മുപ്പത്തിമൂന്നാം വാരം: ശനി – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (25/11/17)

ഒന്നാം വായന
മക്കബായരുടെ രണ്ടാം പുസ്തകത്തില്‍ നിന്ന് (6:1-13)
(ജറസലേമില്‍ ഞാന്‍ ചെയ്ത അകൃത്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു )
അക്കാലത്ത്, അന്തിയോക്കസ് രാജാവ് ഉത്തരപ്രവിശ്യകളിലൂടെ കടന്നുപോകുമ്പോള്‍, പേര്‍ഷ്യായിലെ എലിമായിസ് സ്വര്‍ണത്തിനും വെള്ളിക്കും പ്രശസ്തിയാര്‍ജ്ജിച്ച ഒരു നഗരമാണെന്നു കേട്ടു. ഫിലിപ്പിന്‍റെ പുത്രനും ഗ്രീക്കുകാരെ ആദ്യം ഭരിച്ച മക്കെദോനിയാരാജാവുമായ അലക്സാണ്ടര്‍ ഉപേക്ഷിച്ചിട്ടുപോയ സ്വര്‍ണപരിചകള്‍, കവചങ്ങള്‍, ആയുധങ്ങള്‍ എന്നിവ സൂക്ഷിക്കപ്പെട്ടിരുന്നു. അവിടത്തെ ക്ഷേത്രം വളരെ സമ്പന്നമായിരുന്നു. അതിനാല്‍, അന്തിയോക്കസ് വന്ന് നഗരം പിടിച്ചടക്കി കൊള്ള ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ, അതു സാധിച്ചില്ല. കാരണം, അവന്‍റെ തന്ത്രം മനസ്സിലാക്കിയ നഗരവാസികള്‍ അവനോടു യുദ്ധംചെയ്തു ചെറുത്തുനിന്നു. യുദ്ധക്കളത്തില്‍നിന്നു പലായനംചെയ്ത അന്തിയോക്കസ് ഭഗ്നാശനായി ബാബിലോണിലേക്കു പിന്‍വാങ്ങി.
യൂദാദേശം ആക്രമിക്കാന്‍ പോയ സൈന്യം പരാജയപ്പെട്ടുവെന്നു പേര്‍ഷ്യയില്‍വച്ച് ഒരു ദൂതന്‍ അന്തിയോക്കസിനെ അറിയിച്ചു. ലിസിയാസ് ആദ്യം ശക്തമായൊരു സൈന്യവുമായി ചെന്നെങ്കിലും യഹൂദര്‍ അവനെ തുരത്തിയോടിച്ചു. തങ്ങള്‍ തോല്‍പിച്ച സൈന്യങ്ങളില്‍നിന്നു പിടിച്ചെടുത്ത ആയുധങ്ങള്‍, വിഭവങ്ങള്‍, കൊള്ളവസ്തുക്കള്‍ എന്നിവകൊണ്ടു യഹൂദരുടെ ശക്തി വര്‍ദ്ധിച്ചിരിക്കുന്നു. ജറുസലെമിലെ ബലിപീഠത്തില്‍ അവന്‍ സ്ഥാപിച്ച മ്ലേഛവിഗ്രഹം അവര്‍ തച്ചുടച്ചു: വിശുദ്ധമന്ദിരത്തിനു ചുറ്റും മുന്‍പുണ്ടായിരുന്നതുപോലെ ഉയരമുള്ള മതിലുകള്‍ പണിയുകയും അവന്‍റെ നഗരമായ ബത്സൂറിനെ കോട്ടകെട്ടി സുശക്തമാക്കുകയും ചെയ്തിരിക്കുന്നു. ഈ വാര്‍ത്ത കേട്ടപ്പോള്‍ രാജാവ് അത്ഭുതസ്തബ്ധനായി. തന്‍റെ പദ്ധതികളനുസരിച്ചു കാര്യങ്ങള്‍ നടക്കാഞ്ഞതുമൂലം ദുഃഖാര്‍ത്തനും