മുപ്പത്തിമൂന്നാം വാരം: വ്യാഴം – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (23/11/17)

ഒന്നാം വായന
മക്കബായരുടെ രണ്ടാം പുസ്തകത്തില്‍ നിന്ന് (2:15-29)
(ഞങ്ങളുടെ പിതാക്കന്‍മാരുടെ ഉടമ്പടിയനുസരിച്ചു ജീവിക്കും )
അക്കാലത്ത്, ജനങ്ങളെ മതത്യാഗത്തിനു നിര്‍ബന്ധിച്ചിരുന്ന രാജസേവകര്‍ അവരെക്കൊണ്ടു ബലിയര്‍പ്പണം ചെയ്യിക്കാന്‍ മൊദെയിന്‍ നഗരത്തിലെത്തി. ഇസ്രായേലില്‍നിന്നു വളരെപ്പേര്‍ അവരുടെ അടുത്തുചെന്നു. മത്താത്തിയാസും പുത്രന്‍മാരും അവിടെ ഒരുമിച്ചുകൂടി. രാജസേവകര്‍ മത്താത്തിയാസിനോടു പറഞ്ഞു: നീ ഈ നഗരത്തില്‍ ആദരിക്കപ്പെടുന്ന മഹാനായ നേതാവാണ്. പുത്രന്‍മാരുടേയും സഹോദരന്‍മാരുടേയും പിന്തുണയും നിനക്കുണ്ട്. സകല വിജാതീയരും യൂദായിലെ ജനങ്ങളും ജറുസലെമില്‍ അവശേഷിച്ചിട്ടുള്ളവരും ചെയ്തതുപോലെ ഇപ്പോള്‍ രാജശാസനമുനുസരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ നീ ഒന്നാമനായിരിക്കണം. എങ്കില്‍, നീയും പുത്രന്‍മാരും രാജാവിന്‍റെ സുഹൃത്തുക്കളായി പരിഗണിക്കപ്പെടും. സ്വര്‍ണവും വെള്ളിയും മറ്റനവധി പാരിതോഷികങ്ങളും കൊണ്ട് നീയും പുത്രന്‍മാരും ബഹുമാനിതരാവുകയും ചെയ്യും. എന്നാല്‍, മത്താത്തിയാസ് മറുപടിയായി ദൃഢസ്വരത്തില്‍ പറഞ്ഞു: രാജാവിന്‍റെ ഭരണത്തിന്‍ കീഴിലുള്ള എല്ലാ ജനതകളും അവനെ അനുസരിക്കുകയും ഓരോരുത്തരും താന്താങ്ങളുടെ പിതാക്കന്‍മാരുടെ മതവിശ്വാസത്തില്‍നിന്നു വ്യതിചലിച്ച് അവന്‍റെ കല്‍പനകള്‍ പാലിക്കാന്‍ തീരുമാനിക്കുകയും ചെയ്താലും ഞാനും എന്‍റെ പുത്രന്‍മാരും എന്‍റെ സഹോദരന്‍മാരും ഞങ്ങളുടെ പിതാക്കന്‍മാരുടെ ഉടമ്പടിയനുസരിച്ചു ജീവിക്കും. നിയമവും കല്‍പനകളും ഞങ്ങള്‍ ഒരുനാളും തിരസ്ക്കരിക്കുകയില്ല. രാജകല്‍പന അനുസരിക്കാനായി ഞങ്ങളുടെ മതവിശ്വാസത്തില്‍നിന്നു ഞങ്ങള്‍ അണുവിട വ്യതിചലിക്കുകയില്ല.
മത്താത്തിയാസ് ഈ വാക്കുകള്‍ അവസാനിച്ചപ്പോള്‍, എല്ലാവരും നോക്കിനില്‍ക്കേ, മൊദേയിനിലെ ബലിപീഠത്തില്‍ രാജകല്‍പനപ്രകാരം ബലിയര്‍പ്പിക്കാന്‍ ഒരു യഹൂദന്‍ മുന്നോട്ടു വന്നു. അതുകണ്ട് മത്താത്തിയാസ് തീക്ഷ്ണതകൊണ്ടു ജ്വലിച്ചു: അവന്‍റെ ഹൃദയം പ്രഷുബ്ധമായി. ധാര്‍മികരോഷം പൂണ്ട് അവന്‍ പാഞ്ഞുചെന്ന് ആ യഹൂദനെ ബലിപീഠത്തില്‍വച്ചുതന്നെ വധിച്ചു. ബലിയര്‍പ്പിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്ന രാജസേവകനെയും അവന്‍ വധിച്ചു; ബലിപീഠം ഇടിച്ചുനിരത്തി. സാലുവിന്‍റെ പുത്രനായ സിമ്രിക്കെതിരേ ഫിനെഹാസ് എന്നപോലെ, നിയമത്തെപ്രതിയുള്ള തീക്ഷ്ണതയാല്‍ അവന്‍ ജ്വലിച്ചു. മത്താത്തിയാസ് സ്വരമുയര്‍ത്തി നഗരത്തില്‍ വിളിച്ചുപറഞ്ഞു: നിയമത്തെപ്രതി തീഷ്ണതയുള്ളവരും ഉടമ്പടി ആദരിക്കുന്നവരും എന്നോടൊത്തു വരുവിന്‍! അതിനുശേഷം അവനും പുത്രന്‍മാരും തങ്ങള്‍ക്കു നഗരത്തിലുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ച് മലകളിലേക്ക് ഓടിപ്പോയി. നീതിക്കും ന്യായത്തിനുംവേണ്ടി നിലകൊണ്ടിരുന്ന വളരെപ്പേര്‍ വനാന്തരങ്ങളിലേക്ക് താമസംമാറ്റി.

കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 50:1-2,5-6,14-15)
R (v.23b) നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവന് ദൈവത്തിന്‍റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
1. കര്‍ത്താവായ ദൈവം, ശക്തനായവന്‍, സംസാരിക്കുന്നു; കിഴക്കു മുതല്‍ പടിഞ്ഞാറുവരെയുള്ള ഭൂമി മുഴുവനെയും അവിടുന്നു വിളിക്കുന്നു. സൗന്ദര്യത്തികവായ സീയോനില്‍ നിന്നു ദൈവം പ്രകാശിക്കുന്നു. നമ്മുടെ ദൈവം വരുന്നു, അവിടുന്നു മൗനമായിരിക്കുകയില്ല.
R നേരായ മാര്‍ഗത്തില്‍……………….
2. ബലിയര്‍പ്പണത്തോടെ എന്നോട് ഉടമ്പടിചെയ്തിട്ടുള്ള എന്‍റെ വിശ്വസ്തത എന്‍റെ അടുത്തു വിളിച്ചുകൂട്ടുവിന്‍. ആകാശം അവിടുത്തെ നീതിയെ ഉദ്ഘോഷിക്കുന്നു; ദൈവം തന്നെയാണു വിധികര്‍ത്താവ്.
R നേരായ മാര്‍ഗത്തില്‍……………….
3. കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനര്‍പ്പിക്കുന്ന ബലി; അത്യുന്നതനുള്ള നിന്‍റെ നേര്‍ച്ചകള്‍ നിറവേറ്റുക. അനര്‍ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
R നേരായ മാര്‍ഗത്തില്‍……………….
രണ്ടാം വര്‍ഷം
ഒന്നാം വായന
വെളിപാടിന്‍റെ പുസ്തകത്തില്‍നിന്ന് (5:1-10)
(കുഞ്ഞാടു വധിക്കപ്പെടുകയും അതിന്‍റെ രക്തത്താല്‍
സര്‍വജാതികളിലുംനിന്നുള്ളവരെ വിലയ്ക്കു വാങ്ങുകയും ചെയ്തു)
ഞാന്‍ യോഹന്നാന്‍, സിംഹാസനസ്ഥന്‍റെ വലത്തുകൈയില്‍, അകത്തും പുറത്തും എഴുതപ്പെട്ടതും സപ്തമുദ്രകള്‍ പതിച്ചതുമായ ഒരു പുസ്തകച്ചുരുള്‍ കണ്ടു. ശക്തനായ ഒരു ദൂതനെയും ഞാന്‍ കണ്ടു. അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: ഈ ചുരുള്‍ നിവര്‍ത്താനും അതിന്‍റെ മുദ്രകള്‍ പൊട്ടിക്കാനും അര്‍ഹതയുള്ള ആരുണ്ട്? എന്നാല്‍, സ്വര്‍ഗത്തിലോ ഭൂമിയിലോ ഭൂമിക്കടിയിലോ ഉള്ള ആര്‍ക്കും ഈ ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോ കഴിഞ്ഞില്ല. ചുരുള്‍ നിവര്‍ത്താനോ അതിലേക്കു നോക്കാനോ യോഗ്യനായി ആരെയും കണ്ടെത്താഞ്ഞതിനാല്‍ ഞാന്‍ വളരെയയേറെക്കരഞ്ഞു. അപ്പോള്‍ ശ്രേഷ്ഠന്‍മാരിലൊരാള്‍ എന്നോടു പറഞ്ഞു: കരയാതിരിക്കു; ഇതാ, യൂദാവംശത്തില്‍നിന്നുള്ള സിംഹവും ദാവീദിന്‍റെ വേരും ആയവന്‍ വിജയിച്ചിരിക്കുന്നു. അവനു ചുരുള്‍ നിവര്‍ത്താനും സപ്തമുദ്രകള്‍ പൊട്ടിക്കാനും കഴിയും. അപ്പോള്‍, സിംഹാസനത്തിന്‍റെയും നാലു ജീവികളുടെയും മദ്ധ്യേ, ശ്രേഷ്ഠന്‍മാരുടെ നടുവില്‍, കൊല്ലപ്പെട്ടതായി തോന്നുന്ന ഒരു കുഞ്ഞാടു നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവന് ഏഴു കൊമ്പുകളും എഴു കണ്ണുകളും ഉണ്ട്; ഈ കണ്ണുകള്‍ ലോകമെമ്പാടും അയയ്ക്കപ്പെട്ട ദൈവത്തിന്‍റെ സപ്താത്മാക്കളാണ്. അവന്‍ ചെന്നു സിംഹാസനസ്ഥന്‍റെ വലത്തുകൈയില്‍നിന്നു ചുരുള്‍വാങ്ങി. അവന്‍ അതു സ്വീകരിച്ചപ്പോള്‍ നാലു ജീവികളും ഇരുപത്തിനാലുശ്രേഷ്ഠന്‍മാരും കുഞ്ഞാടിന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു. ഓരോരുത്തരും വീണയും വിശുദ്ധരുടെ പ്രാര്‍ത്ഥനകളാകുന്ന പരിമളദ്രവ്യവും നിറഞ്ഞ സ്വര്‍ണകലശങ്ങളും കൈയിലേന്തിയിരുന്നു. അവര്‍ നവ്യഗാനം ആലപിച്ചു: പുസ്തകച്ചുരുള്‍ സ്വീകരിക്കാനും അതിന്‍റെ മുദ്രകള്‍ തുറക്കാനും നീ യോഗ്യനാണ്. കാരണം, നീ വധിക്കപ്പെടുകയും നിന്‍റെ രക്തംകൊണ്ട് എല്ലാ ഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളിലും നിന്നുള്ളവരെ ദൈവത്തിനുവേണ്ടി വിലയ്ക്കുവാങ്ങുകയും ചെയ്തു. നീ അവരെ നമ്മുടെ ദൈവത്തിന് ഒരു രാജ്യവും പുരോഹിതന്‍മാരും ആക്കി. അവന്‍ ഭൂമിയുടെമേല്‍ ഭരണം നടത്തും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 149:1-2,3-4,5-6a+9b)
R (വെളി.5:10) അങ്ങു ഞങ്ങളെ ഒരു രാജ്യവും പുരോഹിതന്‍മാരുമാക്കി.(അല്ലെങ്കില്‍: അല്ലേലൂയാ)
1. കര്‍ത്താവിനു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; വിശുദ്ധരുടെ സമൂഹത്തില്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. ഇസ്രായേല്‍ തന്‍റെ സ്രഷ്ടാവില്‍ സന്തോഷിക്കട്ടെ! സീയോന്‍റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ!
R അങ്ങു ഞങ്ങളെ……………….
2. നൃത്തംചെയതുകൊണ്ട് അവര്‍ അവിടുത്തെ നാമത്തെ സ്തുതിക്കട്ടെ! തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവര്‍ അവിടുത്തെ സ്തുതിക്കട്ടെ! എന്തെന്നാല്‍, കര്‍ത്താവു തന്‍റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു, എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു.
R അങ്ങു ഞങ്ങളെ………………
3. വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ! അവര്‍ തങ്ങളുടെ കിടക്കകളില്‍ ആനന്ദംകൊണ്ടു പാടട്ടെ! അവരുടെ കണ്ഠങ്ങളില്‍ ദൈവത്തിന്‍റെ സ്തുതി ഉയരട്ടെ. അവിടുത്തെ വിശ്വസ്തര്‍ക്ക് ഇതു മഹത്വമാണ്.
R അങ്ങു ഞങ്ങളെ………………
അല്ലേലൂയാ!
അല്ലേലൂയാ! (Ps .95: 7a+8b) നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍, നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (19:41-44)
(സമാധാനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ ദിവസത്തിലെങ്കിലും
നീ അറിഞ്ഞിരുന്നെങ്കില്‍!)
അക്കാലത്ത്, യേശു ജറുസലെമിന് അടുത്തുവന്ന് പട്ടണം കണ്ടപ്പോള്‍ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ടു പറഞ്ഞു: സമാധാനത്തിനുള്ള മാര്‍ഗങ്ങള്‍ ഈ ദിവസത്തിലെങ്കിലും നീ അറിഞ്ഞിരുന്നെങ്കില്‍! എന്നാല്‍, അവ ഇപ്പോള്‍ നിന്‍റെ ദൃഷ്ടിയില്‍ നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു. ശത്രുക്കള്‍ നിനക്കു ചുറ്റും പാളയമടിച്ചു നിന്നെ വളയുകയും, എല്ലാ ഭാഗത്തുംനിന്നു നിന്നെ ഞെരുക്കുകയും ചെയ്യുന്ന ദിവസങ്ങള്‍ വരും. നിന്നെയും നിന്‍റെ മക്കളെയും നശിപ്പിക്കുകയും നിന്നില്‍ കല്ലിന്‍മേല്‍ കല്ലുശേഷിപ്പിക്കാതിരിക്കുകയും ചെയ്യും. എന്തെന്നാല്‍, നിന്‍റെ സന്ദര്‍ശനദിനം നീ അറിഞ്ഞില്ല.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here