മുപ്പത്തിരണ്ടാം വാരം: ശനി – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (18/11/17)

ഒന്നാം വായന
ജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ നിന്ന് (18:14-16, 19:6-9)
(ചെങ്കടലിന്‍റെ മദ്ധ്യത്തില്‍ നിര്‍ബാധമായ പാതയുണ്ടാവുകയും അവര്‍
കുതിരകളെപ്പോലെ കുതിച്ചുചാടുകയും ചെയ്തു)
സര്‍വത്ര പ്രശാന്തതമൂകത വ്യാപിച്ചപ്പോള്‍, അര്‍ദ്ധരാത്രി ആയപ്പോള്‍, അങ്ങയുടെ ആജ്ഞയുടെ മൂര്‍ച്ചയുള്ള ഖണ്ഗം ധരിച്ച ധീരയോദ്ധാവ്, അങ്ങയുടെ സര്‍വശക്തമായ വചനം. സ്വര്‍ഗസിംഹാസനത്തില്‍നിന്ന് ആ ശാപഗ്രസ്തമായരാജ്യത്തിന്‍റെ മദ്ധ്യേ വന്നു; അവന്‍ ഭൂമിയില്‍ കാലുറപ്പിച്ച് സ്വര്‍ഗത്തോളം ഉയര്‍ന്നുനിന്ന് എല്ലാറ്റിനെയും മൃത്യവാല്‍ നിറച്ചു. അങ്ങയുടെ മക്കളെ ഉപദ്രവമേല്‍ക്കാതെ പരിരക്ഷിക്കാന്‍ അവിടുത്തെ ഇഷ്ടത്തിനു വിധേയമായി സൃഷ്ടികളുടെ സ്വഭാവം നവ്യരൂപമെടുത്തു. മേഘം, പാളയത്തിനുമേല്‍ നിഴല്‍വിരിച്ചു. ജലം നിറഞ്ഞുകിടന്നിടത്ത് വരണ്ട ഭൂമി, ചെങ്കടലിന്‍റെ മദ്ധ്യത്തില്‍ നിര്‍ബാധമായ പാത, ഇളകുന്ന തിരമാലകളുടെ സ്ഥാനത്ത് പുല്‍പരപ്പ്. അങ്ങയുടെ കരത്തിന്‍റെ പരിരക്ഷ അനുഭവിക്കുന്ന ജനം അത്ഭുതതൃശ്യങ്ങള്‍ കണ്ട്, ഒരൊറ്റ ജനമായി അതിലൂടെ കടന്നു. അവരുടെ രക്ഷകനായ കര്‍ത്താവേ, അങ്ങയെ സ്തുതിച്ചുകൊണ്ട്, മേച്ചില്‍പുറത്തെ കുതിരകളെപ്പോലെയും, തുള്ളിച്ചാടുന്ന കുഞ്ഞാടുകളെപ്പോലെയും, അവര്‍ കാണപ്പെട്ടു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 105:2-3,36-37,42-43)
R (v.5a) കര്‍ത്താവു ചെയ്ത വിസ്മയാവഹങ്ങളായ പ്രവൃത്തികളെ ഓര്‍ക്കുവിന്‍.(അല്ലെങ്കില്‍: അല്ലേലൂയാ)
1. അവിടുത്തേക്കു ഗാനമാലപിക്കുവിന്‍; സ്തുതിഗീതങ്ങള്‍ ആലപിക്കുവിന്‍; അവിടുത്തെ അത്ഭുതങ്ങള്‍ വര്‍ണിക്കുവിന്‍. അവിടുത്തെ വിശുദ്ധനാമത്തില്‍ അഭിമാനംകൊള്ളുവിന്‍; കര്‍ത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ളാദിക്കട്ടെ!
R കര്‍ത്താവു ചെയ്ത……………….
2. അവരുടെ നാട്ടിലെ കടിഞ്ഞൂലുകളെ പൗരുഷത്തിന്‍റെ ആദ്യഫലങ്ങളെ, മുഴുവന്‍ അവിടുന്നു സംഹരിച്ചു. അനന്തരം, അവിടുന്ന് ഇസ്രായേലിനെ സ്വര്‍ണത്തോടും വെള്ളിയോടുംകൂടെ മോചിപ്പിച്ചു നയിച്ചു; അവന്‍റെ ഗോത്രങ്ങളില്‍ ഒരുവനും കാലിടറിയില്ല.
R കര്‍ത്താവു ചെയ്ത……………….
