രണ്ടാം വര്‍ഷം – 11/8/2018

ഒന്നാം വായന
ഹബബുക്ക് പ്രവാചകന്‍റെ പുസ്തകത്തില്‍നിന്ന് (1:12-2:4)
(നീതിമാന്‍ തന്‍റെ വിശ്വാസത്തില്‍ ജീവിക്കും)
എന്‍റെ ദൈവമേ, അങ്ങ് അനാദിമുതലേ കര്‍ത്താവും പരിശുദ്ധനും അമര്‍ത്യനുമാണല്ലോ. കര്‍ത്താവേ, അങ്ങ് അവരെ ന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. അഭയശിലയായവനെ, അങ്ങ് അവരെ ശിക്ഷയ്ക്കായി നീക്കിവച്ചിരിക്കുന്നു. അങ്ങയുടെ കണ്ണുകള്‍ തിന്‍മ ദര്‍ശിക്കാന്‍ അനുവദിക്കാത്തവിധം പരിശുദ്ധമാണല്ലോ. അകൃത്യം നോക്കിനില്‍ക്കാന്‍ അങ്ങേക്കു കഴിയുകയില്ല. അവിശ്വസ്തരായ മനുഷ്യരെ അങ്ങ് കടാക്ഷിക്കുന്നതും ദുഷ്ടന്‍ തന്നെക്കാള്‍ നീതിമാനായ മനുഷ്യനെ വിഴുങ്ങുന്നതും കണ്ടിട്ട് അങ്ങ് മൗനം ദീക്ഷിക്കുന്നതും എന്തുകൊണ്ട്? അങ്ങ് മനുഷ്യരെ കടലിലെ മത്സ്യങ്ങളെപ്പോലെ, നാഥനില്ലാത്ത ഇഴജന്തുക്കളെപ്പോലെ, ആക്കുന്നതെന്തുകൊണ്ട്? അവന്‍ അവരെയെല്ലാം ചൂണ്ടയിട്ടു പിടിക്കുന്നു; വലയില്‍ക്കുടുക്കി വലിച്ചെടുക്കുന്നു. തന്‍റെ കോരുവലയില്‍ അവയെ ശേഖരിക്കുന്നു. അപ്പോള്‍ അവന്‍ സന്തോഷിച്ചുല്ലസിക്കുന്നു. തന്നിമിത്തം അവന്‍ തന്‍റെ വലയ്ക്കു ബലികളും തന്‍റെ കോരുവലയ്ക്കു ധൂപവും അര്‍പ്പിക്കുന്നു. അവ മൂലമാണല്ലോ അവന്‍ സമൃദ്ധിയില്‍ കഴിയുന്നതും സമ്പന്നമായി ആഹാരം കഴിക്കുന്നതും, ജനതകളെ നിരന്തരം നിര്‍ദയമായി വധിച്ചുകൊണ്ട് അവന്‍ വല കുടഞ്ഞ് ശൂന്യരാക്കിക്കൊണ്ടിരിക്കുമോ?
ഞാന്‍ എന്‍റെ കാവല്‍ ഗോപുരത്തില്‍ നിലയുറപ്പിക്കും. അവിടുന്ന് എന്നോട് എന്തു പറയുമെന്നും, എന്‍റെ ആവലാതിയെക്കുറിച്ച് അവിടുന്ന് എന്തു മറുപടി നല്‍കുമെന്നും അറിയാന്‍ ഞാന്‍ കാത്തിരിക്കുന്നു. കര്‍ത്താവ് എനിക്ക് ഉത്തരമരുളി: ദര്‍ശനം രേഖപ്പെടുത്തുക. ഓടുന്നവനു പോലും വായിക്കത്തക്കവിധം ഫലകത്തില്‍ വ്യക്തമായി എഴുതുക. ദര്‍ശനം അതിന്‍റെ സമയം പാര്‍ത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കില്‍ അതിനായി കാത്തിരിക്കുക. അതു തീര്‍ച്ചയായും വരും. അതു താമസിക്കുകയില്ല. ഹൃദയപരമാര്‍ഥതയില്ലാത്തവന്‍ പരാജയപ്പെടും. എന്തെന്നാല്‍, നീതിമാന്‍ തന്‍റെ വിശ്വസ്തതമൂലം ജീവിക്കും.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(9:7-8,9-10,11-12)
R (v.10a) കര്‍ത്താവേ, അങ്ങയെ അന്വേഷിച്ചവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല.
