രണ്ടാം വര്‍ഷം – 10/9/2018

ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്ക്
എഴുതിയ ഒന്നാം ലേഖനത്തില്‍നിന്ന് (5:1-8)
(നിങ്ങള്‍ പഴയ പുളിപ്പ് നീക്കിക്കളയുവിന്‍; നമ്മുടെ പെസഹാകുഞ്ഞാടായ
ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു)
സഹോദരരേ, വിജാതീയരുടെയിടയില്‍പ്പോലും ഇല്ലാത്തതരം അവിഹിതബന്ധങ്ങള്‍ നിങ്ങളുടെയിടയിലുണ്ടെന്നു കേള്‍ക്കുന്നു. നിങ്ങളില്‍ ഒരാള്‍ സ്വന്തം പിതാവിന്‍റെ ഭാര്യയുമായി അവിഹിതമായ വേഴ്ചയില്‍ കഴിയുന്നു! എന്നിട്ടും നിങ്ങള്‍ അഹങ്കരിക്കുന്നു! വാസ്തവത്തില്‍ നിങ്ങള്‍ വിലപിക്കുകയല്ലേ വേണ്ടത്. ഇങ്ങനെ പ്രവര്‍ത്തിച്ചവനെ നിങ്ങളില്‍നിന്നു നീക്കിക്കളയുവിന്‍. ശാരീരികമായിട്ടല്ലെങ്കിലും ആത്മീയമായി ഞാന്‍ അവിടെ സന്നിഹിതനായി ഈ പ്രവൃത്തിചെയ്തവനെ നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ വിധിച്ചുകഴിഞ്ഞു. നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തിലും എന്‍റെ ആത്മീയ , സാന്നിദ്ധ്യത്തിലും നിങ്ങള്‍ ഒരുമിച്ചുകൂടുമ്പോള്‍, നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ അധികാരമുപയോഗിച്ച് ആ മനുഷ്യനെ അവന്‍റെ അധമവികാരങ്ങള്‍ അല്ലായ്മ ചെയ്യേണ്ടതിന് പിശാചിന് ഏല്‍പിച്ചുകൊടുക്കണം. അങ്ങനെ അവന്‍റെ ആത്മാവ് കര്‍ത്താവായ യേശുവിന്‍റെ ദിനത്തില്‍ രക്ഷ പ്രാപിക്കട്ടെ. നിങ്ങളുടെ ആത്മപ്രശംസ ഒട്ടും നന്നല്ല. അല്‍പം പുളിപ്പ് മുഴുവന്‍ മാവിനെയും പുളിപ്പിക്കുമെന്നു നിങ്ങള്‍ക്ക് അറിവുള്ളതല്ലേ? നിങ്ങള്‍ പുളിപ്പില്ലാത്ത പുതിയ മാവ് ആകേണ്ടതിന് പഴയ പുളിപ്പ് നീക്കിക്കളയുവിന്‍. നിങ്ങള്‍ പുളിപ്പില്ലാത്തവന്‍ ആയിരിക്കേണ്ടവരാണല്ലോ. എന്തെന്നാല്‍, നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍, അശുദ്ധിയും തിന്‍മയുമാകുന്ന പഴയപുളിപ്പുകൊണ്ടല്ല, ആത്മാര്‍ത്ഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത അപ്പംകൊണ്ട് നമുക്കു തിരുനാള്‍ ആഘോഷിക്കാം.
കര്‍ത്താവിന്‍റെ വചനം

പ്രതിവചനസങ്കീര്‍ത്തനം(5:4-5,6,11)
R (v.8a) കര്‍ത്താവേ, എന്നെ അങ്ങയുടെ നീതിമാര്‍ഗത്തിലൂടെ നയിക്കണമേ.
1. അങ്ങു ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല; തിന്‍മ അങ്ങയോടൊത്തു വസിക്കുകയില്ല. അഹങ്കാരികള്‍ അങ്ങയുടെ കണ്‍മുന്‍പില്‍ നില്‍ക്കുകയില്ല; അധര്‍മ്മികളെ അങ്ങു വെറുക്കുന്നു.
R കര്‍ത്താവേ, എന്നെ അങ്ങയുടെ………..
2. വ്യാജം പറയുന്നവരെ അങ്ങ് നശിപ്പിക്കുന്നു; രക്തദാഹികളെയും വഞ്ചകരെയും കര്‍ത്താവു വെറുക്കുന്നു.
R കര്‍ത്താവേ, എന്നെ അങ്ങയുടെ………..
3. അങ്ങയില്‍ ശരണം പ്രാപിക്കുന്നവര്‍ സന്തോഷിക്കട്ടെ! അവര്‍ എന്നും ആനന്ദഭരിതരായി സംഗീതമാലപിക്കട്ടെ! അങ്ങയുടെ നാമത്തെ സ്നേഹിക്കുന്നവരെ സംരക്ഷിക്കണമേ! അവര്‍ അങ്ങയില്‍ ആനന്ദിക്കട്ടെ!
R കര്‍ത്താവേ, എന്നെ അങ്ങയുടെ………..
അല്ലേലൂയാ!
അല്ലേലൂയാ!(യോഹ.10:27) കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
വി.ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (6:6-11)
(സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്ന് അവര്‍
ശ്രദ്ധിച്ചുകൊണ്ടിരുന്നു)
ഒരു സാബത്തില്‍ യേശു ഒരു സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിക്കുകയായിരുന്നു. അവിടെ വലത്തുകൈ ശോഷിച്ച ഒരുവന്‍ ഉണ്ടായിരുന്നു. നിയമജ്ഞരും ഫരിസേയരും യേശുവില്‍ കുറ്റമാരോപിക്കാന്‍ പഴുതുനോക്കി, സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവന്‍ അവരുടെ വിചാരങ്ങള്‍ മനസ്സിലാക്കിയിട്ട്, കൈശോഷിച്ചവനോടു പറഞ്ഞു: എഴുന്നേറ്റ് നടുവില്‍ വന്നു നില്‍ക്കുക. അവന്‍ എഴുന്നേറ്റുനിന്നു. യേശു അവരോടു പറഞ്ഞു: ഞാന്‍ നിങ്ങളോടു ചോദിക്കുന്നു, സാബത്തില്‍ നന്‍മചെയ്യുന്നതോ തിന്‍മ ചെയ്യുന്നതോ ജീവനെ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് അനുവദനീയം? അവിടെക്കൂടിയിരുന്ന എല്ലാവരുടെയും നേരേ നോക്കിക്കൊണ്ട് അവന്‍ ആ മനുഷ്യനോടു പറഞ്ഞു: കൈ നീട്ടുക. അവന്‍ കൈ നീട്ടി. അതു സുഖപ്പെട്ടു. അവര്‍ രോഷാകുലരായി, യേശുവിനോട് എന്താണു ചെയ്യേണ്ടതെന്നു പരസ്പരം ആലോചിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here