മുപ്പത്തിരണ്ടാം വാരം: വ്യാഴം – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (16/11/17)

ഒന്നാം വായന
ജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ നിന്ന് (7:22-8:1)
(നിത്യതേജസ്സിന്‍റെ പ്രതിഫലനമാണവള്‍.
ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ നിര്‍മലദര്‍പ്പണം )
സകലതും രൂപപ്പെടുത്തുന്ന ജ്ഞാനമാണ് എന്നെ അഭ്യസിപ്പിച്ചത്. അവളുടെ ചൈതന്യം വിവേകമുള്ളതും വിശുദ്ധവും അതുല്യവും ബഹുമുഖവും സൂക്ഷ്മവും ചലനാത്മകവും സ്പഷ്ടവും നിര്‍മലവും വ്യതിരിക്തവും ക്ഷതമേല്‍പിക്കാനാവാത്തതും നന്‍മയെ സ്നേഹിക്കുന്നതും തീക്ഷ്ണവും അപ്രതിരോധ്യവും ഉപകാരപ്രദവും ആര്‍ദ്രവും സ്ഥിരവും ഭദ്രവും ഉത്ക്കണ്‍ഠയില്‍നിന്നു മുക്തവും സര്‍വശക്തവും സകലത്തെയും നിയന്ത്രിക്കുന്നതും ബുദ്ധിയും നൈര്‍മല്യവും സൂക്ഷ്മതയുള്ള ചേതനകളിലേക്കു ചുഴിഞ്ഞിറങ്ങുന്നതുമാണ്. എല്ലാ ചലനങ്ങളെയുംകാള്‍ ചലനാത്മകമാണ് ജ്ഞാനം; അവള്‍ തന്‍റെ നിര്‍മലതയാല്‍ എല്ലാറ്റിലും വ്യാപിക്കുന്നു; ചൂഴ്ന്നിറങ്ങുന്നു. അവള്‍ ദൈവശക്തിയുടെ ശ്വാസവും, സര്‍വശക്തന്‍റെ മഹത്വത്തിന്‍റെ ശുദ്ധമായ നിസ്സരണവുമാണ്. മലിനമായ ഒന്നിനും അവളില്‍ പ്രവേശനമില്ല; നിത്യതേജസ്സിന്‍റെ പ്രതിഫലനമാണവള്‍, ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ നിര്‍മലദര്‍പ്പണം, അവിടുത്തെ നന്‍മയുടെ പ്രതിരൂപം. ഏകയെങ്കിലും സകലതും അവള്‍ക്കു സാദ്ധ്യമാണ്, മാറ്റത്തിന് അധീനയാകാതെ അവള്‍ സര്‍വവും നവീകരിക്കുന്നു. ഓരോ തലമുറയിലുമുള്ള വിശുദ്ധചേതനകളില്‍ പ്രവേശിക്കുന്നു; അവരെ ദൈവമിത്രങ്ങളും പ്രവാചകരുമാക്കുന്നു. ദൈവം എന്തിനെയുകാളുപരി ജ്ഞാനികളെ സ്നേഹിക്കുന്നു. ജ്ഞാനത്തിനു സൂര്യനെക്കാള്‍ സൗന്ദര്യമുണ്ട്. അവള്‍ നക്ഷത്രരാശിയെ അതിശയിക്കുന്നു. പ്രകാശത്തോടു തുലനം ചെയ്യുമ്പോള്‍ അവള്‍ തന്നെ ശ്രേഷ്ഠ; കാരണം, പ്രകാശം ഇരുട്ടിനു വഴിമാറുന്നു; ജ്ഞാനത്തിനെതിരേ തിന്‍മ ബലപ്പെടുകയില്ല. ഭൂമിയില്‍ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ ജ്ഞാനം, സ്വാധീനം ചെലുത്തുന്നു. അവള്‍ എല്ലാ കാര്യങ്ങളും നന്നായി ക്രമപ്പെടുത്തുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 119:89-90, 91+130,135+175)
R (v.89a) കര്‍ത്താവേ, അങ്ങയുടെ വചനം എന്നേക്കും സുസ്ഥാപിതമാണ്.
1. കര്‍ത്താവേ, അങ്ങയുടെ വചനം സ്വര്‍ഗത്തില്‍ എന്നേക്കും സുസ്ഥാപിതമാണ്.അങ്ങയുടെ വിശ്വസ്തത തലമുറകളോളം നിലനില്‍ക്കുന്നു; അവിടുന്നു ഭൂമിയെ സ്ഥാപിച്ചു; അതു നിലനില്‍ക്കുന്നു.