1. കര്‍ത്താവ് എന്നേക്കുമായി സിംഹാസനസ്ഥനായിരിക്കുന്നു; ന്യായവിധിക്കാണ് അവിടുന്നു സിംഹാസനം സ്ഥാപിച്ചിരിക്കുന്നത്. അവിടുന്നു ലോകത്തെ നീതിയോടെ വിധിക്കുന്നു; അവിടുന്നു ജനതകളെ നിഷ്പക്ഷമായി വിധിക്കുന്നു.
R കര്‍ത്താവേ, അങ്ങയെ…………
2. കര്‍ത്താവു മര്‍ദിതരുടെ ശക്തിദുര്‍ഗമാണ്; കഷ്ടകാലത്ത് അവരുടെ അഭയസ്ഥാനവും. അങ്ങയുടെ നാമമറിയുന്നവര്‍ അങ്ങില്‍ വിശ്വാസമര്‍പ്പിക്കുന്നു; കര്‍ത്താവേ, അങ്ങയെ അന്വേഷിച്ചവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല.
R കര്‍ത്താവേ, അങ്ങയെ…………
3. സീയോനില്‍ വസിക്കുന്ന കര്‍ത്താവിനു സ്തോത്രം ആലപിക്കുവിന്‍; അവിടുത്തെ പ്രവൃത്തികളെ ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍; എന്തെന്നാല്‍, രക്തത്തിനു പ്രതികാരം ചെയ്യുന്ന അവിടുന്ന് അവരെ ഓര്‍മിക്കും. പീഡിതരുടെ നിലവിളി അവിടുന്നു മറക്കുന്നില്ല.
R കര്‍ത്താവേ, അങ്ങയെ…………
അല്ലേലൂയാ!
അല്ലേലൂയാ!(2.തിമോത്തി.1:10) നമ്മുടെ രക്ഷകനായ യേശുക്രിസ്തു മരണത്തെ ഇല്ലാതാക്കുകയും തന്‍റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു – അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (17:14-21)
(നിങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നാല്‍, അസാധ്യമായി ഒന്നുമില്ലായിരിക്കും)
അക്കാലത്ത്, യേശു ജനക്കൂട്ടത്തിന്‍റെ അടുത്തേക്കു വന്നപ്പോള്‍ ഒരാള്‍ കടന്നുവന്ന് അവന്‍റെ സന്നിധിയില്‍ പ്രണമിച്ചു കൊണ്ടു പറഞ്ഞു: കര്‍ത്താവേ, എന്‍റെ പുത്രനില്‍ കനിയണമേ; അവന്‍ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു. പലപ്പോഴും അവന്‍ തീയിലും വെള്ളത്തിലും വീഴുന്നു. ഞാന്‍ അവനെ നിന്‍റെ ശിഷ്യന്‍മാരുടെ അടുത്തുകൊണ്ടുവന്നു. പക്ഷേ, അവനെ സുഖപ്പെടുത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും! എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും? അവനെ ഇവിടെ എന്‍റെ അടുത്തു കൊണ്ടുവരിക. യേശു അവനെ ശാസിച്ചു. പിശാച് അവനെ വിട്ടുപോയി. തത്ക്ഷണം ബാലന്‍ സുഖം പ്രാപിച്ചു. അനന്തരം ശിഷ്യന്‍മാര്‍ തനിച്ച് യേശുവിനെ സമീപിച്ചു ചോദിച്ചു. എന്തുകൊണ്ടാണ് അതിനെ ബഹിഷ്കരിക്കാന്‍ ഞങ്ങള്‍ക്കു കഴിയാതെ പോയത്? യേശു പറഞ്ഞു: നിങ്ങളുടെ അല്‍പവിശ്വാസം കൊണ്ടുതന്നെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്, ഇവിടെനിന്നു മാറി മറ്റൊരു സ്ഥലത്തേക്കു പോവുക, എന്നു പറഞ്ഞാല്‍ അതു മാറിപ്പോകും. നിങ്ങള്‍ക്ക് യാതൊന്നും അസാധ്യമായിരിക്കുകയില്ല.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here