മുപ്പത്തിരണ്ടാം വാരം: ബുധന്‍ – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (15/11/17)

ഒന്നാം വായന
ജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ നിന്ന് (6:2-12)
(ഏകാധിപതികളേ, നിങ്ങളോടാണ് ഞാന്‍ പറയുന്നത്:
ജ്ഞാനം അഭ്യസിക്കുവിന്‍ )
അനേകസഹസ്രങ്ങളെ ഭരിക്കുകയും അനേകജനതകളുടെ മേലുള്ള ആധിപത്യത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്നവരേ, ശ്രവിക്കുവിന്‍. നിങ്ങളുടെ സാമ്രാജ്യം കര്‍ത്താവില്‍നിന്നു ലഭിച്ചതാണ്; അധീശത്വം അത്യുന്നതനില്‍നിന്നാണ്. അവിടുന്ന് നിങ്ങളുടെ പ്രവൃത്തികള്‍ പരിശോധിക്കും; ഉദ്ദേശ്യങ്ങള്‍ വിചാരണ ചെയ്യും. അവിടുത്തെ രാജ്യത്തിന്‍റെ സേവകന്‍മാര്‍ എന്ന നിലയ്ക്ക് നിങ്ങള്‍ ശരിയായി ഭരിക്കുകയോ, നിയമം പാലിക്കുകയോ, അവിടുത്തെ ലക്ഷ്യത്തിനൊത്ത് ചരിക്കുകയോ ചെയ്തിട്ടില്ല. അതിനാല്‍, അവിടുന്ന് നിങ്ങളുടെ നേരേ അതിവേഗം അത്യഗ്രനായി വരും. ഉന്നതസ്ഥാനം വഹിക്കുന്നവര്‍ക്കു കഠിനശിക്ഷയുണ്ടാകും. എളിയവനു കൃപയാല്‍ മാപ്പുലഭിക്കും; പ്രബലര്‍ കഠിനമായി പരീക്ഷിക്കപ്പെടും. സകലത്തിന്‍റെയും കര്‍ത്താവ് ആരെയും ഭയപ്പെടുന്നില്ല; വലിയവനെ മാനിക്കുന്നില്ല. അവിടുന്നാണ് വലിയവനെയും ചെറിയവനെയും സൃഷ്ടിച്ചത്. അവിടുന്ന് എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു. കര്‍ശനമായ വിചാരണ പ്രബലനെ കാത്തിരിക്കുന്നു. ഏകാധിപതികളേ, നിങ്ങളോടാണ് ഞാന്‍ പറയുന്നത്: ജ്ഞാനം അഭ്യസിക്കുവിന്‍, വഴി തെറ്റിപ്പോകരുത്. വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്ഷ കണ്ടെത്തും. എന്‍റെ വചനങ്ങളില്‍ അഭിലാഷമര്‍പ്പിക്കുവിന്‍, അവയോടു തീവ്രാഭിനിവേശം കാണിക്കുവിന്‍, നിങ്ങള്‍ക്കു ജ്ഞാനം ലഭിക്കും. തേജസ്സുറ്റതാണ് ജ്ഞാനം; അതു മങ്ങിപ്പോവുകയില്ല. ജ്ഞാനത്തെ സ്നേഹിക്കുന്നവര്‍ നിഷ്പ്രയാസം അവളെ തിരിച്ചറിയുന്നു; അവളെ തേടുന്നവര്‍ കണ്ടെത്തുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 82:3-4,6-7)
R (v.8a) ദൈവമേ, അങ്ങ് എഴുന്നേറ്റ് ഭൂമിയെ വിധിക്കണമേ.
1. ദുര്‍ബലര്‍ക്കും അനാഥര്‍ക്കും നീതിപാലിച്ചു കൊടുക്കുവിന്‍; പീഡിതരുടെയും അഗതികളുടെയും അവകാശം സ്ഥാപിച്ചു കൊടുക്കുവിന്‍. ദുര്‍ബലരെയും പാവപ്പെട്ടവരെയും രക്ഷിക്കുവിന്‍; ദുഷ്ടരുടെ കെണികളില്‍നിന്ന് അവരെ മോചിപ്പിക്കുവിന്‍.
R ദൈവമേ, അങ്ങ് എഴുന്നേറ്റ് ……………….
2. ഭൂമിയുടെ അടിസ്ഥാനങ്ങള്‍ ഇളകിയിരുക്കുന്നു. ഞാന്‍ പറയുന്നു, നിങ്ങള്‍ ദൈവങ്ങളാണ്; നിങ്ങളെല്ലാവരും അത്യുന്നതന്‍റെ മക്കളാണ്. എങ്കിലും നിങ്ങള്‍ മനുഷ്യരെപ്പോലെ മരിക്കും. ഏതു പ്രഭുവിനെയും പോലെ വീണുപോകും.
R ദൈവമേ, അങ്ങ് എഴുന്നേറ്റ് ……………….
