രണ്ടാം വര്‍ഷം – 24/9/2018

ഒന്നാം വായന
സുഭാഷിതങ്ങളുടെ പുസ്തകത്തില്‍നിന്ന് (3:27-35)
(ദുര്‍മാര്‍ഗികളെ കര്‍ത്താവ് വെറുക്കുന്നു)
വാത്സല്യമകനേ, നിനക്കു ചെയ്യാന്‍ കഴിവുള്ള നന്‍മ, അതു ലഭിക്കാന്‍ അവകാശമുള്ളവര്‍ക്കു നിഷേധിക്കരുത്. അയല്‍ക്കാരന്‍ ചോദിക്കുന്ന വസ്തു നിന്‍റെ കൈവശമുണ്ടായിരിക്കേ, പോയി വീണ്ടും വരുക, നാളെത്തരാം എന്നു പറയരുത്. നിന്നെ വിശ്വസിച്ചു പാര്‍ക്കുന്ന അയല്‍ക്കാരനെ ദ്രോഹിക്കാന്‍ ആലോചിക്കരുത്. നിനക്ക് ഉപദ്രവം ചെയ്യാത്തവനുമായി കലഹിക്കരുത്. അക്രമിയുടെ വളര്‍ച്ചയില്‍ അസൂയപ്പെടുകയോ അവന്‍റെ മാര്‍ഗം അവലംബിക്കുകയോ അരുത്. ദുര്‍മാര്‍ഗികളെ കര്‍ത്താവ് വെറുക്കുന്നു; സത്യസന്ധരോട് അവിടുന്ന് സൗഹൃദം പുലര്‍ത്തുന്നു. ദുഷ്ടരുടെ ഭവനത്തിന്‍മേല്‍ കര്‍ത്താവിന്‍റെ ശാപം പതിക്കുന്നു; എന്നാല്‍, നീതിമാന്‍മാരുടെ ഭവനത്തെ അവിടുന്ന് അനുഗ്രഹിക്കുന്നു. നിന്ദിക്കുന്നവരെ അവിടുന്ന് നിന്ദിക്കുന്നു; വിനീതരുടെമേല്‍ കാരുണ്യം പൊഴിക്കുന്നു. ജ്ഞാനികള്‍ ബഹുമതി ആര്‍ജ്ജിക്കും; ഭോഷര്‍ക്ക് അവമതി ലഭിക്കും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(15:2-3a,3bc-4a,4b-5)
R (v.1a)കര്‍ത്താവേ, അങ്ങയുടെ കൂടാരത്തില്‍ നീതിമാന്‍ വസിക്കും.
1. നിഷ്കളങ്കനായി ജീവിക്കുകയും നീതിമാത്രം പ്രവര്‍ത്തിക്കുകയും ഹൃദയം തുറന്നു സത്യം പറയുകയും പരദൂഷണം പറയുകയോ ചെയ്യാത്തവന്‍.
R കര്‍ത്താവേ, അങ്ങയുടെ……….
2. സ്നേഹിതനെ ദ്രോഹിക്കുകയോ അയല്‍ക്കാരനെതിരേ അപവാദം പരത്തുകയോ ചെയ്യാത്തവന്‍; ദുഷ്ടനെ പരിഹാസ്യനായി കരുതുകയും ദൈവഭക്തനോട് ആദരം കാണിക്കുകയും ചെയ്യുന്നവന്‍.
R കര്‍ത്താവേ, അങ്ങയുടെ……….
3. കടത്തിനു പലിശ ഈടാക്കുകയോ നിര്‍ദോഷനെതിരേ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവന്‍; ഇങ്ങനെയുള്ളവന്‍ നിര്‍ഭയനായിരിക്കും.
R കര്‍ത്താവേ, അങ്ങയുടെ……….
അല്ലേലൂയാ!
അല്ലേലൂയാ! (മത്താ.5:16) മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (8:16-18)
(വെളിച്ചം എല്ലാവരും കാണേണ്ടതിന്, വിളക്ക് പീഠത്തിന്‍മേലത്രേ വയ്ക്കുക)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തു: ആരും വിളക്കു കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനടിയില്‍ വയ്ക്കുകയോ ചെയ്യുന്നില്ല, മറിച്ച്, അകത്തു പ്രവേശിക്കുന്നവര്‍ക്ക് വെളിച്ചം കാണാന്‍ അത് പീഠത്തിന്‍മേല്‍ വയ്ക്കുന്നു. മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. അറിയപ്പെടാതെയും വെളിച്ചത്തുവരാതെയും ഇരിക്കുന്ന രഹസ്യവുമില്ല. ആകയാല്‍, നിങ്ങള്‍ എപ്രകാരമാണു കേള്‍ക്കുന്നതെന്ന് സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, ഉള്ളവനു പിന്നെയും നല്‍കപ്പെടും; ഇല്ലാത്തവനില്‍നിന്ന് ഉണ്ടെന്ന് അവന്‍ വിചാരിക്കുന്നതുകൂടെയും എടുക്കപ്പെടും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here