രണ്ടാം വര്‍ഷം – 20/10/2018

ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ എഫേസോസുകാര്‍ക്ക്
എഴുതിയ ലേഖനത്തില്‍നിന്ന് (1: 15-23)
(അവിടുന്ന് ക്രിസ്തുവിനെ സഭയ്ക്ക് തലവനായി നിയമിച്ചു;
സഭ അവന്‍റെ ശരീരമാണ്)
സഹോദരരേ, കര്‍ത്താവായ യേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തയെും എല്ലാ വിശുദ്ധരോടും നിങ്ങള്‍ പ്രകടിപ്പിക്കുന്ന സ്നേഹത്തെയുംകുറിച്ചു കേട്ടനാള്‍ മുതല്‍ എന്‍റെ പ്രാര്‍ഥനകളില്‍ നിങ്ങളെ അനുസ്മരിക്കുകയും നിങ്ങളെപ്രതി ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുകയും ചെയ്യുന്നതില്‍നിന്ന് ഞാന്‍ വിരമിച്ചിട്ടില്ല. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും മഹത്വത്തിന്‍റെ പിതാവുമായവന്‍ ജ്ഞാനത്തിന്‍റെയും വെളിപാടിന്‍റെയും ആത്മാവിനെ നിങ്ങള്‍ക്കു പ്രദാനം ചെയ്തുകൊണ്ട് തന്നെക്കുറിച്ചുള്ള പൂര്‍ണമായ അറിവിലേക്കു നിങ്ങളെ നയിക്കട്ടെ! ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ് അവിടുന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന് അറിയാനും, വിശുദ്ധര്‍ക്ക് അവകാശമായി അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്വത്തിന്‍റെ സമൃദ്ധി മനസ്സിലാക്കാനും നിങ്ങളുടെ ആന്തരീകനേത്രങ്ങളെ അവിടുന്നു പ്രകാശിപ്പിക്കട്ടെ. അതുവഴി അവന്‍റെ പ്രാഭവപൂര്‍ണമായ പ്രവര്‍ത്തിനത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്‍റെ അപരിമേയമായ ശക്തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്തമാകട്ടെ. ക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കുകയും സ്വര്‍ഗത്തില്‍ അവിടുത്തെ വലത്തുവശത്ത് ഇരുത്തുകയും ചെയ്തപ്പോള്‍ അവയില്‍ പ്രവര്‍ത്തിച്ചത് ഈ ശക്തിയാണ്. അങ്ങനെ, ഈ യുഗത്തിലും എല്ലാ ആധിപത്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ശക്തികള്‍ക്കും പ്രഭുത്വങ്ങള്‍ക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങള്‍ക്കുമുപരി അവനെ ഉപവിഷ്ടനാക്കി. അവിടുന്ന് എല്ലാ വസ്തുക്കളെയും അവന്‍റെ പാദങ്ങള്‍ക്കു കീഴിലാക്കുകയും എല്ലാറ്റിനും മുകളില്‍ അവനെ സഭയ്ക്കു തലവനായി നിയമിക്കുകയും ചെയ്തു. സഭ അവന്‍റെ ശരീരമാണ്; എല്ലാ വസ്തുക്കളിലും സകലവും പൂര്‍ത്തിയാക്കുന്ന അവന്‍റെ പൂര്‍ണതയുമാണ്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(8:1-2,3-4,5-6)
R (v.6 ) ദൈവമേ, അങ്ങ് സ്വന്തം കരവേലകള്‍ക്കുമേല്‍ മനുഷ്യന് ആധിപത്യം നല്‍കി.
1. കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം! അങ്ങയുടെ മഹത്വം ആകാശങ്ങള്‍ക്കുമീതേ പ്രകീര്‍ത്തിക്കപ്പെടുന്നു. ശത്രുക്കളെയും രക്തദാഹികളെയും നിശ്ശബ്ദരാക്കാന്‍ അവിടുന്നു ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങള്‍കൊണ്ടു സുശക്തമായ കോട്ടകെട്ടി.
R ദൈവമേ, അങ്ങ് സ്വന്തം…….
2. അങ്ങയുടെ വിരലുകള്‍ വാര്‍ത്തെടുത്ത വാനിടത്തെയും അവിടുന്നു സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാന്‍ കാണുന്നു. അവിടുത്തെ ചിന്തയില്‍ വരാന്‍മാത്രം മര്‍ത്യന് എന്തു മേന്‍മയുണ്ട്? ഏവിടുത്തെ പരിഗണന ലഭിക്കാന്‍ മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്?
R ദൈവമേ, അങ്ങ് സ്വന്തം…….
3. അവിടുന്ന് അവനെ ദൈവദൂതന്‍മാരെക്കാള്‍ അല്‍പംമാത്രം താഴ്ത്തി; മഹത്വവും ബഹുമാനവുംകൊണ്ട് അവനെ മകുടമണിയിച്ചു. അങ്ങു സ്വന്തം കരവേലകള്‍ക്കുമേല്‍ അവന് ആധിപത്യം നല്‍കി; എല്ലാറ്റിനെയും അവന്‍റെ പാദത്തിന്‍ കീഴിലാക്കി.
R ദൈവമേ, അങ്ങ് സ്വന്തം…….
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.15:26b 27b ) കര്‍ത്താവ് അരുളിച്ചെയ്യുന്നു:സത്യാത്മാവ് വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം നല്‍കും. നിങ്ങളും സാക്ഷ്യം നല്‍കും. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (12:8-12)
(എന്താണ് പറയേണ്ടതെന്ന് ആ സമയത്ത് പരിശുദ്ധാത്മാവ്
നിങ്ങളെ പഠിപ്പിക്കും)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ഞാന്‍ നിങ്ങളോടു പറയുന്നു, മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും ദൈവത്തിന്‍റെ ദൂതന്‍മാരുടെ മുമ്പില്‍ മനുഷ്യപുത്രനും ഏറ്റുപറയും. മനുഷ്യരുടെമുമ്പില്‍ എന്നെ തള്ളിപ്പറയുന്നവന്‍ ദൈവത്തിന്‍റെ ദൂതന്‍മാരുടെ മുമ്പിലും തള്ളിപ്പറയപ്പെടും. മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോടു ക്ഷമിക്കപ്പെടും. എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോടു ക്ഷമിക്കപ്പെടുകയില്ല. സിനഗോഗുകളിലും അധികാരികളുടെയും ഭരണാധിപന്‍മാരുടെയും മുമ്പിലും അവര്‍ നിങ്ങളെ കൊണ്ടുപോകുമ്പോള്‍, എങ്ങനെ, എന്ത് ഉത്തരം കൊടുക്കുമെന്നും എന്തുപറയുമെന്നും ഉത്ക്കണ്ഠാകുലരാകേണ്ടാ, എന്താണു പറയേണ്ടതെന്ന് ആ സമയത്തു പരിശുദ്ധാത്മാവു നിങ്ങളെ പഠിപ്പിക്കും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here