രണ്ടാം വര്‍ഷം – 26/9/2018

ഒന്നാം വായന
സുഭാഷിതങ്ങളുടെ പുസ്തകത്തില്‍നിന്ന് (30:5-9)
(ദാരിദ്ര്യമോ സമൃദ്ധിയോ എനിക്ക് തരരുതേ; ആവശ്യത്തിന്ആഹാരം
തന്ന് എന്നെ പോറ്റണമേ )
ദൈവത്തിന്‍റെ ഓരോ വാക്കും സത്യമെന്നു തെളിയുന്നു. തന്നെ അഭയം പ്രാപിക്കുന്നവര്‍ക്ക് അവിടുന്ന് കവചമാണ്. അവിടുത്തെ വാക്കുകളോട് ഒന്നും കൂട്ടിച്ചേര്‍ക്കരുത്; അങ്ങനെ ചെയ്താല്‍, അവിടുന്ന് നിന്നെ കുറ്റപ്പെടുത്തും; നീ നുണയനാവുകയും ചെയ്യും. രണ്ടു കാര്യങ്ങള്‍ ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു; മരണംവരെ എനിക്ക് അവ നിഷേധിക്കരുതേ. അസത്യവും വ്യാജവും എന്നില്‍നിന്ന് അകറ്റി നിര്‍ത്തണമേ; ദാരിദ്ര്യമോ സമൃദ്ധിയോ എനിക്ക് തരരുതേ; ആവശ്യത്തിന് ആഹാരം തന്ന് എന്നെ പോറ്റണമേ. ഞാന്‍ സമൃദ്ധിയില്‍ അങ്ങയെ അവഗണിക്കുകയും കര്‍ത്താവ് ആര് എന്നു ചോദിക്കുകയും ചെയ്തേക്കാം; ദാരിദ്ര്യംകൊണ്ടു മോഷ്ടിച്ച് ദൈവനാമത്തെ നിന്ദിക്കുകയും ചെയ്തേക്കാം.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(119:2972,89+101,104+163)
R (v.105a ) കര്‍ത്താവേ, അങ്ങയുടെ വചനം എന്‍റെ പാദത്തിന് വിളക്കാണ്.
1. തെറ്റായ മാര്‍ഗങ്ങളെ എന്നില്‍നിന്ന് അകറ്റണമേ!കാരുണ്യപൂര്‍വം അങ്ങയുടെ നിയമം എന്നെ പഠിപ്പിക്കണമേ! ആയിരക്കണക്കിനു പൊന്‍വെള്ളി നാണയങ്ങളെക്കാള്‍ അങ്ങയുടെ വദനത്തില്‍ നിന്നു പുറപ്പെടുന്ന നിയമമാണ് എനിക്ക് അഭികാമ്യം.
R കര്‍ത്താവേ അങ്ങയുടെ……….
2. കര്‍ത്താവേ, അങ്ങയുടെ വചന സ്വര്‍ഗത്തില്‍ എന്നേക്കും സുസ്ഥാപിതമാണ്. അങ്ങയുടെ വചനം പാലിക്കാന്‍വേണ്ടി ഞാന്‍ സകല ദുര്‍മാര്‍ഗങ്ങളിലുംനിന്ന് എന്‍റെ പാദങ്ങള്‍ പിന്‍വലിക്കുന്നു.
ഞ കര്‍ത്താവേ അങ്ങയുടെ……….
3. അങ്ങയുടെ പ്രമാണങ്ങള്‍ ഞാന്‍ അറിവു നേടി; അതിനാല്‍ വ്യാജമാര്‍ഗങ്ങള്‍ ഞാന്‍ വെറുക്കുന്നു. അസത്യത്തെ ഞാന്‍ വെറുക്കുന്നു, അതിനോട് എനിക്ക് അറപ്പാണ്; എന്നാല്‍, അങ്ങയുടെ നിയമത്തെ ഞാന്‍ സ്നേഹിക്കുന്നു.
R കര്‍ത്താവേ അങ്ങയുടെ……….
അല്ലേലൂയാ!
അല്ലേലൂയാ! (മര്‍ക്കോ.1:15) ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (9:1-6)
(ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി
യേശു ശിഷ്യന്‍മാരെ അയച്ചു)
അക്കാലത്ത്, യേശു പന്ത്രണ്ട് ശിഷ്യന്‍മാരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന്‍ അവരെ അയച്ചു. അവന്‍ പറഞ്ഞു: യാത്രയ്ക്കു വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്. നിങ്ങള്‍ ഏതു വീട്ടില്‍ പ്രവേശിക്കുന്നുവോ അവിടെ താമസിക്കുക. അവിടെനിന്നു പുറപ്പെടുകയും ചെയ്യുക. നിങ്ങളെ സ്വീകരിക്കാതിരിക്കുന്നവരുടെ പട്ടണത്തില്‍നിന്നു പോകുമ്പോള്‍ അവര്‍ക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിന്‍. അവര്‍ പുറപ്പെട്ട്, ഗ്രാമങ്ങള്‍തോറും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിക്കുകയും എല്ലായിടത്തും രോഗശാന്തി നല്‍കുകയും ചെയ്തു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here