മെക്സിക്കോയില്‍ നിന്നും അക്രമികള്‍ തട്ടികൊണ്ട് പോയ വൈദികന്‍ മോചിതനായി

ടാംപിക്കോ: മെക്സിക്കോയിലെ ടാംപിക്കോക്ക് സമീപത്ത് നിന്നും അക്രമികള്‍ തട്ടികൊണ്ട് പോയ വൈദികന്‍ ഫാദര്‍ ഓസ്കാര്‍ ലോപ്പസ് നവാരോ മോചിതനായി. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 30 വ്യാഴാഴ്ചയാണ് അദ്ദേഹം മോചിക്കപ്പെട്ടത്. മിഷണറീസ് ഓഫ് ക്രൈസ്റ്റ്‌ ദി മീഡിയേറ്റര്‍’ സഭാംഗമാണ് ഫാദര്‍ ഓസ്കാര്‍ ലോപ്പസ് നവാരോ. മാധ്യമങ്ങളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായ കടുത്ത സമ്മര്‍ദ്ധമാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ മാസം 28-നാണ് വൈദികനെ തട്ടികൊണ്ട് പോയത്. ടാംപിക്കോയില്‍ നിന്നും 32-ഓളം കിലോമീറ്റര്‍ ദൂരത്തുള്ള തന്റെ ഇടവകദേവാലയത്തില്‍ എത്തിയ വൈദികനെ അക്രമികള്‍ തട്ടികൊണ്ട് പോവുകയായിരുന്നു. ഫാദര്‍ ലോപ്പസിനെ തട്ടികൊണ്ട് പോയതിനു ശേഷം വിശ്വാസികളില്‍ നിന്നും വിവിധ മാധ്യമങ്ങളില്‍ നിന്നും വന്‍പ്രതിഷേധമാണ് ഉണ്ടായത്.

കേസില്‍ രാജ്യത്തെ മാധ്യമങ്ങള്‍ വളരെ അധികം താല്‍പ്പര്യം കാണിച്ചതായി ഫാ. ഓസ്കാര്‍ അംഗമായ സന്യസ്ഥ സഭയിലെ വൈദികന്‍ ഫാ. സര്‍വാണ്ടോ നീറ്റോ അറിയിച്ചു. എല്ലാ രൂപതയിലെ വിശ്വാസികളും അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി പ്രാര്‍ത്ഥന ഉയര്‍ത്തിയിരിന്നുവെന്നും അദ്ദേഹം പറഞ്ഞു.

മിഷണറീസ് ഓഫ് ക്രൈസ്റ്റ്‌ ദി മീഡിയേറ്റര്‍ സഭയിലെ രണ്ടു വൈദികര്‍ തന്നെയാണ് തട്ടികൊണ്ട് പോയവരുമായി ബന്ധപ്പെടുവാനുള്ള ശ്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്. ഫാദര്‍ ഓസ്കാര്‍ ലോപ്പസ് മോചിതനായതില്‍ മെക്സിക്കോയിലെ ബിഷപ്സ് കോണ്‍ഫ്രന്‍സും തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. ടാംപിക്കോ രൂപതയില്‍ ഇത്തരത്തില്‍ ഉണ്ടായ ആദ്യത്തെ സംഭവമാണിതെന്ന് മെത്രാനായ ഡിബില്‍ഡോക്സ് പറഞ്ഞു. 2006 മുതലുള്ള കാലയളവില്‍ മെക്‌സിക്കോയില്‍ 32 വൈദികര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here