രണ്ടാം വര്‍ഷം – 14/8/2018

ഒന്നാം വായന
എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (2:8-3:4)
(ഞാന്‍ അതു ഭക്ഷിച്ചു; എന്‍റെ നാവിന് അതു തേന്‍പോലെ
മാധുര്യമുള്ളതായിരുന്നു)
കര്‍ത്താവ് അരുളിച്ചെയ്യുന്നു: മനുഷ്യപുത്രാ, ഞാന്‍ നിന്നോടു പറയുന്നതു കേള്‍ക്കുക. ആ ധിക്കാരികളുടെ ഭവനത്തെപ്പോലെ നീയും ധിക്കാരിയാകരുത്. ഞാന്‍ നിനക്കു തരുന്നത് വായ്തുറന്ന് ഭക്ഷിക്കുക. ഞാന്‍ നോക്കി, അതാ, നീട്ടിയ ഒരു കരവും അതില്‍ ഒരു ലേഖനച്ചുരുളും. അവന്‍ അത് എന്‍റെ മുമ്പില്‍ വിടര്‍ത്തി. അതിന്‍റെ അകത്തും പുറത്തും എഴുതിയിരുന്നു. അതില്‍ വിലാപങ്ങളും പരിദേവനങ്ങളും ദുരിതങ്ങളും രേഖപ്പെടുത്തിയിരുന്നു.
അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, നീ കാണുന്ന ഈ ചുരുള്‍ ഭക്ഷിക്കുക. എന്നിട്ടുപോയി ഇസ്രായേല്‍ ഭവനത്തോടു സംസാരിക്കുക. ഞാന്‍ വായ്തുറന്നു. അവന്‍ ആ ചുരുള്‍ എനിക്കു ഭക്ഷിക്കാന്‍ തന്നു. അവന്‍ പറഞ്ഞു: മനുഷ്യപുത്രാ, ഞാന്‍ തരുന്ന ഈ ചുരുള്‍ ഭക്ഷിച്ചു വയറുനിറയ്ക്കുക; ഞാന്‍ അതു ഭക്ഷിച്ചു. എന്‍റെ വായില്‍ അതുതേന്‍പോലെ മധുരിച്ചു. അവന്‍ വീണ്ടും പറഞ്ഞു: മനുഷ്യപുത്രാ, നീ ഇസ്രായേല്‍ ഭവനത്തില്‍ച്ചെന്ന് എന്‍റെ വാക്കുകള്‍ അവരെ അറിയിക്കുക.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(119:14+ 24, 72+ 103, 111+ 131)
R (v.103) കര്‍ത്താവേ അങ്ങയുടെ വാക്കുകള്‍ എനിക്ക് എത്ര മധുരമാണ്.
1. സമ്പത്സമൃദ്ധിയിലെന്നപോലെ അങ്ങയുടെ കല്‍പനകള്‍ പിന്തുടരുന്നതില്‍ ഞാന്‍ ആനന്ദിക്കും. അവിടുത്തെ കല്‍പനകളാണ് എന്‍റെ ആനന്ദം; അവയാണ് എനിക്ക് ഉപദേശം നല്‍കുന്നത്.
R കര്‍ത്താവേ അങ്ങയുടെ…………
2. ആയിരക്കണക്കിനു പൊന്‍വെള്ളിനാണയങ്ങളെക്കാള്‍ അങ്ങയുടെ വദനത്തില്‍നിന്നു പുറപ്പെടുന്ന നിയമമാണ് എനിക്ക് അഭികാമ്യം. അങ്ങയുടെ വാക്കുകള്‍ എനിക്ക് എത്ര മധുരമാണ്!
R കര്‍ത്താവേ അങ്ങയുടെ…………
3. അങ്ങയുടെ കല്‍പനകളാണ് എന്നേക്കും എന്‍റെ ഓഹരി; അവ എന്‍റെ ഹൃദയത്തിന്‍റെ ആനന്ദമാണ്. അങ്ങയുടെ പ്രമാണങ്ങളോടുള്ള അഭിവാഞ്ഛ നിമിത്തം ഞാന്‍ വായ് തുറന്നു കിതയ്ക്കുന്നു.
R കര്‍ത്താവേ അങ്ങയുടെ…………
അല്ലേലൂയാ!
അല്ലേലൂയാ!(മത്താ.11:29) ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും – അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന്
(18:1-5,10,12-14)
(ഈ കുട്ടികളിലാരെയും നിന്ദിക്കാതിരിക്കുവാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍)
അക്കാലത്ത്, ശിഷ്യന്‍മാര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ ആരാണ്? യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യേ നിര്‍ത്തിക്കൊണ്ട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍. ഇതുപോലുള്ള ഒരു ശിശുവിനെ എന്‍റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. നിങ്ങള്‍ക്ക് എന്തു തോന്നുന്നു, ഒരാള്‍ക്ക് നൂറ് ആടുകള്‍ ഉണ്ടായിരിക്കെ, അതിലൊന്ന് വഴിതെറ്റിപ്പോയാല്‍ തൊണ്ണൂറ്റൊന്‍പതിനെയും മലയില്‍ വിട്ടിട്ട്, അവന്‍ വഴിതെറ്റിയതിനെ അന്വേഷിച്ചുപോകയില്ലേ? കണ്ടെത്തിയാല്‍ അതിനെക്കുറിച്ച്, വഴിതെറ്റിപ്പോകാത്ത തൊണ്ണൂറ്റൊന്‍പതിനെക്കുറിച്ച് എന്നതിനെക്കാള്‍ അവന്‍ സന്തോഷിക്കുമെന്ന് സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇതുപോലെ, ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചുപോകാന്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല.
കര്‍ത്താവിന്‍റെ സുവിശേഷം

LEAVE A REPLY

Please enter your comment!
Please enter your name here