രണ്ടാം വര്‍ഷം – 19/10/2018

ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ എഫേസോസുകാര്‍ക്ക്
എഴുതിയ ലേഖനത്തില്‍നിന്ന് (1: 11-14)
(ക്രിസ്തുവില്‍ വിശ്വസിച്ച നിങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ മുദ്രിതരായിരിക്കുന്നു)
സഹോദരരേ, തന്‍റെ ഹിതമനുസരിച്ച്, എല്ലാം പൂര്‍ത്തിയാക്കുന്ന ദൈവം തന്‍റെ പദ്ധതിയനുസരിച്ച് ക്രിസ്തുവില്‍ നമ്മെ മുന്‍കൂട്ടി തെരഞ്ഞെടുത്തു നിയോഗിച്ചു. ഇത്, ക്രിസ്തുവില്‍ ആദ്യമായി പ്രത്യാശയര്‍പ്പിച്ച നാം അവന്‍റെ മഹത്വത്തിനും സ്തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്. രക്ഷയുടെ സദ്വാര്‍ത്തയായ സത്യത്തിന്‍റെ വചനം ശ്രവിക്കുകയും അവനില്‍ വിശ്വസിക്കുകയുംചെയ്ത നിങ്ങളും വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനാല്‍ അവനില്‍ മുദ്രിതരായിരിക്കുന്നു. അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കുന്നതിനുള്ള അവകാശം നാം വീണ്ടെടുത്തു സ്വന്തമാക്കുന്നതുവരെ ആ അവകാശത്തിന്‍റെ അച്ചാരമാണ് ഈ പരിശുദ്ധാത്മാവ്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(33:1-2,4-5, 12-13)
R (v.12b) കര്‍ത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.
1. നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍; സ്തോത്രം ആലപിക്കുന്നതു നീതിമാന്‍മാര്‍ക്കു യുക്തമാണല്ലോ. കിന്നരം കൊണ്ടു കര്‍ത്താവിനെ സ്തുതിക്കുവിന്‍. പത്തുകമ്പിയുള്ള വീണമീട്ടി അവിടുത്തേക്കു കീര്‍ത്തനമാലപിക്കുവിന്‍.
R കര്‍ത്താവു തനിക്കുവേണ്ടി……..
2. കര്‍ത്താവിന്‍റെ വചനം സത്യമാണ്; അവിടുത്തെ പ്രവൃത്തി വിശ്വസനീയമാണ്. അവിടുന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു. കര്‍ത്താവിന്‍റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
R കര്‍ത്താവു തനിക്കുവേണ്ടി……..
3. കര്‍ത്താവു ദൈവവുമായുള്ള ജനവും അവിടുന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്. കര്‍ത്താവു സ്വര്‍ഗത്തില്‍നിന്നു താഴേക്കു നോക്കുന്നു; അവിടുന്ന് എല്ലാ മനുഷ്യരേയും കാണുന്നു.
R കര്‍ത്താവു തനിക്കുവേണ്ടി……..
അല്ലേലൂയാ!
അല്ലേലൂയാ! (സങ്കീ.33:22) കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (12:1-7)
(നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു)
അക്കാലത്ത്, പരസ്പരം ചവിട്ടേല്‍ക്കത്തക്കവിധം ആയിരക്കണക്കിനു ജനങ്ങള്‍ തിങ്ങിക്കൂടി. അപ്പോള്‍ യേശു ശിഷ്യരോടു പറയുവാന്‍ തുടങ്ങി: ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചുകൊള്ളുവിന്‍. മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തു വരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അതുകൊണ്ട്, നിങ്ങള്‍ ഇരുട്ടത്തു സംസാരിച്ചത് വെളിച്ചത്തു കേള്‍ക്കപ്പെടും. വീട്ടില്‍ സ്വകാര്യമുറികളില്‍വച്ചു ചെവിയില്‍ പറഞ്ഞത് പുരമുകളില്‍നിന്നു പ്രഘോഷിക്കപ്പെടും.
എന്‍റെ സ്നേഹിതരേ, നിങ്ങളോടു ഞാന്‍ പറയുന്നു, ശരീരത്തെ കൊല്ലുന്നതില്‍ക്കവിഞ്ഞ് ഒന്നും ചെയ്യാന്‍ കഴിയാത്തവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ. എന്നാല്‍, നിങ്ങള്‍ ആരെ ഭയപ്പെടണമെന്നു ഞാന്‍ മുന്നറിയിപ്പു തരാം. കൊന്നതിനുശേഷം നിങ്ങളെ നരകത്തിലേക്കു തള്ളിക്കളയാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍. അഞ്ചു കുരുവികള്‍ രണ്ടു നാണയത്തുട്ടിനു വില്‍ക്കപ്പെടുന്നില്ലേ? അവയില്‍ ഒന്നുപോലും ദൈവസന്നിധിയില്‍ വിസ്മരിക്കപ്പെടുന്നില്ല. നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണ്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here