രണ്ടാം വര്‍ഷം – 22/9/2018

ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (15:35-37, 42-49)
(നശ്വരതയില്‍ വിതയ്ക്കപ്പെടുന്നു; അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു)
സഹോദരരേ, ആരെങ്കിലും ചോദിച്ചേക്കാം: മരിച്ചവര്‍ എങ്ങനെയാണ് ഉയിര്‍പ്പിക്കപ്പെടുക? ഏതുതരം ശരീരത്തോടുകൂടെയായിരിക്കും അവര്‍ പ്രത്യക്ഷപ്പെടുക? വിഡ്ഢിയായ മനുഷ്യാ, നീ വിതയ്ക്കുന്നത് നശിക്കുന്നില്ലെങ്കില്‍ അതു പുനര്‍ജ്ജീവിക്കുകയില്ല. ഉണ്ടാകാനിരിക്കുന്ന പദാര്‍ഥമല്ല നീ വിതയ്ക്കുന്നത്; ഗോതമ്പിന്‍റെയോ മറ്റു വല്ല ധാന്യത്തിന്‍റെയോ വെറുമൊരു മണിമാത്രം.
ഇപ്രകാരംതന്നെയാണു മരിച്ചവരുടെ പുനരുത്ഥാനവും. നശ്വരതയില്‍ വിതയ്ക്കപ്പെടുന്നു; അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്ക്കപ്പെടുന്നു; മഹിമയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. ബലഹീനതയില്‍ വിതയ്ക്കപ്പെടുന്നു; ശക്തിയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. വിതയ്ക്കപ്പെടുന്നതു ഭൗതികശരീരം, പുനര്‍ജ്ജീവിക്കുന്നത് ആത്മീയശരീരം. ഭൗതികശരീരമുണ്ടെങ്കില്‍ ആത്മീയശരീരവുമുണ്ട്. ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീര്‍ന്നു. എന്നാല്‍, ആദ്യമുള്ളത് ആത്മീയനല്ല, ഭൗതികനാണ്; പിന്നീട് ആത്മീയന്‍. ആദ്യമനുഷ്യന്‍ ഭൂമിയില്‍നിന്നുള്ള ഭൗമികനാണ്; രണ്ടാമത്തെ മനുഷ്യനോ സ്വര്‍ഗത്തില്‍നിന്നുള്ളവന്‍. ഭൂമിയില്‍നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെതന്നെ ഭൗമികരും; സ്വര്‍ഗത്തില്‍നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെതന്നെ സ്വര്‍ഗീയരും. നമ്മള്‍ ഭൗമികന്‍റെ സാദൃശ്യം ധരിച്ചതുപോലെതന്നെ സ്വര്‍ഗീയന്‍റെ സാദൃശ്യവും ധരിക്കും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(56:-9,10-11,12-13)
R (v.13a) ഞാന്‍ ദൈവസന്നിധിയില്‍ ജീവന്‍റെ പ്രകാശത്തില്‍ നടക്കും.
1. ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്‍റെ ശത്രുക്കള്‍ പിന്തിരിയും; ദൈവം എന്‍റെ പക്ഷത്താണെന്നു ഞാനറിയുന്നു.
R ഞാന്‍ ദൈവസന്നിധിയില്‍……….
2. ഞാന്‍ ആരുടെ വചനം കീര്‍ത്തിക്കുന്നുവോ, ആ ദൈവത്തില്‍, ഞാന്‍ ആരുടെ വചനം പ്രകീര്‍ത്തിക്കുന്നുവോ, ആ കര്‍ത്താവില്‍, നിര്‍ഭയനായി ഞാന്‍ ആശ്രയിക്കും. ദൈവമേ, അങ്ങേക്കുള്ള നേര്‍ച്ചകള്‍ നിറവേറ്റാന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലി അര്‍പ്പിക്കും.
R ഞാന്‍ ദൈവസന്നിധിയില്‍……….
