രണ്ടാം വര്‍ഷം – 27/8/2018

ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ തെസലോനിക്കാക്കാര്‍ക്ക്
എഴുതിയ രണ്ടാം ലേഖനത്തില്‍നിന്ന് (1:1-5, 11-12)
(യേശുക്രിസ്തുവിന്‍റെ നാമം നിങ്ങളിലും നിങ്ങള്‍ അവനിലും മഹത്വപ്പെടും)
പൗലോസും സില്‍വാനോസും തിമോത്തേയോസുംകൂടെ, നമ്മുടെ പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലുമുള്ള തെസലോനിക്കാകാരുടെ സഭയ്ക്കെഴുതുന്നത്. പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.
നിങ്ങളുടെ വിശ്വാസം സമൃദ്ധമായി വളരുകയും നിങ്ങളേവരുടേയും പരസ്പരസ്നേഹം വര്‍ദ്ധിച്ചുവരുകയും ചെയ്യുന്നതിനാല്‍, സഹോദരരേ, നിങ്ങള്‍ക്കുവേണ്ടി എപ്പോഴും ദൈവത്തിന് ഉചിതമാംവിധം നന്ദിപറയാന്‍ ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ ഇപ്പോള്‍ സഹിച്ചുകൊണ്ടിരിക്കുന്ന എല്ലാ പീഡകളിലും ദുരിതങ്ങളിലും നിങ്ങള്‍ പ്രകടിപ്പിക്കുന്ന സ്ഥൈര്യത്തെയും വിശ്വാസത്തെയുംകുറിച്ച് ദൈവത്തിന്‍റെ സഭകളില്‍ വച്ചു ഞങ്ങള്‍തന്നെ അഭിമാനിക്കാറുണ്ട്. ദൈവരാജ്യത്തിനുവേണ്ടിയാണല്ലോ നിങ്ങള്‍ കഷ്ടപ്പാടുകള്‍ സഹിക്കുന്നത്; ആ ദൈവരാജ്യത്തിനു നിങ്ങള്‍ അര്‍ഹരാക്കപ്പെടണമെന്ന ദൈവത്തിന്‍റെ നീതിപൂര്‍വകമായ നിശ്ചയത്തിനുള്ള തെളിവാണിവയെല്ലാം.
നമ്മുടെ ദൈവം നിങ്ങളെ തന്‍റെ വിളിക്കു യോഗ്യരായി പരിഗണിക്കുന്നതിനും നിങ്ങളുടെ എല്ലാ സദുദ്ദേശ്യങ്ങളും വിശ്വാസത്തിന്‍റെ പ്രവൃത്തികളും തന്‍റെ ശക്തിയാല്‍ പൂര്‍ത്തിയാക്കുന്നതിനുമായി ഞങ്ങള്‍ സദാ പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ, നമ്മുടെ ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും കൃപയ്ക്കനുസൃതം അവന്‍റെ നാമം നിങ്ങളിലും, നിങ്ങള്‍ അവനിലും മഹത്വപ്പെടട്ടെ!
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(96:1-2a,2b-3,4-5)
R (v.3b) ജനപദങ്ങളുടെയിടയില്‍ അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.
1. കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍, ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ! കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍. അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍.
R ജനപദങ്ങളുടെയിടയില്‍ അവിടുത്തെ………..
2. അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍. ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍; ജനപദങ്ങളുടെയിടയില്‍ അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.
R ജനപദങ്ങളുടെയിടയില്‍ അവിടുത്തെ………..
3. എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനും അത്യന്തം സ്തുത്യര്‍ഹനുമാണ്; സകലദേവന്‍മാരെയുംകാള്‍ ഭയപ്പെടേണ്ടവനുമാണ്. ജനതകളുടെ ദേവന്‍മാര്‍ വിഗ്രഹങ്ങള്‍ മാത്രം; എന്നാല്‍, കര്‍ത്താവ് ആകാശത്തിന്‍റെ സ്രഷ്ടാവാണ്.
R ജനപദങ്ങളുടെയിടയില്‍ അവിടുത്തെ………..
അല്ലേലൂയാ!
അല്ലേലൂയാ!(യോഹ.10:27) കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (23:1-12)
(അവര്‍ പറയുന്നതല്ലാതെ പ്രവര്‍ത്തിക്കുന്നില്ല)
അക്കാലത്ത്, ഈശോ അരുളിച്ചെയ്തു: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല. കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയുംചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
അന്ധരായ മാര്‍ഗദര്‍ശികളേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പറയുന്നു: ഒരുവന്‍ ദേവാലയത്തെക്കൊണ്ട് ആണയിട്ടാല്‍ ഒന്നുമില്ല. ദേവാലയത്തിലെ സ്വര്‍ണത്തെക്കൊണ്ട് ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്. അന്ധരും മൂഢരുമായവരേ, ഏതാണു വലുത്? സ്വര്‍ണമോ സ്വര്‍ണത്തെ പവിത്രമാക്കുന്ന ദേവാലയമോ? നിങ്ങള്‍ പറയുന്നു: ഒരുവന്‍ ബലിപീഠത്തെക്കൊണ്ട് ആണയിട്ടാല്‍ ഒന്നുമില്ല; എന്നാല്‍ ബലിപീഠത്തിലെ കാഴ്ചവസ്തുവിനെക്കൊണ്ട് ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്. അന്ധരേ, ഏതാണു വലുത്? കാഴ്ചവസ്തുവോ കാഴ്ചവസ്തുവിനെ പവിത്രമാക്കുന്ന ബലിപീഠമോ? ബലിപീഠത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതിന്‍മേലുള്ള എല്ലാ വസ്തുക്കളെക്കൊണ്ടും ആണയിടുന്നു. ദേവാലയത്തെക്കൊണ്ട് ആണയിടുന്നവന്‍ അതിനെക്കൊണ്ടും അതില്‍ വസിക്കുന്നവനെക്കൊണ്ടും ആണയിടുന്നു. സ്വര്‍ഗത്തെക്കൊണ്ട് ആണയിടുന്നവന്‍ ദൈവത്തിന്‍റെ സിംഹാസനത്തെക്കൊണ്ടും അതില്‍ ഇരിക്കുന്നവനെക്കൊണ്ടും ആണയിടുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here