രണ്ടാം വര്‍ഷം – 27/11/2018

ഒന്നാം വായന
വെളിപാടിന്‍റെ പുസ്തകത്തില്‍നിന്ന് (14:14-19)
(കൊയ്ത്തിനു കാലമായി. ഭൂമിയിലെ വിളവു പാകമായിക്കഴിഞ്ഞു)
ഞാന്‍, യോഹന്നാന്‍, കണ്ടു: ഇതാ, ഒരുവെണ്‍മേഘം; മേഘത്തിന്‍മേല്‍ മനുഷ്യപുത്രനെപ്പോലെയുള്ള ഒരുവന്‍, അവന്‍റെ ശിരസ്സില്‍ സ്വര്‍ണകിരീടവും കൈയില്‍ മൂര്‍ച്ചയുള്ള അരിവാളുമുണ്ട്. ദേവാലയത്തില്‍നിന്നു മറ്റൊരു ദൂതന്‍ പുറത്തുവന്നു മേഘത്തിന്‍മേല്‍ ഇരിക്കുന്നവനോട് ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: അരിവാള്‍ എടുത്തുകൊയ്യുക. കൊയ്ത്തിനു കാലമായി. ഭൂമിയിലെ വിളവു പാകമായിക്കഴിഞ്ഞു. അപ്പോള്‍, മേഘത്തില്‍ ഇരിക്കുന്നവന്‍ തന്‍റെ അരിവാള്‍ ഭൂമിയിലേക്കെറിയുകയും ഭൂമി കൊയ്യപ്പെടുകയും ചെയ്തു. സ്വര്‍ഗത്തിലെ ദേവാലയത്തില്‍നിന്നു മൂര്‍ച്ചയുള്ള ഒരു അരിവാളുമായി മറ്റൊരു ദൂതന്‍ ഇറങ്ങിവന്നു. വോറൊരു ദൂതന്‍ ബലിപീഠത്തില്‍നിന്നു പുറത്തുവന്നു. അവന് അഗ്നിയുടെമേല്‍ അധികാരം ഉണ്ടായിരുന്നു. മൂര്‍ച്ചയുള്ള അരിവാളുള്ളവനോട് അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: നിന്‍റെ അരിവാളിറക്കി ഭൂമിയിലെ മുന്തിരിക്കുലകള്‍ ശേഖരിക്കുക; മുന്തിരിപ്പഴം പാകമായിരിക്കുന്നു. അപ്പോള്‍ ദൂതന്‍ അരിവാള്‍ ഭൂമിയിലേക്കെറിഞ്ഞു. ഭൂമിയിലെ മുന്തിരിവിള ശേഖരിച്ച് ദൈവത്തിന്‍റെ ക്രോധമാകുന്ന വലിയ മുന്തിരച്ചക്കിലിട്ടു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 96:10,11-12,13)
R (13a) കര്‍ത്താവു ഭൂമിയെ വിധിക്കാന്‍ വരുന്നു.
1. ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍: കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.
R കര്‍ത്താവു ഭൂമിയെ………………
2. ആകാശം ആഹ്ലാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ; സമുദ്രവും അതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ! വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ! അപ്പോള്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും.
R കര്‍ത്താവു ഭൂമിയെ………………
3. എന്തെന്നാല്‍, അവിടുന്നു വരുന്നു; അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു: അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ സത്യത്തോടും കൂടെ വിധിക്കും.
R കര്‍ത്താവു ഭൂമിയെ………………
അല്ലേലൂയാ!
അല്ലേലൂയാ! (വെളി.2: 10) കര്‍ത്താവ് അരുളിച്ചെയ്യുന്നു: മരണംവരെ വിശ്വസ്തരായിരിക്കുക; ജീവന്‍റെ കിരീടം നിനക്കു നല്‍കും. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (21:5-11)
(കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു)
അക്കാലത്ത്, ചില ആളുകള്‍ ജറുസലേം ദേവാലയത്തെപ്പറ്റി, അത് വിലയേറിയ കല്ലുകളാലും കാണിക്കവസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞു: നിങ്ങള്‍ ഈ കാണുന്നവ കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു.

അവര്‍ ചോദിച്ചു: ഗുരോ, അത് എപ്പോഴാണ് സംഭവിക്കുക? ഇതെല്ലാം സംഭവിക്കാന്‍ തുടങ്ങുന്നതിന്‍റെ അടയാളം എന്താണ്? അവന്‍ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, പലരും അവന്‍ ഞാനാണ് എന്നും സമയം അടുത്തു എന്നും പറഞ്ഞുകൊണ്ട് എന്‍റെ നാമത്തില്‍ വരും. നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്. യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെടരുത്. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാല്‍, അവസാനം ഇനിയും ആയിട്ടില്ല. അവന്‍ തുടര്‍ന്നു: ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയര്‍ത്തും. വലിയ ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ക്ഷാമവും പകര്‍ച്ചവ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തില്‍നിന്നു വലിയ അടയാളങ്ങളും ഉണ്ടാകം.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here