രണ്ടാം വര്‍ഷം – 13/7/2018

ഒന്നാം വായന
ഹോസിയാ പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന്
(14:1-9)
(ഞങ്ങളുടെ കരവേലകളെ ഞങ്ങളുടെ ദൈവമേ എന്ന് ഒരിക്കലും
വിളിക്കുകയില്ല)
കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേല്‍, നിന്‍റെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുക. നിന്‍റെ അകൃത്യങ്ങള്‍ മൂലമാണ് നിനക്കു കാലിടറിയത്. കുറ്റം ഏറ്റുപറഞ്ഞ് കര്‍ത്താവിന്‍റെ അടുക്കലേക്കു തിരിച്ചുവരുക; അവിടുത്തോടു പറയുക: അകൃത്യങ്ങള്‍ അകറ്റണമേ, നന്‍മയായത് അവിടുന്ന് സ്വീകരിച്ചാലും! ഞങ്ങളുടെ അധരഫലങ്ങള്‍ ഞങ്ങള്‍ അര്‍പ്പിക്കും. അസ്സീറിയായ്ക്കു ഞങ്ങളെ രക്ഷിയ്ക്കാനാവുകയില്ല. സവാരി ചെയ്യാന്‍ ഞങ്ങള്‍ കുതിരകളെ തേടുകയില്ല. ഞങ്ങളുടെ കരവേലകളെ ഞങ്ങളുടെ ദൈവമേ എന്ന് ഒരിക്കലും വിളിക്കുകയില്ല. അനാഥര്‍ അങ്ങയില്‍ കാരുണ്യം കണ്ടെത്തുന്നു.
ഞാന്‍ അവരുടെ അവിശ്വസ്തതയുടെ മുറിവ് ഉണക്കും. ഞാന്‍ അവരുടെമേല്‍ സ്നേഹം ചൊരിയും. കാരണം, അവരോടുള്ള എന്‍റെ കോപം അകന്നിരിക്കുന്നു. ഇസ്രായേലിനു ഞാന്‍ തുഷാരബിന്ദുപോലെയായിരിക്കും. ലില്ലിപോലെ അവന്‍ പുഷ്പിക്കും. ഇലവുപോലെ അവന്‍ വേരുറപ്പിക്കും. അവന്‍റെ ശാഖകള്‍ പടര്‍ന്നു പന്തലിക്കും. അവന് ഒലിവിന്‍റെ മനോഹാരിതയും ലബനോന്‍റെ പരിമളവും ഉണ്ടായിരിക്കും. അവര്‍ തിരിച്ചു വന്ന് എന്‍റെ തണലില്‍ വസിക്കും. പൂന്തോട്ടംപോലെ അവര്‍ പുഷ്പിക്കും. ലബനോനിലെ വീഞ്ഞുപോലെ അവര്‍ സൗരഭ്യം പരത്തും. എഫ്രായിം, വിഗ്രഹങ്ങളുമായി നിനക്കെന്തു ബന്ധം? നിനക്ക് ഉത്തരമരുളുന്നതും നിന്നെ സംരക്ഷിക്കുന്നതും ഞാനാണ്. നിത്യഹരിതമായ സരളമരം പോലെയാണ് ഞാന്‍. നിനക്കു ഫലം തരുന്നത് ഞാനാണ്. ജ്ഞാനമുള്ളവന്‍ ഇക്കാര്യങ്ങള്‍ മനസ് സിലാക്കട്ടെ! വിവേകമുള്ളവന്‍ ഇക്കാര്യങ്ങള്‍ അറിയട്ടെ! കര്‍ത്താവിന്‍റെ വഴികള്‍ ഋജുവാണ്. നീതിമാന്‍മാര്‍ അതിലൂടെ ചരിക്കുന്നു. പാപികള്‍ അവയില്‍ കാലിടറി വീഴുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(51:1-2,6-7,10-11,12+15)
R (v.15b) കര്‍ത്താവേ, എന്‍റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും.
1.ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്‍റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ! എന്‍റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ! എന്‍റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!
R കര്‍ത്താവേ, എന്‍റെ നാവ്………….
2. ഹൃദയപരമാര്‍ത്ഥതയാണ് അങ്ങ് ആഗ്രഹിക്കുന്നത്; ആകയാല്‍, എന്‍റെ അന്തരംഗത്തില്‍ ജ്ഞാനം പകരണമേ! ഹിസോപ്പുകൊണ്ട് എന്നെ പവിത്രീകരിക്കണമേ! ഞാന്‍ നിര്‍മലനാകും; എന്നെ കഴുകണമേ! ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്‍മയുള്ളവനാകും.
R കര്‍ത്താവേ, എന്‍റെ നാവ്………….
3. ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്ഷേപിക്കണമേ! അങ്ങയുടെ സന്നിധിയില്‍നിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്ന് എടുത്തുകളയരുതേ!
R കര്‍ത്താവേ, എന്‍റെ നാവ്………….
4. അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ!ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ! കര്‍ത്താവേ, എന്‍റെ അധരങ്ങളെ തുറക്കണമേ! എന്‍റെ നാവ് അങ്ങയുടെ സ്തുതികള്‍ ആലപിക്കും.
R കര്‍ത്താവേ, എന്‍റെ നാവ്………….
അല്ലേലൂയാ!
അല്ലേലൂയാ! (മര്‍ക്കോ.16:13a,14,26a) സത്യാത്മാവ് വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണതയിലേക്ക് നയിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും. അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍നിന്ന് (10:16-23)
(നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്‍റെ ആത്മാവാണു
സംസാരിക്കുന്നത്)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിന്‍; മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങള്‍ക്ക് ഏല്‍പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍വച്ച് അവര്‍ നിങ്ങളെ മര്‍ദിക്കും. നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്‍മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതിയരുടെയും മുമ്പാകെ നിങ്ങള്‍ സാക്ഷ്യം നല്‍കും. അവര്‍ നിങ്ങളെ ഏല്‍പിച്ചുകൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത് ആ സമയത്തു നിങ്ങള്‍ക്കു നല്‍കപ്പെടും. എന്തെന്നാല്‍, നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്‍റെ ആത്മാവാണു സംസാരിക്കുന്നത്.
സഹോദരന്‍ സഹോദരനെയും പിതാവ് പുത്രനെയും മരണത്തിന് ഏല്‍പിച്ചുകൊടുക്കും; മക്കള്‍ മാതാപിതാക്കന്‍മാരെ എതിര്‍ക്കുകയും അവരെ വധിക്കുകയും ചെയ്യും. എന്‍റെ നാമം മൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപെടും. ഒരു പട്ടണത്തില്‍ അവര്‍ നിങ്ങളെ പീഡിപ്പിക്കുമ്പോള്‍ മറ്റൊന്നിലേക്ക് ഓടിപ്പോകുവിന്‍. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യപുത്രന്‍റെ ആഗമനത്തിനുമുമ്പ്, നിങ്ങള്‍ ഇസ്രായേലിലെ പട്ടണങ്ങളെല്ലാം ഇങ്ങനെ ഓടി പൂര്‍ത്തിയാക്കുകയില്ല.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here