രണ്ടാം വര്‍ഷം – 18/7/2018

ഒന്നാം വായന
എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന്
(18:1-10, 13b, 30-32)
(ഓരോരുത്തരേയും താന്താങ്ങളുടെ
പ്രവൃത്തികള്‍ക്കനുസൃതമായി ഞാന്‍ വിധിക്കും)
കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: പിതാക്കന്‍മാര്‍ പുളിക്കുന്ന മുന്തിരിങ്ങ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേല്‍ദേശത്തെക്കുറിച്ചുള്ള ഈ പഴമൊഴി നിങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നതെന്തിന്? ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഈ പഴമൊഴി ഇനിയൊരിക്കലും ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല. എല്ലാവരുടേയും ജീവന്‍ എന്‍റേതാണ്. പിതാവിന്‍റെ ജീവനെന്നപോലെ പുത്രന്‍റെ ജീവനും എനിക്കുള്ളതാണ്. പാപം ചെയ്യുന്നവന്‍റെ ജീവന്‍ നശിക്കും.
ഒരുവന്‍ നീതിമാനും നീതിയും ന്യായവുമനുസരിച്ചു പ്രവര്‍ത്തിക്കുന്നവനും ആണെന്നിരിക്കട്ടെ. അവന്‍ പൂജാഗിരികളില്‍ വച്ചു ഭക്ഷിക്കുകയോ ഇസ്രായേലിലെ വിഗ്രഹങ്ങളുടെ കണ്ണുകളുയര്‍ത്തുകയോ ചെയ്യുന്നില്ല. അവന്‍ അയല്‍വാസിയുടെ ഭാര്യയെ മലിനപ്പെടുത്തുകയോ ആര്‍ത്തവകാലത്ത് സ്ത്രീയെ സമീപിക്കുകയോ ചെയ്യുന്നില്ല.അവന്‍ ആരെയും പീഡിപ്പിക്കുന്നില്ല; കടക്കാരന് പണയവസ്തു തിരികെ നല്കുന്നു; കൊള്ളയടിക്കുന്നില്ല. അവന്‍ വിശക്കുന്നവന് ആഹാരം നല്‍കുകയും നഗ്നനെ വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നു. അവന്‍ പലിശ വാങ്ങുകയോ ലാഭമെടുക്കുകയോ ചെയ്യുന്നില്ല. അകൃത്യങ്ങള്‍ ചെയ്യുന്നില്ല. മനുഷ്യര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സത്യമനുസരിച്ചു തീര്‍പ്പു കല്പിക്കുന്നു. അവന്‍ എന്‍റെ കല്‍പനകള്‍ അനുസരിക്കുകയും പ്രമാണങ്ങള്‍ വിശ്വസ്തതയോടെ പാലിക്കുകയും ചെയ്യുന്നു. അവനാണ് നീതിമാന്‍. അവന്‍ തീര്‍ച്ചയായും ജീവിക്കും – ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
എന്നാല്‍ അവന് കൊള്ളക്കാരനും കൊലപാതകിയുമായ ഒരു പുത്രനുണ്ടായെന്നിരിക്കട്ടെ. അവന്‍ പലിശ വാങ്ങുകയും ലാഭമെടുക്കുകയും ചെയ്യുന്നവനായിരിക്കാം. അങ്ങനെയെങ്കില്‍ അവന്‍ ജീവിക്കുമോ? ഇല്ല. ഈ മ്ലേഛതകളൊക്കെ പ്രവര്‍ത്തിച്ചതുകൊണ്ട് അവന്‍ തീര്‍ച്ചയായും മരിക്കും. അവന്‍റെ രക്തം അവന്‍റെമേല്‍തന്നെ പതിക്കും.
ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ, ഓരോരുത്തരെയും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതമായി ഞാന്‍ വിധിക്കും. തിന്‍മ നിങ്ങളെ നശിപ്പിക്കാതിരിക്കാന്‍ പശ്ചാത്തപിച്ച് എല്ലാ അതിക്രമങ്ങളിലുംനിന്നു പിന്തിരിയുവിന്‍. എനിക്കെതിരായി നിങ്ങള്‍ ചെയ്ത അതിക്രമങ്ങള്‍ ഉപേക്ഷിക്കുവിന്‍. ഒരു പുതിയ ഹൃദയവും പുതിയ ചൈതന്യവും നേടുവിന്‍. ഇസ്രായേല്‍ഭവനമേ, നിങ്ങള്‍ എന്തിനു മരിക്കണം? ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആരുടെയും മരണത്തില്‍ ഞാന്‍ സന്തോഷിക്കുന്നില്ല. നിങ്ങള്‍ പശ്ചാത്തപിക്കുകയും ജീവിക്കുകയും ചെയ്യുവിന്‍.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(51:10-11a,12-13,16-17)
R (v.10മ) ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!
1. ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്ഷേപിക്കണമേ! അങ്ങയുടെ സന്നിധിയില്‍നിന്ന് എന്നെ തള്ളിക്കളയരുതേ!
R ദൈവമേ, നിര്‍മലമായ…….
2. അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ! ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ! അപ്പോള്‍ അതിക്രമികളെ ഞാന്‍ അങ്ങയുടെ വഴി പഠിപ്പിക്കും; പാപികള്‍ അങ്ങയിലേക്കു തിരിച്ചുവരും.
R  ദൈവമേ, നിര്‍മലമായ…….
3. ബലികളില്‍ അങ്ങു പ്രസാദിക്കുന്നില്ല; ഞാന്‍ ദഹനബലി അര്‍പ്പിച്ചാല്‍ അങ്ങു സന്തുഷ്ടനാവുകയുമില്ല. ഉരുകിയ മനസ്സാണു ദൈവത്തിനു സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയ ഹൃദയത്തെ അങ്ങു നിരസിക്കുകയില്ല
R ദൈവമേ, നിര്‍മലമായ…….

അല്ലേലൂയാ!
അല്ലേലൂയാ!(മത്താ.11:25) സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (19:13-15)
(ശിശുക്കളെ എന്‍റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍.
സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്)
അക്കാലത്ത്, യേശു കൈകള്‍വച്ചു പ്രാര്‍ത്ഥിക്കുന്നതിനു വേണ്ടി ചിലര്‍ ശിശുക്കളെ അവന്‍റെ അടുത്തുകൊണ്ടുവന്നു. ശിഷ്യന്‍മാര്‍ അവരെ ശകാരിച്ചു. എന്നാല്‍, അവന്‍ പറഞ്ഞു: ശിശുക്കളെ എന്‍റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്. എന്തെന്നാല്‍, സ്വര്‍ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്. അവന്‍ അവരുടെമേല്‍ കൈകള്‍ വച്ചശേഷം അവിടെനിന്നു പോയി.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here