രണ്ടാം വര്‍ഷം – 15/10/2018

ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ ഗലാത്തിയാക്കാര്‍ക്ക്
എഴുതിയ ലേഖനത്തില്‍നിന്ന് (4: 22-24, 26-27, 31-5:1)
(~നമ്മള്‍ ദാസിയുടെ മക്കളല്ല. സ്വതന്ത്രയുടേതാണ്)
സഹോദരരേ, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അബ്രാഹത്തിന് രണ്ടു പുത്രന്‍മാരുണ്ടായിരുന്നു – ഒരുവന്‍ ദാസിയില്‍ നിന്ന്, ഇതരന്‍ സ്വതന്ത്രയില്‍നിന്ന്. ദാസിയുടെ പുത്രന്‍ ശാരീരികരീതിയിലും സ്വതന്ത്രയുടെ പുത്രന്‍ വാഗ്ദാനപ്രകാരവും ജനിച്ചു. ആലങ്കാരികമായി പറഞ്ഞാല്‍ ഈ സ്ത്രീകള്‍ രണ്ട് ഉടമ്പടികളാണ്. ഒരുവള്‍ സീനായ്മലയില്‍ നിന്നുള്ളവള്‍. അവള്‍ ദാസ്യവൃത്തിക്കായി മക്കളെ ജനിപ്പിക്കുന്നു. അവളാണ് ഹാഗാര്‍. എന്നാല്‍, സ്വര്‍ഗീയ ജറുസലെം സ്വതന്ത്രയാണ്. അവളാണ് നമ്മുടെ അമ്മ. എന്തുകൊണ്ടെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. അല്ലയോ പ്രസവിക്കാത്ത വന്ധ്യേ, നീ ആഹ്ലാദിക്കുക. പ്രസവവേദനയനുഭവിക്കാത്ത നീ ആനന്ദിച്ച് ആര്‍പ്പുവിളിക്കുക. എന്തെന്നാല്‍, ഭര്‍തൃമതിക്കുള്ളതിനെക്കാള്‍ കൂടുതല്‍ മക്കള്‍ പരിത്യക്തയാക്കാണുള്ളത്. സഹോദരരേ, അതുകൊണ്ട് നമ്മള്‍ ദാസിയുടെ മക്കളല്ല, സ്വതന്ത്രയുടേതാണ്.
സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങള്‍ സ്ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്‍റെ നുകത്തിന് ഇനിയും നിങ്ങള്‍ വിധേയരാകരുത്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(113:1-2, 3-4, 5a+6-7)
R (v.2) കര്‍ത്താവിന്‍റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെട്ടതാകട്ടെ.(അല്ലെങ്കില്‍: അല്ലേലൂയാ!)
1. കര്‍ത്താവിനെ സ്തുതിക്കുവിന്‍! കര്‍ത്താവിന്‍റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍! കര്‍ത്താവിന്‍റെ നാമത്തെ സ്തുതിക്കുവിന്‍! കര്‍ത്താവിന്‍റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
ഞ കര്‍ത്താവിന്‍റെ നാമം……..
2. ഉദയം മുതല്‍ അസ്തമയംവരെ കര്‍ത്താവിന്‍റെ നാമം വാഴ്ത്തപ്പെടട്ടെ! കര്‍ത്താവു സകല ജനതകളുടെയുംമേല്‍ വാഴുന്നു; അവിടുത്തെ മഹത്വം ആകാശത്തിനുമീതേ ഉയര്‍ന്നിരിക്കുന്നു.
R കര്‍ത്താവിന്‍റെ നാമം……..
3. നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്? അവിടുന്ന് ഉന്നതത്തില്‍ ഉപവിഷ്ടനായിരിക്കുന്നു. അവിടുന്നു കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു. അവിടുന്നു ദരിദ്രനെ പൊടിയില്‍നിന്ന് ഉയര്‍ത്തുന്നു.
R കര്‍ത്താവിന്‍റെ നാമം……..
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(119:41-42,44-45,47-48)
R (v.41a) കര്‍ത്താവേ, അങ്ങയുടെ കാരുണ്യം എന്‍റെമേല്‍ ചൊരിയണമേ
1. അവിടുത്തേക്കു ഗാനമാലപിക്കുവിന്‍; സ്തുതിഗീതങ്ങള്‍ ആലപിക്കുവിന്‍; അവിടുത്തെ അദ്ഭുതങ്ങള്‍ വര്‍ണിക്കുവിന്‍. അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനംകൊള്ളുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ലാദിക്കട്ടെ!
R കര്‍ത്താവു തന്‍റെ ഉടമ്പടി……..
അല്ലേലൂയാ!
അല്ലേലൂയാ! (സങ്കീ.95:8ab) ഇന്ന്, കര്‍ത്താവിന്‍റെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍, നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (11:29-32)
(യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവുംനല്‍കപ്പെടുകയില്ല)
അക്കാലത്ത്, ജനക്കൂട്ടം വര്‍ദ്ധിച്ചുവന്നപ്പോള്‍ യേശു അരുളിച്ചെയ്തു: ഈ തലമുറ ദുഷിച്ച തലമുറയാണ്. ഇത് അടയാളം അന്വേഷിക്കുന്നു. എന്നാല്‍, യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്‍കപ്പെടുകയില്ല. യോനാ നിനെവേക്കാര്‍ക്ക് അടയാളമായിരുന്നതുപോലെ മനുഷ്യപുത്രന്‍ ഈ തലമുറയ്ക്കും അടയാളമായിരിക്കും. ദക്ഷിണദേശത്തെ രാജ്ഞി വിധിദിനത്തില്‍ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിര്‍പ്പിക്കപ്പെടുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാല്‍, സോളമന്‍റെ വിജ്ഞാനം ശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തിയില്‍നിന്നു വന്നു. എന്നാല്‍ ഇതാ, ഇവിടെ സോളമനെക്കാള്‍ വലിയവന്‍! നിനെവേ നിവാസികള്‍ വിധിദിനത്തില്‍ ഈ തലമുറയോടുകൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ഇതിനെ കുറ്റം വിധിക്കുകയും ചെയ്യും. എന്തെന്നാല്‍, യോനായുടെ പ്രസംഗംകേട്ട് അവര്‍ പശ്ചാത്തപിച്ചു. എന്നാല്‍, ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍!
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here