രണ്ടാം വര്‍ഷം – 25/8/2018

ഒന്നാം വായന
എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (43:1-7)
(ദിവ്യചൈതന്യം എന്നെ ദേവാലയത്തിലേക്കു കൊണ്ടുപോയി)
അക്കാലത്ത്, മാലാഖ എന്നെ കിഴക്കേ പടിപ്പുരയിലേക്കു കൊണ്ടുവന്നു. ഇസ്രായേലിന്‍റെ ദൈവത്തിന്‍റെ മഹത്വം അതാ, കിഴക്കുനിന്നു വരുന്നു. അവിടുത്തെ ആഗമനത്തിന്‍റെ ശബ്ദം പെരുവെള്ളത്തിന്‍റെ ഇരമ്പല്‍പോലെയായിരുന്നു. ഭൂമി അവിടുത്തെ തേജസ്സുകൊണ്ടു പ്രകാശിച്ചു. നഗരം നശിപ്പിക്കാന്‍ അവിടുത്തു വന്നപ്പോള്‍ എനിക്കുണ്ടായ ദര്‍ശനവും പോലെ തന്നെയായിരുന്നു ഇപ്പോഴത്തേതും. ഞാന്‍ കമിഴ്ന്നുവീണു. കര്‍ത്താവിന്‍റെ മഹത്വം കിഴക്കേ പടിപ്പുരയിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചു. അപ്പോള്‍ ആത്മാവ് എന്നെ ഉയര്‍ത്തി ഉള്ളിലെ അങ്കണത്തിലേക്കു കൊണ്ടുവന്നു; അതാ, ദൈവമഹത്വം ആലയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ആ മനുഷ്യന്‍ അപ്പോഴും എന്‍റെ അടുത്തുണ്ടായിരുന്നു. അപ്പോള്‍ ദേവാലയത്തിനകത്തുനിന്ന് ആരോ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു. അത് ഇപ്രകാരമായിരുന്നു: മനുഷ്യപുത്രാ, എന്‍റെ സിംഹാസനവും പാദപീഠവും, ഇസ്രായേല്‍മക്കളുടെ ഇടയില്‍ ഞാന്‍ നിത്യമായി വസിക്കുന്ന ഇടവും ഇതാണ്.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(85:8ab-9,10-11, 12-13)
R (v.9b) കര്‍ത്താവിന്‍റെ മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും.
1. കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവിടുന്നു തന്‍റെ ജനത്തിനു സമാധാനം അരുളും; അവിടുത്തെ ഭയപ്പെടുന്നവര്‍ക്കു രക്ഷ സമീപസ്ഥമാണ്; മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും.
R കര്‍ത്താവിന്‍റെ മഹത്വം………..
2. കാരുണ്യവും വിശ്വസ്തതയും തമ്മില്‍ ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്പരം ചുംബിക്കും. ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും; നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.
R കര്‍ത്താവിന്‍റെ മഹത്വം……….
3. കര്‍ത്താവു നന്‍മ പ്രദാനം ചെയ്യും; നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും. നീതി അവിടുത്തെ മുന്‍പില്‍ നടന്ന് അവിടുത്തേക്കു വഴിയൊരുക്കും.
R കര്‍ത്താവിന്‍റെ മഹത്വം………..
അല്ലേലൂയാ!
അല്ലേലൂയാ!(സങ്കീ.23:9b +10 b) നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളു, സ്വര്‍ഗസ്ഥനായ പിതാവ്. ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്.അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (23:1-12)
(അവര്‍ പറയുന്നതല്ലാതെ പ്രവര്‍ത്തിക്കുന്നില്ല)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോടും തന്‍റെ ശിഷ്യന്‍മാരോടും അരുളിച്ചെയ്തു: നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. അത്നാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നു, പ്രവര്‍ത്തിക്കുന്നില്ല. അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നുമില്ല. മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയാണ് അവര്‍ തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്ത്രത്തിന്‍റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു; വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും നഗരവീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്നു സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു. എന്നാല്‍, നിങ്ങള്‍ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളു. നിങ്ങളെല്ലാം സഹോദരന്‍മാരാണ്. ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്. എന്തെന്നാല്‍, നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളു – സ്വര്‍ഗസ്ഥനായ പിതാവ്. നിങ്ങള്‍ നേതാക്കന്‍മാര്‍ എന്നും വിളിക്കപ്പെടരുത്. എന്തെന്നാല്‍, ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകനുമായിരിക്കണം. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here