രണ്ടാം വര്‍ഷം – 28/8/2018

ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ തെസലോനിക്കാക്കാര്‍ക്ക്
എഴുതിയ രണ്ടാം ലേഖനത്തില്‍നിന്ന് (2:1-3, 13-16)
(ഞങ്ങള്‍ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള കാര്യങ്ങള്‍ മുറുകെപ്പിടിക്കുവിന്‍)
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തെയും അവന്‍റെ സന്നിധിയില്‍ നാം സമ്മേളിക്കുന്നതിനെയും പറ്റി സഹോദരരേ, ഞങ്ങള്‍ നിങ്ങളോടപേക്ഷിക്കുന്നു: കര്‍ത്താവിന്‍റെ ദിവസം വന്നുകഴിഞ്ഞുവെന്നു സൂചിപ്പിക്കുന്ന പ്രവചനത്താലോ പ്രസംഗത്താലോ ഞങ്ങളുടേതെന്ന് അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങള്‍ പെട്ടെന്നു ചഞ്ചലചിത്തരും അസ്വസ്ഥരുമാകരുത്. ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ.
എന്നാല്‍, കര്‍ത്താവിന്‍റെ വാത്സല്യഭാജനങ്ങളായ സഹോദരരേ, ആത്മാവുമുഖേനയുള്ള വിശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷയ്ക്കുള്ള ആദ്യഫലമായി നിങ്ങളെ ദൈവം തെരഞ്ഞെടുത്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മഹത്വം നിങ്ങള്‍ക്കു ലഭിക്കുന്നതിനുവേണ്ടി ഞങ്ങളുടെ സുവിശേഷത്തിലൂടെ അവിടുന്നു നിങ്ങളെ വിളിച്ചു. അതിനാല്‍, സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ കത്തു മുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവും, നമ്മെ സ്നേഹിക്കുകയും നമുക്കു തന്‍റെ കൃപയിലൂടെ നിത്യമായ ആശ്വാസവും നല്ല പ്രത്യാശയും നല്‍കുകയും ചെയ്ത നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും എല്ലാ സത്പ്രവൃത്തികളിലും സദ്വചനങ്ങളിലും നിങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യട്ടെ.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(96:11-12a,12b-13)
R (v.13b) കര്‍ത്താവു ഭൂമിയെ വിധിക്കാന്‍ വരുന്നു.
1. ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍: കര്‍ത്താവു വാഴുന്നു; സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.
R കര്‍ത്താവു ഭൂമിയെ………..
2. ആകാശം ആഹ്ലാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ; സമുദ്രവും അതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ! വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ!
R കര്‍ത്താവു ഭൂമിയെ………..
3. കര്‍ത്താവിന്‍റെ സന്നിധിയില്‍ വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും. എന്തെന്നാല്‍, അവിടുന്നു വരുന്നു; അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു; അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ സത്യത്തോടുംകൂടെ വിധിക്കും.
R കര്‍ത്താവു ഭൂമിയെ………..
അല്ലേലൂയാ!
അല്ലേലൂയാ!(ഹെബ്രാ.4:12) ദൈവത്തിന്‍റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഹൃദയത്തിന്‍റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (23:23-26)
(മറ്റുള്ളവ അവഗണിക്കാതെതന്നെ ഇവ നിങ്ങള്‍ ചെയ്യേണ്ടതായിരുന്നു)
അക്കാലത്ത്, യേശു അരുളിച്ചെയ്തു: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ തുളസി, ചതുകുപ്പ, ജീരകം എന്നിവയ്ക്കു ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് – മറ്റുള്ളവ അവഗണിക്കാതെതന്നെ. അന്ധരായ മാര്‍ഗദര്‍ശികളേ, കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരാണു നിങ്ങള്‍!
കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പാനപാത്രത്തിന്‍റെയും ഭക്ഷണപാത്രത്തിന്‍റെയും പുറം വെടിപ്പാക്കുന്നു; എന്നാല്‍, അവയുടെ ഉള്ള് കവര്‍ച്ചയും ആര്‍ത്തിയുംകൊണ്ട് നിറഞ്ഞിരിക്കുന്നു. അന്ധനായ ഫരിസേയാ, പാനപാത്രത്തിന്‍റെയും ഭക്ഷണപാത്രത്തിന്‍റെയും പുറംകൂടി ശുദ്ധിയാകാന്‍വേണ്ടി ആദ്യമേ അകം ശുദ്ധിയാക്കുക.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here