മൂന്നാം വാരം: ചൊവ്വ – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (23/1/2018)

ഒന്നാം വായന
ഹെബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍നിന്ന് (10:1-10)
(ദൈവമേ, അവിടുത്തെ ഇഷ്ടം നിറവ്റ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു)
സഹോദരരേ, നിയമം വരാനിരിക്കുന്ന നന്‍മകളുടെ നിഴല്‍ മാത്രമാണ്. അവയുടെ തനിരൂപമല്ല, അതിനാല്‍ ആണ്ടുതോറും ഒരേ ബലിതന്നെ അര്‍പ്പിക്കപ്പെടുന്നെങ്കിലും അവയില്‍ സംബന്ധിക്കുന്നവരെ പൂര്‍ണരാക്കാന്‍ അവയ്ക്ക് ഒരിക്കലും കഴിയുന്നില്ല; അവയ്ക്കു കഴിഞ്ഞിരുന്നെങ്കില്‍, ബലിയര്‍പ്പണം തന്നെ നിന്നു പോകുമായിരുന്നില്ലേ? ആരാധകര്‍ ഒരിക്കല്‍ ശുദ്ധീകരിക്കപ്പെട്ടിരുന്നെങ്കില്‍, പിന്നെ പാപത്തെക്കുറിച്ചു യാതൊരു അവബോധവും അവര്‍ക്കുണ്ടാകുമായിരുന്നില്ല. എന്നാല്‍, ഈ ബലികള്‍മൂലം അവര്‍ ആണ്ടുതോറും തങ്ങളുടെ പാപങ്ങള്‍ ഓര്‍ക്കുന്നു. കാരണം, കാളകളുടെയും കോലാടുകളുടെയും രക്തത്തിനു പാപങ്ങള്‍ നീക്കിക്കളയാന്‍ സാധിക്കുകയില്ല.
ഇതിനാല്‍, അവന്‍ ലോകത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഇങ്ങനെ അരുളിച്ചെയ്തു: ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിച്ചില്ല. എന്നാല്‍, അവിടുന്ന് എനിക്കൊരു ശരീരം സജ്ജമാക്കിയിരിക്കുന്നു; ദഹനബലികളിലും പാപപരിഹാരബലികളിലും അവിടുന്നു സംപ്രീതനായില്ല. അപ്പോള്‍, പുസ്തകത്തിന്‍റെ ആരംഭത്തില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ഞാന്‍ പറഞ്ഞു: ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. നിയമപ്രകാരം അര്‍പ്പിക്കപ്പെട്ടിരുന്ന ബലികളും കാഴ്ചകളും ദഹനബലികളും പാപപരിഹാരബലികളും അവിടുന്ന് ആഗ്രഹിക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്തില്ല എന്നു പറഞ്ഞപ്പോള്‍ത്തന്നെ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: അവിടുത്തെ ഹിതം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. രണ്ടാമത്തേതു സ്ഥാപിക്കാനായി ഒന്നാമത്തേത് അവന്‍ നീക്കിക്കളയുന്നു. ആ ഹിതമനുസരിച്ച് യേശുക്രിസ്തുവിന്‍റെ ശരീരം എന്നേക്കുമായി ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(40:1+3ab,6-7a,9,10)
R (v.7a+8a) എന്‍റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുവാന്‍ ഇതാ ഞാന്‍ വരുന്നു.
1. ഞാന്‍ ക്ഷമാപൂര്‍വ്വം കര്‍ത്താവിനെ കാത്തിരുന്നു; അവിടുന്നു ചെവി ചായിച്ച് എന്‍റെ നിലവിളി കേച്ചു. അവിടുന്ന് ഒരു പുതിയ ഗാനം എന്‍റെ അധരങ്ങളില്‍ നിക്ഷേപിച്ചു, നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗീതം.
R എന്‍റെ ദൈവമേ…………..
2. ബലികളും കാഴ്ചകളും അവിടുന്ന് അഗ്രഹിക്കുന്നില്ല. എന്നാല്‍, അവിടുന്ന് എന്‍റെ കാതുകള്‍ തുറന്നുതന്നു. ദഹനബലിയും പാപപരിഹാരബലിയും അവിടുന്ന് ആവശ്യപ്പെട്ടില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു.
R എന്‍റെ ദൈവമേ…………..
3. ഞാന്‍ മഹാസഭയില്‍ വിമോചനത്തിന്‍റെ സന്തോഷവാര്‍ത്ത അറിയിച്ചു; കര്‍ത്താവേ, അങ്ങേക്കറിയാവുന്നതുപോലെ ഞാന്‍ എന്‍റെ അധരങ്ങളെ അടക്കിനിര്‍ത്തിയില്ല.
R എന്‍റെ ദൈവമേ…………..
4. അവിടുത്തെ രക്ഷാകരമായ സഹായത്തെ ഞാന്‍ ഹൃദയത്തില്‍ ഒളിച്ചുവച്ചിട്ടില്ല; അങ്ങയുടെ വിശ്വസ്തതയെയും രക്ഷയെയും പറ്റി ഞാന്‍ സംസാരിച്ചു; അവിടുത്തെ കാരുണ്യവും വിശ്വസ്തതയും മഹാസഭയില്‍ ഞാന്‍ മറച്ചുവച്ചില്ല.
R എന്‍റെ ദൈവമേ…………..
രണ്ടാം വര്‍ഷം
ഒന്നാം വായന
സാമുവലിന്‍റെ രണ്ടാം പുസ്തകത്തില്‍നിന്ന്
(6:12b-15,17-19)
(ദാവീദും ഇസ്രായേല്‍ഭവനവും ആര്‍പ്പുവിളിച്ചും കാഹളം മുഴക്കിയും
കര്‍ത്താവിന്‍റെ പേടകം കൊണ്ടുവന്നു)
അക്കാലത്ത്, ദാവീദ് ദൈവത്തിന്‍റെ പേടകം ഓബദ് ഏദോമിന്‍റെ ഭവനത്തില്‍നിന്നു ദാവീദിന്‍റെ നഗരത്തിലേക്കു സന്തോഷപൂര്‍വ്വം കൊണ്ടുവന്നു. കര്‍ത്താവിന്‍റെ പേടകം വഹിച്ചിരുന്നവര്‍ ആറു ചുവടു നടന്നപ്പോള്‍ അവന്‍ ഒരു കാളയെയും തടിച്ചകിടാവിനെയും ബലികഴിച്ചു. ദാവീദ് കര്‍ത്താവിന്‍റെ മുന്‍പാകെ സര്‍വശക്തിയോടുംകൂടെ നൃത്തം ചെയ്തു. ചണനൂല്‍കൊണ്ടുള്ള ഒരു അരക്കച്ച മാത്രമേ അവന്‍ ധരിച്ചിരുന്നുള്ളു. അങ്ങനെ ദാവീദും ഇസ്രായേല്‍ഭവനവും ആര്‍പ്പുവിളിച്ചും കാഹളം മുഴക്കിയും കര്‍ത്താവിന്‍റെ പേടകം കൊണ്ടുവന്നു.
അവര്‍ കര്‍ത്താവിന്‍റെ പേടകം കൊണ്ടുവന്ന് ദാവീദ് പ്രത്യേകം നിര്‍മിച്ചിരുന്ന കൂടാരത്തിനുള്ളില്‍ അതിന്‍റെ സ്ഥാനത്തു പ്രതിഷ്ഠിച്ചു. ദാവീദ് കര്‍ത്താവിന്‍റെ മുന്‍പില്‍ ദഹനബലികളും സമാധാനബലികളും അര്‍പ്പിച്ചു. അര്‍പ്പണം കഴിഞ്ഞപ്പോള്‍ ദാവീദ് സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ നാമത്തില്‍ ജനങ്ങളെ അനുഗ്രഹിച്ചു. സ്ത്രീപുരുഷഭേദമെന്നിയേ ഇസ്രായേല്‍ സമൂഹത്തിനു മുഴുവന്‍ ആളൊന്നിന് ഓരപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം വിതരണം ചെയ്തു. പിന്നെ ജനം വീട്ടിലേക്കു മടങ്ങി.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(24:7,8,9,10)
R (v.7) മഹത്വത്തിന്‍റെ രാജാവ് കര്‍ത്താവുതന്നെ.
1. കവാടങ്ങളേ, ശിരസ്സുയര്‍ത്തുവിന്‍; പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍, മഹത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ!
R മഹത്വത്തിന്‍റെ…………..
2. ആരാണ് ഈ മഹത്വത്തിന്‍റെ രാജാവ്? പ്രബലനും ശക്തനുമായ കര്‍ത്താവ്, യുദ്ധവീരനായ കര്‍ത്താവുതന്നെ.
R മഹത്വത്തിന്‍റെ…………..
3. കവാടങ്ങളേ, ശിരസ്സുയര്‍ത്തുവിന്‍; പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്ക്കുവിന്‍, മഹത്വത്തിന്‍റെ രാജാവു പ്രവേശിക്കട്ടെ!
R മഹത്വത്തിന്‍റെ…………..
4. ആരാണ് ഈ മഹത്വത്തിന്‍റെ രാജാവ്? സൈന്യങ്ങളുടെ കര്‍ത്താവു തന്നെ; അവിടുന്നാണു മഹത്വത്തിന്‍റെ രാജാവ്.
R മഹത്വത്തിന്‍റെ…………..
അല്ലേലൂയാ!
അല്ലേലൂയാ! (cf.മത്താ.11:25) ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയ സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെടട്ടെ. അല്ലേലൂയാ!
സുവിശേഷം
വി.മര്‍ക്കോസ് എഴുതിയ സുവിശേഷത്തില്‍നിന്ന് (3:31-35)
(ദൈവത്തിന്‍റെ ഹിതം നര്‍വഹിക്കുന്നവനാരോ അവനാണ് എന്‍റെ
സഹോദരനും സഹോദരിയും അമ്മയും)
അക്കാലത്ത്, യേശുവിന്‍റെ അമ്മയും സഹോദരന്‍മാരും വന്നു പുറത്തുനിന്നുകൊണ്ട് അവനെ വിളിക്കാന്‍ ആളയച്ചു. ജനക്കൂട്ടം അവനുചുറ്റും ഇരിക്കുകയായിരുന്നു. അവര്‍ പറഞ്ഞു: നിന്‍റെ അമ്മയും സഹോദരന്‍മാരും സഹോദരിമാരും നിന്നെക്കാണാന്‍ പുറത്തു നില്‍ക്കുന്നു. അവന്‍ ചോദിച്ചു: ആരാണ് എന്‍റെ അമ്മയും സഹോദരങ്ങളും? ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്‍റെ അമ്മയും എന്‍റെ സഹോദരങ്ങളും! ദൈവത്തിന്‍റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ് എന്‍റെ സഹോദരനും സഹോദരിയും അമ്മയും.

കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here