മുപ്പത്തിനാലാം വാരം: തിങ്കള്‍ (അവസാനവാരം) ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം(27/11/17)

ഒന്നാം വായന
ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (1:1-6, 8-20)
(ദാനിയേല്‍, അനനിയാസ്, മിസായേല്‍, അസേറിയാസ് എന്നിവര്‍ക്ക്
തുല്യരായി ആരുമുണ്ടായിരുന്നില്ല )
യൂദാരാജാവായ യഹോയാക്കിമിന്‍റെ മൂന്നാം ഭരണവര്‍ഷം ബാബിലോണ്‍രാജാവായ നബുക്കദ്നേസര്‍ ജറുസലെമിനെതിരേ വന്ന് അതിനെ ആക്രമിച്ചു. കര്‍ത്താവ് യൂദാരാജാവായ യഹോയാക്കിമിനെ അവന് ഏല്‍പിച്ചുകൊടുത്തു; ദേവാലയത്തിലെ പാത്രങ്ങളില്‍ ചിലതും അവിടുന്ന് അവനു നല്‍കി. നബുക്കദ്നേസര്‍ അവനെ പാത്രങ്ങളോയൊപ്പം ഷീനാര്‍ ദേശത്ത് തന്‍റെ ദേവന്‍റെ ക്ഷേത്രത്തിലേക്കു കൊണ്ടുപോന്നു; പാത്രങ്ങള്‍ ദേവന്‍റെ ഭണ്ഡാരത്തില്‍ സൂക്ഷിച്ചു. ഷണ്‍ഡന്‍മാരുടെ നായകനായ അഷ്പേനാസിനോടുരാജാവ് കല്‍പിച്ചു: രാജകുലത്തിലും പ്രഭുവര്‍ഗത്തിലും ജനിച്ച കുറെ ഇസ്രായേല്‍ക്കാരെ കൊണ്ടുവരുക. അവര്‍ കുറ്റമറ്റവരും സുമുഖരും വൈദഗ്ധ്യമുള്ളവരും വിജ്ഞാനമാര്‍ജ്ജിച്ചവരും ഗ്രഹണശക്തിയുള്ളവരും കൊട്ടാരത്തില്‍ സേവനം ചെയ്യാന്‍ കഴിവുള്ളവരും ആയ യുവാക്കളായിരിക്കണം. കല്‍ദായഭാഷയും ലിപിയും അവരെ പഠിപ്പിക്കണം. വിഭവസമൃദ്ധമായ രാജകീയഭക്ഷണത്തിന്‍റെയും രാജാവ്കുടിച്ചിരുന്ന വീഞ്ഞിന്‍റെയും ഓഹരി ദിവസേന അവര്‍ക്കു കൊടുക്കുന്നതിനും രാജാവ് നിര്‍ദ്ദേശിച്ചു. അപ്രകാരം മൂന്നുവര്‍ഷത്തെ പരിശിലനത്തിനുശേഷം അവര്‍ രാജസേവനത്തില്‍ പ്രവേശിക്കേണ്ടിയിരിക്കുന്നു.
ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തില്‍ യൂദാഗോത്രത്തില്‍പ്പെട്ട ദാനിയേല്‍, ഹനനിയാ, മിഷായേല്‍, അസറിയാ എന്നിവര്‍ ഉണ്ടായിരുന്നു. എന്നാല്‍, രാജാവിന്‍റെ വിഭവസമൃദ്ധമായ ഭക്ഷണംകൊണ്ടോ അവന്‍ കുടിച്ചിരുന്ന വീഞ്ഞുകൊണ്ടോ മലിനനാവുകയില്ലെന്നു ദാനിയേല്‍ നിശ്ചയിച്ചു. അതിനാല്‍, മലിനനാകാതിരിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അവന്‍ ഷണ്‍ഡന്‍മാരുടെ നായകനോട് അഭ്യര്‍ത്ഥിച്ചു. ദാനിയേലിനോട് അവന് പ്രീതിയും അനുകമ്പയും തോന്നാന്‍ ദൈവം ഇടയാക്കി. അവന്‍ ദാനിയേലിനോടു പറഞ്ഞു: നിന്‍റെ പ്രായത്തിലുള്ള മറ്റു യുവാക്കന്‍മാരെക്കാള്‍ നീ ക്ഷീണിച്ചിരിക്കുന്നതായി, നിനക്കു ഭക്ഷണപാനീയങ്ങള്‍ തരാന്‍ നിയോഗിച്ച എന്‍റെ രാജാവ് കണ്ടേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു. അങ്ങനെയായാല്‍ രാജസമക്ഷം എന്‍റെ ജീവന്‍ നീ അപകടത്തിലാക്കും. തനിക്കും ഹനനിയായ്ക്കും മിഷായേലിനും അസറിയായ്ക്കുംവേണ്ടി പ്രധാന ഷണ്‍ഡന്‍ നിയമിച്ചിരുന്ന വിചാരിപ്പുകാരനോട് ദാനിയേല്‍ പറഞ്ഞു: നിന്‍റെ ഈ ദാസന്‍മാരെ പത്തുദിവസത്തേക്കു പരീക്ഷിച്ചു നോക്കു: ഞങ്ങള്‍ക്കു സസ്യഭക്ഷണവും ജലവും മാത്രം