രണ്ടാം വര്‍ഷം – 25/5/2018

ഒന്നാം വായന
വി.യാക്കോബ് എഴുതിയ ലേഖനത്തില്‍നിന്ന ്(5:9-12)
(ന്യായാധിപന്‍ ഇതാ, വാതില്‍ക്കല്‍ നില്‍ക്കുന്നു)
എന്‍റെ സഹോദരരേ, നിങ്ങള്‍ വിധിക്കപ്പെടാതിരിക്കാന്‍, ഒരുവന്‍ മറ്റൊരുവനു വിരോധമായി പിറുപിറുക്കരുത്. ന്യായാധിപന്‍ ഇതാ, വാതില്‍ക്കല്‍ നില്‍ക്കുന്നു. സഹോദരരേ, കര്‍ത്താവിന്‍റെ നാമത്തില്‍ സംസാരിച്ച പ്രവാചകന്‍മാരെ സഹനത്തിന്‍റെയും ക്ഷമയുടെയും മാതൃകയായി നിങ്ങള്‍ സ്വീകരിക്കുവിന്‍. ഇതാ, പീഡസഹിക്കുന്നവരെ ഭാഗ്യവാന്‍മാരായി നാം കരുതുന്നു. ജോബിന്‍റെ ദീര്‍ഘസഹനത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. കര്‍ത്താവ് അവസാനം അവനോട് എന്തു ചെയ്തുവെന്നും അവിടുന്ന് എത്രമാത്രം ദയയും കാരുണ്യവുമുള്ളവനാണെന്നും നിങ്ങള്‍ക്കറിയാമല്ലോ. എന്‍റെ സഹോദരരേ, സര്‍വോപരി, നിങ്ങള്‍ ആണയിടരുത്. സ്വര്‍ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും മറ്റൊന്നിനെയുംകൊണ്ടും അരുത്. ശിക്ഷാവിധിയില്‍ വീഴാതിരിക്കാന്‍ നിങ്ങള്‍ അതേ എന്നു പറയുമ്പോള്‍ അതേ എന്നും അല്ല എന്നു പറയുമ്പോള്‍ അല്ല എന്നുമായിരിക്കട്ടെ!
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(103:1-2,3-4,8-9,11-12)
R (v.8a) കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്.
1. എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! എന്‍റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക. എന്‍റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.
R കര്‍ത്താവ് ആര്‍ദ്രഹൃദയനും …………..
2. അവിടുന്നു നിന്‍റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു; നിന്‍റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു. അവിടുന്നു നിന്‍റെ ജീവനെ പാതാളത്തില്‍നിന്നു രക്ഷിക്കുന്നു; അവിടുന്നു സ്നേഹവും കരുണയുംകൊണ്ടു നിന്നെ കിരീടമണിയിക്കുന്നു.
R കര്‍ത്താവ് ആര്‍ദ്രഹൃദയനും …………..
3. കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്നേഹനിധിയും ആണ്. അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല; അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല.
R കര്‍ത്താവ് ആര്‍ദ്രഹൃദയനും …………..
അല്ലേലൂയാ!
അല്ലേലൂയാ! (cf.യോഹ.17:17ba) കര്‍ത്താവേ, അങ്ങയുടെ വചനമാണ് സത്യം; സത്യത്താല്‍ ഞങ്ങളെ വിശുദ്ധീകരിക്കണമേ – അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (10:1-12)
(ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ)
അക്കാലത്ത്, യേശു യൂദായിലേക്കും ജോര്‍ദാനു മറുകരയിലേക്കും പോയി വീണ്ടും പഠിപ്പിച്ചു. ഫരിസേയര്‍ വന്ന് അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ? അവന്‍ മറുപടി പറഞ്ഞു: മോശ എന്താണു നിങ്ങളോടു കല്‍പിച്ചത്? അവര്‍ പറഞ്ഞു: ഉപേക്ഷാപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാന്‍ മോശ അനുവദിച്ചിട്ടുണ്ട്. യേശു പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യംകൊണ്ടാണ് മോശ ഈ നിയമം നിങ്ങള്‍ക്കുവേണ്ടി എഴുതിയത്. എന്നാല്‍, സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. ഇക്കാരണത്താല്‍, പുരുഷന്‍ പിതാവിനെയും മാതാവിനെയും വിടുകയും അവര്‍ ഇരുവരും ഒരു ശരീരമായിത്തീരുകയും ചെയ്യും. പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. അതിനാല്‍, ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. ഇക്കാര്യത്തെക്കുറിച്ച് ശിഷ്യന്‍മാര്‍ വീട്ടില്‍ വച്ച് വീണ്ടും അവനോടു ചോദിച്ചു. അവന്‍ പറഞ്ഞു: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here