രോഗിയുമായിത്തീര്‍ന്ന അവന്‍ കിടപ്പിലായി. ആഴമേറിയ ദുഃഖത്തിന് അധീനനായിത്തീര്‍ന്ന അവന്‍ വളെരനാള്‍ കിടക്കയില്‍ത്തന്നെ കഴിഞ്ഞു. മരണമടുത്തുവെന്ന് അവന് ഉറപ്പായി. അതിനാല്‍, സുഹൃത്തുക്കളെ അടുക്കല്‍ വിളിച്ചുപറഞ്ഞു: എനിക്ക് ഉറക്കമില്ലാതായിരിക്കുന്നു. ആകുലതയാല്‍ എന്‍റെ ഹൃദയം തകരുന്നു. ഞാന്‍ എന്നോടുതന്നെ പറഞ്ഞുപോകുന്നു, പ്രതാപകാലത്ത് ദയാലുവും ജനസമ്മതനുമായിരുന്ന എനിക്ക് എത്ര വലിയ ദുരിതമാണു വന്നു ഭവിച്ചിരിക്കുന്നത്! എത്ര ആഴമുള്ള കയത്തില്‍ ഞാന്‍ വീണുപോയിരിക്കുന്നു! ജറുസലെമില്‍ ഞാന്‍ ചെയ്ത അകൃത്യങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. അവളുടെ കനകരജതപാത്രങ്ങളെല്ലാം ഞാന്‍ കവര്‍ച്ചചെയ്തു. ഒരു കാരണവും കൂടാതെ യൂദാനിവാസികളെ നശിപ്പിക്കാന്‍ ഞാന്‍ സൈന്യത്തെ വിട്ടു. ഇതിനാലാണ് ഈ അനര്‍ത്ഥങ്ങള്‍ എനിക്കു വന്നുകൂടിയതെന്നു ഞാനറിയുന്നു. ഇതാ അന്യദേശത്തു കിടന്നു ദുഃഖാധിക്യത്താല്‍ ഞാന്‍ മരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 9:1-2,3+5,15b+18)
R (v.14b) കര്‍ത്താവേ, അങ്ങു നല്‍കിയ വിമോചനമോര്‍ത്ത് ഞാന്‍ സന്തോഷിക്കട്ടെ.
1. പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും; അവിടുത്തെ അത്ഭുതപ്രവൃത്തികള്‍ ഞാന്‍ വിവരിക്കും. ഞാന്‍ അങ്ങയില്‍ ആഹ്ലാദിച്ചുല്ലസിക്കും; അത്യുന്നതനായവനേ, അങ്ങയുടെ നാമത്തിനു ഞാന്‍ , സ്തോത്രമാലപിക്കും.
R കര്‍ത്താവേ, അങ്ങു……………….
2. എന്തെന്നാല്‍, എന്‍റെ എതിരാളികള്‍ പിന്‍തിരിഞ്ഞോടിയപ്പോള്‍ കാലിടറി വീഴുകയും അങ്ങയുടെ മുന്‍പില്‍ നാശമടയുകയും ചെയ്തു. അവിടുന്നു ജനതകളെ ശകാരിച്ചു; അവിടുന്നു ദുഷ്ടരെ നശിപ്പിച്ചു; അവരുടെ നാമം എന്നേക്കുമായി മായിച്ചുകളഞ്ഞു.
R കര്‍ത്താവേ, അങ്ങു……………….
3. അങ്ങു നല്‍കിയ വിമോചനമോര്‍ത്തു സീയോന്‍പുത്രിയുടെ കവാടങ്ങളില്‍ ഞാന്‍ സന്തോഷിക്കട്ടെ! ദരിദ്രര്‍ എന്നേക്കും വിസമ്മതിക്കപ്പെടുകയില്ല; പാവങ്ങളുടെ പ്രത്യാശ എന്നേക്കുമായി അസ്തമിക്കുകയില്ല.
R കര്‍ത്താവേ, അങ്ങു……………….
