മുപ്പത്തിരണ്ടാം വാരം: ചൊവ്വ ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (14/11/17)

ഒന്നാം വായന
ജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ നിന്ന് (2:23-3:9)
(അവള്‍ മരിച്ചതായി ഭോഷന്‍മാര്‍ കരുതി; അവരാകട്ടെ ശാന്തി
അനുഭവിക്കുന്നു)
ദൈവം മനുഷ്യനെ അനശ്വരതയ്ക്കുവേണ്ടി സൃഷ്ടിച്ചു; തന്‍റെഅനന്തതയുടെസാദൃശ്യത്തില്‍ നിര്‍മിച്ചു. പിശാചിന്‍റെ അസൂയനിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്‍റെ പക്ഷക്കാര്‍ അതനുഭവിക്കുന്നു. നീതിമാന്‍മാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്, ഒരു ഉപദ്രവവും അവരെ സ്പര്‍ശിക്കുകയില്ല. അവര്‍ മരിച്ചതായി ഭോഷന്‍മാര്‍ കരുതി; അവരുടെ മരണം പീഡനമായും നമ്മില്‍നിന്നുള്ള വേര്‍പാട് നാശമായും അവര്‍ കണക്കാക്കി; അവരാകട്ടെ ശാന്തി അനുഭവിക്കുന്നു. ശിക്ഷിക്കപ്പെട്ടവരെന്ന് മനുഷ്യദൃഷ്ടിയില്‍ തോന്നിയാലും അനശ്വരമായ പ്രത്യാശയുള്ളവരാണവര്‍. ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്നു കാണുകയും ചെയ്തു. അല്‍പകാലശിക്ഷണത്തിനുശേഷം അവര്‍ക്കു വലിയ നന്‍മ കൈവരും. ഉലയില്‍ സ്വര്‍ണമെന്നപോലെ അവിടുന്ന് അവരെ ശോധനചെയ്ത് ദഹനബലിയായി സ്വീകരിച്ചു. അവിടുത്തെ സന്ദര്‍ശനത്തില്‍ അവര്‍ പ്രശോഭിക്കും. വയ്ക്കോലില്‍ തീപ്പൊരിയെന്നപോലെ അവര്‍ കത്തിപ്പടരും. അവര്‍ ജനതകളെ ഭരിക്കും; രാജ്യങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കും. കര്‍ത്താവ് അവരെ എന്നേക്കും ഭരിക്കും. അവിടുത്തെ ആശ്രയിക്കുന്നവര്‍ സത്യം ഗഹിക്കും; വിശ്വസ്തര്‍ അവിടുത്തെ സ്നേഹത്തില്‍ വസിക്കും. അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെമേല്‍ അവിടുന്ന് കരുണയും അനുഗ്രഹവും വര്‍ഷിക്കും; വിശുദ്ധരെ അവിടുന്ന് പരിപാലിക്കുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 34:1-2, 15-16,17-18)
R (v.1a) കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും.
1. കര്‍ത്താവിനെ ഞാന്‍ എന്നും പുകഴ്ത്തും, അവിടുത്തെ സ്തുതികള്‍ എപ്പോഴും എന്‍റെ അധരങ്ങളിലുണ്ടായിരിക്കും. കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു; പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ!
R കര്‍ത്താവിനെ ഞാന്‍ ……………….
2. കര്‍ത്താവു നീതിമാന്‍മാരെ കടാക്ഷിക്കുന്നു; അവിടുന്ന് അവരുടെ വിലാപം ശ്രവിക്കുന്നു. ദുഷ്കര്‍മ്മികളുടെ ഓര്‍മ ഭൂമിയില്‍നിന്നു വിച്ഛേദിക്കാന്‍ കര്‍ത്താവ് അവര്‍ക്കെതിരേ മുഖം തിരിക്കുന്നു.
R കര്‍ത്താവിനെ ഞാന്‍ ……………….
