രണ്ടാം വര്‍ഷം – 19/11/2018

ഒന്നാം വായന
വെളിപാടിന്‍റെ പുസ്തകത്തില്‍നിന്ന് (1:1-4; 2: 1-5a)
(നീ ഏതവസ്ഥയില്‍ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക)
ആസന്നഭാവിയില്‍ സംഭവിക്കാനിരിക്കുന്നവയെ തന്‍റെ ദാസന്‍മാര്‍ക്കു വെളിപ്പെടുത്തുന്നതിനുവേണ്ടി ദൈവം യേശുക്രിസ്തുവിനു നല്‍കിയ വെളിപാട്. അവന്‍ തന്‍റെ ദൂതനെ അയച്ചു ദാസനായ യോഹന്നാന് ഇതു വെളിപ്പെടുത്തി. അവന്‍ ദൈവവചനത്തിനും യേശുക്രിസ്തുവിന്‍റെ വെളിപാടിനും താന്‍ കണ്ട സകലത്തിനും സാക്ഷ്യം നല്‍കി. ഈ പ്രവചനത്തിലെ വാക്കുകള്‍ വായിക്കുന്നവരും കേള്‍ക്കുന്നവരും ഇതില്‍ എഴുതപ്പെട്ടിരിക്കുന്നതു പാലിക്കുന്നവരും അനുഗൃഹീതര്‍. എന്തെന്നാല്‍, സമയം അടുത്തിരിക്കുന്നു.
യോഹന്നാന്‍ ഏഷ്യയിലുള്ള ഏഴു സഭകള്‍ക്ക് എഴുതുന്നത്: ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായവനില്‍നിന്നും, അവന്‍റെ സിംഹാസനസന്നിധിയിലെ സപ്താത്മാക്കളില്‍നിന്നും, വിശ്വസ്തസാക്ഷിയും മൃതരില്‍നിന്നുള്ള ആദ്യജാതനും ഭൂമിയിലെ രാജാക്കന്‍മാരുടെ അധിപതിയുമായ യേശുക്രിസ്തുവില്‍നിന്നും, നിങ്ങള്‍ക്കു കൃപയും സമാധാനവും.
എഫേസോസിലുള്ള സഭയുടെ ദൂതന് എഴുതുക: വലത്തു കൈയില്‍ ഏഴു നക്ഷത്രങ്ങള്‍ വഹിച്ചുകൊണ്ട് ഏഴു സ്വര്‍ണദീപപീഠങ്ങള്‍ക്കുമദ്ധ്യേ നടക്കുന്നവന്‍ ഇപ്രകാരം പറയുന്നു: നിന്‍റെ പ്രവൃത്തികളും പ്രയത്നങ്ങളും ക്ഷമാപൂര്‍വമായ ഉറച്ചുനില്‍പും, ദുഷ്ടരോടുള്ള സഹിഷ്ണുതയും ഞാന്‍ മനസ്സിലാക്കുന്നു. അപ്പസ്തോലന്‍മാരെന്നു നടിക്കുകയും എന്നാല്‍, അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നവരെ പരിശോധിച്ച് അവര്‍ വ്യാജം പറയുന്നവരാണെന്നു നീ കണ്ടുപിടിച്ചു. തീര്‍ച്ചയായും, ക്ഷമാപൂര്‍വ്വം പിടിച്ചുനില്‍ക്കാന്‍തക്ക കഴിവു നിനക്കുണ്ട്. എന്‍റെ നാമത്തെപ്രതി പീഡകള്‍ സഹിച്ചിട്ടും നീ ക്ഷീണിച്ചില്ല. എങ്കിലും, നിനക്കെതിരേ എനിക്കൊന്നു പറയാനുണ്ട്: നിനക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം നീ കൈവെടിഞ്ഞു. അതിനാല്‍, നീ ഏതവസ്ഥയില്‍ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച് ആദ്യത്തെ പ്രവര്‍ത്തികള്‍ ചെയ്യുക.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 112:1-2,3-4,5-6)
R (2:7b) ജീവവൃക്ഷത്തിന്‍റെ ഫലം ഭക്ഷിക്കാന്‍ ഞാന്‍ അനുവദിക്കും.
1. ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവന്‍ ഭാഗ്യവാന്‍. അവന്‍റെ ആനന്ദം കര്‍ത്താവിന്‍റെ നിയമത്തിലാണ്; രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.
R ജീവവൃക്ഷത്തിന്‍റെ ഫലം……………….
2. നീര്‍ച്ചാലിന്നരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇല കൊഴിയാത്തുമായ വൃക്ഷംപോലെയാണ് അവന്‍; അവന്‍റെ പ്രവൃത്തികള്‍ സഫലമാകുന്നു.
R ജീവവൃക്ഷത്തിന്‍റെ ഫലം……………….
3. ദുഷ്ടര്‍ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരുപോലെയാണ് അവര്‍. കര്‍ത്താവു നീതിമാന്‍മാരുടെ മാര്‍ഗം അറിയുന്നു; ദുഷ്ടരുടെ മാര്‍ഗം നാശത്തില്‍ അവസാനിക്കും.
R ജീവവൃക്ഷത്തിന്‍റെ ഫലം……………….
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.8:12) കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (18:35-43)
(ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണം?….
എനിക്കു കാഴ്ച വീണ്ടുകിട്ടണം)
അക്കാലത്ത്, യേശു ജറീക്കോയെ സമീപിച്ചപ്പോള്‍ ഒരു കുരുടന്‍ വഴിയരുകില്‍ ഇരുന്ന് ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദംകേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അവന്‍ അനവേഷിച്ചു. നസറായനായ യേശു കടന്നുപോകുന്നു എന്ന് അവന്‍ വിളിച്ചു പറഞ്ഞു. അപ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞു: ദാവീദിന്‍റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ! മുമ്പേ പൊയ്ക്കൊണ്ടിരുന്നവര്‍, നിശ്ശബ്ദനായിരിക്കാന്‍ പറഞ്ഞ് അവനെ ശകാരിച്ചു. അവനാകട്ടെ, കൂടുതല്‍ ഉച്ചത്തില്‍ ദാവീദിന്‍റെ പുത്രാ, എന്നില്‍ കനിയണേ എന്നു നിലവിളിച്ചു കൊണ്ടിരുന്നു. യേശു അവിടെനിന്നു; അവനെ തന്‍റെ അടുത്തേക്കുകൊണ്ടുവരാന്‍ കല്‍പിച്ചു. അവന്‍ അടുത്തുവന്നപ്പോള്‍ യേശുചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അവന്‍ പറഞ്ഞു: കര്‍ത്താവേ, എനിക്കു കാഴ്ച വീണ്ടുകിട്ടണം. യേശു പറഞ്ഞു: നിനക്കു കാഴ്ചയുണ്ടാകട്ടെ. നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവന്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് യേശുവിന്‍റെ പിന്നാലെ പോയി. ഇതുകണ്ട് എല്ലാവരും ദൈവത്തെ സ്തുതിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here