മുപ്പത്തിമൂന്നാം വാരം: ബുധന്‍ – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം -(22/11/17)

ഒന്നാം വായന
മക്കബായരുടെ രണ്ടാം പുസ്തകത്തില്‍ നിന്ന് (7:1, 20-31)
(ലോകസ്രഷ്ടാവ് നിങ്ങള്‍ക്ക് ശ്വാസവും ജീവനും വീണ്ടും നല്കും )
അക്കാലത്ത്, ഒരിക്കല്‍ രാജാവ് ഏഴു സഹോദരന്‍മാരെയും അവരുടെ അമ്മയെയും ബന്ധിച്ച് ചാട്ടയും ചമ്മട്ടിയുംകൊണ്ട് അടിച്ച് നിഷിദ്ധമായ പന്നിമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. ആ മാതാവാകട്ടെ. സവിശേഷമായ പ്രശംസയും സംപൂജ്യമായ സ്മരണയും അര്‍ഹിക്കുന്നു. ഒറ്റദിവസം ഏഴു പുത്രന്‍മാര്‍ വധിക്കപ്പെടുന്നത് കണ്ടെങ്കിലും, കര്‍ത്താവിലുള്ള പ്രത്യാശ നിമിത്തം അവള്‍ സധൈര്യം അതു സഹിച്ചു. പിതാക്കന്‍മാരുടെ ഭാഷയില്‍ അവള്‍ അവരോരുത്തരെയും ധൈര്യപ്പെടുത്തി. ശ്രേഷ്ഠമായ വിശ്വാസദാര്‍ഢ്യത്തോടെ സ്ത്രീസഹജമായ വിവേചനാശക്തിയെ പുരുഷോചിതമായ ധീരതകൊണ്ടു ബലപ്പെടുത്തി. അവള്‍ പറഞ്ഞു: നിങ്ങള്‍ എങ്ങനെ എന്‍റെ ഉദരത്തില്‍ രൂപംകൊണ്ടുവെന്ന് എനിക്ക് അറിവില്ല. നിങ്ങള്‍ക്കു ജീവനും ശ്വാസവും നല്‍കിയതും നിങ്ങളുടെ അവയവങ്ങള്‍ വാര്‍ത്തെടുത്തതും ഞാനല്ല. മനുഷ്യനെ ഉരുവാക്കുകയും എല്ലാറ്റിന്‍റെയും ആരംഭം ഒരുക്കുകയും ചെയ്ത ലോകസ്രഷ്ടാവ്, തന്‍റെ നിയമത്തെപ്രതി നിങ്ങള്‍ നിങ്ങളെത്തന്നെ വിസ്മരിക്കുന്നതിനാല്‍, കരുണാപൂര്‍വം നിങ്ങള്‍ക്കു ജീവനും ശ്വാസവും വീണ്ടും നല്‍കും.