രണ്ടാം വര്‍ഷം
ഒന്നാം വായന
വെളിപാടിന്‍റെ പുസ്തകത്തില്‍നിന്ന് (11:4-12)
(ഇവരാണ് ഭൂമിയില്‍ വസിക്കുന്നവരെ പീഡിപ്പിച്ചിരുന്ന രണ്ടു പ്രവാചകന്‍മാര്‍)
അക്കാലത്ത്, യോഹന്നാനായ എനിക്ക് ഇങ്ങനെ ഒരു നിര്‍ദ്ദേശം ലഭിച്ചു: ഇതാ, എന്‍റെ രണ്ടു സാക്ഷികള്‍. അവര്‍ ഭൂമിയുടെ നാഥന്‍റെ മുമ്പില്‍ നില്‍ക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ടു ദീപപീഠങ്ങളും ആണ്. ആരെങ്കിലും അവരെ ഉപദ്രവിക്കാന്‍ ഇച്ഛിച്ചാല്‍ അവരുടെ വായില്‍നിന്ന് അഗ്നി പുറപ്പെട്ടു ശത്രുക്കളെ ദഹിപ്പിച്ചുകളയും. അവരെ ഉപദ്രവിക്കാന്‍ പുറപ്പെടുന്നവര്‍ ഇങ്ങനെ കൊല്ലപ്പെടണം. തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴപെയ്യാതിരിക്കാന്‍വേണ്ടി ആകാശം അടയ്ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്. ജലാശയങ്ങളെ രക്തമാക്കി മാറ്റാനും, ആഗ്രഹിക്കുമ്പോഴൊക്കെ സകല മഹാമാരികളുംകൊണ്ടു ഭൂമിയെ പീഡിപ്പിക്കാനും അവര്‍ക്കധികാരം ഉണ്ട്. അവര്‍ തങ്ങളുടെ സാക്ഷ്യം നിറവേറ്റിക്കഴിയുമ്പോള്‍ പാതാളത്തില്‍നിന്നു കയറിവരുന്ന മൃഗം അവരോടു യുദ്ധംചെയ്ത് അവരെ കീഴടക്കി കൊല്ലും. സോദോം എന്നും ഈജിപ്ത് എന്നും പ്രതീകാര്‍ത്ഥത്തില്‍ വിളിക്കുന്ന മഹാനഗരത്തിന്‍റെ തെരുവില്‍ അവരുടെ മൃതദേഹം കിടക്കും. അവിടെവച്ചാണ് അവരുടെ നാഥന്‍ ക്രൂശിക്കപ്പെട്ടത്. ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും രാജ്യങ്ങളിലും നിന്നുള്ളവര്‍ മൂന്നരദിവസം അവരുടെ മൃതദേഹങ്ങള്‍ നോക്കിനില്‍ക്കും. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ അവര്‍ അനുവദിക്കുകയില്ല. ഭൂവാസികള്‍ അവരെക്കുറിച്ചു സന്തോഷിക്കും. ആഹ്ലാദം പ്രകടിപ്പിച്ച് അവര്‍ അന്യോന്യം സമ്മാനങ്ങള്‍ കൈമാറും. കാരണം, ഇവരാണ് ഭൂമിയില്‍ വസിക്കുന്നവരെ പീഡിപ്പിച്ചിരുന്ന രണ്ടു പ്രവാചകന്‍മാര്‍. മൂന്നര ദിവസത്തിനുശേഷം ദൈവത്തില്‍നിന്നുള്ള ജീവാത്മാവ് അവരില്‍ പ്രവേശിച്ചു. അവര്‍ എഴുന്നേറ്റു നിന്നു. അവരെ നോക്കിനിന്നവര്‍ വല്ലാതെ ഭയപ്പെട്ടു. സ്വര്‍ഗത്തില്‍നിന്നു വലിയ ഒരു സ്വരം തങ്ങളോട് ഇങ്ങനെ പറയുന്നത് അവര്‍ കേട്ടു. ഇങ്ങോട്ടു കയറിവരുവിന്‍. അപ്പോള്‍ ശത്രുക്കള്‍ നോക്കിനില്‍ക്കേ അവര്‍ ഒരു മേഘത്തില്‍ സ്വര്‍ഗത്തിലേക്കു കയറി.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 144:1,2,9-10)
R (v.1a) എന്‍റെ അഭയശിലയായ കര്‍ത്താവ് വാഴ്ത്തപ്പെടട്ടെ.
1. എന്‍റെ അഭയശിലയായ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! യുദ്ധം ചെയ്യാന്‍ എന്‍റെ കൈകളെയും പടപൊരുതാന്‍ എന്‍റെ വിരലുകളെയും അവിടുന്നു പരിശീലിപ്പിക്കുന്നു
R എന്‍റെ അഭയശിലയായ……………….
2. അവിടുന്നാണ് എന്‍റെ അഭയശിലയും, ദുര്‍ഗവും, ശക്തികേന്ദ്രവും; എന്‍റെ വിമോചകനും പരിചയും ആയ അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; അവിടുന്നു ജനതകളെ കീഴടക്കുന്നു.