രണ്ടാം വര്‍ഷം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ തീത്തോസിന്
എഴുതിയ ലേഖനത്തില്‍നിന്ന് (3: 1-7)
(തെറ്റായ മാര്‍ഗത്തിലൂടെ നയിക്കപ്പെട്ടവരായി നമുക്ക് ദൈവം
തന്‍റെ കാരുണ്യത്താല്‍ രക്ഷ നല്കി)
വാത്സല്യമുള്ളവനേ, ഭരണകര്‍ത്താക്കള്‍ക്കും മറ്റധികാരികള്‍ക്കും കീഴ്പ്പെട്ടിരിക്കാനും അനുസരണമുള്ളവരായിരിക്കാനും സത്യസന്ധമായ ഏതൊരു ജോലിക്കും സന്നദ്ധരായിരിക്കാനും നീ ജനങ്ങളെ ഓര്‍മിപ്പിക്കുക. ആരെയുംപറ്റി തിന്‍മ പറയാതിരിക്കാനും കലഹങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും സൗമ്യരായിരിക്കാനും എല്ലാ മനുഷ്യരോടും തികഞ്ഞ മര്യാദ പ്രകടിപ്പിക്കാനും നീ അവരെ ഉദ്ബോധിപ്പിക്കുക. എന്തെന്നാല്‍, നാം തന്നെയും ഒരു കാലത്തു മൂഢന്‍മാരും അനുസരമണില്ലാത്തവരും തെറ്റായ മാര്‍ഗത്തിലൂടെ നയിക്കപ്പെട്ടവരും പലതരം മോഹങ്ങള്‍ക്കും സുഖേച്ഛകള്‍ക്കും അടിമപ്പെട്ടവരും ദ്രോഹബുദ്ധിയിലും അസൂയയിലും ദിവസങ്ങള്‍ കഴിച്ചവരും മനുഷ്യരാല്‍ വെറുക്കപ്പെട്ടവരും പരസ്പരം വെറുക്കുന്നവരും ആയിരുന്നു. എന്നാല്‍, നമ്മുടെ രക്ഷകനായ ദൈവത്തിന്‍റെ നന്‍മയും സ്നേഹംനിറഞ്ഞ കാരുണ്യവും വെളിപ്പെട്ടപ്പോള്‍ അവിടുന്നു രക്ഷ നല്‍കി; അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്ധാത്മാവിനാല്‍ അവിടുന്ന് നിര്‍വഹിച്ച പുനരുജ്ജീവനത്തിന്‍റെയും നവീകരണത്തിന്‍റെയും സ്നാനത്താലത്രേ. ദൈവം നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് പരിശുദ്ധാത്മാവിനെ നമ്മുടെമേല്‍ സമൃദ്ധമായി വര്‍ഷിച്ചത്. അവിടുത്തെ കൃപാവരത്താല്‍ നാം നീതീകരിക്കപ്പെടുന്നതിനും നിത്യജീവനെപ്പറ്റിയുള്ള പ്രത്യാശയില്‍ നാം അവകാശികളാകുന്നതിനുംവേണ്ടിയാണ് ഇങ്ങനെ ചെയ്തത്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 23:1-3a, 3b-4,5-6)
R (v.1) കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
1. കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു. അവിടുന്ന് എനിക്ക് ഉന്‍മേഷം നല്‍കുന്നു.
R കര്‍ത്താവാണ് എന്‍റെ ഇടയന്‍……………….
2. തന്‍റെ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു. മരണത്തിന്‍റെ നിഴല്‍വീണ താഴ്വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക് ഉറപ്പേകുന്നു.
R കര്‍ത്താവാണ് എന്‍റെ ഇടയന്‍……………….
3. എന്‍റെ ശത്രുക്കളുടെ മുന്‍പില്‍ അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്‍റെ ശിരസ്സു തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്‍റെ പാനപാത്രം കവിഞ്ഞൊഴുകുന്നു. അവിടുത്തെ നന്‍മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്‍റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും.
R കര്‍ത്താവാണ് എന്‍റെ ഇടയന്‍……………….
അല്ലേലൂയാ!
അല്ലേലൂയാ! (1.തെസ.5:18) എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം – അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (17:11-19)
(ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്ന് ദൈവത്തെ
മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ?)
അക്കാലത്ത്, ജറുസലെമിലേക്കുള്ള യാത്രയില്‍ യേശു സമരിയായാക്കും ഗലീലിക്കും മദ്ധ്യേ കടന്നുപോവുകായിരുന്നു. അവന്‍ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചപ്പോള്‍ അകലെ നിന്നിരുന്ന പത്തു കുഷ്ഠരോഗികള്‍ അവനെക്കണ്ടു. അവര്‍ സ്വരമുയര്‍ത്തി യേശുവേ, ഗുരോ, ഞങ്ങളില്‍ കനിയണമേ എന്ന് അപേഷിച്ചു. അവരെക്കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: പോയി നിങ്ങളെത്തന്നെ പുരോഹിതന്‍മാര്‍ക്കു കാണിച്ചു കൊടുക്കുവിന്‍. പോകും വഴി അവര്‍ സുഖംപ്രാപിച്ചു. അവരില്‍ ഒരുവന്‍, താന്‍ രോഗവിമുക്തനായി എന്നുകണ്ട് ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചുകൊണ്ടു തിരിച്ചുവന്നു. അവന്‍ യേശുവിന്‍റെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിച്ചു നന്ദി പറഞ്ഞു. അവന്‍ ഒരു സമരിയാക്കാരനായിരുന്നു. യേശു ചോദിച്ചു: പത്തുപേരല്ലേ സുഖപ്പെട്ടത്? ബാക്കി ഒന്‍പതു പേര്‍ എവിടെ? ഈ വിജാതീയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്നു ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയല്ലേ? അനന്തരം, യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു പൊയ്ക്കൊള്ളുക. നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here