അവള്‍ തന്നെ അവഹേളിക്കുകയാണെന്ന് അവളുടെ സ്വരംകൊണ്ട് അന്തിയോക്കസിനു തോന്നി. ഏറ്റവും ഇളയ സഹോദരന്‍ ഇനിയും ബാക്കിയുണ്ടായിരുന്നു. അവനോട് ആവശ്യപ്പെടുക മാത്രമല്ല, പിതാക്കന്‍മാരുടെ മാര്‍ഗത്തില്‍നിന്നു വ്യതിചലിക്കുകയാണെങ്കില്‍ അവന് ധനവും അസൂയാര്‍ഹമായ സ്ഥാനവും നല്‍കാമെന്നും തന്‍റെ സ്നേഹിതനായി സ്വീകരിച്ച് ഭരണകാര്യങ്ങളില്‍ അധികാരം ഏല്‍പിക്കാമെന്നും അന്തിയോക്കസ് അവനു ശപഥപൂര്‍വ്വം വാക്കുകൊടുക്കുകയും ചെയ്തു. ആ യുവാവ് സമ്മതിച്ചില്ല. അവന്‍റെ അമ്മയെ അടുക്കല്‍ വിളിച്ചു. തന്നെത്തന്നെ രക്ഷിക്കാന്‍ കുമാരനെ ഉപദേശിക്കണമെന്നു രാജാവ് നിര്‍ബന്ധിച്ചു. നിര്‍ബന്ധം കൂടിയപ്പോള്‍ അവള്‍ പുത്രനെ പ്രേരിപ്പിക്കാമെന്നേറ്റു. പുത്രന്‍റെമേല്‍ ചാഞ്ഞ് അവള്‍ ക്രൂരനായ ആ സ്വേഛാധിപതിയെ നിന്ദിച്ചുകൊണ്ടു മാതൃഭാഷയില്‍ പറഞ്ഞു: മകനേ, എന്നോടു ദയ കാണിക്കുക. ഒന്‍പതുമാസം ഞാന്‍ നിന്നെ ഗര്‍ഭത്തില്‍ വഹിച്ചു. മൂന്നുകൊല്ലം മുലയൂട്ടി, നിന്നെ ഇന്നുവരെ പോറ്റിവളര്‍ത്തി. മകനേ, ഞാന്‍ യാചിക്കുന്നു, ആകാശത്തെയും ഭൂമിയെയും നോക്കുക. അവയിലുള്ള ഓരോന്നും കാണുക. ഉണ്ടായിരുന്നവയില്‍ നിന്നല്ല ദൈവം അവയെ സൃഷ്ടിച്ചതെന്നു മനസ്സിലാക്കുക. മനുഷ്യരും അതുപോലെയാണ് സൃഷ്ടിക്കപ്പെട്ടത്. ഈ കശാപ്പുകാരനെ ഭയപ്പെടേണ്ടാ. സഹോദരന്‍മാര്‍ക്കു യോജിച്ചവനാണു നീയെന്നു തെളിയിക്കുക; മരണം വരിക്കുക. ദൈവകൃപയാല്‍ നിന്‍റെ സഹോദരന്‍മാരോടൊത്ത് എനിക്ക് നിന്നെ വീണ്ടും ലഭിക്കാനിടയാകട്ടെ.
അവള്‍ സംസാരിച്ചു തീര്‍ന്നയുടനെ യുവാവു ചോദിച്ചു; നിങ്ങള്‍ എന്തിനാണ് വൈകുന്നത്. രാജകല്‍പന ഞാന്‍ അനസരിക്കുകയില്ല, ഞങ്ങളുടെ മോശവഴി ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കു ലഭിച്ച നിയമം ഞാന്‍ അനുസരിക്കുന്നു. ഹെബ്രായജനത്തിനെതിരേ സകല ദുഷ്ടതകളും പ്രവര്‍ത്തിക്കുന്ന നീ ദൈവകരങ്ങളില്‍ നിന്നു രക്ഷപെടുകയില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 17:1,5-6,8b+15)
R (v.15b) കര്‍ത്താവേ, ഞാന്‍ അങ്ങയുടെ രൂപം കണ്ടു തൃപ്തിയടയും.
1. കര്‍ത്താവേ, എന്‍റെ ന്യായം കേള്‍ക്കണമേ! എന്‍റെ നിലവിളി ശ്രദ്ധിക്കണമേ! നിഷ്കപടമായ എന്‍റെ അധരങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥന ശ്രവിക്കണമേ!
R കര്‍ത്താവേ ഞാന്‍ അങ്ങയുടെ……………….
2. എന്‍റെ കാലടികള്‍ അങ്ങയുടെ പാതയില്‍ത്തന്നെ പതിഞ്ഞു; എന്‍റെ പാദങ്ങള്‍ വഴുതിയില്ല. ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും; അങ്ങു ചെവിചായിച്ച് എന്‍റെ വാക്കുകള്‍ ശ്രവിക്കണമേ!
R കര്‍ത്താവേ ഞാന്‍ അങ്ങയുടെ……………….