തരുക. അതിനുശേഷം, ഞങ്ങളുടെയും രാജകീയഭക്ഷണം കഴിക്കുന്ന യുവാക്കളുടെയും മുഖം നീ കാണുക. നീ കാണുന്നതനുസരിച്ച് നിന്‍റെ ദാസന്‍മാരോടു വര്‍ത്തിച്ചാലും. അവരുടെ വാക്കുകേട്ട് അവന്‍ അവരെ പത്തുദിവസത്തേക്കു പരീക്ഷിച്ചു. പത്തുദിവസങ്ങള്‍ക്കുശേഷം അവര്‍ രാജകീയ ഭക്ഷണം കഴിച്ചിരുന്ന യുവാക്കളെക്കാള്‍ ആരോഗ്യമുള്ളവരും കൊഴുത്തവരുമായി കാണപ്പെട്ടു. അതുകൊണ്ട്, വിചാരിപ്പുകാരന്‍ അവരുടെ വിഭവസമൃദ്ധമായ ഭക്ഷണത്തിനും അവര്‍ കുടിക്കേണ്ടിയിരുന്ന വീഞ്ഞിനുംപകരം അവര്‍ക്കു സസ്യഭക്ഷണം നല്‍കി. ദൈവം ഈ നാലു യുവാക്കള്‍ക്ക് എല്ലാ വിദ്യകളിലും വിജ്ഞാനത്തിലും അറിവും സാമര്‍ത്ഥ്യവും നല്‍കി. സകലവിധ ദര്‍ശനങ്ങളും സ്വപ്നങ്ങളും വ്യാഖ്യാനിക്കാന്‍ ദാനിയേലിനു കഴിഞ്ഞിരുന്നു.
അവരെ തന്‍റെ മുന്‍പില്‍ കൊണ്ടുവരണമെന്നു രാജാവ് കല്‍പിച്ചിരുന്ന ദിവസം വന്നപ്പോള്‍ പ്രധാന ഷണ്‍ഡന്‍ അവരെ നബുക്കദ്നേസറിന്‍റെ മുന്‍പില്‍ കൊണ്ടുവന്നു. രാജാവ് അവരോടു സംസാരിച്ചു. എന്നാല്‍ ദാനിയേല്‍, ഹനനിയാ, മിഷായേല്‍, അസറിയാ എന്നിവര്‍ക്കു തുല്യരായി അവരില്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ രാജസേവകരായിത്തീര്‍ന്നു. വിജ്ഞാനത്തെയും അറിവിനെയും സംബന്ധിച്ച് രാജാവ് ചോദിച്ച ഏതു കാര്യത്തിലും അവര്‍ രാജ്യത്തെ ഏതു മാന്ത്രികനെയും ആഭിചാരകനെയുംകാള്‍ പത്തിരട്ടി മെച്ചപ്പെട്ടവരായി കാണപ്പെട്ടു. സൈറസ് രാജാവിന്‍റെ ഒന്നാം ഭരണവര്‍ഷംവരെ ദാനിയേല്‍ അവിടെ കഴിഞ്ഞു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( ദാനി.3:29-30,31,32-33)
R (v.30b) കര്‍ത്താവേ, അങ്ങ് എക്കാലവും എല്ലാറ്റിനും ഉപരി മഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ.
1. കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമേ, അങ്ങ് വാഴ്ത്തപ്പെട്ടവനാണ്; അങ്ങ് എന്നുമെന്നും സ്തുത്യര്‍ഹനും അത്യുന്നതനുമാണ്. അങ്ങയുടെ മഹത്വപൂര്‍ണമായ പരിശുദ്ധനാമം വാഴ്ത്തപ്പെടട്ടെ! അത് എക്കാലവും എല്ലാറ്റിനും ഉപരി മഹത്വപ്പെടുകയും സ്തുതിക്കപ്പെടുകയും ചെയ്യട്ടെ!
R കര്‍ത്താവേ, അങ്ങ് എക്കാലവും……………….
2. പരിശുദ്ധിയും മഹത്വവും നിറഞ്ഞു തുളുമ്പുന്ന അങ്ങയുടെ ആലയത്തില്‍ അങ്ങ് വാഴ്ത്തപ്പെടട്ടെ! അങ്ങ് എന്നെന്നും പുകഴ്ത്തപ്പെടുകയും അത്യധികം മഹത്വപ്പെടുകയും ചെയ്യട്ടെ!
R കര്‍ത്താവേ, അങ്ങ് എക്കാലവും……………….
3. കെരൂബുകളുടെമേല്‍ ഇരുന്ന് അഗാധങ്ങളെ വീക്ഷിക്കുന്ന അങ്ങ് വാഴ്ത്തപ്പെടട്ടെ! അങ്ങ് എന്നേക്കും സ്തുതിക്കപ്പെടുകയും അത്യധികം വാഴ്ത്തപ്പെടുകയും ചെയ്യട്ടെ! രാജകീയ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്ന അങ്ങ് വാഴ്ത്തപ്പെട്ടവനാണ്. അങ്ങ് എന്നെന്നും പുകഴ്ത്തപ്പെടുകയും അത്യധികം ഉന്നതനായിരിക്കുകയും ചെയ്യട്ടെ!
