രണ്ടാം വര്‍ഷം – 20/8/2018

ഒന്നാം വായന
എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന്
(24:15-24)
()
കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, നിന്‍റെ കണ്ണുകളുടെ ആനന്ദഭാജനത്തെ ഞാന്‍ ഒറ്റയടിയ്ക്ക് നിന്നില്‍ നിന്ന് നീക്കിക്കളയാന്‍ പോകുന്നു. എങ്കിലും നീ കരയുകയോ പ്രലപിക്കുകയോ അരുത്. നിന്‍റെ കണ്ണുകളില്‍നിന്ന് കണ്ണീര്‍ ഒഴുകരുത്. നെടുവീര്‍പ്പിടാം, എന്നാല്‍ ഉച്ചത്തിലാകരുത്. മരിച്ചവരെയോര്‍ത്തു നീ വിലപിക്കരുത്. നീ തലപ്പാവ് കെട്ടുകയും പാദുകങ്ങള്‍ അണിയുകയും ചെയ്യുക. നീ അധരം മറയ്ക്കരുത്; വിലാപഭോജ്യം ഭക്ഷിക്കയുമരുത്. പ്രഭാതത്തില്‍ ഞാന്‍ ഇങ്ങനെ ജനത്തോടു സംസാരിച്ചു. സായംകാലത്ത് എന്‍റെ ഭാര്യ അന്തരിച്ചു. എന്നോടു കല്‍പിച്ചിരുന്നതുപോലെ ഞാന്‍ അടുത്തപ്രഭാതത്തില്‍ പ്രവര്‍ത്തിച്ചു. ജനം എന്നോടു ചോദിച്ചു: നീ ഈ ചെയ്യുന്നതിന്‍റെ അര്‍ത്ഥമെന്തെന്ന് ഞങ്ങളോടു പറയുകയില്ലേ? ഞാന്‍ പറഞ്ഞു: കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നുവെന്ന് ഇസ്രായേല്‍ ജനത്തോടു പറയുക. നിങ്ങളുടെ ശക്തിയുടെ അഭിമാനവും കണ്ണുകള്‍ക്ക് ആനന്ദവിഷയവും, ഹൃദയത്തിന്‍റെ അഭിലാഷവും ആയ എന്‍റെ വിശുദ്ധസ്ഥലം ഞാന്‍ അശുദ്ധമാക്കും. നീ വിട്ടുപോന്ന പുത്രന്‍മാരും പുത്രിമാരും വാളിനിരയാകും. ഞാന്‍ ചെയ്തതുപോലെ നിങ്ങളും അന്നു ചെയ്യും. നിങ്ങള്‍ അധരം മറയ്ക്കുകയോ വിലാപഭോജ്യം ഭക്ഷിക്കുകയോ ഇല്ല. നിങ്ങളുടെ തലയില്‍ തലപ്പാവും കാലുകളില്‍ പാദുകങ്ങളും ഉണ്ടാകും. നിങ്ങള്‍ കരയുകയോ പ്രലപിക്കുകയോ ചെയ്യുകയില്ല. എന്നാല്‍, നിങ്ങള്‍ നിങ്ങളുടെ അകൃത്യങ്ങളില്‍തന്നെ ക്ഷയിച്ചുപോകും; ഓരോരുത്തനും അപരനെ നോക്കി ഞരങ്ങും. ഇങ്ങനെ എസെക്കിയേല്‍ നിങ്ങള്‍ക്ക് ഒരടയാളമായിരിക്കും. അവന്‍ ചെയ്തതുപോലെ നിങ്ങളും ചെയ്യും. ഇവ സംഭവിക്കുമ്പോള്‍ ഞാനാണു ദൈവമായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(നിയമ.32:18-19, 20,21)
R (v.8b) നിനക്കു രൂപമേകിയ ദൈവത്തെ നീ വിസ്മരിച്ചു.
1. നിനക്കു ജന്‍മം നല്‍കിയ ശിലയെ നീ അവഗണിച്ചു; രൂപമേകിയ ദൈവത്തെ നീ വിസ്മരിച്ചു. കര്‍ത്താവ് അതു കാണുകയും തന്‍റെ പുത്രീപുത്രന്‍മാരുടെ പ്രകോപനം നിമിത്തം അവരെ വെറുക്കുകയും ചെയ്തു.
R നിനക്കു രൂപമേകിയ…………
2. അവിടുന്നു പറഞ്ഞു: അവരില്‍നിന്ന് എന്‍റെ മുഖം ഞാന്‍ മറയ്ക്കും; അവര്‍ക്ക് എന്തു സംഭവിക്കുമെന്ന് എനിക്കു കാണണം; അവന്‍ വക്രവും അവിശ്വസ്തവും ആയ തലമുറയാണ്.
R നിനക്കു രൂപമേകിയ…………
3. ദൈവമല്ലാത്തതിനെക്കൊണ്ട് അവര്‍ എന്നില്‍ അസൂയ ഉണര്‍ത്തി. മിഥ്യാമൂര്‍ത്തികളാല്‍ അവര്‍ എന്നെ പ്രകോപിപ്പിച്ചു; അതിനാല്‍, ജനതയല്ലാത്തവരെക്കൊണ്ട് അവരില്‍ ഞാന്‍ അസൂയ ഉണര്‍ത്തും; ഭോഷന്‍മാരുടെ ഒരു ജനതയെക്കൊണ്ട് അവരെ ഞാന്‍ പ്രകോപിപ്പിക്കും.
R നിനക്കു രൂപമേകിയ…………
അല്ലേലൂയാ!
അല്ലേലൂയാ!(മത്താ.5:3) ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍.സ്വര്‍ഗരാജ്യം അവരുടേതാണ്. അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (19:16-22)
(പരിപൂര്‍ണ്ണനാകാന്‍ നീ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം
വിറ്റ്, ദരിദ്രര്‍ക്കു കൊടുക്കുക; അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്ക്
നിക്ഷേപമുണ്ടാകും)
അക്കാലത്ത്, ഒരാള്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: ഗുരോ, നിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്‍മയാണു പ്രവര്‍ത്തിക്കേണ്ടത്? അവന്‍ പറഞ്ഞു: നന്‍മയെപ്പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിന്? നല്ലവന്‍ ഒരുവന്‍ മാത്രം. ജീവനില്‍ പ്രവേശിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക. അവന്‍ ചോദിച്ചു: ഏതെല്ലാം? യേശു പ്രതിവചിച്ചു: കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം നല്‍കരുത്. പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക. ആ യുവാവ് ചോദിച്ചു: ഇവയെല്ലാം ഞാന്‍ അനുസരിച്ചിട്ടുണ്ട്; ഇനിയും എന്താണ് എനിക്കു കുറവ്? യേശു പറഞ്ഞു: നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപവുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക. ഈ വചനം കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചു പോയി; അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here