3. കണ്ണിന്‍റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളണമേ! നീതിനിമിത്തം ഞാന്‍ അങ്ങയുടെ മുഖം ദര്‍ശിക്കും; ഉണരുമ്പോള്‍ ഞാന്‍ അങ്ങയുടെ രൂപം കണ്ടു തൃപ്തിയടയും.
R കര്‍ത്താവേ ഞാന്‍ അങ്ങയുടെ……………….
രണ്ടാം വര്‍ഷം
ഒന്നാം വായന
വെളിപാടിന്‍റെ പുസ്തകത്തില്‍നിന്ന് (4:1-11)
(ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും
സര്‍വശക്തനും ദൈവവുമായ കര്‍ത്താവ് പരിശുദ്ധന്‍)
ഞാന്‍ യോഹന്നാന്‍, സ്വര്‍ഗത്തില്‍ ഒരു തുറന്ന വാതില്‍ കണ്ടു. കാഹളധ്വനിപോലെ ഞാന്‍ ആദ്യംകേട്ട സ്വരം എന്നോടു പറഞ്ഞു: ഇങ്ങോട്ടു കയറി വരൂ; ഇനിയും സംഭവിക്കേണ്ടവ നിനക്കു ഞാന്‍ കാണിച്ചു തരാം. പെട്ടെന്ന് ഞാന്‍ ആത്മീയാനുഭൂതയില്‍ ലയിച്ചു. അതാ, സ്വര്‍ഗത്തില്‍ ഒരു സിംഹാസനം ഒരുക്കപ്പെട്ടിരിക്കുന്നു. സിംഹാസനത്തില്‍ ഒരുവന്‍ ഇരിക്കുന്നു. സിംഹാസനസ്ഥന്‍ കാഴ്ചയില്‍ സൂര്യകാന്തംപോലെയും മാണിക്യം പോലെയും ആയിരുന്നു. സിംഹാസനത്തിനു ചുറ്റും മരതകം പോലെയുള്ള ഒരു മഴവില്ലും കാണപ്പെട്ടു. ആ സിംഹാസനത്തിനു ചുറ്റും ഇരുപത്തിനാലു സിംഹാസനങ്ങള്‍. അവയില്‍ ധവള വസ്ത്രധാരികളായ ഇരുപത്തിനാലു ശ്രേഷ്ഠന്‍മാര്‍. അവരുടെ ശിരസ്സില്‍ സ്വര്‍ണകീരീടങ്ങള്‍. സിംഹാസനത്തില്‍നിന്നു മിന്നല്‍പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കങ്ങളും പുറപ്പെടുന്നു. സിംഹാസനത്തിനു മുമ്പില്‍ ജ്വലിക്കുന്ന ഏഴു തീപ്പന്തങ്ങള്‍; ഇവ ദൈവത്തിന്‍റെ സപ്താത്മാക്കളാണ്. സിംഹാസനത്തിനു മുമ്പില്‍ ഒരു പളുങ്കുകടല്‍.
സിംഹാസനത്തിന്‍റെ മദ്ധ്യത്തിലും ചുറ്റിലുമായി നാലു ജീവികള്‍; അവയ്ക്കു മുമ്പിലും പിമ്പിലും നിറയെ കണ്ണുകള്‍. ഒന്നാമത്തെ ജീവി സിംഹത്തെപ്പോലെ; രണ്ടാമത്തേതു കാളയെപ്പോലെ; മൂന്നാമത്തേതിനു മനുഷ്യന്‍റേതുപോലുള്ള മുഖം. നാലാമത്തേതു പറക്കുന്ന കഴുകനെപ്പോലെ. ഈ നാലു ജീവികള്‍ക്കും ആറു ചിറകുകള്‍ വീതം. ചുറ്റിലും ഉള്ളിലും നിറയെ കണ്ണുകള്‍, രാപകല്‍ ഇടവിടാതെ അവ ഉദ്ഘോഷിക്കുന്നു: ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനും ദൈവവുമായ കര്‍ത്താവ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍. ആ ജീവികള്‍ സിംഹാസനസ്ഥന്, നിത്യം ജീവിക്കുന്നവന്, മഹത്വവും ബഹുമാനവും സ്തുതിയും നല്‍കിയപ്പോഴെല്ലാം ആ ഇരുപത്തിനാലു ശ്രേഷ്ഠന്‍മാര്‍ സിംഹാസനസ്ഥന്‍റെ മുമ്പില്‍ വീണ്, നിത്യം ജീവിക്കുന്നവനെ സാഷ്ടാംഗം പ്രണമിക്കുകയും തങ്ങളുടെ കിരീടങ്ങള്‍ സിംഹാസനത്തിനു മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തിരുന്നു: ഞങ്ങളുടെ ദൈവവും കര്‍ത്താവുമായ അവിടുന്നു മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാന്‍ അര്‍ഹനാണ്. അങ്ങു സര്‍വ്വവും സൃഷ്ടിച്ചു. അങ്ങയുടെ ഹിതമനുസരിച്ച് അവയ്ക്ക് അസ്തിത്വം ലഭിക്കുകയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 150:1-2,3-4,5-6)
R (വെളി.4:8b) സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവം പരിശുദ്ധന്‍, പരിശുദ്ധന്‍.
