മുപ്പത്തിനാലാം വാരം: ബുധന്‍ – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (29/11/17)

ദാനിയേല്‍പ്രവാചകന്‍റെപുസ്തകത്തില്‍നിന്ന് (5:1-6,13-14,16-17,23-28)
(ഒരു മനുഷ്യന്‍റെ കൈവിരലുകള്‍ പ്രത്യക്ഷപ്പെട്ട് ഭിത്തിയില്‍
എന്തോ എഴുതി)
അക്കാലത്ത്, ബല്‍ഷാസര്‍ രാജാവ് തന്‍റെ പ്രഭുക്കന്‍മാരില്‍ ആയിരംപേര്‍ക്ക് ഒരു വിരുന്ന് നല്‍കുകയും അവരോടൊപ്പം വീഞ്ഞുകുടിക്കുകയും ചെയ്തു. വീഞ്ഞുകുടിച്ചു മദിച്ചപ്പോള്‍, രാജാവായ താനും തന്‍റെ പ്രഭുക്കന്‍മാരും ഭാര്യമാരും ഉപനാരികളും വീഞ്ഞു കുടിക്കേണ്ടതിന് തന്‍റെ പിതാവായ നബുക്കദ്നേസര്‍ ജറുസലെം ദേവാലയത്തില്‍നിന്നു കൊണ്ടുവന്ന സ്വര്‍ണവും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങള്‍ കൊണ്ടുവരാന്‍ അവന്‍ കല്‍പിച്ചു. ജറുസലെമിലെ ദേവാലയത്തില്‍നിന്ന് അപഹരിച്ചു കൊണ്ടുവന്ന സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടുമുള്ള പാത്രങ്ങള്‍ കൊണ്ടുവന്നു: രാജാവും പ്രഭുക്കന്‍മാരും ഭാര്യമാരും ഉപനാരികളും അവയില്‍നിന്നു കുടിച്ചു. അവര്‍ വീഞ്ഞുകുടിച്ചതിനുശേഷം സ്വര്‍ണവും വെള്ളിയും ഓടും ഇരുമ്പും മരവും കല്ലുംകൊണ്ടുള്ള ദേവന്‍മാരെ സ്തുതിച്ചു.
പെട്ടെന്ന് ഒരു മനുഷ്യന്‍റെ കൈവിരലുകള്‍ പ്രത്യക്ഷപ്പെട്ട്, ദീപപീഠത്തിനുനേരേ, രാജകൊട്ടാരത്തിന്‍റെ മിനുത്ത ഭിത്തിയില്‍ എന്തോ എഴുതി. എഴുതിക്കൊണ്ടിരുന്ന കൈപ്പത്തി രാജാവ്കണ്ടു. രാജാവ് വിവര്‍ണനായി. അവന്‍ ചിന്താധീനനായി, കൈകാലുകള്‍ കുഴയുകയും കാല്‍മുട്ടുകള്‍ കൂട്ടിയടിക്കുകയും ചെയ്തു. ദാനിയേലിനെ രാജസന്നിധിയില്‍ കൊണ്ടുവന്നു; രാജാവ് ദാനിയേലിനോടു ചോദിച്ചു: രാജാവായ എന്‍റെ പിതാവ് യൂദായില്‍നിന്നു കൊണ്ടുവന്ന യഹൂദപ്രവാസികളില്‍ ഒരുവനായ ദാനിയേല്‍ നീ തന്നെയാണല്ലോ. വിശുദ്ധദേവന്‍മാരുടെ ആത്മാവ് നിന്നിലുണ്ടെന്നും തെളിഞ്ഞ ബുദ്ധിയും ജ്ഞാനവും നിനക്കുണ്ടെന്നും ഞാന്‍ കേട്ടിട്ടുണ്ട്. വ്യാഖ്യാനങ്ങള്‍ നല്‍കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും നിനക്കു സാധിക്കുമെന്നു ഞാന്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഈ എഴുത്ത് വായിച്ച്, അതെനിക്കു വ്യാഖ്യാനിച്ചു തരാന്‍ നിനക്കു കഴിഞ്ഞാല്‍, ധൂമ്രവസ്ത്രവിഭൂഷിതനായി കഴുത്തില്‍ പൊന്‍മാല ചാര്‍ത്തി, നീ രാജ്യത്തിന്‍റെ മൂന്നാം ഭരണാധികാരി ആകും.
