഉയര്‍ത്തുന്നു. മരിച്ചവര്‍ക്കുവേണ്ടി അങ്ങ് അത്ഭുതം പ്രവര്‍ത്തിക്കുമോ? നിഴലുകള്‍ അങ്ങയെ പുകഴ്ത്താന്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമോ?
R എന്‍റെ പ്രാര്‍ത്ഥന അങ്ങയുടെ………
2. ശവകുടീരത്തില്‍ അങ്ങയുടെ സ്നേഹവും വിനാശത്തില്‍ അങ്ങയുടെ വിശ്വസ്തതയും പ്രഘോഷിക്കുമോ? അന്ധകാരത്തില്‍ അങ്ങയുടെ അത്ഭുതങ്ങളും വിസ്മൃതിയുടെ ദേശത്ത് അങ്ങയുടെ രക്ഷാകരസമയവും അറിയപ്പെടുമോ?
R എന്‍റെ പ്രാര്‍ത്ഥന അങ്ങയുടെ………
3. കര്‍ത്താവേ, ഞാന്‍ അങ്ങയോടു നിലവിളിച്ചപേക്ഷിക്കുന്നു; പ്രഭാതത്തില്‍ എന്‍റെ പ്രാര്‍ത്ഥന അങ്ങയുടെ സന്നിധിയില്‍ എത്തുന്നു. കര്‍ത്താവേ, അങ്ങ് എന്നെ തള്ളിക്കളയുന്നതെന്തുകൊണ്ട്? എന്നില്‍നിന്നു മുഖം മറയ്ക്കുന്നതെന്തുകൊണ്ട്?
ഞ എന്‍റെ പ്രാര്‍ത്ഥന അങ്ങയുടെ………
അല്ലേലൂയാ!
അല്ലേലൂയാ! (ഫിലി.3:8-9) ക്രിസ്തുവിനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്. ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടി ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (9:57-62)
(നീ എവിടെപ്പോയാലും ഞാന്‍ നിന്നെ അനുഗമിക്കും)
അക്കാലത്ത്, യേശുവും ശിഷ്യന്‍മാരും പോകുംവഴി ഒരുവന്‍ യേശുവിനോടു പറഞ്ഞു: നീ എവിടെപ്പോയാലും ഞാന്‍ നിന്നെ അനുഗമിക്കും. യേശു പറഞ്ഞു: കുറുനരികള്‍ക്കു മാളങ്ങളും ആകാശത്തിലെ പക്ഷികള്‍ക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനു തലചായ്ക്കാന്‍ ഇടമില്ല. അവന്‍ വേറൊരുവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ ആദ്യം പോയി എന്‍റെ പിതാവിനെ സംസ്ക്കരിക്കാന്‍ അനുവദിച്ചാലും. അവന്‍ പറഞ്ഞു: മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്ക്കരിക്കട്ടെ; നീ പോയി ദൈവരാജ്യം പ്രസംഗിക്കുക. മറ്റൊരുവന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ നിന്നെ അനുഗമിക്കാം; പക്ഷേ, ആദ്യം പോയി എന്‍റെ വീട്ടുകാരോടു വിടവാങ്ങാന്‍ അനുവദിക്കണം. യേശു പറഞ്ഞു: കലപ്പയില്‍ കൈ വച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here