രണ്ടാം വര്‍ഷം – 12/9/2018 

ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (7:25-31)
(നീ വിവാഹിതനാണെങ്കില്‍, ആ ബന്ധത്തില്‍നിന്നു മോചനം തേടണ്ടാ;
നീ അവിവാഹിതനാണെങ്കില്‍ ഭാര്യയെ സ്വീകരിക്കാന്‍ പോകണ്ടാ)
സഹോദരരേ, അവിവാഹിതരെപ്പറ്റി കര്‍ത്താവിന്‍റെ കല്‍പനയൊന്നും എനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍, വിശ്വസ്തനായിരിക്കാന്‍ കര്‍ത്താവില്‍നിന്നു കരുണ ലഭിച്ചവന്‍ എന്ന നിലയില്‍ എന്‍റെ അഭിപ്രായം ഞാന്‍ പറയുന്നു. ആസന്നമായ വിപത്സന്ധി കണക്കിലെടുക്കുമ്പോള്‍ ഓരോരുത്തരും ഇപ്പോഴത്തെ നിലയില്‍ തുടരുന്നതായിരിക്കും നല്ലതെന്നു ഞാന്‍ കരുതുന്നു. നീ സഭാര്യനാണെങ്കില്‍ സ്വതന്ത്രനാകാന്‍ ശ്രമിക്കേണ്ടാ; വിഭാര്യനാണെങ്കില്‍ വിവാഹിതനാവുകയും വേണ്ടാ. നീ വിവാഹം കഴിക്കുന്നെങ്കില്‍ അതില്‍ പാപമില്ല. കന്യക വിവാഹിതയായാല്‍ അവളും പാപം ചെയ്യുന്നില്ല. എന്നിരിക്കിലും, വിവാഹിതരാകുന്നവര്‍ക്കു ലൗകികക്ലേശങ്ങള്‍ ഉണ്ടാകും. അതില്‍നിന്നു നിങ്ങളെ ഒഴിവാക്കാനാണ് എന്‍റെ ശ്രമം. സഹോദരരേ, സമയം പരിമിതമാണ്. ഇനിമേല്‍ ഭാര്യമാരുള്ളവര്‍ ഇല്ലാത്തവരെപ്പോലെയും വിലപിക്കുന്നവര്‍ വിലപിക്കാത്തവരെപ്പോലെയും ആഹ്ലാദിക്കുന്നവര്‍ ആഹ്ലാദിക്കാത്തവരെപ്പോലെയും വാങ്ങുന്നവര്‍ ഒന്നും കൈവശമില്ലാത്തവരെപ്പോലെയും ലോകകാര്യങ്ങളില്‍ ഇടപെടുന്നവര്‍ ഇടപെടാത്തവരെപ്പോലെയും ആയിരിക്കട്ടെ. എന്തെന്നാല്‍, ഈ ലോകത്തിന്‍റെ രൂപഭാവങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(45:10-11, 13-14, 15-16)
R (v.10a) മകളേ, കേള്‍ക്കുക, ചെവിചായ്ച്ചു ശ്രദ്ധിക്കുക.
1. മകളേ. കേള്‍ക്കുക, ചെവിചായ്ച്ചു ശ്രദ്ധിക്കുക; നിന്‍റെ ജനത്തെയും പിതൃഭവനത്തെയും മറക്കുക. അപ്പോള്‍ രാജാവു നിന്‍റെ സൗന്ദര്യത്തില്‍ ആകൃഷ്ടനാകും, അവന്‍ നിന്‍റെ നാഥനാണ്, അവനെ വണങ്ങുക.
R മകളേ, കേള്‍ക്കുക, ചെവിചായ്ച്ചു………..
2. ധനികന്‍മാര്‍ എല്ലാവിധ സമ്പത്തും കാഴ്ചവയ്ക്കും; രാജകുമാരി സ്വര്‍ണക്കസവുടയാടചാര്‍ത്തി അന്തഃപുരത്തില്‍ ഇരിക്കുന്നു. വര്‍ണശബളമായ അങ്കിയണിയിച്ച് അവളെ രാജസന്നിധിയിലേക്ക് ആനയിക്കുന്നു; കന്യകമാരായ തോഴിമാര്‍ അവള്‍ക്ക് അകമ്പടി സേവിക്കുന്നു.
R മകളേ, കേള്‍ക്കുക, ചെവിചായ്ച്ചു………..
3. ആഹ്ളാദഭരിതരായി അവര്‍ രാജകൊട്ടാരത്തില്‍ പ്രവേശിക്കുന്നു. നിന്‍റെ പുത്രന്‍മാര്‍ പിതാക്കന്‍മാരുടെ സ്ഥാനത്ത് അവരോധിക്കപ്പെടും; ഭൂമിയിലെങ്ങും നീ അവരെ അധിപതികളായി വാഴിക്കും.
R മകളേ, കേള്‍ക്കുക, ചെവിചായ്ച്ചു………..
അല്ലേലൂയാ!
അല്ലേലൂയാ!(ലൂക്കാ.6:23ab) കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ ആഹ്ലാദിക്കുവിന്‍, സന്തോഷിച്ചു കുതിച്ചുചാടുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങലുടെ പ്രതിഫലം വലുതായിരിക്കും. അല്ലേലൂയാ!
സുവിശേഷം
വി.ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (6:20-26)
(ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്‍മാര്‍;സമ്പന്നരേ,നിങ്ങള്‍ക്കുദുരിതം)
അക്കാലത്ത്, യേശു ശിഷ്യരുടെ നേരോ കണ്ണുകളുയര്‍ത്തി അരുളിച്ചെയ്തു: ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; ദൈവരാജ്യം നിങ്ങളുടേതാണ്. ഇപ്പോള്‍ വിശപ്പു സഹിക്കുന്നവരേ, നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ തൃപ്തരാക്കപ്പെടും. ഇപ്പോള്‍ കരയുന്നവരേ, നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ചിരിക്കും. മനുഷ്യപുത്രന്‍ നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേളിക്കുകയും നിങ്ങളുടെ പേരു ദുഷിച്ചതായിക്കരുതി തിരസ്ക്കരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. അപ്പോള്‍ നിങ്ങള്‍ ആഹ്ലാദിക്കുവിന്‍, സന്തോഷിച്ചു കുതിച്ചുചാടുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. അവരുടെ പിതാക്കന്‍മാര്‍ പ്രവാചകന്‍മാരോടും ഇപ്രകാരം തന്നെയാണ് പ്രവര്‍ത്തിച്ചത്.
എന്നാല്‍, സമ്പന്നരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ സംതൃപ്തരായി കഴിയുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ക്കു വിശക്കും. ഇപ്പോള്‍ ചിരിക്കുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ ദുഃഖിച്ചു കരയും. മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കു ദുരിതം! അവരുടെ പിതാക്കന്‍മാര്‍ വ്യാജപ്രവാചകന്‍മാരോടും അങ്ങനെ തന്നെ ചെയ്തു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here