ദാനിയേല്‍ രാജസന്നിധിയില്‍ ഉണര്‍ത്തിച്ചു: നിന്‍റെ സമ്മാനങ്ങള്‍ നിന്‍റെ കൈയില്‍ത്തന്നെ ഇരുന്നുകൊള്ളട്ടെ. മറ്റാര്‍ക്കെങ്കിലും കൊടുത്തേക്കൂ: ലിഖിതം വായിച്ച്, അര്‍ഥം ഞാന്‍ പറഞ്ഞുതരാം. സ്വര്‍ഗത്തിന്‍റെ കര്‍ത്താവിനെ നീ വെല്ലുവിളിച്ചു. അവിടുത്തെ ആലയത്തിലെ പാത്രങ്ങള്‍കൊണ്ടുവന്ന് നീയും നിന്‍റെ പ്രഭുക്കന്‍മാരും ഭാര്യമാരും ഉപനാരികളും അവയില്‍ വീഞ്ഞു കുടിച്ചു. വെള്ളി, സ്വര്‍ണം, ഓട്, ഇരുമ്പ്, മരം, കല്ല് എന്നിവ കൊണ്ടുള്ള, കാണാനോ കേള്‍ക്കാനോ അറിയാനോ കഴിവില്ലാത്ത ദേവന്‍മാരെ നീ സ്തുതിച്ചു. എന്നാല്‍, നിന്‍റെ ജീവനെയും നിന്‍റെ മാര്‍ഗങ്ങളെയും നിയന്ത്രിക്കുന്ന ദൈവത്തെ നീ ആദരിച്ചില്ല. അതുകൊണ്ട്, അവിടുത്തെ സന്നിധിയില്‍നിന്ന് അയയ്ക്കപ്പെട്ട ഒരു കരം ഇത് എഴുതിയിരിക്കുന്നു. ആ ലിഖിതം ഇതാണ്: മെനേ, തെഖേല്‍, പാര്‍സീന്‍. ഇതാണ് അര്‍ഥം: മെനേ – ദൈവം നിന്‍റെ രാജ്യത്തിന്‍റെ നാളുകള്‍ എണ്ണുകയും അതിന്‍റെ അവസാനം കുറിക്കുകയും ചെയ്തിരിക്കുന്നു. തെഖേല്‍ – നിന്നെ തുലാസില്‍ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു. പോരെസ് – നിന്‍റെ രാജ്യം വിഭജിച്ച് മേദിയാക്കാര്‍ക്കും പേര്‍ഷ്യാക്കാര്‍ക്കും നല്‍കിയിരിക്കുന്നു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( ദാനി.3:40-41,42-43,44)
R (v.39b) കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
1. സൂര്യനും ചന്ദ്രനും കര്‍ത്താവിനെ വാഴ്ത്തുവിന്‍; കര്‍ത്താവിന്‍റെ ദൂതന്‍മാരേ, ആകാശത്തിലെ നക്ഷത്രങ്ങളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
R കര്‍ത്താവിനെ വാഴ്ത്തുവിന്‍……………….
2. മഴയേ, മഞ്ഞേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
R കര്‍ത്താവിനെ വാഴ്ത്തുവിന്‍……………….
3. അഗ്നിയേ, ചൂടേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; കാറ്റുകളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
R കര്‍ത്താവിനെ വാഴ്ത്തുവിന്‍……………….
രണ്ടാം വര്‍ഷം
ഒന്നാം വായന
വെളിപാടിന്‍റെ പുസ്തകത്തില്‍നിന്ന് (15:1-4)
(അവര്‍ മോശയുടെയും കുഞ്ഞാടിന്‍റെയും ഗീതങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നു)
ഞാന്‍, യോഹന്നാന്‍, സ്വര്‍ഗത്തില്‍ മഹത്തും വിസ്മയാവഹവുമായ മറ്റൊരടയാളം കണ്ടു: ഏഴു മഹാമാരികളേന്തിയ ഏഴു ദൂതന്‍മാര്‍. ഈ മഹാമാരികള്‍ അവസാനത്തേതാണ്. എന്തെന്നാല്‍, ഇവയോടെയാണു ദൈവത്തിന്‍റെ ക്രോധം അവസാനിക്കുന്നത്.
