മുപ്പത്തൊന്നാം വാരം: തിങ്കള്‍ – ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷം – (6/11/17)

ഒന്നാം വായന
വി.പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ
ലേഖനത്തില്‍നിന്ന് (11:29-35)
(എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി ദൈവം എല്ലാവരെയും
അനുസരണമില്ലാത്തവരാക്കി)
സഹോദരരേ, ദൈവത്തിന്‍റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല. ഒരിക്കല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. എന്നാല്‍, അവരുടെ അനുസരണക്കേടു നിമിത്തം നിങ്ങള്‍ക്കു കൃപ ലഭിച്ചു. അതുപോലെ തന്നെ, നിങ്ങള്‍ക്കു ലഭിച്ച കൃപനിമിത്തം അവര്‍ക്കും കൃപ ലഭിക്കേണ്ടതിന് ഇപ്പോള്‍ അവര്‍ അനുസരണമില്ലാത്തവരായിരിക്കുന്നു. എന്തെന്നാല്‍, എല്ലാവരോടും കൃപ കാണിക്കാന്‍വേണ്ടി ദൈവം എല്ലാവരെയും അനുസരണമില്ലാത്തവരാക്കി.
ഹാ! ദൈവത്തിന്‍റെ സമ്പത്തിന്‍റെയും ജ്ഞാനത്തിന്‍റെയും അറിവിന്‍റെയും ആഴം! അവിടുത്തെ വിധികള്‍ എത്ര ദുര്‍ജ്ഞേയം! അവിടുത്തെ മാര്‍ഗങ്ങള്‍ എത്ര ദുര്‍ഗ്രഹം! എന്തെന്നാല്‍, ദൈവത്തിന്‍റെ മനസ്സ് അറിഞ്ഞതാര്? അവിടുത്തേക്ക് ഉപദേഷ്ടാവായതാര്? തിരിച്ചുകിട്ടാനായി അവിടുത്തേക്കു ദാനം കൊടുത്തവനാര്? എന്തെന്നാല്‍, എല്ലാം അവിടുന്നില്‍നിന്ന്, അവിടുന്നുവഴി, അവിടുന്നിലേക്ക്, അവിടുത്തേക്ക് എന്നേക്കും മഹത്വമുണ്ടായിരിക്കട്ടെ. ആമേന്‍.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 69:129-30, 32-33, 35-36)
R (v.13b) ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോള്‍ എനിക്ക് ഉത്തരമരുളേണമേ.
1. ഞാന്‍ പീഡിതനും വേദന തിന്നുവനുമാണ്; ദൈവമേ, അങ്ങയുടെ രക്ഷ എന്നെ സമുദ്ധരിക്കട്ടെ! ഞാന്‍ ദൈവത്തിന്‍റെ നാമത്തെ പാടിസ്തുതിക്കും, കൃതജ്ഞതാസ്തോത്രത്തോടെ ഞാന്‍ അവിടുത്തെ മഹത്വപ്പെടുത്തും.
R ദൈവമേ, കരുണാസമ്പന്നനായ…………..
2. പീഡിതര്‍ അതുകണ്ട് ആഹ്ലാദിക്കട്ടെ! ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ഉന്മേഷഭരിതമാകട്ടെ! കര്‍ത്താവു ദരിദ്രന്‍റെ പ്രാര്‍ഥന കേള്‍ക്കുന്നു; ബന്ധിതരായ സ്വന്തം ജനത്തെ അവിടുന്നു നിന്ദിക്കുകയില്ല.
R ദൈവമേ, കരുണാസമ്പന്നനായ…………..
3. ദൈവം സീയോനെ രക്ഷിക്കും; യൂദായുടെ നഗരങ്ങള്‍ പുതിക്കിപ്പണിയും; അവിടുത്തെ ദാസന്‍ അതില്‍ പാര്‍ത്ത് അതു കൈവശമാക്കും. അവിടുത്തെ ദാസന്‍മാരുടെ സന്തതികള്‍ അത് അവകാശമാക്കും. അവിടുത്തെ നാമത്തെ സ്നേഹിക്കുന്നവര്‍ അതില്‍ വസിക്കുകയും ചെയ്യും.
R ദൈവമേ, കരുണാസമ്പന്നനായ…………..
രണ്ടാം വര്‍ഷം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ ഫിലിപ്പിയര്‍ക്ക്
എഴുതിയ ലേഖനത്തില്‍നിന്ന് (2: 1-4)
(ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി
എന്‍റെ സന്തോഷം പൂര്‍ണമാക്കുവിന്‍)
സഹോദരരേ, ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായാമയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും ഒരേ അഭിപ്രായവും ഉള്ളവരായി എന്‍റെ സന്തോഷം പൂര്‍ണമാക്കുവിന്‍. മാത്സര്യമോ വ്യര്‍ത്ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നും ചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍ പോരാ; മറിച്ച് മറ്റുള്ളവരുടെ താത്പര്യവും പരിഗണിക്കണം.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 131:1,2,3)
R (v.2a) ദൈവമേ, അങ്ങയോടുകൂടെ എന്‍റെ ആത്മാവിനെ സമാധാനത്തില്‍ സംരക്ഷിക്കണമേ.
1. കര്‍ത്താവേ, എന്‍റെ ഹൃദയം അഹങ്കരിക്കുന്നില്ല; എന്‍റെ നയനങ്ങളില്‍ നിഗളമില്ല; എന്‍റെ കഴിവില്‍ക്കവിഞ്ഞ വന്‍കാര്യങ്ങളിലും വ്സ്മായവഹമായ പ്രവൃത്തികളിലും ഞാന്‍ വ്യാപൃതനാകുന്നില്ല.
R ദൈവമേ, അങ്ങയോടുകൂടെ…………..
2. മാതാവിന്‍റെ മടിയില്‍ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാന്‍ എന്നെത്തന്നെ ശാന്തനാക്കി; ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ് എന്‍റെ ആത്മാവ്.
R ദൈവമേ, അങ്ങയോടുകൂടെ…………..
3. ഇസ്രായേലേ, ഇന്നുമെന്നേക്കും കര്‍ത്താവില്‍ പ്രത്യാശവയ്ക്കുക.
R ദൈവമേ, അങ്ങയോടുകൂടെ…………..
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.8:3132) കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്‍റെ ശിഷ്യരാണ്.എന്നില്‍നിന്ന് പഠിക്കുകയും ചെയ്യുവിന്‍. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (14:12-14)
(സദ്യ നടത്തുമ്പോള്‍ സ്നേഹിതന്‍മാരെയല്ല, ദരിദ്രരെയും വികലാംഗരേയും
ക്ഷണിക്കുക)
അക്കാലത്ത്, തന്നെ ക്ഷണിച്ചവനോട് യേശു പറഞ്ഞു: നീ ഒരു സദ്യയോ അത്താഴവിരുന്നോ കൊടുക്കുമ്പോള്‍ നിന്‍റെ സ്നേഹിതരെയോ സഹോദരരെയോ ബന്ധുക്കളെയോ ധനികരായ അയല്‍ക്കാരെയോ വിളിക്കരുത്. ഒരുപക്ഷേ, അവര്‍ നിന്നെ പകരം ക്ഷണിക്കുകയും അതു നിനക്കു പ്രതിഫലമാവുകയും ചെയ്യും. എന്നാല്‍, നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്ഷണിക്കുക. അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാല്‍, പകരം നല്‍കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല. നീതിമാന്‍മാരുടെ പുനരുത്ഥാനത്തില്‍ നിനക്കു പ്രതിഫലം ലഭിക്കും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here