രണ്ടാം വര്‍ഷം – 2/6/2018

ഒന്നാം വായന
വി.യൂദാസ് എഴുതിയ ലേഖനത്തില്‍നിന്ന് (17:20b-25)
(പാപത്തില്‍ വീഴാതെ തന്‍റെ മഹത്വമേറിയ സന്നിധിയില്‍ നിങ്ങളെ
കളങ്കമില്ലാതെ സൂക്ഷിക്കാന്‍ ദൈവത്തിനു കഴിയുന്നു)
എന്‍റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ അപ്പസ്തോലന്‍മാരാല്‍ മുന്‍കൂട്ടി പറയപ്പെട്ട വചനങ്ങള്‍ ഓര്‍ക്കുവിന്‍. നിങ്ങള്‍ പരിശുദ്ധാത്മാവില്‍ പ്രാര്‍ഥിച്ചുകൊണ്ട്, നിങ്ങളുടെ പവിത്രമായ വിശ്വാസത്തില്‍ അഭിവൃദ്ധി പ്രാപിക്കുവിന്‍. നിത്യജീവിതത്തിനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കാരുണ്യത്തെ ഉറ്റുനോക്കിക്കൊണ്ട് ദൈവസ്നേഹത്തില്‍ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിന്‍. ചഞ്ചലചിത്തരോട് അനുകമ്പ കാണിക്കുവിന്‍. അഗ്നിയില്‍ അകപ്പെട്ടവരെ പിടിച്ചുകയറ്റുവിന്‍. മാംസദാഹത്താല്‍ കളങ്കിതരായവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ട് ഭയത്തോടെ അവരോടു കരുണ കാണിക്കുവിന്‍.
വീഴാതെ നിങ്ങളെ കാത്തുകൊള്ളാനും തന്‍റെ മഹത്വത്തിന്‍റെ സന്നിധിയില്‍ നിങ്ങളെ കളങ്കരഹിതരായി സന്തോഷത്തോടെ നിറുത്താനും കഴിവുള്ള നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി നമ്മുടെ രക്ഷകനായ ഏകദൈവത്തിനു സ്തുതിയും മഹത്വവും ശക്തിയും ആധിപത്യവും സര്‍വകാലത്തിനുമുന്‍പും ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ. ആമേന്‍.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(63:1,2-3,4+6)
R (v.1a) ദൈവമേ, അവിടുന്നാണ് എന്‍റെ ദൈവം; ഞാനങ്ങയെ തേടുന്നു.
1. ദൈവമേ, അവിടുന്നാണ് എന്‍റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്‍റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങിവരണ്ട ഭൂമിയെന്നപോലെ എന്‍റെ ശരീരം അങ്ങയെ കാണാതെ തളരുന്നു.
R ദൈവമേ, അവിടുന്നാണ് ………….
2അങ്ങയുടെ ശക്തിയും മഹത്വവും ദര്‍ശിക്കാന്‍ ഞാന്‍ വിശുദ്ധമന്ദിരത്തില്‍ വന്നു. അങ്ങയുടെ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്; എന്‍റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കും.
R ദൈവമേ, അവിടുന്നാണ് ………….
3. എന്‍റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും. ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും. ഞാന്‍ മജ്ജയും മേദസും കൊണ്ടെന്നപോലെ സംതൃപ്തിയടയുന്നു. എന്‍റെ അധരങ്ങള്‍ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും.
R ദൈവമേ, അവിടുന്നാണ് ………….
അല്ലേലൂയാ!
അല്ലേലൂയാ! (cf.കൊളോ.3:16a,17c) ക്രിസ്തുവിന്‍റെ വചനം നിങ്ങളില്‍ സമൃദ്ധമായി വസിക്കട്ടെ; ക്രിസ്തുവിലൂടെ പിതാവായ ദൈവത്തിന് കൃതജ്ഞത പ്രകാശിപ്പിക്കുവിന്‍. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (11:27-33)
(എന്തധികാരത്താലാണ് നീ ഇവയൊക്കെ ചെയ്യുന്നത്)
അക്കാലത്ത്, യേശുവും ശിഷ്യന്‍മാരും വീണ്ടും ജറുസലെമില്‍ വന്നു. അവന്‍ ദേവാലയത്തിലൂടെ നടക്കുമ്പോള്‍ പ്രധാനപുരോഹിതന്‍മാരും നിയമജ്ഞരും ജനപ്രമാണികളും അവന്‍റെ അടുത്തെത്തി. അവര്‍ അവനോടു ചോദിച്ചു: എന്തധികാരത്താലാണ് നീ ഇവയൊക്കെ ചെയ്യുന്നത്? ഇവ പ്രവര്‍ത്തിക്കുന്നതിന് ആരാണ് നിനക്ക് അധികാരം നല്‍കിയത്? യേശു പറഞ്ഞു: ഞാന്‍ നിങ്ങളോട് ഒരു കാര്യം ചോദിക്കാം. എന്നോട് ഉത്തരം പറയുവിന്‍. എന്തധികാരത്താലാണ് ഞാന്‍ ഇവ ചെയ്യുന്നതെന്ന് അപ്പോള്‍ പറയാം. യോഹന്നാന്‍റെ ജ്ഞാനസ്നാനം സ്വര്‍ഗത്തില്‍ നിന്നോ മനുഷ്യരില്‍ നിന്നോ? ഉത്തരം പറയുവിന്‍. അവര്‍ പരസ്പരം ആലോചിച്ചു: സ്വര്‍ഗത്തില്‍നിന്ന് എന്നുപറഞ്ഞാല്‍, പിന്നെ എന്തുകൊണ്ട് നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന് അവന്‍ ചോദിക്കും. മനുഷ്യരില്‍നിന്ന് എന്നുപറയാന്‍ അവര്‍ക്കു ജനങ്ങളെ ഭയമായിരുന്നു. കാരണം, യോഹന്നാന്‍ യഥാര്‍ത്ഥത്തില്‍ ഒരു പ്രവാചകനാണെന്ന് എല്ലാവരും കരുതിയിരുന്നു. അതിനാല്‍, അവര്‍ യേശുവിനോടു പറഞ്ഞു: എന്തധികാരത്താലാണ് ഞാന്‍ ഇവ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടും പറയുന്നില്ല.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here