രണ്ടാം വര്‍ഷം – 20/6/2018

ഒന്നാം വായന
രാജാക്കന്‍മാരുടെ രണ്ടാം പുസ്തകത്തില്‍നിന്ന് (2:1,6-14)
(ആഗ്നേയരഥം വന്നു; തത്ക്ഷണം ഏലിയാ സ്വര്‍ഗത്തിലേക്ക് ഉയര്‍ന്നു)
കര്‍ത്താവ് ഏലിയായെ സ്വര്‍ഗത്തിലേക്ക് ചുഴലിക്കാറ്റിലൂടെ എടുക്കാന്‍ സമയമായപ്പോള്‍, ഏലിയായും എലീഷായും ഗില്‍ഗാലില്‍നിന്നു വരുകയായിരുന്നു. അനന്തരം, ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്‍ക്കുക. കര്‍ത്താവ് എന്നെ ജോര്‍ദാനിലേക്ക് അയച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ ഇരുവരും യാത്ര തുടര്‍ന്നു. അവര്‍ ഇരുവരും ജോര്‍ദാനു സമീപം എത്തിയപ്പോള്‍ പ്രവാചകഗണത്തില്‍പ്പെട്ട അമ്പതുപേര്‍ അല്‍പം അകലെ വന്നുനിന്നു. ഏലിയാ മേലങ്കിയെടുത്ത് ചുരുട്ടി വെള്ളത്തില്‍ അടിച്ചു. വെള്ളം ഇരുവശത്തേക്കും മാറി. ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു. മറുകരെ എത്തിയപ്പോള്‍ ഏലിയാ എലീഷായോടു പറഞ്ഞു: നിന്നില്‍നിന്ന് എടുക്കപ്പെടുന്നതിനുമുമ്പ് ഞാന്‍ എന്താണു ചെയ്തുതരേണ്ടത്? ഏലീഷാ പറഞ്ഞു: അങ്ങയുടെ ആത്മാവിന്‍റെ ഇരട്ടിപങ്ക് എനിക്കു ലഭിക്കട്ടെ. അവന്‍ പറഞ്ഞു: ദുഷ്കരമായ കാര്യമാണ് നീ ചോദിച്ചത്. എങ്കിലും ഞാന്‍ എടുക്കപ്പെടുന്നതു നീ കാണുകയാണെങ്കില്‍, നിനക്ക് അതു ലഭിക്കും. കണ്ടില്ലെങ്കില്‍, ലഭിക്കുകയില്ല. അവന്‍ സംസാരിച്ചുകൊണ്ടുപോകുമ്പോള്‍ അതാ ഒരു ആഗ്നേയരഥവും ആഗ്നേയാശ്വങ്ങളും അവരെ വേര്‍പെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റില്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ന്നു. എലീഷാ അതു കണ്ട് നിലവിളിച്ചു. എന്‍റെ പിതാവേ! ഇസ്രായേലിന്‍റെ രഥങ്ങളും സാരഥികളും! പിന്നെ അവന്‍ ഏലിയായെ കണ്ടില്ല. അവന്‍ വസ്ത്രം കീറി.
അവന്‍ ഏലിയായില്‍നിന്നു വീണുകിട്ടിയ മേലങ്കിയുമായി ജോര്‍ദാന്‍റെ കരയില്‍ ചെന്നുനിന്നു. അവന്‍ അതു വെള്ളത്തിന്‍മേല്‍ അടിച്ചുകൊണ്ടു പറഞ്ഞു: ഏലിയായുടെ ദൈവമായ കര്‍ത്താവ് എവിടെ? അവന്‍ വെള്ളത്തിന്‍മേല്‍ അടിച്ചപ്പോള്‍ വെള്ളം ഇരുവശത്തേക്കും മാറി. അവന്‍ കടന്നുപോയി.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(31:19,20,23)
R (v.24) കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍.
1. കര്‍ത്താവേ, അങ്ങയുടെ അനുഗ്രഹങ്ങള്‍ എത്ര വിപുലമാണ്! തന്‍റെ ഭക്തര്‍ക്കുവേണ്ടി അവിടുന്ന് അവ ഒരുക്കിവച്ചിരിക്കുന്നു; അങ്ങയില്‍ അഭയം തേടുന്നവര്‍ക്ക് അവ പരസ്യമായി നല്‍കുന്നു.
R കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ………….
2. അങ്ങ് അവരെ മനുഷ്യരുടെ ഗൂഢാലോചനയില്‍നിന്നു രക്ഷിക്കാന്‍ അങ്ങയുടെ സാന്നിദ്ധ്യത്തിന്‍റെ മറവില്‍ ഒളിപ്പിച്ചു. നിന്ദാവചനങ്ങള്‍ ഏല്‍ക്കാതെ അങ്ങയുടെ കൂടാരത്തില്‍ അവരെ മറച്ചുവച്ചു.
R കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ………….
3. കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ സ്നേഹിക്കുവിന്‍; അവിടുന്നു വിശ്വസ്തരെ പരിപാലിക്കുന്നു; അഹങ്കാരികളെ കഠിനമായി ശിക്ഷിക്കുന്നു.
ഞ കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ………….
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.14:23) കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും. അപ്പോള്‍ എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്‍റെയടുത്ത് വരികയും ചെയ്യും. അല്ലേലൂയാ!
സുവിശേഷം
വി. മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (6:1-6,16-18)
(രഹസ്യങ്ങള്‍ അറിയുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു നിങ്ങളുടെ സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല. മറ്റുള്ളവരില്‍നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷ കൊടുക്കുമ്പോള്‍ നിന്‍റെ മുമ്പില്‍ കാഹളം മുഴക്കരുത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. നീ ധര്‍മ്മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്‍റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും.
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ത്ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്‍റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്‍റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും.
നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാന്‍വേണ്ടി അവര്‍ മുഖം വികൃതമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാല്‍, നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സില്‍ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here