R കര്‍ത്താവേ അങ്ങയുടെ……………….
2. അവിടുന്നു നിശ്ചയിച്ച പ്രകാരം ഇന്നും എല്ലാം നിലനില്‍ക്കുന്നു; എന്തെന്നാല്‍, സകലതും അങ്ങയെ സേവിക്കുന്നു. അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു; എളിയവര്‍ക്ക് അത് അറിവു പകരുന്നു.
R കര്‍ത്താവേ അങ്ങയുടെ……………….
3. ഈ ദാസന്‍റെമേല്‍ അങ്ങയുടെ മുഖപ്രകാശം പതിയട്ടെ. അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ! അങ്ങയെ സ്തുതിക്കാന്‍വേണ്ടി ഞാന്‍ ജീവിക്കട്ടെ! അങ്ങയുടെ നിയമങ്ങള്‍ എനിക്കു തുണയായിരിക്കട്ടെ!
R കര്‍ത്താവേ അങ്ങയുടെ……………….
രണ്ടാം വര്‍ഷം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ ഫിലെമോന്
എഴുതിയ ലേഖനത്തില്‍നിന്ന് (7: 20)
(ഓനേസിമോസിനെ സ്വീകരിക്കുക; അദ്ദേഹം ഇനി ദാസനായിട്ടല്ല,
അതിലുപരി പ്രിയപ്പെട്ട സഹോദരനായി സ്വീകരിക്കുക)
സഹോദരാ, നിന്‍റെ സ്നേഹത്തില്‍നിന്നും വളരെയേറെ ആശ്വാസവും സന്തോഷവും എനിക്കു ലഭിച്ചു. എന്തെന്നാല്‍, നീവഴി വിശുദ്ധര്‍ ഉന്‍മേഷഭരിതരായി. ഉചിമായതു ചെയ്യാന്‍ നിന്നോടു ആജ്ഞാപിക്കാനുള്ള തന്‍റേടം ക്രിസ്തുവില്‍ എനിക്കുണ്ടെങ്കിലും, സ്നേഹംമൂലം നിന്നോട് അപേക്ഷിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. പൗലോസായ ഞാന്‍ വൃദ്ധനും ഇപ്പോള്‍ യേശുക്രിസ്തുവിനെപ്രതി തടവുകാരനുമാണ്. എന്‍റെ പുത്രന്‍ ഒനേസിമോസിന്‍റെ കാര്യമാണു നിന്നോടു ഞാന്‍ അപേക്ഷിക്കുന്നത്. എന്‍റെ കാരാഗൃഹവാസകാലത്തു ഞാന്‍ അവനു പിതാവായി. മുമ്പ് അവന്‍ നിനക്കു പ്രയോജനരഹിതനായിരുന്നു. ഇപ്പോഴാകട്ടെ അവന്‍ നിനക്കും എനിക്കും പ്രയോജനമുള്ളവനാണ്. അവനെ നിന്‍റെ അടുത്തേക്കു ഞാന്‍ തിരിച്ചയയ്ക്കുന്നു. എന്‍റെ ഹൃദയം തന്നെയാണു ഞാന്‍ അയയ്ക്കുന്നത്. സുവിശേഷത്തെ പ്രതിയുള്ള എന്‍റെ ബന്ധിതാവസ്ഥയില്‍ നിനക്കുവേണ്ടി എന്നെ ശുശ്രൂഷിക്കാന്‍ ഞാന്‍ അവനെ സന്തോഷപൂര്‍വ്വം എന്നോടൊപ്പം നിറുത്തുമായിരുന്നു. നിന്‍റെ ഔദാര്യം നിര്‍ബന്ധത്താലാകാതെ സ്വതന്ത്രമനസ്സാല്‍ ആകുന്നതിനാണ് നിന്‍റെ സമ്മതം കൂടാതെ ഒന്നും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കാത്തത്. അല്‍പകാലത്തേക്ക് അവന്‍ നിന്നില്‍നിന്നു വേര്‍പിരിഞ്ഞത് ഒരുപക്ഷേ നിത്യമായി അവനെ നിനക്കു തിരിച്ചു കിട്ടുന്നതിനായിരിക്കാം. ഇനി ഒരു ദാസനായിട്ടല്ല, അതിലുപരി, ലൗകികമായും കര്‍ത്താവിലും എനിക്കും അതിലേറെ നിനക്കും പ്രിയപ്പെട്ട ഒരു സഹോദരനായി അവനെ ലഭിച്ചിരിക്കുന്നു.
