മുപ്പത്തിനാലാം വാരം: ശനി ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (2/12/17)

ദാനിയേല്‍പ്രവാചകന്‍റെപുസ്തകത്തില്‍നിന്ന് (7:15-27)
(രാജത്വവും ആധിപത്യവും മഹത്വവും അത്യുന്നതന്‍റെ
പരിശുദ്ധന്‍മാര്‍ക്കു നല്‍കപ്പെടും)
ഞാന്‍, ദാനിയേല്‍, ഉത്കണ്ഠാകുലനായി, ദര്‍ശനങ്ങള്‍ എന്നെ പരിഭ്രാന്തനാക്കി. ഞാന്‍ അവിടെ നിന്നിരുന്നവരില്‍ ഒരുവനെ സമീപിച്ച്, ഇതിന്‍റെയെല്ലാം പൊരുളെന്താണെന്നു ചോദിച്ചു. അതിന്‍റെ വ്യാഖ്യാനം അവന്‍ എനിക്കു പറഞ്ഞുതന്നു. ഭൂമിയില്‍നിന്ന് ഉയര്‍ന്നുവരുന്ന നാലു രാജാക്കന്‍മാരാണ് ഈ നാലു മൃഗങ്ങള്‍. എന്നാല്‍, അത്യുന്നതന്‍റെ പരിശുദ്ധര്‍ക്കു രാജ്യം ലഭിക്കുകയും, അവര്‍ ആ രാജ്യം എന്നേക്കുമായി അവകാശമാക്കുകയും ചെയ്തു.
മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനും കൂടുതല്‍ ഭയങ്കരനും ഉരുക്കുപല്ലും ഓട്ടുനഖവും ഉള്ളവനും വെട്ടിവിഴുങ്ങുകയും കഷണം കഷണമായി തകര്‍ക്കുകയും മിച്ചമുള്ളവയെ കാലുകൊണ്ടു ചവിട്ടിയരയ്ക്കുകയും ചെയ്തവനുമായ നാലാമത്തെ മൃഗത്തെക്കുറിച്ച് അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു. പുരാതനനായവന്‍ വന്ന് അത്യുന്നതന്‍റെ പരിശുദ്ധര്‍ക്കുവേണ്ടി ന്യായവിധി നടത്തുന്നതുവരെ, പരിശുദ്ധര്‍ രാജ്യം സ്വീകരിക്കുന്ന സമയം സമാഗതമാകുന്നതുവരെ, ഈ കൊമ്പ് അവരുമായി പൊരുതി ജയിക്കുന്നതു ഞാന്‍ കണ്ടു.
അവന്‍ പറഞ്ഞു: നാലാമത്തെ മൃഗം ഭൂമിയിലെ നാലാമത്തെ ഒരു സാമ്രാജ്യമാണ്. മറ്റെല്ലാ രാജ്യങ്ങളിലുംനിന്ന് അത് വ്യത്യസ്തമായിരിക്കും; അതു ഭൂമി മുഴുവന്‍ വെട്ടിവിഴുങ്ങുകയും കഷണം കഷണമായി തകര്‍ക്കുകയും ചെയ്യും. ഈ സാമ്രാജ്യത്തിലുള്ള ഉയര്‍ന്നുവരുന്ന പത്തുരാജാക്കന്‍മാരാണ് പത്തു കൊമ്പുകള്‍. അവര്‍ക്കെതിരേ വോറൊരുവന്‍ അവരുടെ പിന്നാലെ വരും; തന്‍റെ മുന്‍ഗാമികളില്‍നിന്ന് അവന്‍ ഭിന്നനായിരിക്കും. അവന്‍ മൂന്നു രാജാക്കന്‍മാരെ താഴെയിറക്കും. അവന്‍ അത്യുന്നതനെതിരേ ദൂഷണംപറയും; അത്യുന്നതന്‍റെ പരിശുദ്ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും ഉത്സവദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്‍റെ പകുതിയുംവരെ അവര്‍ അവന്‍റെ കൈകളില്‍ ഏല്‍പിക്കപ്പെടും. എന്നാല്‍, ന്യായാധിപസഭ വിധി പ്രസ്താവിക്കാന്‍ ഉപവിഷ്ടമാവുകയും അവന്‍റെ ആധിപത്യം എടുത്തുമാറ്റപ്പെടുകയും ചെയ്യും. പൂര്‍ണമായി