1. കര്‍ത്താവിനെ സ്തുതിക്കുവിന്‍; ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍; പ്രതാപപൂര്‍ണമായ ആകാശവിതാനത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍. ശക്തമായ പ്രവൃത്തികളെപ്രതി അവിടുത്തെ സ്തുതിക്കുവിന്‍; അവിടുത്തെ മഹിമാതിശയത്തിനു ചേര്‍ന്നവിധം അവിടുത്തെ സ്തുതിക്കുവിന്‍.
R സര്‍വ്വശക്തനും കര്‍ത്താവുമായ……………….
2. കാഹളനാദത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍; വീണയും കിന്നരവും മീട്ടി അവിടുത്തെ സ്തുതിക്കുവിന്‍. തപ്പുകൊട്ടിയും നൃത്തമാടിയും അവിടുത്തെ സ്തുതിക്കുവിന്‍; തന്ത്രികളും കുഴലുകളും കൊണ്ട് അവിടുത്തെ സ്തുതിക്കുവിന്‍.
R സര്‍വ്വശക്തനും കര്‍ത്താവുമായ……………….
3. കൈത്താളം കൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍; ഉച്ചത്തില്‍ മുഴങ്ങുന്ന കൈത്താളം കൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍. സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ! കര്‍ത്താവിനെ സ്തുതിക്കുവിന്‍.
R സര്‍വ്വശക്തനും കര്‍ത്താവുമായ……………….
അല്ലേലൂയാ!
അല്ലേലൂയാ! (cf.യോഹ.15:16) കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനുംവേണ്ടി ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (19:11-28)
(നീ എന്തുകൊണ്ട് പണമിടപാടുകാരെ എന്‍റെ പണം ഏല്‍പ്പിച്ചില്ല?)
