മുപ്പത്തിമൂന്നാം വാരം: വെള്ളി – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (24/11/17)

ഒന്നാം വായന
മക്കബായരുടെ രണ്ടാം പുസ്തകത്തില്‍ നിന്ന് (4:36-37, 52-59)
(അവര്‍ ബലിപീഠത്തിന്‍റെപ്രതിഷ്ഠ ആഘോഷിച്ചു; ആഹ്ളാദപൂര്‍വം
ദഹനബലികളര്‍പ്പിച്ചു)
അക്കാലത്ത്, യൂദാസും സഹോദരന്‍മാരും പറഞ്ഞു: ഇതാ, നമ്മുടെ ശത്രുക്കള്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു. നമുക്കുപോയി വിശുദ്ധസ്ഥലം വിശുദ്ധീകരിച്ചു പ്രതിഷ്ഠിക്കാം. സൈന്യത്തെ മുഴുവന്‍ വിളിച്ചുകൂട്ടി അവര്‍ സീയോന്‍മലയില്‍ കയറിച്ചെന്നു. നൂറ്റിനാല്‍പത്തിയെട്ടാം വര്‍ഷം ഒന്‍പതാംദിവസമായ കിസ്ലേവിന്‍റെ ഇരുപത്തഞ്ചാംദിവസം അവര്‍ അതിരാവിലെ ഉണര്‍ന്ന്, പുതുതായി പണിത ദഹനബലിപീഠത്തിന്‍മേല്‍ വിധിപ്രകാരം ബലി അര്‍പ്പിച്ചു. വിജാതീയര്‍ ബലിപീഠം അശുദ്ധമാക്കിയതിന്‍റെ വാര്‍ഷികദിവസത്തില്‍ത്തന്നെ ഗാനാലാപത്തോടും വീണ, കിന്നരം, കൈത്താളം എന്നിവയുടെ അകമ്പടിയോടുകൂടി അവര്‍ അതിന്‍റെ പുനഃപ്രതിഷ്ഠ നടത്തി. തങ്ങള്‍ക്കു വിജയം നേടിത്തന്ന ദൈവത്തെ ജനങ്ങളെല്ലാവരും സാഷ്ടാംഗംവീണ് ആറാധിക്കുകയും സ്തുതിക്കുകയും ചെയ്തു. എട്ടുദിവസത്തേക്ക് അവര്‍ ബലിപീഠത്തിന്‍റെ പ്രതിഷ്ഠ ആഘോഷിച്ചു; ആഹ്ലാദപൂര്‍വം ദഹനബലികളര്‍പ്പിച്ചു. മോചനത്തിന്‍റെയും സ്തുതിയുടേതുമായ ഒരു ബലിയും അവര്‍ അര്‍പ്പിച്ചു. ദേവാലയത്തിന്‍റെ മുന്‍വശം സ്വര്‍ണമകുടങ്ങളും പരിചകളുംകൊണ്ട് അലങ്കരിച്ചു; വാതിലുകള്‍ പുനരുദ്ധരിക്കുകയും പുരോഹിതന്‍മാരുടെ മുറികള്‍ നന്നാക്കി അവയ്ക്കു കതകുകള്‍ പിടിപ്പിക്കുകയും ചെയ്തു. ജനങ്ങളില്‍ ആഹ്ലാദം തിരതല്ലി. വിജാതീയരുടെ പരിഹാസത്തിന് അറുതിവന്നു. ആണ്ടുതോറും കിസ്ലേവ്മാസത്തിന്‍റെ ഇരുപത്തഞ്ചാം ദിവസംമുതല്‍ എട്ടു ദിവസത്തേക്ക് ആനന്ദത്തോടും ആഹ്ലാദത്തോടുംകൂടെ ബലിപ്രതിഷ്ഠയുടെ ഓര്‍മ ആചരിക്കണമെന്ന് യൂദാസും സഹോദരന്‍മാരും ഇസ്രായേല്‍ സമൂഹവുംകൂടി തീരുമാനിച്ചു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 1.ദിന.29:10,11abc,11d-12മ,12bcd)
R (v.13b) കര്‍ത്താവേ, അങ്ങയുടെ മഹത്വമുള്ള നാമത്തെ ഞങ്ങള്‍ സ്തുതിക്കുന്നു.
1. ഞങ്ങളുടെ പിതാവായ ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങ് എന്നേക്കും വാഴ്ത്തപ്പെട്ടവന്‍.
R കര്‍ത്താവേ, അങ്ങയുടെ……………….
2. കര്‍ത്താവേ, മഹത്വവും ശക്തിയും മഹിമയും വിജയവും ഔന്നത്യവും അങ്ങയുടേതാകുന്നു. ആകാശത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേത്. കര്‍ത്താവേ രാജ്യം അങ്ങയുടേത്.
R കര്‍ത്താവേ, അങ്ങയുടെ……………….
3. അങ്ങ് എല്ലാറ്റിന്‍റെയും അധീശനായി സ്തുതിക്കപ്പെടുന്നു. സമ്പത്തും ബഹുമാനവും അങ്ങാണു നല്‍കുന്നത്.
