മുപ്പത്തിരണ്ടാം വാരം: വെള്ളി – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (17/11/17)

ഒന്നാം വായന
ജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ നിന്ന് (13:1-9)
(ലോകത്തെ ആരാഞ്ഞ് ഇത്രയുമറിയാന്‍ കഴിഞ്ഞെങ്കില്‍ ഇവയുടെയെല്ലാം
ഉടയവനെ കണ്ടെത്താന്‍ വൈകുന്നത് എന്തുകൊണ്ട്?)
ദൈവത്തെ അറിയാത്തവര്‍ സ്വതേ ഭോഷരാണ്. ദൃഷ്ടിഗോചരമായ നന്‍മകളില്‍നിന്ന് ഉണ്‍മയായവനെ തിരിച്ചറിയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ശില്‍പങ്ങളില്‍ ശ്രദ്ധപതിച്ച അവര്‍ ശില്‍പിയെ തിരിച്ചറിഞ്ഞില്ല. അഗ്നി, വായു, കാറ്റ് നക്ഷത്രവലയങ്ങള്‍, ക്ഷോഭിച്ച സമുദ്രം, ആകാശതേജസ്സുകള്‍ ഇവ ലോകത്തെ ഭരിക്കുന്ന ദേവന്‍മാരായി അവര്‍ കരുതി. അവയുടെ സൗന്ദര്യത്തില്‍ ഭ്രമിച്ച് മനുഷ്യര്‍ അവയെ ദേവന്‍മാരായി സങ്കല്‍പിച്ചെങ്കില്‍, അവയെക്കാള്‍ ശ്രേഷ്ഠനാണ് അവയുടെ കര്‍ത്താവെന്ന് അവര്‍ ഗ്രഹിക്കട്ടെ! സൗന്ദര്യത്തിന്‍റെ സ്രഷ്ടാവാണ് അവയുണ്ടാക്കിയത്. അവയുടെ ശക്തിയും പ്രവര്‍ത്തനവും മനുഷ്യരെ വിസ്മയിപ്പിച്ചെങ്കില്‍, അവയുടെ സ്രഷ്ടാവ് എത്രയോ കൂടുതല്‍ ശക്തനെന്ന് അവയില്‍നിന്ന് അവര്‍ ധരിക്കട്ടെ! സൃഷ്ടികളുടെ ശക്തിസൗന്ദര്യങ്ങളില്‍നിന്ന് അവയുടെ സ്രഷ്ടാവിന്‍റെ ശക്തി സൗന്ദര്യങ്ങളെക്കുറിച്ച് അറിയാം. ദൈവത്തെ അന്വേഷിക്കുകയും കണ്ടെത്താന്‍ ഇച്ഛിക്കുകയും ചെയ്യുമ്പോഴാകാം അവര്‍ വ്യതിചലിക്കുന്നത്. അവരെ തികച്ചും കുറ്റപ്പെടുത്താന്‍ വയ്യാ. അവിടുത്തെ സൃഷ്ടികളുടെ മദ്ധ്യേ ജീവിച്ച് അവര്‍ അന്വേഷണം തുടരുകയാണ്. ദൃശ്യവസ്തുക്കള്‍ മനോഹരമാകയാല്‍ അവര്‍ അതില്‍ പ്രത്യാശയര്‍പ്പിക്കുന്നു; എങ്കിലും അവര്‍ക്കു ന്യായീകരണമില്ല. ലോകത്തെ ആരാഞ്ഞ് ഇത്രയുമറിയാന്‍ കഴിഞ്ഞെങ്കില്‍ ഇവയുടെയെല്ലാം ഉടയവനെ കണ്ടെത്താന്‍ വൈകുന്നത് എന്തുകൊണ്ട്?
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 19:1-2,3-4)
R (v.1a) ആകാശം ദൈവത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നു.
1. ആകാശം ദൈവത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു. പകല്‍ പകലിനോട് അവിരാമം സംസാരിക്കുന്നു; രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു.
R ആകാശം ദൈവത്തിന്‍റെ……………….
2. ഭാക്ഷണമില്ല, വാക്കുകളില്ല, ശബ്ദംപോലും കേള്‍ക്കാനില്ല. എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു; അവയുടെ വാക്കുകള്‍ ലോകത്തിന്‍റെ അതിര്‍ത്തിയോളം എത്തുന്നു; അവിടെ സൂര്യന് ഒരു കൂടാരം അവിടുന്ന് നിര്‍മ്മിച്ചിരിക്കുന്നു.
R ആകാശം ദൈവത്തിന്‍റെ……………….