അഗ്നിമയമായ പളുങ്കുകകടല്‍പോലെ ഒരു കാഴ്ച ഞാന്‍ കണ്ടു. മൃഗത്തിന്‍മേലും അവന്‍റെ പ്രതിമയിന്‍മേലും അവന്‍റെ നാമസംഖ്യയിന്‍മേലും വിജയംവരിച്ച്, ദൈവത്തിന്‍റെ വീണപിടിച്ചുകൊണ്ട് പളുങ്കുകടലില്‍ നില്‍ക്കുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ദൈവത്തിന്‍റെ ദാസനായ മോശയുടെയും കുഞ്ഞാടിന്‍റെയും ഗീതങ്ങള്‍ ആലപിച്ചുകൊണ്ടു പറഞ്ഞു: സര്‍വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹവുമാണ്. ജനതകളുടെ രാജാവേ, അങ്ങയുടെ മാര്‍ഗങ്ങള്‍ നീതിപൂര്‍ണവും സത്യസന്ധവുമാണ്. കര്‍ത്താവേ, അങ്ങേ നാമത്തെ ഭയപ്പെടാത്തവനും സ്തുതിക്കാത്തവനും ആരുണ്ട്? അങ്ങുമാത്രമാണ് പരിശുദ്ധന്‍. സകല ജനതകളും വന്ന് അങ്ങയെ ആരാധിക്കും. കാരണം, അങ്ങയുടെ ന്യായവിധികള്‍ വെളിവാക്കപ്പെട്ടിരിക്കുന്നു.

കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 98:1-2-3ab,7-8,9)
R (15:3b) സര്‍വശക്തനും ദൈവവുമായ കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ മഹനീയവും വിസ്മയാവഹവുമാണ്.
1. കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍. അവിടുന്ന് അത്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു; അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.
R സര്‍വശക്തനും ദൈവവുമായ………………
2. കര്‍ത്താവു തന്‍റെ വിജയം വിളംബരം ചെയ്തു; അവിടുന്നു തന്‍റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി. ഇസ്രായേല്‍ ഭവനത്തോടുള്ള തന്‍റെ കരുണയും വിശ്വസ്തതയും അവിടുന്ന് അനുസ്മരിച്ചു.
R സര്‍വശക്തനും ദൈവവുമായ………………
3. സമുദ്രവും അതിലുള്ളവയും ഭൂമിയും അതിലെ നിവാസികളും ഉച്ചത്തില്‍ സ്വരമുയര്‍ത്തട്ടെ! ജലപ്രവാഹങ്ങള്‍ കരഘോഷം മുഴക്കട്ടെ! കര്‍ത്താവിന്‍റെ മുന്‍പില്‍ പര്‍വതങ്ങള്‍ ഒത്തൊരുമിച്ച് ആനന്ദഗീതമാലപിക്കട്ടെ!
R സര്‍വശക്തനും ദൈവവുമായ………………
4. അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു; അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ ന്യായത്തോടുംകൂടെ വിധിക്കും.
R സര്‍വശക്തനും ദൈവവുമായ………………
അല്ലേലൂയാ!
അല്ലേലൂയാ! (വെളി.2:10c) കര്‍ത്താവ് അരുളിച്ചെയ്യുന്നു: മരണംവരെ വിശ്വസ്തരായിരിക്കുക; ജീവന്‍റെ കിരീടം നിനക്കു നല്‍കും. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (21:12-19)
(എന്‍റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും
നിങ്ങളുടെ ഒരു തലമുടിയിഴപോലും നശിച്ചുപോവുകയില്ല)
അക്കാലത്ത്, യേശു ശിഷ്യന്‍മാരോട് അരുളിചെയ്തു: എന്‍റെ നാമത്തെപ്രതി അവര്‍ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെ ഏല്‍പിച്ചുകൊടുക്കും. എന്‍റെ നാമത്തെ പ്രതി രാജാക്കന്‍മാരുടെയും ദേശാധിപതികളുടെയും മുന്‍പില്‍ അവര്‍ നിങ്ങളെകൊണ്ടു ചെല്ലും. നിങ്ങള്‍ക്ക് ഇതു സാക്ഷ്യം നല്‍കുന്നതിനുള്ള അവസരമായിരിക്കും. എന്ത് ഉത്തരം പറയണമെന്ന് നേരത്തേ ആലോചിക്കേണ്ടതില്ലെന്നു മനസ്സിലാക്കിക്കൊള്ളുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ എതിരാളികളിലാര്‍ക്കും ചെറുത്തുനില്‍ക്കാനോ എതിര്‍ക്കാനോ കഴിയാത്ത വാക്ചാതുരിയും ജ്ഞാനവും നിങ്ങള്‍ക്കു ഞാന്‍ നല്‍കും. മാതാപിതാക്കന്‍മാര്‍, സഹോദരര്‍, ബന്ധുമിത്രങ്ങള്‍, സ്നേഹിതര്‍ എന്നിവര്‍പോലും നിങ്ങളെ ഒറ്റിക്കൊടുക്കും. അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലുകയും ചെയ്യും. എന്‍റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴപോലും നശിച്ചുപോവുകയില്ല. പീഡനത്തിലും ഉറച്ചുനില്‍ക്കുന്നതിലൂടെ നിങ്ങളുടെ ജീവനെ നിങ്ങള്‍ നേടും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here