രണ്ടാം വര്‍ഷം – 18/7/2018

ഒന്നാം വായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (10:5-7, 13-16)
(വെട്ടുകാരനോടു കോടാലി വന്‍പു പറയുമോ? )
കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ കോപത്തിന്‍റെ ദണ്‍ഡും രോഷത്തിന്‍റെ വടിയുമായ അസ്സീറിയാ! അധര്‍മികളായ ജനതയ്ക്കെതിരെ ഞാന്‍ അവനെ അയയ്ക്കുന്നു. എന്‍റെ കോപത്തിനു പാത്രമായ ജനത്തെ കൊള്ളയടിക്കാനും കവര്‍ച്ചവസ്തു തട്ടിയെടുക്കാനും തെരുവിലെ ചെളിപോലെ അവരെ ചവിട്ടിതേയ്ക്കാനും ഞാന്‍ അവനു കല്‍പന നല്‍കുന്നു. എന്നാല്‍, അവന്‍റെ ഉദ്ദേശ്യമതല്ല. അവന്‍റെ മനസ്സിലെ വിചാരവും അപ്രകാരമല്ല, നാശം മാത്രമാണ് അവന്‍ ചിന്തിക്കുന്നത്. അനേകം ജനതകളെ വിഛേദിച്ചുകളയുകയാണ് അവന്‍റെ ഉദ്ദേശ്യം.
അവന്‍ പറയുന്നു: എന്‍റെ കരബലവും ജ്ഞാനവും കൊണ്ടാണ്
ഞാനിതു ചെയ്തത്. കാരണം, എനിക്ക് അറിവുണ്ടായിരുന്നു. ഞാന്‍ ജനതകളുടെ അതിര്‍ത്തികള്‍ നീക്കം ചെയ്യുകയും അവരുടെ നിക്ഷേപങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തു. സിംഹാസനത്തിലിരിക്കുന്നവരെ ഞാന്‍ കാളക്കൂറ്റന്‍റെ കരുത്തോടെ താഴെയിറക്കി. പക്ഷിക്കൂട്ടില്‍ നിന്നെന്നപോലെ എന്‍റെ കരം ജനതകളുടെ സമ്പത്ത് അപഹരിച്ചു. ഉപേക്ഷിക്കപ്പെട്ട മുട്ടകള്‍ ശേഖരിക്കുന്നതുപോലെ ഭൂമിയിലെ സമ്പത്തു മുഴുവന്‍ കരസ്ഥമാക്കി. ചിറകനക്കാനോ വായ് തുറന്നു ചിലയ്ക്കാനോ ഒന്നും ഉണ്ടായിരുന്നില്ല. വെട്ടുകാരനോടു കോടാലി വന്‍പു പറയുമോ? അറുക്കുന്നവനോടു വാള്‍ വീമ്പടിക്കുമോ? ദണ്‍ഡ് അത് ഉയര്‍ത്തുന്നവനെ നിയന്ത്രിക്കുന്നതുപോലെയും ഊന്നുവടി മരമല്ലാത്തവനെ ഉയര്‍ത്തുന്നതുപോലെയും ആണ് അത്. കര്‍ത്താവ്, സൈന്യങ്ങളുടെ കര്‍ത്താവ്, കരുത്തന്‍മാരായ യോദ്ധാക്കളുടെമേല്‍ ക്ഷയിപ്പിക്കുന്ന രോഗം അയയ്ക്കും. അവന്‍റെ കരുത്തിനടിയില്‍ അഗ്നിജ്വാലപോലെ ഒരു ദാഹശക്തി ജ്വലിക്കും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(94:5 – 6, 7-8,9-10, 14-15)
R (v.14a) കര്‍ത്താവു തന്‍റെ ജനത്തെ പരിത്യജിക്കുകയില്ല.
1. കര്‍ത്താവേ, അവര്‍ അങ്ങയുടെ ജനത്തെ ഞെരിക്കുന്നു; അങ്ങയുടെ അവകാശത്തെ പീഡിപ്പിക്കുന്നു. അവര്‍ വിധവയെയും വിദേശിയെയും വധിക്കുന്നു; അനാഥരെ കൊന്നുകളയുന്നു.
R കര്‍ത്താവു തന്‍റെ………….
2. കര്‍ത്താവു കാണുന്നില്ല, യാക്കോബിന്‍റെ ദൈവം ഗ്രഹിക്കുന്നില്ല എന്ന് അവര്‍ പറയുന്നു. പടുവിഡ്ഢികളേ, അറിഞ്ഞുകൊള്ളുവിന്‍, ഭോഷരേ, നിങ്ങള്‍ക്ക് എന്നു വിവേകം വരും?
R കര്‍ത്താവു തന്‍റെ………….
3. ചെവി നല്‍കിയവന്‍ കേള്‍ക്കുന്നില്ലെന്നോ? കണ്ണു നല്‍കിയവന്‍ കാണുന്നില്ലെന്നോ? ജനതകളെശിക്ഷിക്കുന്നവനു നിങ്ങളെ ശിക്ഷിക്കാന്‍ കഴിയുകയില്ലെന്നോ? അറിവു പകരുന്നവന് അറിവില്ലെന്നോ?
R കര്‍ത്താവു തന്‍റെ………….
4. കര്‍ത്താവു തന്‍റെ ജനത്തെ പരിത്യജിക്കുകയില്ല; അവിടുന്നു തന്‍റെ
അവകാശത്തെ ഉപേക്ഷിക്കുകയില്ല. വിധികള്‍ വീണ്ടും നീതിപൂര്‍വകമാകും; പരമാര്‍ഥ ഹൃദയമുള്ളവര്‍ അതു മാനിക്കും.
R കര്‍ത്താവു തന്‍റെ………….
അല്ലേലൂയാ!
അല്ലേലൂയാ!(cf.മത്താ.11: 25) സ്വര്‍ഗരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെട്ടവനാകട്ടെ.- അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (11:25-27)
(നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരില്‍നിന്നു മറച്ച്, ശിശുക്കള്‍ക്ക്
വെളിപ്പെടുത്തി)
അക്കാലത്ത്, യേശു ഉദ്ഘോഷിച്ചു: സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു. അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്‍റെ തിരുവുള്ളം. സര്‍വവും എന്‍റെ പിതാവ് എന്നെ ഏല്‍പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here