രണ്ടാം വര്‍ഷം
ഒന്നാം വായന
വി. യോഹന്നാന്‍ അപ്പസ്തോലന്‍ എഴുതിയ
രണ്ടാം ലേഖനത്തില്‍നിന്ന് (4 – 9)
(അവന്‍റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്)
പിതാവില്‍നിന്നു നാം സ്വീകരിച്ച കല്‍പനയ്ക്കനുസൃതമായി നിന്‍റെ മക്കളില്‍ ചിലര്‍ സത്യത്തില്‍ വ്യാപരിക്കുന്നതു കണ്ടു ഞാന്‍ അത്യന്തം സന്തോഷിച്ചു. അല്ലയോ മഹതീ, ഞാന്‍ നിന്നോടഭ്യര്‍ത്ഥിക്കുന്നു. ഒരു പുതിയ കല്‍പനയായിട്ടല്ല, ആരംഭംമുതലേ നമുക്കു ലഭിച്ചിരിക്കുന്ന ഒന്നായിട്ടാണു ഞാന്‍ ഇത് എഴുതുന്നത്: നാം പരസ്പരം സ്നേഹിക്കണം. ഇതാണു സ്നേഹം: നാം അവിടുത്തെ കല്‍പനകളനുസരിച്ചു നടക്കുക. കല്‍പനയാകട്ടെ, ആരംഭംമുതലേ നിങ്ങള്‍ ശ്രവിച്ചിരിക്കുന്നതുപോലെ സ്നേഹത്തില്‍ വ്യാപരിക്കുക എന്നതും. വളരെയധികം വഞ്ചകര്‍ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേശുക്രിസ്തു മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ് അവര്‍. ഇങ്ങനെയുള്ളവനാണു വഞ്ചകനും അന്തിക്രിസ്തുവും. ഞങ്ങളുടെ അദ്ധ്വാനഫലം നിങ്ങള്‍ നഷ്ടമാക്കാതെ അതു പൂര്‍ണമായി നേടാന്‍ ശ്രദ്ധിക്കുവിന്‍. ക്രിസ്തുവിന്‍റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്‍റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്‍റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 119:1-2,10-11,17-18)
R (v.1b) അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
1. അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍, കര്‍ത്താവിന്‍റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്‍മാര്‍. അവിടുത്തെ കല്‍പനകള്‍ പാലിക്കുന്നവര്‍, പൂര്‍ണഹൃദയത്തോടെ അവിടുത്തെ തേടുന്നവര്‍ ഭാഗ്യവാന്‍മാര്‍.
R അപങ്കിലമായ മാര്‍ഗത്തില്‍……………….

2. പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങയെ തേടുന്നു; അങ്ങയുടെ കല്‍പന വിട്ടുനടക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ! അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
R അപങ്കിലമായ മാര്‍ഗത്തില്‍……………….
3. ഞാന്‍ ജീവിച്ചിരിക്കാനും അങ്ങയുടെ വചനം അനുസരിക്കാനും ഈ ദാസന്‍റെമേല്‍ കൃപ ചൊരിയണമേ! അങ്ങയുടെ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദര്‍ശിക്കാന്‍ എന്‍റെ കണ്ണുകള്‍ തുറക്കണമേ!
R അപങ്കിലമായ മാര്‍ഗത്തില്‍……………….
അല്ലേലൂയാ!
അല്ലേലൂയാ! (ലൂക്കാ.21:28) നിങ്ങള്‍ ശിരസ്സുയര്‍ത്തി നില്‍ക്കുവിന്‍, എന്തെന്നാല്‍ നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു- അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (17:26-37)
(ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്ന് ദൈവത്തെ
മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ?)
അക്കാലത്ത്, യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: നോഹയുടെ ദിവസങ്ങളില്‍ സംഭവിച്ചത് എങ്ങനയോ അങ്ങനെയായിരിക്കും മനുഷ്യപുത്രന്‍റെ ദിവസങ്ങളിലും. നോഹ പെട്ടകത്തില്‍ പ്രവേശിക്കുകയും ജലപ്രളയം വന്ന് സകലതും നശിപ്പിക്കുകയും ചെയ്തതുവരെ അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞിരുന്നു. ലോത്തിന്‍റെ നാളുകളിലും അങ്ങനെതന്നെ ആയിരുന്നു – അവര്‍ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്‍ക്കുകയും നടുകയും വീടു പണിയുകയും ചെയ്തുകൊണ്ടിരുന്നു. പക്ഷേ, ലോത്ത് സോദോമില്‍നിന്ന് ഓടിപ്പോയ ദിവസം സ്വര്‍ഗത്തില്‍നിന്നു തീയും ഗന്ധകവും പെയ്ത് അവരെയെല്ലാം നശിപ്പിച്ചു. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്‍ വെളിപ്പെടുന്ന ദിവസത്തിലും. ആ ദിവസം പുരമുകളില്‍ ആയിരിക്കുന്നവന്‍ വീട്ടിനകത്തുള്ള തന്‍റെ സാധനങ്ങള്‍ എടുക്കാന്‍ താഴേക്ക് ഇറങ്ങിപ്പോകരുത്. അതുപോലെതന്നെ വയലില്‍ ആയിരിക്കുന്നവനും പിന്നിലുള്ളവയിലേക്കു തിരിയരുത്. ലോത്തിന്‍റെ ഭാര്യയ്ക്കു സംഭവിച്ചത് ഓര്‍മിക്കുക. തന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും. എന്നാല്‍, തന്‍റെ ജീവന്‍ നഷ്ടപ്പെടുത്തുന്നവന്‍ അതു നിലനിര്‍ത്തും. ഞാന്‍ നിങ്ങളോടു പറയുന്നു: അന്നു രാത്രി ഒരു കട്ടിലില്‍ രണ്ടുപേര്‍ ഉണ്ടായിരിക്കും. ഒരാള്‍ എടുക്കപ്പെടും; മറ്റേയാള്‍ അവശേഷിക്കും. രണ്ടു സ്ത്രീകള്‍ ഒരുമിച്ചു ധാന്യംപൊടിച്ചുകൊണ്ടിരിക്കും. ഒരുവള്‍ എടുക്കപ്പെടും; മറ്റവള്‍ അവശേഷിക്കും. കര്‍ത്താവേ, എവിടേക്ക് എന്ന് അവര്‍ ചേദിച്ചു. അവന്‍ പറഞ്ഞു: ശവം എവിടെയോ അവിടെ കഴുകന്‍മാര്‍ വന്നു കൂടും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here