ദഹിപ്പിച്ച് നശിപ്പിക്കേണ്ടതിനു തന്നെ. ആകാശത്തിന്‍കീഴിലുള്ള സകല രാജ്യങ്ങളുടെയും രാജത്വവും ആധിപത്യവും മഹത്വവും അത്യുന്നതന്‍റെ പരിശുദ്ധന്‍മാര്‍ക്കു നല്‍കപ്പെടും; അവരുടെ രാജ്യം ശാശ്വതമാണ്. എല്ലാ ആധിപത്യങ്ങളും അവരെ സേവിക്കുകയും അനുസരിക്കുകയും ചെയ്യും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(ദാനി3:60-61,62-63,64-65)
r (V.59b) കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപുകഴ്ത്തുവിന്‍.
1. മനുഷ്യമക്കളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; ഇസ്രായേലേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
R കര്‍ത്താവിനെ വാഴ്ത്തുവിന്‍………………
2. കര്‍ത്താവിന്‍റെ പുരോഹിതരേ, അവിടുത്തെ വാഴ്ത്തുവിന്‍; കര്‍ത്താവിന്‍റെ ദാസരേ അവിടുത്തെ വാഴ്ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
R കര്‍ത്താവിനെ വാഴ്ത്തുവിന്‍………………
3. ആത്മാക്കളേ, നീതിമാന്‍മാരുടെ ചേതസ്സുകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; വിശുദ്ധരേ, വിനീതഹൃദയരേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
R കര്‍ത്താവിനെ വാഴ്ത്തുവിന്‍………………
രണ്ടാം വര്‍ഷം
ഒന്നാം വായന
വെളിപാടിന്‍റെ പുസ്തകത്തില്‍നിന്ന് (22:1-7)
(ഇനിയൊരിക്കലും രാത്രി ഉണ്ടാവുകയില്ല; ദൈവമായ കര്‍ത്താവ്
അവരുടെമേല്‍ പ്രകാശിക്കുന്നു)
ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്നതും സ്ഫടികംപോലെ തെളിഞ്ഞതുമായ ജീവജലത്തിന്‍റെ നദി അവന്‍ എനിക്കു കാണിച്ചു തന്നു. നഗരവീഥിയുടെ മദ്ധ്യത്തില്‍ നദിയുടെ ഇരുഭാഗങ്ങളിലുമായി പന്ത്രണ്ടുതരം ഫലങ്ങള്‍ കായ്ക്കുന്ന ജീവന്‍റെ വക്ഷം നില്‍ക്കുന്നു. അതു മാസംതോറും ഫലംതരുന്നു. ആ വൃക്ഷത്തിന്‍റെ ഇലകള്‍ ജനതകളുടെ രോഗശാന്തിക്കുവേണ്ടിയുള്ളവയാണ്. ഇനിമേല്‍ ശപിക്കപ്പെട്ടതായി ഒന്നും ഉണ്ടായിരിക്കുകയില്ല. ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനം അതില്‍ ഉണ്ടായിരിക്കും. അവിടുത്തെ ദാസര്‍ അവിടുത്തെ ആരാധിക്കും. അവര്‍ അവിടുത്തെ മുഖം ദര്‍ശിക്കും. അവിടുത്തെ നാമം അവരുടെ നെറ്റിത്തടത്തില്‍ ഉണ്ടായിരിക്കും. ഇനിയൊരിക്കലും രാത്രിയുണ്ടാവുകയില്ല. ദീപത്തിന്‍റെ വെളിച്ചമോ സൂര്യന്‍റെ പ്രകാശമോ അവര്‍ക്ക് ആവശ്യമില്ല. ദൈവമായ കര്‍ത്താവ് അവരുടെമേല്‍ പ്രകാശിക്കുന്നു. അവര്‍ എന്നേക്കും വാഴും.