R കര്‍ത്താവേ, അങ്ങയുടെ……………….
4. അങ്ങ് സമസ്തവും ഭരിക്കുന്നു. അധികാരവും ശക്തിയും അങ്ങേക്ക് അധീനമായിരിക്കുന്നു. എല്ലാവരെയും ശക്തരും ഉന്നതന്‍മാരും ആക്കുന്നത് അങ്ങാണ്.
R കര്‍ത്താവേ, അങ്ങയുടെ……………….
രണ്ടാം വര്‍ഷം
ഒന്നാം വായന
വെളിപാടിന്‍റെ പുസ്തകത്തില്‍നിന്ന് (10:8-11)
(ഞാന്‍ ദൂതന്‍റെ കൈയില്‍നിന്നു ചുരുള്‍ വാങ്ങി വിഴുങ്ങി)
ഞാന്‍, യോഹന്നാന്‍, സ്വര്‍ഗത്തില്‍നിന്നു കേട്ട സ്വരം വീണ്ടും എന്നോടു പറഞ്ഞു: നീ പോയി കടലിലും കരയിലും നിലയുറപ്പിച്ചിരിക്കുന്ന ദൂതന്‍റെ കൈയില്‍നിന്ന് ആ നിവര്‍ത്തിയ ചുരുള്‍ വാങ്ങുക. ഞാന്‍ ദൂതന്‍റെ അടുത്തു ചെന്ന് ആ ചെറിയ ചുരുള്‍ ചോദിച്ചു. അവന്‍ പറഞ്ഞു: ഇതെടുത്തു വിഴുങ്ങുക. നിന്‍റെ ഉദരത്തില്‍ ഇതു കയ്പായിരിക്കും: എന്നാല്‍, വായില്‍ തേന്‍പോലെ മധുരിക്കും; ഞാന്‍ ദൂതന്‍റെ കൈയില്‍നിന്നു ചുരുള്‍ വാങ്ങി വിഴുങ്ങി. അത് എന്‍റെ വായില്‍ തേന്‍പോലെ മധുരിച്ചു. എന്നാല്‍, വിഴുങ്ങിയപ്പോള്‍ ഉദരത്തില്‍ അതു കയ്പായി മാറി. വീണ്ടും ഞാന്‍ കേട്ടു: നീ ഇനിയും അനേകം ജനതകളെയും രാജ്യങ്ങളെയും ഭാഷകളെയും രാജാക്കന്‍മാരെയും കുറിച്ചു പ്രവചിക്കണം.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 119:14+24,72+103,111+131)
R (v.103a) കര്‍ത്താവേ, അങ്ങയുടെ വാക്കുകള്‍ എനിക്ക് എത്ര മധുരമാണ്.
1. സമ്പത്സമൃദ്ധിയിലെന്നപോലെ അങ്ങയുടെ കല്‍പനകള്‍ പിന്തുടരുന്നതില്‍ ഞാന്‍ ആനന്ദിക്കും. അവിടുത്തെ കല്‍പനകളാണ് എന്‍റെ ആനന്ദം; അവയാണ് എനിക്ക് ഉപദേശം നല്‍കുന്നത്.
R കര്‍ത്താവേ, അങ്ങയുടെ……………….
2. ആയിരക്കണക്കിനു പൊന്‍വെള്ളിനാണയങ്ങളെക്കാള്‍ അങ്ങയുടെ വദനത്തില്‍നിന്നു പുറപ്പെടുന്ന നിയമമാണ് എനിക്ക് അഭികാമ്യം. അങ്ങയുടെ വാക്കുകള്‍ എനിക്ക് എത്ര മധുരമാണ്! അവ എന്‍റെ നാവിനു തേനിനെക്കാള്‍ മധുരമാണ്.
R കര്‍ത്താവേ, അങ്ങയുടെ……………….
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ.10: 27) കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (19:45-48)
(ദൈവത്തിന്‍റെ ഭവനത്തെ നിങ്ങള്‍ കവര്‍ച്ചക്കാരുടെ
ഗുഹയായി മാറ്റിയിരിക്കുന്നു)
അക്കാലത്ത്, യേശു ദേവാലയത്തില്‍ പ്രവേശിച്ച്, അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കാന്‍ തുടങ്ങി. അവന്‍ അവരോടു പറഞ്ഞു: എന്‍റെ ആലയം പ്രാര്‍ഥനാലയം എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു.
യേശു ദിവസവും ദേവാലയത്തില്‍ പഠിപ്പിച്ചിരുന്നു. പുരോഹിതപ്രമുഖന്‍മാരും നിയമജ്ഞരും ജനപ്രമാണികളും അവനെ നശിപ്പിക്കാനോ മാര്‍ഗം അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാല്‍, അവര്‍ക്ക് ഒന്നും ചെയ്യാന്‍് കഴിഞ്ഞില്ല. കാരണം, ജനങ്ങളെല്ലാം അവന്‍റെ വാക്കുകളില്‍ മുഴുകി അവനെ വിട്ടുപോകാതെ നിന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here