രണ്ടാം വര്‍ഷം – 1/6/2018

ഒന്നാം വായന
വി.പത്രോസ് എഴുതിയ ലേഖനത്തില്‍നിന്ന് (4:7-13)
(തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്‍റെ വിവിധ ദാനങ്ങളുടെ
ഉത്തമനായ കാര്യസ്ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കുംവേണ്ടി ഉപയോഗിക്കട്ടെ)
സഹോദരരേ, സകലത്തിന്‍റെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ സമചിത്തരും പ്രാര്‍ത്ഥനയില്‍ ജാഗരൂകരും ആയിരിക്കുവിന്‍. സര്‍വോപരി നിങ്ങള്‍ക്ക്, ഗാഢമായ പരസ്പരസ്നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു. പിറുപിറുപ്പു കൂടാതെ നിങ്ങള്‍ പരസ്പരം ആതിഥ്യമര്യാദ പാലിക്കുവിന്‍. ഓരോരുത്തനും തനിക്കു കിട്ടിയ ദാനത്തെ ദൈവത്തിന്‍റെ അരുളപ്പാടു നല്‍കുന്നവനെപ്പോലെ പ്രസംഗിക്കട്ടെ. ശുശ്രൂഷിക്കുന്നവന്‍ ദൈവത്തില്‍ നിന്നു ലഭിച്ച ശക്തികൊണ്ട് എന്നപോലെ ശുശ്രൂഷിക്കട്ടെ. അങ്ങനെ എല്ലാ കാര്യങ്ങളിലും ദൈവം യേശുക്രിസ്തുവിലൂടെ മഹത്വപ്പെടട്ടെ. മഹത്വവും ആധിപത്യവും എന്നും എന്നേക്കും അവനുള്ളതാണ്. ആമേന്‍.
പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നി പരീക്ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്. ക്രിസ്തുവിന്‍റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്‍റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(96:10,11-12a,12b13)
R (v.13ab) കര്‍ത്താവു ഭൂമിയെ വിധിക്കാന്‍ വരുന്നു:
1. ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍: കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.
R കര്‍ത്താവു ഭൂമിയെ ………….
2. ആകാശം ആഹ്ലാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ; സമുദ്രവും അതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ! വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ!
R കര്‍ത്താവു ഭൂമിയെ ………….
3. അപ്പോള്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും. എന്തെന്നാല്‍, അവിടുന്നു വരുന്നു; അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു: അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ സത്യത്തോടും കൂടെ വിധിക്കും.
R കര്‍ത്താവു ഭൂമിയെ ………….
അല്ലേലൂയാ!
അല്ലേലൂയാ! (cf.യോഹ.15:16) കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനുംവേണ്ടി ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (11:11-26)
(എന്‍റെ ഭവനം എല്ലാ ജനതയ്ക്കുമുള്ള പ്രാര്‍ത്ഥനാലയം എന്നു
വിളിക്കപ്പെടും. ദൈവത്തില്‍ വിശ്വസിക്കുക)
അക്കാലത്ത്, യേശു ജറുസലേമില്‍ പ്രവേശിച്ച് ദേവാലയത്തിനുള്ളിലേക്കു പോയി; ചുറ്റുംനോക്കി എല്ലാം കണ്ടശേഷം, നേരം വൈകിയിരുന്നതിനാല്‍, പന്ത്രണ്ടു പേരോടുകൂടെ ബഥാനിയായിലേക്കു പോയി. അടുത്ത ദിവസം അവര്‍ ബഥാനിയായില്‍നിന്നു വരുമ്പോള്‍ അവനു വിശക്കുന്നുണ്ടായിരുന്നു. അകലെ തളിരിട്ടു നില്‍ക്കുന്ന ഒരു അത്തിമരം കണ്ട് അതില്‍ എന്തെങ്കിലും ഉണ്ടാകാം എന്നു വിചാരിച്ച് അടുത്തുചെന്നു. എന്നാല്‍, ഇലകളല്ലാതെ മറ്റൊന്നും കണ്ടില്ല. അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു. അവന്‍ പറഞ്ഞു: ആരും ഇനിയൊരിക്കലും നിന്നില്‍നിന്നു പഴം തിന്നാതിരിക്കട്ടെ! അവന്‍റെ ശിഷ്യന്‍മാര്‍ ഇതുകേട്ടു.
അവര്‍ ജറുസലെമിലെത്തി. അവന്‍ ദേവാലയത്തില്‍ പ്രവേശിച്ച്, അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കാന്‍ തുടങ്ങി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്‍പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു. ദേവാലയത്തിലൂടെ പാത്രങ്ങള്‍ ചുമന്നുകൊണ്ടു പോകാന്‍ ആരെയും അവന്‍ അനുവദിച്ചില്ല. അവന്‍ അവരെ പഠിപ്പിച്ചു: എന്‍റെ ഭവനംഎല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിട്ടില്ലേ? നിങ്ങള്‍ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയാക്കിത്തീര്‍ത്തിരിക്കുന്നു. ഇതുകേട്ടപ്പോള്‍ പ്രധാന പുരോഹിതന്‍മാരും നിയമജ്ഞരും അവനെ നശിപ്പിക്കാന്‍ മാര്‍ഗം അന്വേഷിച്ചു; കാരണം, അവനെ അവര്‍ ഭയപ്പെട്ടു. ജനങ്ങളെല്ലാം അവന്‍റെ പ്രബോധനങ്ങളെക്കുറിച്ചു വിസ്മയിച്ചിരുന്നു. വൈകുന്നേരമായപ്പോള്‍ അവര്‍ നഗരത്തിനു വെളിയിലേക്കു പോയി.
അവര്‍ രാവിലെ അത്തിമരത്തിന്‍റെ സമീപത്തുകൂടെ കടന്നു പോകുമ്പോള്‍ അതു സമൂലം ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു. അപ്പോള്‍ പത്രോസ് അവനെ അനുസ്മരിപ്പിച്ചു: ഗുരോ, നോക്കൂ, നീ ശപിച്ച അത്തിമരം ഉണങ്ങിപ്പോയിരിക്കുന്നു! യേശു പ്രതിവചിച്ചു: ദൈവത്തില്‍ വിശ്വസിക്കുക. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ആരെങ്കിലും ഈ മലയോട് ഇവിടെനിന്നു മാറി കടലില്‍ച്ചെന്നു വീഴുക എന്നുപറയുകയും ഹൃദയത്തില്‍ ശങ്കിക്കാതെ, താന്‍ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്താല്‍ അവന് അതു സാധിച്ചുകിട്ടും. അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും. നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അതു ക്ഷമിക്കുവിന്‍. അപ്പോള്‍ സ്വര്‍ഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here