R കര്‍ത്താവേ, അങ്ങ് എക്കാലവും……………….
രണ്ടാം വര്‍ഷം
ഒന്നാം വായന
വെളിപാടിന്‍റെ പുസ്തകത്തില്‍നിന്ന് (14:1-3, 4യ-5)
(അവരുടെ നെറ്റിയില്‍ ക്രിസ്തുവിന്‍റെ നാമവും
പിതാവിന്‍റെ നാമവും എഴുതിയിട്ടുണ്ട്)
ഞാന്‍, യോഹന്നാന്‍, ഒരു കുഞ്ഞാടു സീയോന്‍മലമേല്‍ നില്‍ക്കുന്നതു കണ്ടു; അവനോടുകൂടെ നൂറ്റിനാല്‍പത്തിനാലായിരം പേരും. അവരുടെ നെറ്റിയില്‍ അവന്‍റെ നാമവും അവന്‍റെ പിതാവിന്‍റെ നാമവും എഴുതിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിന്‍റെ ഇരമ്പല്‍പോലെയും വലിയ ഇടിനാദംപോലെയും സ്വര്‍ഗത്തില്‍നിന്ന് ഒരു സ്വരം ഞാന്‍ കേട്ടു – വീണക്കാര്‍ വീണമീട്ടുന്നതുപോലൊരു സ്വരം. അവര്‍ സിംഹാസനത്തിന്‍റെയും നാലു ജീവികളുടെയും ശ്രേഷ്ഠന്‍മാരുടെയും മുമ്പാകെ ഒരു പുതിയ ഗാനം ആലപിച്ചു. ഭൂമിയില്‍നിന്നു വിലയ്ക്കുവാങ്ങപ്പെട്ട നൂറ്റിനാല്‍പത്തിനാലായിരം പേരൊഴികെ ആര്‍ക്കും ആ ഗാനം പഠിക്കാന്‍ കഴിഞ്ഞില്ല. അവരാണു കുഞ്ഞാടിനെ അതു പോകുന്നിടത്തെല്ലാം അനുഗമിക്കുന്നവര്‍. അവര്‍ ദൈവത്തിനും കുഞ്ഞാടിനുമുള്ള ആദ്യഫലമായി മനുഷ്യരില്‍നിന്നു വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. അവരുടെ അധരങ്ങളില്‍ വ്യാജം കാണപ്പെട്ടില്ല; അവര്‍ നിഷ്കളങ്കരാണ്.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 24:1-2,3-4മയ,5-6)
R(a) കര്‍ത്താവേ, ഇവരാണ് അങ്ങയുടെ തിരുമുഖം അന്വേഷിക്കുന്നവരുടെ തലമുറ.
1. ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്‍റേതാണ്. സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്‍റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കു മുകളില്‍ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്.
R കര്‍ത്താവേ, ഇവരാണ്……………….
2. കര്‍ത്താവിന്‍റെ മലയില്‍ ആരു കയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത് ആരു നില്‍ക്കും? കളങ്കമറ്റ കൈകളും നിര്‍മലമായ ഹൃദയവും ഉള്ളവന്‍, മിഥ്യയുടെമേല്‍ മനസ്സു പതിക്കാത്തവനും.
R കര്‍ത്താവേ, ഇവരാണ്……………….
3. അവന്‍റെമേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും. ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണു യാക്കോബിന്‍റെ ദൈവത്തെ തേടുന്നത്.
R കര്‍ത്താവേ, ഇവരാണ്……………….

അല്ലേലൂയാ!
അല്ലേലൂയാ! (മത്തായി.24:42) നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (21:1-4)
(ദരിദ്രയായ വിധവ ഭണ്ഡാരത്തില്‍ രണ്ടു ചെമ്പുതുട്ടുകള്‍ ഇടുന്നത്
യേശു കണ്ടു )
അക്കാലത്ത്, യേശു കണ്ണുകളുയര്‍ത്തി നോക്കിയപ്പോള്‍ ധനികര്‍ ദേവാലയഭണ്ഡാരത്തില്‍ നേര്‍ച്ചയിടുന്നതു കണ്ടു. ദരിദ്രയായ ഒരു വിധവ രണ്ടു ചെമ്പുതുട്ടുകള്‍ ഇടുന്നതും അവന്‍ കണ്ടു. അവന്‍ പറഞ്ഞു: ദരിദ്രയായ ഈ വിധവ മറ്റെല്ലാവരെയുംകാള്‍ കൂടുതല്‍ നിക്ഷേപിച്ചിരിക്കുന്നു എന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ തന്‍റെ ദാരിദ്ര്യത്തില്‍നിന്ന്, ഉപജീവനത്തിനുള്ള വക മുഴുവനും നിക്ഷേപിച്ചിരിക്കുന്നു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here