മൂന്നാം വാരം: തിങ്കള്‍ ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം – (22/1/2018)

ഒന്നാം വായന
ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (9:15,24-28)
(ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്‍മൂലനം
ചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു)
സഹോദരരേ, വിളിക്കപ്പെട്ടവര്‍ വാഗ്ദത്തമായ നിത്യാവകാശം പ്രാപിക്കുന്നതിന്, ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായി. കാരണം, ആദ്യത്തെ ഉടമ്പടിക്കു വിധേയരായിരിക്കെ, നിയമം ലംഘിച്ചവര്‍ക്ക് അവന്‍ സ്വന്തം മരണത്താല്‍ രക്ഷയായിത്തീര്‍ന്നു.
മനുഷ്യനിര്‍മ്മിതവും സാക്ഷാല്‍ ഉള്ളവയുടെ പ്രതിരൂപവുമായ വിശുദ്ധസ്ഥലത്തേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയില്‍ നില്‍ക്കാന്‍ സ്വര്‍ഗത്തിലേക്കു തന്നെയാണ് യേശു പ്രവേശിച്ചത്. അത് പ്രധാനപുരോഹിതന്‍ തന്‍റേതല്ലാത്ത രക്തത്തോടുകൂടെ വിശുദ്ധസ്ഥലത്തേക്ക് ആണ്ടുതോറും പ്രവേശിക്കുന്നതുപോലെ, പലപ്രാവശ്യം തന്നെത്തന്നെ സമര്‍പ്പിക്കാനായിരുന്നില്ല. ആയിരുന്നെങ്കില്‍ ലോകാരംഭംമുതല്‍ പലപ്രാവശ്യം അവന്‍ പീഡസഹിക്കേണ്ടിവരുമായിരുന്നു. കാലത്തിന്‍റെ പൂര്‍ണതയില്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചുകൊണ്ട് പാപത്തെ നശിപ്പിക്കാന്‍ ഇപ്പോള്‍ അതാ, അവന്‍ ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്‍മൂലനം ചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും – പാപ പരിഹാരാര്‍ത്ഥമല്ല, തന്നെ ആകാക്ഷപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(98:1,2-3ab,3cd-4,5-6)
R (v.1) കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു.
1. കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു; അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.
R കര്‍ത്താവിന് ഒരു…………..
2. കര്‍ത്താവു തന്‍റെ വിജയം വിളംബരം ചെയ്തു; അവിടുന്നു തന്‍റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി. ഇസ്രായേല്‍ഭവനത്തോടുള്ള തന്‍റെ കരുണയും വിശ്വസ്തതയും അവിടുന്ന് അനുസ്മരിച്ചു.
R കര്‍ത്താവിന് ഒരു…………..
3. ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്‍റെ വിജയം ദര്‍ശിച്ചു. ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ! ആഹ്ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.
R കര്‍ത്താവിന് ഒരു…………..
4. കിന്നരംമീട്ടി കര്‍ത്താവിനു സ്തുതികളാലപിക്കുവിന്‍. വാദ്യാഘോഷത്തോടെ അവിടുത്തെ പുകഴ്ത്തുവിന്‍. കൊമ്പും കാഹളവും മുഴക്കി രാജാവായ കര്‍ത്താവിന്‍റെ സന്നിധിയില്‍ ആനന്ദംകൊണ്ട് ആര്‍പ്പിടുവിന്‍.
R കര്‍ത്താവിന് ഒരു…………..
രണ്ടാം വര്‍ഷം
ഒന്നാം വായന
സാമുവലിന്‍റെ രണ്ടാം പുസ്തകത്തില്‍നിന്ന് (5:1-7,10)
(എന്‍റെ ജനമായ ഇസ്രായേലിനു നീ ഇടയനും അധിപനും ആയിരിക്കും)
അക്കാലത്ത്, ഇസ്രായേല്‍ ഗോത്രങ്ങള്‍ ഹെബ്രോണില്‍ ദാവീദിന്‍റെ അടുത്തു വന്നുപറഞ്ഞു: ഞങ്ങള്‍ നിന്‍റെ അസ്ഥിയും മാംസവുമാണ്. സാവൂള്‍ ഞങ്ങളുടെ രാജാവായിരുന്നപ്പോള്‍പോലും നീയത്രേ ഇസ്രയേലിനെ നയിച്ചത്. എന്‍റെ ജനമായ ഇസ്രായേലിനു ഇസ്രായേലിനു നീ ഇടയനും അധിപനും ആയിരിക്കും എന്നു കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഇസ്രായേലിലെ ശ്രേഷ്ഠന്‍മാര്‍ ഹെബ്രോണില്‍ രാജാവിന്‍റെ അടുത്തുവന്നു. ദാവീദ് രാജാവ് അവിടെവച്ചു കര്‍ത്താവിന്‍റെ സന്നിധിയില്‍ അവരുമായി ഉടമ്പടി ചെയ്തു. ഇസ്രായേലിന്‍റെ രാജാവായി ദാവീദിനെ അവര്‍ അഭിഷേകം ചെയ്തു. ഭരണമേല്‍ക്കുമ്പോള്‍ ദാവീദിനു മുപ്പതു വയസ്സായിരുന്നു. അവന്‍ നാല്പതു വര്‍ഷം ഭരിച്ചു, ഹെബ്രോണില്‍ യൂദായെ ഏഴു വര്‍ഷവും ആറുമാസവും അവന്‍ ഭരിച്ചു; ജറുസലെമില്‍ ഇസ്രായേലിനെയും യൂദായെയും മുപ്പത്തിമൂന്നുവര്‍ഷവും.
