രണ്ടാം വര്‍ഷം – 22/6/2018

ഒന്നാം വായന
രാജാക്കന്‍മാരുടെ രണ്ടാം പുസ്തകത്തില്‍നിന്ന്
(11:1-4,9-18,20)
(അവര്‍ യോവാഷിനെ രാജാവായി അഭിഷേചിക്കയും
രാജാവ് നീണാള്‍ വാഴട്ടെ എന്നുദ്ഘോഷിക്കുകയും ചെയ്തു)
അക്കാലത്ത്, അഹസിയായുടെ അമ്മ അത്താലിയാ, മകന്‍ മരിച്ചു എന്നു കേട്ടപ്പോള്‍, രാജകുടുംബത്തെ സമൂലം നശിപ്പിച്ചു. എന്നാല്‍, അഹസിയായുടെ സഹോദരിയും യോറാം രാജാവിന്‍റെ പുത്രിയുമായ യഹോഷേബാ, രാജകുമാരന്‍മാര്‍ വധിക്കപ്പെടുന്നതിനു മുന്‍പ് അഹസിയായുടെ പുത്രന്‍ യോവാഷിനെ ധാത്രിയോടൊപ്പം കിടക്കറയില്‍ ഒളിപ്പിച്ചു. അങ്ങനെ അവന്‍ വധിക്കപ്പെട്ടില്ല. അത്താലിയായുടെ ആറുകൊല്ലത്തെ ഭരണകാലമത്രയും അവന്‍ കര്‍ത്താവിന്‍റെ ഭവനത്തില്‍ ധാത്രിയോടുകൂടെ ഒളിവില്‍ വസിച്ചു. ഏഴാംവര്‍ഷം യഹോയാദാ കെരേത്യരുടെയും അംഗരക്ഷകരുടെയും നായകന്‍മാരെ കര്‍ത്താവിന്‍റെ ഭവനത്തിലേക്കു വിളിപ്പിച്ചു. അവിടെ അവന്‍ അവരെക്കൊണ്ടു സത്യം ചെയ്യിക്കുകയും അവരുമായി ഉടമ്പടി ഉറപ്പിക്കുകയും ചെയ്തു. അനന്തരം, അവന്‍ രാജകുമാരനെ അവര്‍ക്കു കാണിച്ചുകൊടുത്തു.
നായകന്‍മാര്‍, പുരോഹിതന്‍ യഹോയാദായുടെ കല്‍പന അനുസരിച്ചു; അവര്‍ സാബത്തില്‍ തവണവന്നവരും വിട്ടവരുമായ തങ്ങളുടെ സൈന്യത്തെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. പുരോഹിതന്‍ കര്‍ത്താവിന്‍റെ ഭവനത്തില്‍ സൂക്ഷിച്ചിരുന്ന ദാവീദുരാജാവിന്‍റെ കുന്തങ്ങളും പരിചകളും നായകന്‍മാരെ ഏല്‍പിച്ചു. കാവല്‍ഭടന്‍മാര്‍ ആയുധധാരികളായി തെക്കുവശം മുതല്‍ വടക്കുവശംവരെ ബലിപീഠത്തിനും ആലയത്തിനും ചുറ്റും നിലകൊണ്ടു. അനന്തരം, അവന്‍ രാജകുമാരനെ പുറത്തുകൊണ്ടുവന്നു. കിരീടമണിയിച്ച് അധികാരപത്രവും നല്‍കി. അവര്‍ അവനെ രാജാവായി പ്രഖ്യാപിച്ച്, അഭിഷേകം ചെയ്തു. അവര്‍ കരഘോഷത്തോടെ രാജാവു നീണാള്‍ വാഴട്ടെ എന്ന് ഉദ്ഘോഷിച്ചു.
കര്‍ത്താവിന്‍റെ ആലയത്തില്‍ ജനത്തിന്‍റെയും കാവല്‍ക്കാരുടെയും ശബ്ദംകേട്ട് അത്താലിയാ അങ്ങോട്ടുചെന്നു. രാജാവ് ആചാരമനുസരിച്ച് തൂണിന്‍റെ സമീപം നില്‍ക്കുന്നത് അവള്‍ കണ്ടു. സേനാനായകന്‍മാരും കാഹളം മുഴക്കുന്നവരും രാജാവിന്‍റെ അടുത്തു നിന്നിരുന്നു. ജനങ്ങളെല്ലാം ആനന്ദഭരിതരായി കാഹളം മുഴക്കിക്കൊണ്ടിരുന്നു. അത്താലിയാ വസ്ത്രംകീറി രാജദ്രോഹം, രാജദ്രോഹം എന്നു വിളിച്ചുപറഞ്ഞു. പുരോഹിതന്‍ യഹോയാദാ സേനാപതികളോടു കല്‍പിച്ചു: അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തുകൊണ്ടുവരുവിന്‍. അവളുടെ പക്ഷം ചേരുന്നവരെ വാളിനിരയാക്കുവിന്‍. ദേവാലയത്തില്‍ വച്ച് അവളെ പിടിച്ചു കൊട്ടാരത്തിന്‍റെ അശ്വകവാടത്തിങ്കല്‍ കൊണ്ടുവന്ന്, അവിടെവച്ചു വധിച്ചു.
