രണ്ടാം വര്‍ഷം – 10 /11 /2018

ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ ഫിലിപ്പിയര്‍ക്ക്
എഴുതിയ ലേഖനത്തില്‍നിന്ന് (4: 10-19)
(എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും)
സഹോദരരേ, നിങ്ങള്‍ ഇപ്പോള്‍ വീണ്ടും എന്നോടു താത്പര്യം കാണിക്കുന്നതിനാല്‍, ഞാന്‍ കര്‍ത്താവില്‍ വളരെ സന്തോഷിക്കുന്നു. ഈ താത്പര്യം നിങ്ങള്‍ക്കു പണ്ടും ഉണ്ടായിരുന്നതാണ്; എന്നാല്‍, അതു പ്രകടിപ്പിക്കാന്‍ അവസരം ഇല്ലായിരുന്നല്ലോ. എനിക്ക് എന്തെങ്കിലും കുറവുള്ളതുകൊണ്ടല്ല ഞാന്‍ ഇതു പറയുന്നത്. കാരണം, ഏതു സാഹചര്യത്തിലും സംതൃപ്തിയോടെ കഴിയാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. താഴ്ന്നനിലയില്‍ ജീവിക്കാന്‍ എനിക്കറിയാം; സമൃദ്ധിയില്‍ ജീവിക്കാനും ഏതു സാഹചര്യത്തിലും കഴിയാനും എനിക്കു പരിശീലനം ലഭിച്ചിട്ടുണ്ട് – അതേ, സുഭിക്ഷത്തിലും ദുര്‍ഭിക്ഷത്തിലും സമൃദ്ധിയിലും ദാരിദ്ര്യത്തിലുമെല്ലാം. എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. എങ്കിലും, എന്‍റെ ഞെരുക്കങ്ങളില്‍ സൗമനസ്യത്തോടെ നിങ്ങള്‍ പങ്കുചേര്‍ന്നു. ഫിലിപ്പിയരേ, സുവിശേഷപ്രചാരണത്തിന്‍റെ ആരംഭത്തില്‍ ഞാന്‍ മക്കെദോനിയാ വിട്ടപ്പോള്‍ നിങ്ങളൊഴികെ മറ്റൊരുസഭയും എന്നോടു കൊടുക്കല്‍ വാങ്ങലില്‍ പങ്കുചേര്‍ന്നില്ലെന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ. ഞാന്‍ തെസലോനിക്കായില്‍ ആയിരുന്നപ്പോള്‍പോലും, എന്‍റെ ആവശ്യത്തിന് ഒന്നുരണ്ടുപ്രാവശ്യം നിങ്ങള്‍ സഹായം അയച്ചുതന്നു. ഞാന്‍ ദാനം ആഗ്രഹിക്കുന്നുവെന്നു വിചാരിക്കരുത്: പിന്നെയോ, നിങ്ങള്‍ക്കു പ്രതിഫലം വര്‍ദ്ധിക്കണമെന്നാണ് എന്‍റെ ആഗ്രഹം. എനിക്ക് ആവശ്യത്തിനും അതിലധികവും ലഭിച്ചു. എനിക്ക് എല്ലാം തികഞ്ഞിരിക്കുന്നു; കാരണം, എപ്പഫ്രോദിത്തോസിന്‍റേയടുത്തുനിന്ന് നിങ്ങളുടെ ദാനം, ദൈവത്തിനു പ്രസാദിച്ചതും സുരഭിലവും സ്വാകാര്യവുമായ ബലി, ഞാന്‍ സ്വീകരിച്ചു. എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
കര്‍ത്താവിന്‍റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം( 112:1-2,5-6,8a+9)
R.(1b) കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഭാഗ്യവാന്‍.(അല്ലെങ്കില്‍: അല്ലേലൂയാ)
1. കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്‍പനകളില്‍ ആനന്ദിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. അവന്‍റെ സന്തതി ഭൂമിയില്‍ പ്രബലമാകും; സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും.
R കര്‍ത്താവിനെ ഭയപ്പെടുന്നവന്‍……………….
2. ഉദാരമായി വായ്പ കൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവനു നന്‍മ കൈവരും. നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല; അവന്‍റെ സ്മരണ എന്നേക്കും നിലനില്‍ക്കും.
R കര്‍ത്താവിനെ ഭയപ്പെടുന്നവന്‍……………….
3. അവന്‍റെ ഹൃദയം ദൃഢതയുള്ളതായിരിക്കും; അവന്‍ ഭയപ്പെടുകയില്ല; അവന്‍ ദരിദ്രര്‍ക്ക് ഉദാരമായി ദാനം ചെയ്യുന്നു; അവന്‍റെ നീതി എന്നേക്കും നിലനില്‍ക്കുന്നു; അവന്‍ അഭിമാനത്തോടെ ശിരസ്സുയര്‍ത്തി നില്‍ക്കും.
R കര്‍ത്താവിനെ ഭയപ്പെടുന്നവന്‍……………….
അല്ലേലൂയാ!
അല്ലേലൂയാ! (2.കോറി.8:9) യേശുക്രിസ്തു സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി. തന്‍റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നരാകാന്‍വേണ്ടിത്തന്നെ. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (16:9-15)
(അധാര്‍മികസമ്പത്തിന്‍റെ കാര്യത്തില്‍ വിശ്വസ്തരായിരിക്കുന്നില്ലെങ്കില്‍
യഥാര്‍ത്ഥധനം ആരു നിങ്ങളെ ഏല്‍പിക്കും?)
അക്കാലത്ത്, യേശു തന്‍റെ ശിഷ്യന്‍മാരോട് അരുളിചെയ്തു: അധാര്‍മിക സമ്പത്തുകൊണ്ട് നിങ്ങള്‍ക്കായി സ്നേഹിതരെ സമ്പാദിച്ചുകൊള്ളുവിന്‍. അതു നിങ്ങളെ കൈവെടിയുമ്പോള്‍ അവര്‍ നിങ്ങളെ നിത്യകൂടാരങ്ങളില്‍ സ്വീകരിക്കും. ചെറിയ കാര്യത്തില്‍ വിശ്വസ്തന്‍ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്തന്‍ വലിയ കാര്യത്തിലും അവിശ്വസ്തനായിരിക്കും. അധാര്‍മികസമ്പത്തിന്‍റെ കാര്യത്തില്‍ വിശ്വസ്തരായിരിക്കുന്നില്ലെങ്കില്‍ യഥാര്‍ഥധനം ആരു നിങ്ങളെ ഏല്‍പിക്കും? മറ്റൊരുവന്‍റെ കാര്യത്തില്‍ നിങ്ങള്‍ വിശ്വസ്തരല്ലെങ്കില്‍, നിങ്ങള്‍ക്കു സ്വന്തായവ ആരു നിങ്ങള്‍ക്കു തരും? ഒരു ഭൃത്യനു രണ്ടു യജമാനന്‍മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്നേഹിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരുവനോടു ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. പണക്കൊതിയരായ ഫരിസേയര്‍ ഇതെല്ലാം കേട്ടപ്പോള്‍ അവനെ പുച്ഛിച്ചു. അവന്‍ അവരോടു പറഞ്ഞു: മനുഷ്യരുടെ മുമ്പില്‍ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാല്‍, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക് ഉത്കൃഷ്ടമായത് ദൈവസൃഷ്ടിയില്‍ നികൃഷ്ടമാണ്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here