അക്കാലത്ത്, ജറുസലെമിനു സമീപത്തായി ജനങ്ങള്‍ യേശുവിനെ കേട്ടുകൊണ്ടിരിക്കുമ്പോള്‍, അവന്‍ ഒരു ഉപമ പറഞ്ഞു. കാരണം, ദൈവരാജ്യം ഉടന്‍ വന്നുചേരുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്തിരുന്നു. അവന്‍ പറഞ്ഞു: ഒരു പ്രഭു രാജപദവി സ്വീകരിച്ചു തിരിച്ചുവരാന്‍ വേണ്ടി ദൂരദേശത്തേക്കു പോയി. അവന്‍ ഭൃത്യന്‍മാരില്‍ പത്തുപേരെ വിളിച്ച്, പത്തു നാണയം അവരെ ഏല്‍പിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ തിരിച്ചുവരുന്നതുവരെ നിങ്ങള്‍ ഇതുകൊണ്ടു വ്യാപാരം ചെയ്യുവിന്‍. അവന്‍റെ പൗരന്‍മാര്‍ അവനെ വെറുത്തിരുന്നു. ഈ മനുഷ്യന്‍ ഞങ്ങളെ ഭരിക്കുവാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന നിവേദനവുമായി അവര്‍ ഒരു പ്രതിനിധിസംഘത്തെ അവന്‍റെ പിന്നാലെ അയച്ചു. എന്നാല്‍, അവന്‍ രാജപദവി സ്വീകരിച്ചു തിരിച്ചുവന്നു. താന്‍ പണം ഏല്‍പിച്ചിരുന്ന ഭൃത്യന്‍മാര്‍ വ്യാപാരം ചെയ്ത് എന്തു സമ്പാദിച്ചുവെന്ന് അറിയുന്നതിന് അവരെ വിളിക്കാന്‍ അവന്‍ കല്‍പിച്ചു. ഒന്നാമന്‍ വന്നുപറഞ്ഞു: യജമാനനേ, നീ തന്ന നാണയം പത്തുകൂടി നേടിയിരിക്കുന്നു. അവന്‍ പറഞ്ഞു: കൊള്ളാം, നല്ലവനായ ഭൃത്യാ, ചെറിയകാര്യത്തില്‍ വിശ്വസ്തനായിരുന്നതുകൊണ്ട് പത്തുനഗരങ്ങളുടെമേല്‍ നീ അധികാരിയായിരിക്കും. രണ്ടാമന്‍ വന്നു പറഞ്ഞു: യജമാനനേ, നീ തന്ന നാണയം അഞ്ചുകൂടി നേടിയിരിക്കുന്നു. യജമാനന്‍ അവനോടു പറഞ്ഞു: അഞ്ചു നഗരങ്ങളുടെ മേല്‍ നീ അധികാരിയായിരിക്കും. വേറൊരുവന്‍ വന്നു പറഞ്ഞു: യജമാനനേ, ഞാന്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന നിന്‍റെ നാണയം ഇതാ, നിന്നെ എനിക്കു ഭയമായിരുന്നു. കാരണം, നീ കര്‍ക്കശവും വയ്ക്കാത്തത് എടുക്കുന്നവനും വിതയ്ക്കാത്തതു കൊയ്യുന്നവനുമാണ്. അവന്‍ പറഞ്ഞു: ദുഷ്ടാഭൃത്യാ , നിന്‍റെ വാക്കുകൊണ്ടുതന്നെ നിന്നെ ഞാന്‍ വിധിക്കും. ഞാന്‍ കര്‍ക്കശനും വയ്ക്കാത്തത് എടുക്കുന്നവനും വിതയ്ക്കാത്തതു കൊയ്യുന്നവനും ആണെന്നു നീ അറിഞ്ഞിരുന്നല്ലോ. പിന്നെ നീ എന്തുകൊണ്ടു പണമിടപാടുകാരെ എന്‍റെ പണം ഏല്‍പിച്ചില്ല? എങ്കില്‍, ഞാന്‍ മടങ്ങിവന്നപ്പോള്‍ പലിശയോടു കൂടി അതു തിരിച്ചു വാങ്ങുമായിരുന്നില്ലേ? അവന്‍ ചുറ്റും നിന്നിരുന്നവരോടു പറഞ്ഞു: അവിനില്‍നിന്ന് ആ നാണയം എടുത്ത് പത്തുനാണയമുള്ളവനു കൊടുക്കുക. അവര്‍ അവനോട്, യജമാനനേ, അവനു പത്തുനാണയം ഉണ്ടല്ലോ എന്നു പറഞ്ഞു. ഞാന്‍ നിങ്ങളോടു പറയുന്നു, ഉള്ളവനു കൊടുക്കപ്പെടും; ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലും എടുക്കപ്പെടും. ഞാന്‍ ഭരിക്കുന്നത് ഇഷ്ടമില്ലാതിരുന്ന എന്‍റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് എന്‍റെ മുമ്പില്‍വച്ചു കൊന്നുകളയുവിന്‍. അവന്‍ ഇതു പറഞ്ഞതിനുശേഷം ജറുസലെമിലേക്കുള്ള യാത്ര തുടര്‍ന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here