3. എന്തെന്നാല്‍, അവിടുന്നു തന്‍റെ വിശുദ്ധവാഗ്ദാനത്തെയും തന്‍റെ ദാസനായ അബ്രാഹത്തെയും അനുസ്മരിച്ചു. അവിടുന്ന്, തന്‍റെ ജനത്തെ സന്തോഷത്തോടെ, തന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരെ ഗാനാലാപത്തോടെ, നയിച്ചു.
ഞ കര്‍ത്താവു ചെയ്ത……………….
രണ്ടാം വര്‍ഷം
ഒന്നാം വായന
വി. യോഹന്നാന്‍ അപ്പസ്തോലന്‍ എഴുതിയ
രണ്ടാം ലേഖനത്തില്‍നിന്ന് (5- 8)
(നാം സത്യത്തില്‍ സഹപ്രവര്‍ത്തകരായിരിക്കേണ്ടതിന്
ഇപ്രകാരമുള്ളവരെ സ്വീകരിച്ചു സംരക്ഷിക്കേണ്ടിയിരിക്കുന്നു)
വാത്സല്യഭാജനമേ, നീ സഹോദരര്‍ക്കുവേണ്ടി, പ്രത്യേകിച്ച്, അപരിചിതര്‍ക്കുവേണ്ടി ചെയ്യുന്നതെല്ലാം വിശ്വാസത്തിനു യോജിച്ച പ്രവൃത്തികളാണ്. അവര്‍ സഭയുടെ മുമ്പാകെ നിന്‍റെ സ്നേഹത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്തി. ദൈവത്തിനു പ്രീതികരമായവിധം നീ അവരെ യാത്രയാക്കുന്നതു നന്നായിരിക്കും. കാരണം, അവിടുത്തെ നാമത്തെപ്രതിയാണ് അവര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വിജാതീയരില്‍നിന്ന് അവര്‍ ഒരു സഹായവും സ്വീകരിച്ചിട്ടില്ല. ആകയാല്‍, നാം സത്യത്തില്‍ സഹപ്രവര്‍ത്തകരായിരിക്കേണ്ടതിന് ഇപ്രകാരമുള്ളവരെ സ്വീകരിച്ചു സംരക്ഷിക്കേണ്ടിയിരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 112:1-2,3-4,5-6)
R (v.1b) കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ ഭാഗ്യവാന്‍.
1. കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്‍പനകളില്‍ ആനന്ദിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. അവന്‍റെ സന്തതി ഭൂമിയില്‍ പ്രബലമാകും; സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും.
R കര്‍ത്താവിനെ ഭയപ്പെടുന്നവന്‍……………….
2. അവന്‍റെ ഭവനം സമ്പത്സമൃദ്ധമാകും; അവന്‍റെ നീതി എന്നേക്കും നിലനില്‍ക്കും. പരമാര്‍ത്ഥഹൃദയന് അന്ധകാരത്തില്‍ പ്രകാശമുദിക്കും; അവന്‍ ഉദാരനും കാരുണ്യവാനും നീതിനിഷ്ഠനുമാണ്.
R കര്‍ത്താവിനെ ഭയപ്പെടുന്നവന്‍……………….
3. ഉദാരമായി വായ്പ കൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവനു നന്‍മ കൈവരും. നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല; അവന്‍റെ സ്മരണ എന്നേക്കും നിലനില്‍ക്കും.
R കര്‍ത്താവിനെ ഭയപ്പെടുന്നവന്‍……………….
അല്ലേലൂയാ!
അല്ലേലൂയാ! (2. തെസ.2:14) നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മഹത്വം നിങ്ങള്‍ക്കു ലഭിക്കുന്നതിനുവേണ്ടി ഞങ്ങളുടെ സുവിശേഷത്തിലൂടെ അവിടുന്നു നിങ്ങളെ വിളിച്ചു- അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (18:1-8)
(തന്നെ വിളിച്ചു കരയുന്ന തന്‍റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്
ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ?)
അക്കാലത്ത്, ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണം എന്നു കാണിക്കാന്‍ യേശു തന്‍റെ ശിഷ്യന്‍മാരോട് ഒരു ഉപമ പറഞ്ഞു: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു. ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്ഷിക്കുമായിരുന്നു. കുറേ നാളത്തേക്ക് അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്, അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാനവള്‍ക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും. കര്‍ത്താവ് പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപന്‍ പറഞ്ഞതെന്തെന്ന് ശ്രദ്ധിക്കുവിന്‍. അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്‍റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ? അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here