രണ്ടാം വര്‍ഷം – 14/7/2018

ഒന്നാം വായന
ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (6:1-8)
(അശുദ്ധമായ അധരങ്ങളുള്ളവനാണ് ഞാന്‍; എന്നിട്ടും എന്‍റെ
നയനങ്ങള്‍ സൈന്യങ്ങളുടെ കര്‍ത്താവായ രാജാവിനെ ദര്‍ശിച്ചു)
ഉസിയാരാജാവു മരിച്ച വര്‍ഷം കര്‍ത്താവ് ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം ദേവാലയം മുഴുവന്‍ നിറഞ്ഞുനിന്നു. അവിടുത്തെ ചുറ്റും സെറാഫുകള്‍ നിന്നിരുന്നു. അവയ്ക്ക് ആറു ചിറകുകള്‍വീതം ഉണ്ടായിരുന്നു. രണ്ടു ചിറകുകള്‍കൊണ്ടു മുഖവും രണ്ടെണ്ണംകൊണ്ടു പാദങ്ങളും അവ മറച്ചിരുന്നു. രണ്ടു ചിറകുകള്‍ പറക്കാനുള്ളവയായിരുന്നു. അവ പരസ്പരം ഉദ്ഘോഷിച്ചുകൊണ്ടിരുന്നു: പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങളുടെ കര്‍ത്താവ് പരിശുദ്ധന്‍. ഭൂമി മുഴുവന്‍ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു. അവയുടെ ശബ്ദഘോഷത്താല്‍ പൂമുഖത്തിന്‍റെ അടിസ്ഥാനങ്ങള്‍ ഇളകുകയും ദേവാലയം ധൂമപൂരിതമാവുകയും ചെയ്തു.
ഞാന്‍ പറഞ്ഞു: എനിക്കു ദുരിതം! ഞാന്‍ നശിച്ചു. എന്തെന്നാല്‍, ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്. എന്തെന്നാല്‍, സൈന്യങ്ങളുടെ കര്‍ത്താവായ രാജാവിനെ എന്‍റെ നയനങ്ങള്‍ ദര്‍ശിച്ചിരിക്കുന്നു. അപ്പോള്‍ സെറാഫുകളിലൊന്ന് ബലിപീഠത്തില്‍നിന്ന് കൊടില്‍കൊണ്ട് എടുത്ത ഒരു തീക്കനലുമായി എന്‍റെയടുത്തേക്കു പറന്നുവന്നു. അവന്‍ എന്‍റെ അധരങ്ങളെ സ്പര്‍ശിച്ചിട്ടു പറഞ്ഞു: ഇതു നിന്‍റെ അധരങ്ങളെ സ്പര്‍ശിച്ചിരിക്കുന്നു. നിന്‍റെ മാലിന്യം നീക്കപ്പെട്ടു: നിന്‍റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു. അതിനുശേഷം കര്‍ത്താവ് അരുളിച്ചെയ്യുന്നതു ഞാന്‍ കേട്ടു: ആരെയാണ് ഞാന്‍ അയയ്ക്കുക? ആരാണ് നമുക്കുവേണ്ടി പോവുക? അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍!എന്നെ അയച്ചാലും!
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(93:1 ab,11 c-2,5)
R(v.1a) കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു.
1. കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു. അവിടുന്ന് ശക്തികൊണ്ട് അരമുറുക്കിയിരിക്കുന്നു.
Rഞ കര്‍ത്താവു വാഴുന്നു………….
2. ലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല. അങ്ങയുടെ സിംഹാസനം പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നു; അങ്ങ് അനാദിമുതലേ ഉള്ളവനാണ്.
Rകര്‍ത്താവു വാഴുന്നു………….
3. അങ്ങയുടെ കല്‍പന വിശ്വാസ്യവും അലംഘനീയവുമാണ്; കര്‍ത്താവേ, പരിശുദ്ധി അങ്ങയുടെ ആലയത്തിന് എന്നേക്കും യോജിച്ചതാണ്.
R കര്‍ത്താവു വാഴുന്നു………….
അല്ലേലൂയാ!
അല്ലേലൂയാ! (1.പത്രോ.4:14) ക്രിസ്തുവിന്‍റെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. എന്തെന്നാല്‍, ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നു.- അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (10:24-33)
(ശരീരത്തെ കൊല്ലുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ട)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല; ഭൃത്യന്‍ യജമാനനെക്കാള്‍ വലിയവനല്ല. ശിഷ്യന്‍ ഗുരുവിനെപ്പോലെയും ഭൃത്യന്‍ യജമാനനെപ്പോലെയും ആയാല്‍ മതി. ഗൃഹനാഥനെ അവര്‍ ബേല്‍സെബൂല്‍ എന്നു വിളിച്ചെങ്കില്‍ അവന്‍റെ കുടുംബാംഗങ്ങളെ എന്തുതന്നെ വിളിക്കുകയില്ല!
നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ, എന്തെന്നാല്‍, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍നിന്നു ഘോഷിക്കുവിന്‍. ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍. ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്‍റെ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. അതിനാല്‍, ഭയപ്പെടേണ്ടാ. നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണല്ലോ. മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുമ്പില്‍ ഞാനും തള്ളിപ്പറയും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here