3. ഞാന്‍ ദൈവസന്നിധിയില്‍ ജീവന്‍റെ പ്രകാശത്തില്‍ നടക്കേണ്ടതിന്, അവിടുന്ന് എന്‍റെ ജീവനെ മരണത്തില്‍നിന്നും, എന്‍റെ പാദങ്ങളെ വീഴ്ചയില്‍നിന്നും രക്ഷിച്ചിരിക്കുന്നു.
R ഞാന്‍ ദൈവസന്നിധിയില്‍……….
അല്ലേലൂയാ!
അല്ലേലൂയാ!(cf.ലൂക്കാ.8:15) വചനം കേട്ട്, ഉത്കൃഷ്ടവും നിര്‍മ്മലവുമായ ഹൃദയത്തില്‍ അത് സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (8:4-15)
(നല്ല നിലത്തു വീണ വിത്ത്, വചനം കേട്ട് അതു സംഗ്രഹിച്ച്
ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്)
അക്കാലത്ത്, പല പട്ടണങ്ങളിലുംനിന്നു വന്നുകൂടിയ വലിയ ഒരു ജനക്കൂട്ടത്തോട് ഉപമയിലൂടെ യേശു അരുളിച്ചെയ്തു: വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. വിതയ്ക്കുമ്പോള്‍ ചിലതു വഴിയരികില്‍ വീണു. ആളുകള്‍ അതു ചവിട്ടിക്കളയുകയും പക്ഷികള്‍ വന്നു തിന്നുകയും ചെയ്തു. ചിലതു പാറമേല്‍ വീണു. അതു മുളച്ചു വളര്‍ന്നെങ്കിലും നനവില്ലാത്തതുകൊണ്ട് ഉണങ്ങിപ്പോയി. ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ അതിനോടൊപ്പം വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. ചിലതു നല്ല നിലത്തു വീണു. അതു വളര്‍ന്നു നൂറുമേനി ഫലം പുറപ്പെടുവിച്ചു. തുടര്‍ന്ന് അവന്‍ സ്വരമുയര്‍ത്തിപ്പറഞ്ഞു: കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
ഈ ഉപമയുടെ അര്‍ഥമെന്ത് എന്നു ശിഷ്യന്‍മാര്‍ അവനോടു ചോദിച്ചു. അവന്‍ പറഞ്ഞു: ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ അറിയാന്‍ വരം ലഭിച്ചിരിക്കുന്നത് നിങ്ങള്‍ക്കാണ്. മറ്റുള്ളവര്‍ക്കാകട്ടെ അവ ഉപമകളിലൂടെ നല്‍കപ്പെടുന്നു. അവര്‍ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്. ഉപമ ഇതാണ്: വിത്ത് ദൈവവചനമാണ്. ചിലര്‍ വചനം ശ്രവിച്ചെങ്കിലും അവര്‍ വിശ്വസിക്കുകയോ രക്ഷപെടുകയോ ചെയ്യാതിരിക്കുവാന്‍വേണ്ടി പിശാചുവന്ന് അവരുടെ ഹൃദയങ്ങളില്‍ നിന്ന് വചനം എടുത്തുകളയുന്നു. ഇവരാണ് വഴിയരികല്‍ വീണ വിത്ത്. പാറയില്‍ വീണത്, വചനം കേള്‍ക്കുമ്പോള്‍ സന്തോഷത്തോടെ അതു സ്വീകരിക്കുന്നവരാണ്. എങ്കിലും അവര്‍ക്കു വേരുകളില്ല. അവര്‍ കുറെ നാളത്തേക്കു വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങളുടെ സമയത്ത് അവര്‍ വീണുപോകുന്നു. മുള്ളുകളുടെ ഇടയില്‍ വീണത്, വചനം കേള്‍ക്കുന്നെങ്കിലും ജീവിതക്ലേശങ്ങള്‍, സമ്പത്ത്, സുഖഭോഗങ്ങള്‍ എന്നിവ വചനത്തെ ഞെരുക്കിക്കളയുന്നതുകൊണ്ട് ഫലം പുറപ്പെടുവിക്കാത്തവരാണ്. നല്ല നിലത്തു വീണതോ, വചനം കേട്ട്, ഉത്കൃഷ്ടവും നിര്‍മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവരാണ്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here