അതുകൊണ്ട്, നീ എന്നെ നിന്‍റെ സഹകാരിയായി പരിഗണിക്കുന്നെങ്കില്‍, എന്നെപ്പോലെ അവനെയും സ്വീകരിക്കുക. അവന്‍ നിന്നോട് എന്തെങ്കിലും തെറ്റുചെയ്യുകയോ എന്തെങ്കിലും നിനക്കു തരാന്‍ ഉണ്ടായിരിക്കുകയോ ചെയ്താല്‍ അതെല്ലാം എന്‍റെ പേരില്‍ കണക്കാക്കിക്കൊള്ളുക. പൗലോസായ ഞാന്‍ എന്‍റെ സ്വന്തം കൈകൊണ്ടു തന്നെ എഴുതുന്നു, എല്ലാം ഞാന്‍ തന്നു വീട്ടിക്കൊള്ളാം. എന്നാല്‍, നീ തന്നെയും മുഴുവനായി എനിക്കു കടപ്പെട്ടിരിക്കുന്നു എന്നകാര്യം ഞാന്‍ എടുത്തുപറയുന്നില്ല. അതേ, സഹോദരാ, നീ കര്‍ത്താവില്‍ എനിക്ക് ഈ സഹായം ചെയ്യുക. ക്രിസ്തുവില്‍ എന്‍റെ ഹൃദയത്തെ നീ ഉന്‍മേഷഭരിതമാക്കുക.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 146:7,8-9abc,)
R (v.5a) യാക്കോബിന്‍റെ ദൈവം തുണയായിട്ടുള്ളവന്‍ ഭാഗ്യവാന്‍.
1. മര്‍ദിതര്‍ക്ക് അവിടുന്നു നീതി നടത്തിക്കൊടുക്കുന്നു; വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു; കര്‍ത്താവു ബന്ധിതരെ മോചിപ്പിക്കുന്നു.
R യാക്കോബിന്‍റെ ദൈവം……………….
2. കര്‍ത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു; അവിടുന്നു നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു; അവിടുന്നു നീതിമാന്‍മാരെ സ്നേഹിക്കുന്നു. കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നു.
R യാക്കോബിന്‍റെ ദൈവം……………….
3. വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു; എന്നാല്‍, ദുഷ്ടരുടെ വഴി അവിടുന്നു നാശത്തിലെത്തിക്കുന്നു. കര്‍ത്താവ് എന്നേക്കും വാഴുന്നു; സീയോനേ, നിന്‍റെ ദൈവം തലമുറകളോളം വാഴും; കര്‍ത്താവിനെ സ്തുതിക്കുവിന്‍.
R യാക്കോബിന്‍റെ ദൈവം……………….
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.15:5) കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു- അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (17:20-25)
(ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്ന് ദൈവത്തെ
മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ?)
അക്കാലത്ത്, ദൈവരാജ്യം എപ്പോഴാണു വരുന്നത് എന്നു ഫരിസോയര്‍ ചോദിച്ചതിന്, യേശു മറുപടി പറഞ്ഞു: പ്രത്യക്ഷമായ അടയാളങ്ങളോടുകൂടിയല്ല ദൈവരാജ്യം വരുന്നത്. ഇതാ ഇവിടെ, അതാ അവിടെ എന്ന് ആരും പറയുകയുമില്ല. എന്തെന്നാല്‍, ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ത്തന്നെയുണ്ട്. അവന്‍ ശിഷ്യരോടു പറഞ്ഞു: മനുഷ്യപുത്രന്‍റെ ദിവസങ്ങളിലൊന്നു കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സമയം വരും. എന്നാല്‍, നിങ്ങള്‍ കാണുകയില്ല. അതാ അവിടെ, ഇതാ ഇവിടെ എന്ന് അവര്‍ നിങ്ങളോടു പറയും. നിങ്ങള്‍ പോകരുത്. അവരെ നിങ്ങള്‍ അനുഗമിക്കുകയുമരുത്. ആകാശത്തിന്‍റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്കു പായുന്ന മിന്നല്‍പ്പിണര്‍ പ്രകാശിക്കുന്നതുപോലെയായിരിക്കും തന്‍റെ ദിവസത്തില്‍ മനുഷ്യപുത്രനും. എന്നാല്‍, ആദ്യമേ അവന്‍ വളരെ കഷ്ടതകള്‍ സഹിക്കുകയും ഈ തലമുറയാല്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here