രാജാവും സൈന്യവും ജറുസലേമിലേക്ക് ജബുസ്യര്‍ക്കെതിരേ പുറപ്പെട്ടു. ദാവീദിന് ഇവിടെ കടക്കാന്‍ കഴിയുകയില്ല എന്നു വിചാരിച്ച് അവര്‍ അവനോടു പറഞ്ഞു: നിനക്കിവിടെ കടക്കാനാവില്ല. നിന്നെ തടയാന്‍ കുരുടനും മുടന്തനും മതി. ദാവീദ് സീയോന്‍കോട്ട പിടിച്ചടക്കുകതന്നെ ചെയ്തു. ദാവീദിന്‍റെ നഗരം എന്ന് അത് അറിയപ്പെടുന്നു. ദാവീദ് മേല്‍ക്കുമേല്‍ പ്രാബല്യം നേടി. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(89:19,20-21,24-25)
R (v.24a) എന്‍റെ വിശ്വസ്തതയും കാരുണ്യവും അവനോടുകൂടെ ഉണ്ടായിരിക്കും.
1. പണ്ട് ഒരു ദര്‍ശനത്തില്‍ അവിടുന്നു തന്‍റെ വിശ്വസ്തനോട് അരുളിച്ചെയ്തു: ശക്തനായ ഒരുവനെ ഞാന്‍ കിരീടമണിയിച്ചു; ഒരുവനെ ഞാന്‍ ജനത്തില്‍നിന്നു തിരഞ്ഞെടുത്ത് ഉയര്‍ത്തി.
R എന്‍റെ വിശ്വസ്തതയും………….
2. ഞാന്‍ എന്‍റെ ദാസനായ ദാവീദിനെ കണ്ടെത്തി; വിശുദദ്ധതൈലംകൊണ്ടു ഞാന്‍ അവനെ അഭിഷേകം ചെയ്തു. എന്‍റെ കൈ എന്നും അവോടൊത്തുണ്ടായിരിക്കും. എന്‍റെ ഭൂജം അവനു ശക്തി നല്‍കും.
R എന്‍റെ വിശ്വസ്തതയും………….
3. എന്‍റെ വിശ്വസ്തതയും കാരുണ്യവും അവനോടുകൂടെ ഉണ്ടായിരിക്കും; എന്‍റെ നാമത്തില്‍ അവന്‍ ശിരസ്സുയര്‍ത്തി നില്‍ക്കും. ഞാന്‍ അവന്‍റെ അധികാരം സമുദ്രത്തിന്‍മേലും അവന്‍റെ ആധിപത്യം നദികളുടെമേലും വ്യാപിപ്പിക്കും.
R എന്‍റെ വിശ്വസ്തതയും………….
അല്ലേലൂയാ!
അല്ലേലൂയാ! (cf.2.തിമോ.1:10) നമ്മുടെ രക്ഷകനായ യേശുക്രിസ്തു മരണത്തെ ഇല്ലാതാക്കുകയും സുവിശേഷത്തിലൂടെ ജീവന്‍ വെളിപ്പെടുത്തുകയും ചെയ്തു. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (3:22-30)
(അത് അവന്‍റെ അവസാനമായിരിക്കും)
അക്കാലത്ത്, ജറുസലെമില്‍നിന്നു വന്ന നിയമജ്ഞര്‍ പറഞ്ഞു: അവനെ ബേല്‍സെബൂല്‍ ആവേശിച്ചിരിക്കുന്നു; പിശാചുക്കളുടെ തലവനെക്കൊണ്ടാണ് അവന്‍ പിശാചുക്കളെ പുറത്താക്കുന്നത്. യേശു അവരെ അടുത്തുവിളിച്ച്, ഉപമകള്‍വഴി അവരോടു പറഞ്ഞു: സാത്താന് എങ്ങനെയാണ് സാത്താനെ പുറത്താക്കാന്‍ കഴിയുക? അന്തശ്ഛിദ്രമുള്ള രാജ്യം നിലനില്‍ക്കുകയില്ല. അന്തശ്ഛിദ്രമുള്ള ഭവനവും നിലനില്‍ക്കുകയില്ല. സാത്താന്‍ തനിക്കുതന്നെ എതിരായി തലയുയുര്‍ത്തുകയും ഭിന്നിക്കുകയും ചെയ്താല്‍ അവനു നിലനില്‍ക്കുക സാദ്ധ്യമല്ല. അത് അവന്‍റെ അവസാനമായിരിക്കും. ശക്തനായ ഒരുവന്‍റെ ഭവനത്തില്‍ പ്രവേശിച്ച് വസ്തുക്കള്‍ കവര്‍ച്ച ചെയ്യണമെങ്കില്‍, ആദ്യമേ അവനെ ബന്ധിക്കണം. അതിനുശേഷമേ കവര്‍ച്ച നടത്താന്‍ കഴിയു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവര്‍ പറയുന്ന ദൂഷണങ്ങളും ക്ഷമിക്കപ്പെടും. എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന് ഒരുകാലത്തും പാപത്തില്‍നിന്നു മോചനമില്ല. അവന്‍ നിത്യപാപത്തിന് ഉത്തരവാദിയാകും. അവന്‍ ഇങ്ങനെ പറഞ്ഞത്, തനിക്ക് അശുദ്ധാത്മാവുണ്ട് എന്ന് അവര്‍ പറഞ്ഞതിനാലാണ്.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here