രണ്ടാം വര്‍ഷം – 25/9/2018

ഒന്നാം വായന
സുഭാഷിതങ്ങളുടെ പുസ്തകത്തില്‍നിന്ന് (21:1-6, 10-13)
(വിവിധ ഉപദേശങ്ങള്‍)
രാജാവിന്‍റെ ഹൃദയം കര്‍ത്താവ് നിയന്ത്രിക്കുന്ന അരുവിയാണ്; അവിടുന്ന് തനിക്കിഷ്ടമുള്ളിടത്തേക്ക് അതിനെ ഒഴുക്കിവിടുന്നു. മനുഷ്യനു തന്‍റെ വഴികള്‍ ശരിയെന്നു തോന്നുന്നു. എന്നാല്‍, കര്‍ത്താവ് ഹൃദയത്തെ തൂക്കിനോക്കുന്നു. നന്‍മയും നീതിയും അനുഷ്ഠിക്കുന്നതാണ്, കര്‍ത്താവിനു ബലിയെക്കാള്‍ സ്വീകാര്യം. ഗര്‍വു നിറഞ്ഞ കണ്ണുകളും അഹങ്കരിക്കുന്ന ഹൃദയവും ദുഷ്ടരുടെ പ്രൗഢിയും പാപകരമത്രേ. ഉത്സാഹശീലമുള്ളവരുടെ ആലോചനകള്‍ തീര്‍ച്ചയായും സമൃദ്ധി കൈവരുത്തുന്നു. തിടുക്കം കൂട്ടുന്നവര്‍ ദുര്‍ഭിക്ഷത്തിലെത്തുകയേയുള്ളു. കള്ളം പറയുന്ന നാവ് നേടിത്തരുന്ന സമ്പത്ത് പെട്ടെന്ന് തിരോഭവിക്കുന്ന നീരാവിയും മരണത്തിന്‍റെ കെണിയുമാണ്. ദുഷ്ടന്‍റെ ഹൃദയം തിന്‍മ അഭിലഷിക്കുന്നു; അവന്‍ അയല്‍ക്കാരനോടു ദയ കാണിക്കുന്നില്ല. പരിഹാസകന്‍ ശിക്ഷിക്കപ്പെടുന്നതു കണ്ട് സരളചിത്തന്‍ ജ്ഞാനിയായിത്തീരുന്നു; ബോധനം ലഭിക്കുമ്പോള്‍ ബുദ്ധിമാന്‍ ജ്ഞാനം നേടുന്നു. നീതിമാന്‍ ദുഷ്ടന്‍റെ ഭവനം നീരീക്ഷിക്കുന്നു; ദുഷ്ടന്‍ നാശത്തിലേക്കു വലിച്ചെറിയപ്പെടുന്നു. ദരിദ്രന്‍റെ നിലവിളിക്ക് ചെവികൊടുക്കാത്തവനു വിലപിക്കേണ്ടിവരും; അത് ആരും കേള്‍ക്കുകയുമില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(126:1-2ab,2cd-3,4,5)
R (v.3a ) കര്‍ത്താവേ, അവിടുത്തെ കല്‍പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ.
1. അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍, കര്‍ത്താവിന്‍റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്‍മാര്‍. അങ്ങയുടെ പ്രമാണങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വഴി എനിക്കു കാണിച്ചുതരണമേ! ഞാന്‍ അങ്ങയുടെ അദ്ഭുതകൃത്യങ്ങളെപ്പറ്റി ധ്യാനിക്കും.
R കര്‍ത്താവേ അവിടുത്തെ………
2. ഞാന്‍ വിശ്വസ്തതയുടെ മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്നു; അങ്ങയുടെ ശാസനങ്ങള്‍ എന്‍റെ കണ്‍മുന്‍പില്‍ ഉണ്ട്. ഞാന്‍ അങ്ങയുടെ പ്രമാണം പാലിക്കാനും പൂര്‍ണഹൃദയത്തോടെ അത് അനുസരിക്കാനും വേണ്ടി എനിക്ക് അറിവു നല്‍കണമേ!
R കര്‍ത്താവേ അവിടുത്തെ……….
3. അവിടുത്തെ കല്‍പനകളുടെ വഴിയിലൂടെ എന്നെ നയിക്കണമേ! ഞാന്‍ അതില്‍ സന്തോഷിക്കുന്നു. ഞാന്‍ അങ്ങയുടെ കല്‍പനകളെ നിരന്തരം എന്നേക്കും പാലിക്കും.
R കര്‍ത്താവേ അവിടുത്തെ……….
അല്ലേലൂയാ!
അല്ലേലൂയാ! (ലൂക്കാ.11:28) ദൈവവചനം കേട്ട് അതു പാലിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (8:19-21)
(ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും
ചെയ്യുന്നവരാണ് എന്‍റെ അമ്മയും സഹോദരരും)
അക്കാലത്ത്, യേശുവിന്‍റെ അമ്മയും സഹോദരരും അവനെ കാണാന്‍ വന്നു. എന്നാല്‍, ജനക്കൂട്ടം നിമിത്തം അവന്‍റെ അടുത്ത് എത്താന്‍ കഴിഞ്ഞില്ല. നിന്‍റെ അമ്മയും സഹോദരരും നിന്നെ കാണാന്‍ ആഗ്രഹിച്ച് പുറത്തു നില്‍ക്കുന്നു എന്ന് അവര്‍ അവനെ അറിയിച്ചു. അവന്‍ പറഞ്ഞു: ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്‍റെ അമ്മയും സഹോദരരും.
കര്‍ത്താവിന്‍റെ സുവിശേഷം.

 

LEAVE A REPLY

Please enter your comment!
Please enter your name here