R എന്‍റെ അഭയശിലയായ……………….
3. ദൈവമേ, ഞാന്‍ അങ്ങേക്കു പുതിയ കീര്‍ത്തനം പാടും. ദശതന്ത്രീനാദത്തോടെ ഞാന്‍ അങ്ങയെ പുകഴ്ത്തും. അങ്ങാണു രാജാക്കന്‍മാര്‍ക്കു വിജയം നല്‍കുകയും അങ്ങയുടെ ദാസനായ ദാവീദിനെ രക്ഷിക്കുകയും ചെയ്യുന്നത്.
R എന്‍റെ അഭയശിലയായ……………….
അല്ലേലൂയാ!
അല്ലേലൂയാ! (2.തിമോത്തി.1: 10) നമ്മുടെ രക്ഷകനായ യേശുക്രിസ്തു മരണത്തെ ഇല്ലാതാക്കുകയും തന്‍റെ സുവിശേഷത്തിലൂടെ ജീവന്‍ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു . അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (20:27-40)
(അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്)
അക്കാലത്ത്, പുനരുത്ഥാനം നിഷേധിക്കുന്ന സദുക്കായരില്‍ ചിലര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു: ഗുരോ, ഒരാളുടെ വിവാഹിതനായ സഹോദരന്‍ സന്താനമില്ലാതെ മരിച്ചാല്‍, അവന്‍ ആ സഹോദരന്‍റെ വിധവയെ സ്വീകരിച്ച് അവനുവേണ്ടി സന്താനത്തെ ഉത്പാദിപ്പിക്കണമെന്ന് മോശ കല്‍പിച്ചിട്ടുണ്ട്. ഒരിടത്ത് ഏഴു സഹോദരന്‍മാര്‍ ഉണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ വിവാഹം ചെയ്തു; അവന്‍ സന്താനമില്ലാതെ മരിച്ചു. അനന്തരം, രണ്ടാമനും പിന്നെ മൂന്നാമനും അവളെ ഭാര്യയായി സ്വീകരിച്ചു. അങ്ങനെ ഏഴുപേരും സന്താനമില്ലാതെ മരിച്ചു. അവസാനം ആ സ്ത്രീയും മരിച്ചു. പുനരുത്ഥാനത്തില്‍ അവള്‍ അവരില്‍ ആരുടെ ഭാര്യയായിരിക്കും? അവള്‍ ഏഴുപേരുടെയും ഭാര്യായായിരുന്നല്ലോ. യേശു അവരോടു പറഞ്ഞു: ഈ യുഗത്തിന്‍റെ സന്താനങ്ങള്‍ വിവാഹം ചെയ്യുകയും ചെയ്തുകൊടുക്കുകയും ചെയ്യുന്നു. എന്നാല്‍, വരാനിരിക്കുന്ന യുഗത്തെ പ്രാപിക്കുന്നതിനും മരിച്ചവരില്‍നിന്ന് ഉയിര്‍ക്കുന്നതിനും യോഗ്യരായവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പുനരുത്ഥാനത്തിന്‍റെ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്‍മാര്‍ക്കു തുല്യരും ദൈവമക്കളുമാണ്. ആകയാല്‍, അവര്‍ക്ക് ഇനിയും മരിക്കാന്‍ സാധിക്കുകയില്ല. മോശപോലും മുള്‍പ്പടര്‍പ്പിങ്കല്‍ വച്ചു കര്‍ത്താവിനെ, അബ്രാഹത്തിന്‍റെ ദൈവമെന്നും ഇസഹാക്കിന്‍റെ ദൈവമെന്നും യാക്കോബിന്‍റെ ദൈവമെന്നും വിളിച്ചുകൊണ്ട്, മരിച്ചവര്‍ ഉയിര്‍ക്കുമെന്നു കാണിച്ചു തന്നിട്ടുണ്ട്. അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ. നിയമജ്ഞരില്‍ ചിലര്‍ ഗുരോ, നീ ശരിയായി സംസാരിക്കുന്നു എന്നു പറഞ്ഞു. അവനോട് എന്തെങ്കിലും ചോദിക്കാന്‍ പിന്നീട് അവര്‍ മുതിര്‍ന്നില്ല.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here