തങ്ങള്‍ കര്‍ത്താവിന്‍റെ ജനം ആയിരിക്കും എന്നു രാജാവിനെയും ജനത്തെയും കൊണ്ടു കര്‍ത്താവുമായി യഹോയാദാ ഉടമ്പടി ചെയ്യിച്ചു; രാജാവും ജനവും തമ്മിലും ഉടമ്പടി ചെയ്യിച്ചു. ദേശത്തെ ജനം ഒരുമിച്ചു ബാല്‍ഭവനത്തില്‍ കടന്ന് അതു തകര്‍ത്തു. ബലിപീഠവും വിഗ്രഹങ്ങളും തച്ചുടയ്ക്കുകയും ബാലിന്‍റെ പുരോഹിതന്‍ മത്താനെ ബലിപീഠത്തിനു മുന്‍പില്‍വച്ചു കൊല്ലുകയും ചെയ്തു. അനന്തരം, പുരോഹിതന്‍ കര്‍ത്താവിന്‍റെ ഭവനം സൂക്ഷിക്കാന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. ജനം ആഹ്ലാദഭരിതരായി. കൊട്ടാരത്തില്‍വച്ച് അത്താലിയാ വധിക്കപ്പെട്ടപ്പോള്‍ നഗരം ശാന്തമായി.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(132:11-12,13-14,17-18)
R (v.13) കര്‍ത്താവു സീയോനെ തിരഞ്ഞെടുത്തു; അതിനെ തന്‍റെ വാസസ്ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു.
1. ദാവീദിനോടു കര്‍ത്താവ് ഒരു ശപഥം ചെയ്തു. അവിടുന്ന് പിന്‍മാറുകയില്ല; നിന്‍റെ മക്കളില്‍ ഒരുവനെ നിന്‍റെ സിംഹാസനത്തില്‍ ഞാന്‍ ഉപവിഷ്ടനാക്കും. എന്‍റെ ഉടമ്പടിയും ഞാന്‍ നല്‍കുന്ന കല്‍പനകളഉം നിന്‍റെ മക്കള്‍ അനുസരിച്ചാല്‍, അവരുടെ മക്കള്‍ എന്നേക്കും നിന്‍റെ സിംഹാസനത്തില്‍ വാഴും.
R കര്‍ത്താവു സീയോനെ ………….
2. എന്തെന്നാല്‍, കര്‍ത്താവു സീയോനെ തിരഞ്ഞെടുത്തു; അതിനെ തന്‍റെ വാസസ്ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു: ഇതാണ് എന്നേക്കും എന്‍റെ വിശ്രമസ്ഥലം; ഞാനിവിടെ വസിക്കും; എന്തെന്നാല്‍, ഞാന്‍ അത് ആഗ്രഹിച്ചു.
R കര്‍ത്താവു സീയോനെ ………….
3. അവിടെ ഞാന്‍ ദാവീദിനായി ഒരു കൊമ്പു മുളപ്പിക്കും; എന്‍റെ അഭിഷിക്തനുവേണ്ടി ഞാനൊരു ദീപം ഒരുക്കിയിട്ടുണ്ട്. അവന്‍റെ ശത്രുക്കളെ ഞാന്‍ ലജ്ജ ഉടുപ്പിക്കും; എന്നാല്‍, അവന്‍റെ കിരീടം അവന്‍റെമേല്‍ ദീപ്തി ചൊരിയും.
R കര്‍ത്താവു സീയോനെ ………….
അല്ലേലൂയാ!
അല്ലേലൂയാ! (മത്താ.5:3) ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്. അല്ലേലൂയാ!
സുവിശേഷം
വി. മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (6:19-23)
(നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും
നിങ്ങളുടെ ഹൃദയവും)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ഭൂമിയില്‍ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും; കള്ളന്‍മാര്‍ തുരന്നു മോഷ്ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്ഷേപങ്ങള്‍ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്‍മാര്‍ മോഷ്ടിക്കുകയില്ല. നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.
കണ്ണാണു ശരീരത്തിന്‍റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും. കണ്ണ് ദുഷ്ടമാണെങ്കിലോ ശരീരം മുഴുവന്‍ ഇരുണ്ടുപോകും. നിന്നിലെ പ്രകാശം അന്ധകാരമാണെങ്കില്‍ അന്ധകാരം എത്രയോ വലുതായിരിക്കും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here