അവന്‍ എന്നോടു പറഞ്ഞു: ഈ വചനങ്ങള്‍ വിശ്വാസയോഗ്യവും സത്യവുമാണ്. ഉടനെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ തന്‍റെ ദാസര്‍ക്കു കാണിച്ചുകൊടുക്കാനായി പ്രവാചകാത്മാക്കളുടെ ദൈവമായ കര്‍ത്താവു തന്‍റെ ദൂതനെ അയച്ചിരിക്കുന്നു. ഇതാ, ഞാന്‍ വേഗം വരുന്നു. ഈ പുസ്തകത്തിലെ പ്രവചനങ്ങള്‍ കാക്കുന്നവന്‍ ഭാഗ്യവാന്‍.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം(95:1-2,3-5,6-7)
R (1.കോറി.16:22യ & വെളി.22:20യ) മാറാനാ താ! കര്‍ത്താവായ യേശുവേ, വരണമേ.
1. വരുവിന്‍, നമുക്കു കര്‍ത്താവിനു സ്തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂര്‍വ്വം പാടിപുകഴ്ത്താം. കൃതജ്ഞതാസ്തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍ ആലപിക്കാം.
Rഞ മാറാനാ താ! കര്‍ത്താവായ………………
2. കര്‍ത്താവ് ഉന്നതനായ ദൈവമാണ്; എല്ലാ ദേവന്‍മാര്‍ക്കും അധിപനായ രാജാവാണ്; ഭൂമിയുടെ അഗാധതലങ്ങള്‍ അവിടുത്തെ കൈയിലാണ്; പര്‍വതശൃംഗങ്ങളും അവിടുത്തേതാണ്. സമുദ്രം അവിടുത്തേതാണ്, അവിടുന്നാണ് അതു നിര്‍മിച്ചത്; ഉണങ്ങിയ കരയെയും അവിടുന്നാണു മെനഞ്ഞെടുത്തത്.
ഞ മാറാനാ താ! കര്‍ത്താവായ………………
3. വരുവിന്‍, നമുക്കു കുമ്പിട്ട് ആരാധിക്കാം; നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്‍റെ മുന്‍പില്‍ മുട്ടുകുത്താം. എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം. നാം അവിടുന്നു മേയ്ക്കുന്ന ജനവും; അവിടുന്നു പാലിക്കുന്ന അജഗണം.
R മാറാനാ താ! കര്‍ത്താവായ………………
അല്ലേലൂയാ!
അല്ലേലൂയാ! (ലൂക്കാ.21:36) മനുഷ്യപുത്രന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ത്ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍ . അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (21:34-36)
(സംഭവിക്കാനിരിക്കുന്നവയില്‍നിന്നു രക്ഷപ്പെടാന്‍
ജാഗരൂകരായിരിക്കുവിന്‍)
അക്കാലത്ത്, യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ്സു ദുര്‍ബലമാവുകയും, ആ ദിവസം ഒരു കെണിപോലെ പെട്ടെന്നു നിങ്ങളുടെമേല്‍ വന്നു വീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍ ഭൂമുഖത്തു ജീവിക്കുന്ന എല്ലാവരുടെയുംമേല്‍ അതു നിപതിക്കും. സംഭവിക്കാനിരിക്കുന്ന ഇവയില്‍നിന്നെല്ലാം രക്ഷപെട്ട് മനുഷ്യപുത്രന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍വേണ്ട കരുത്തു ലഭിക്കാന്‍ സദാ പ്രാര്‍ത്ഥിച്ചുകൊണ്ടു ജാഗരൂകരായിരിക്കുവിന്‍.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here