3. നീതിമാന്‍മാര്‍ സഹായത്തിനു നിലവിളിക്കുമ്പോള്‍ കര്‍ത്താവു കേള്‍ക്കുന്നു; അവരെ സകലവിധ കഷ്ടതകളിലുനിന്ന് രക്ഷിക്കുന്നു. ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്; മനുമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.
R കര്‍ത്താവിനെ ഞാന്‍ ……………….
രണ്ടാം വര്‍ഷം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ തീത്തോസിന്
എഴുതിയ ലേഖനത്തില്‍നിന്ന് (2: 1-8, 11-14)
(ദൈവത്തിന്‍റെയും രക്ഷകനായ യേശുക്രിസ്തുവിന്‍റെയും മഹത്വം
പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍ പോകുന്ന അനുഗ്രഹപൂര്‍ണ്ണമായ
പ്രത്യാശയെ നാം കാത്തിരിക്കുന്നു)
വാത്സല്യമുള്ളവനേ, നീ ശരിയായ വിശ്വസസംഹിതയനുസരിച്ചുള്ള കാര്യങ്ങള്‍ പഠിപ്പിക്കുക. പ്രായംചെന്ന പുരുഷന്‍മാര്‍ മിതത്വം പാലിക്കുന്നവരും ഗൗരവബുദ്ധികളും വിവേകികളും വിശ്വാസത്തിലും സ്നേഹത്തിലും സഹനത്തിലും ദൃഢതയുള്ളവരും ആയിരിക്കാന്‍ നീ ഉപദേശിക്കുക. പ്രായംചെന്ന സ്ത്രീകള്‍ ആദരപൂര്‍വം പെരുമാറുകയും പരദൂഷണം ഒഴിവാക്കുകയും മദ്യപാനത്തിന് അടിമകളാകാതിരിക്കുകയും ചെയ്യാന്‍ അവരെ ഉപദേശിക്കുക. അവര്‍ നല്ല കാര്യങ്ങള്‍ പഠിപ്പിക്കട്ടെ. ഭര്‍ത്താക്കന്‍മാരെയും കുട്ടികളെയും സ്നേഹിക്കാനും, വിവേകവും ചാരിത്രശുദ്ധിയും കുടുംബജോലികളില്‍ താത്പര്യവും ദയാശീലവും ഭര്‍ത്താക്കന്‍മാരോടു വിധേയത്വവും ഉള്ളവരാകാനും യുവതികളെ അവര്‍ പരിശീലിപ്പിക്കട്ടെ. അങ്ങനെ, ദൈവവചനത്തെ അപകീര്‍ത്തിയില്‍നിന്ന് ഒഴിവാക്കാന്‍ അവര്‍ക്കു കഴിയും. ഇപ്രകാരം തന്നെ, ആത്മനിയന്ത്രണം പാലിക്കാന്‍ യുവാക്കന്‍മാരെ ഉദ്ബോധിപ്പിക്കുക. നീ എല്ലാവിധത്തിലും സത്പ്രവൃത്തികള്‍ക്കു മാതൃകയായിരിക്കുക; നിന്‍റെ പ്രബോധനങ്ങളില്‍ സത്യസന്ധതയും ഗൗരവബോധവും , ആരും കുറ്റം പറയാത്തവിധം നിര്‍ദോഷമായ സംസാരരീതിയും പ്രകടമാക്കുക. അങ്ങനെയായാല്‍ എതിരാളികള്‍ നമ്മെപ്പറ്റി ഒരു കുറ്റവും പറയാന്‍ അവസരമില്ലാത്തതിനാല്‍ ലജ്ജിക്കും.
എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്‍റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നിര്‍മതത്വവും ലൗകികമോഹങ്ങളും ഉപേക്ഷിക്കാനും ഈ ലോകത്തില്‍ സമചിത്തതയും നിതിനിഷ്ഠയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാനും അതു നമ്മെ പരിശീലിപ്പിക്കുന്നു. അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്‍റെയും രക്ഷകനായ യേശുക്രിസ്തുവിന്‍റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍പോകുന്ന അനുഗ്രഹപൂര്‍ണ്ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു. യേശുക്രിസ്തു എല്ലാ തിന്‍മകളിലുംനിന്നു നമ്മെ മോചിപ്പിക്കുന്നതിനും, സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ തീക്ഷ്ണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയര്‍പ്പിച്ചു. ഇക്കാര്യങ്ങള്‍ നീ പ്രഖ്യാപിക്കുക; തികഞ്ഞ അധികാരത്തോടെ നീ ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും ശാസിക്കുകയും ചെയ്യുക. ആരും നിന്നെ അവഗണിക്കാതിരിക്കട്ടെ.
കര്‍ത്താവിന്‍റെ വചനം.
പ്രതിവചനസങ്കീര്‍ത്തനം( 37:3-4,18+23,27+29)
R (v.39a) നീതിമാന്‍മാരുടെ രക്ഷ കര്‍ത്താവില്‍നിന്നാണ്.
1. ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചു നന്‍മ ചെയ്യുക; അപ്പോള്‍ ഭൂമിയില്‍ സുരക്ഷിതനായി വസിക്കാം. കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്‍റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും.
R നീതിമാന്‍മാരുടെ രക്ഷ……………….
2. കര്‍ത്താവു നിഷ്കളങ്കരുടെ ദിനങ്ങള്‍ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കുമ. മനുഷ്യന്‍റെ പാദങ്ങളെ നയിക്കുന്നതു കര്‍ത്താവാണ്; തനിക്കു പ്രീതികരമായി ചരിക്കുന്നവനെ അവിടുന്നു സുസ്ഥിരനാക്കും.
R നീതിമാന്‍മാരുടെ രക്ഷ……………….
3. തിന്‍മയില്‍നിന്ന് അകന്നു നന്‍മ ചെയ്യുക, എന്നാല്‍, നിനക്കു സ്ഥിരപ്രതിഷ്ഠ ലഭിക്കും. നീതിമാന്‍മാര്‍ ഭൂമി കൈവശമാക്കും; അതില്‍ നിത്യം വസിക്കുകയും ചെയ്യും.
R നീതിമാന്‍മാരുടെ രക്ഷ……………….
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.14:23) കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പാലിക്കും. അപ്പോള്‍ എന്‍റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള്‍ അവന്‍റെ അടുത്തുവന്ന് അവനില്‍ വാസമുറപ്പിക്കുകയും ചെയ്യും – അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (17:7-10)
(ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്‍മാരാണ്: കടമ നിര്‍വ്വഹിച്ചതേയുള്ളു)
അക്കാലത്ത്, യേശു അരുളിച്ചെയ്തു: നിങ്ങളുടെ ഒരു ഭൃത്യന്‍ ഉഴുകുകയോ ആടുമേയിക്കുകയോ ചെയ്തിട്ടു വയലില്‍ നിന്നു തിരിച്ചുവരുമ്പോള്‍ അവനോട്, നീ ഉടനെ വന്ന് ഭക്ഷണത്തിനിരിക്കുക എന്നു നിങ്ങളിലാരെങ്കിലും പറയുമോ? എനിക്കു ഭക്ഷണം തയ്യാറാക്കുക. ഞാന്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതുവരെ അരമുറുക്കി എന്നെ പരിചരിക്കുക; അതിനുശേഷം നിനക്കു തിന്നുകയും കുടിക്കുകയും ചെയ്യാം എന്നല്ലേ നിങ്ങള്‍ പറയുക. കല്‍പിക്കപ്പെട്ടതു ചെയ്തതുകൊണ്ട് ദാസനോടു നിങ്ങള്‍ നന്ദി പറയുമോ? ഇതുപോലെ തന്നെ നിങ്ങളും കല്‍പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്‍മാരാണ്; കടമ നിര്‍വഹിച്ചതേയുള്ളു എന്നു പറയുവിന്‍.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here