രണ്ടാം വര്‍ഷം – 14/6/2018

ഒന്നാം വായന
രാജാക്കന്‍മാരുടെ ഒന്നാം പുസ്തകത്തില്‍നിന്ന് (18:41-46)
(ഏലിയാ പ്രാര്‍ത്ഥിച്ചതിനാല്‍ വന്‍മഴ പെയ്തു)
അക്കാലത്ത,് ഏലിയാ ആഹാബിനോടു പറഞ്ഞു: പോയി ഭക്ഷണപാനീയങ്ങള്‍ കഴിക്കുക. വലിയ മഴ ഇരമ്പുന്നു. ആഹാബ് ഭക്ഷണപാനീയങ്ങള്‍ കഴിക്കാന്‍ പോയി. ഏലിയാ കാര്‍മല്‍ മലയുടെ മുകളില്‍ കയറി; അവന്‍ മുട്ടുമടക്കി നിലംവരെ കുനിഞ്ഞ് മുഖം മുട്ടുകള്‍ക്കിടയിലാക്കി ഇരുന്നു. അവന്‍ ഭൃത്യനോടു പറഞ്ഞു: പോയി കടലിലേക്കു നോക്കുക. അവന്‍ ചെന്നുനോക്കിയിട്ട്, ഒന്നുമില്ല എന്നുപറഞ്ഞു. വീണ്ടും അവനോടു പറഞ്ഞു: ഏഴുപ്രാവശ്യം ഇങ്ങനെ ചെയ്യുക. ഏഴാം പ്രാവശ്യം അവന്‍ പറഞ്ഞു: ഇതാ കടലില്‍നിന്ന് മനുഷ്യകരത്തോളമുള്ള ചെറിയ ഒരു മേഘം പൊന്തിവരുന്നു. ഏലിയാ അവനോടു പറഞ്ഞു: മഴ തടസ്സമാകാതിരിക്കാന്‍ രഥം പൂട്ടി പുറപ്പെടുക എന്ന് ആഹാബിനോടു പറയുക. നൊടിയിടയില്‍ ആകാശം മേഘാവൃതമായി, കറുത്തിരുണ്ടു. കാറ്റുവീശി; വലിയ മഴപെയ്തു. ആഹാബ് ജസ്രേലിലേക്കു രഥം ഓടിച്ചുപോയി. കര്‍ത്താവിന്‍റെ കരം ഏലിയായോടുകൂടെ ഉണ്ടായിരുന്നു. അവന്‍ അര മുറുക്കി, ആഹാബിനു മുന്‍പേ ജസ്രേല്‍ കവാടംവരെ ഓടി.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(65:8,10,11-12)
R (v.1a) ദൈവമേ, സീയോനില്‍ വസിക്കുന്ന അങ്ങു സ്തുത്യര്‍ഹനാണ്.
1. അവിടുന്നു ഭൂമിയെ സന്ദര്‍ശിച്ച് അതിനെ നനയ്ക്കുന്നു. അങ്ങ് അതിനെ അത്യധികം ഫലപുഷ്ടമാക്കുന്നു; ദൈവത്തിന്‍റെ നദി നിറഞ്ഞൊഴുകുന്നു; അവിടുന്നു ഭൂമിയെ ഒരുക്കി അവര്‍ക്കു ധാന്യം നല്‍കുന്നു.
R ദൈവമേ, സീയോനില്‍ ………….
2. അവിടുന്ന് അതിന്‍റെ ഉഴവുചാലുകളെ സമൃദ്ധമായി നന്യ്ക്കുന്നു; കട്ടയുടച്ചു നിരത്തുകയും മഴ വര്‍ഷിച്ച് അതിനെ കുതിര്‍ക്കുകയും ചെയ്യുന്നു; അവിടുന്ന് അതിന്‍റെ മുളകളെ അനുഗ്രഹിക്കുന്നു.
R ദൈവമേ, സീയോനില്‍ ………….
3. സംവത്സരത്തെ അവിടുന്നു സമൃദ്ധികൊണ്ടു മകുടം ചാര്‍ത്തുന്നു; അങ്ങയുടെ രഥത്തിന്‍റെ ചാലുകള്‍ പുഷ്ടി പൊഴിക്കുന്നു. മരുപ്രദേശത്തെ പുല്‍പുറങ്ങള്‍ സമൃദ്ധി ചൊരിയുന്നു; കുന്നുകള്‍ സന്തോഷം അണിയുന്നു.
R ദൈവമേ, സീയോനില്‍ ………….
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.13:34) കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്‍കുന്നു. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. അല്ലേലൂയാ!
സുവിശേഷം
വി. മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (5:20-26)
(സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്നു ഞാന്‍ നിങ്ങളോടു പറയുന്നു. കൊല്ലരുത്; കൊല്ലുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും എന്നു പൂര്‍വികരോടു പറയപ്പെട്ടതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും. സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവന്‍ ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും. നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍, നിന്‍റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍, കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക. നീ പ്രതിയോഗിയോടു വഴിക്കുവച്ചു തന്നെ വേഗം രമ്യതപ്പെട്ടുകൊള്‍ക. അല്ലെങ്കില്‍ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപന്‍ സേവകനും ഏല്‍പിച്ചു കൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തില്‍ അടയ്ക്കപ്പെടും. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരികയില്ലെന്നു സത്യമായി ഞാന്‍ നിന്നോടു പറയുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here