മുപ്പത്തിനാലാം വാരം: ചൊവ്വ – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം -(28/11/17)

ഒന്നാം വായന
ദാനിയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്ന് (2:31-45)
(ഒരിക്കലും നശിപ്പിക്കപ്പെടാത്തതും പരമാധികാരം മറ്റൊരു ജനതയ്ക്കു വിട്ടു
കൊടുക്കാത്തതുമായ ഒരു രാജ്യം സ്വര്‍ഗസ്ഥനായ ദൈവം പടുത്തുയര്‍ത്തും)
അക്കാലത്ത്, ദാനിയേല്‍ നബുക്കദ്നേസറിനോട് പറഞ്ഞു: രാജാവേ, നീ വലിയ ഒരു പ്രതിമ കണ്ടു. തിളങ്ങുന്ന ആ വലിയ പ്രതിമ നിന്‍റെ മുന്‍പില്‍ നിന്നു; അതിന്‍റെ രൂപം ഭയങ്കരമായിരുന്നു. ആ പ്രതിമയുടെ ശിരസ്സ് തങ്കംകൊണ്ടും, മാറിടവും കരങ്ങളും വെള്ളികൊണ്ടും, വയറും തുടകളും ഓടുകൊണ്ടും, കാലുകള്‍ ഇരുമ്പുകൊണ്ടും ആയിരുന്നു; പാദങ്ങള്‍ ഇരുമ്പും കളിമണ്ണു ചേര്‍ന്നതും. നീ നോക്കിക്കൊണ്ടിരിക്കേ, ഒരു കല്ല് ആരും തൊടാതെ അടര്‍ന്നുവന്നു ബിംബത്തിന്‍റെ ഇരുമ്പും കളിമണ്ണും ചേര്‍ന്ന പാദങ്ങളില്‍ പതിച്ച്, അതിനെ ഛിന്നഭിന്നമാക്കി. ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും സ്വര്‍ണവുമെല്ലാം ഒന്നുപോലെ പൊടിഞ്ഞ് വേനല്‍ക്കാലത്തു മെതിക്കളത്തിലെ പതിരുപോലെയായി; അവയുടെ ഒരു തരിപോലും കാണാനില്ലാത്ത വിധം കാറ്റ് അവയെ പറത്തിക്കൊണ്ടുപോയി. പ്രതിമ തകര്‍ത്ത കല്ലാകട്ടെ, ഒരു മഹാപര്‍വതമായിത്തീര്‍ന്ന് ഭൂമി മുഴുവന്‍ നിറഞ്ഞു. ഇതായിരുന്നു സ്വപ്നം. ഞങ്ങള്‍ ഇതിന്‍റെ വ്യാഖ്യാനവും നിന്നോടു പറയാം. രാജാവേ, രാജാധിരാജനായ നിനക്ക്, സ്വര്‍ഗസ്ഥനായ ദൈവം അധികാരവും ശക്തിയും മഹത്വവും നല്‍കി. എല്ലായിടത്തുമുള്ള മനുഷ്യമക്കളെയും വന്യമൃഗങ്ങളെയും ആകാശപ്പറവകളെയും അടക്കിഭരിക്കാന്‍ ദൈവം നിന്നെ ഏല്‍പിച്ചു! സ്വര്‍ണം കൊണ്ടുള്ള തല നീ തന്നെ. നിനക്കുശേഷം നിന്‍റേതിനെക്കാള്‍ പ്രതാപംകുറഞ്ഞ ഒരു സാമ്രാജ്യം ഉണ്ടാകും; മൂന്നാമതാകട്ടെ, ഭൂമി മുഴുവന്‍ അടക്കി ഭരിക്കുന്ന ഓടുകൊണ്ടുള്ള സാമ്രാജ്യവും. നാലാമത് ഇരുമ്പുപോലെ ശക്തിയുള്ള രാജ്യമാണ്; ഇരുമ്പ് എല്ലാ വസ്തുക്കളെയും തകര്‍ത്തു തരിപ്പണമാക്കുന്നു; ഞെരിച്ചുതകര്‍ക്കുന്ന ഇരുമ്പുപോലെ അത് എല്ലാറ്റിനെയും തകര്‍ത്തുഞെരിക്കും. നീ കണ്ട പാദങ്ങളും വിരലുകളും ഭാഗികമായി കുശവന്‍റെ കളിമണ്ണും ഭാഗികമായി ഇരുമ്പും കൊണ്ടായിരുന്നതുപോലെ, അതൊരു വിഭക്തരാജ്യമായിരിക്കും; എന്നാല്‍, ഉടഞ്ഞുപോകുന്ന കളിമണ്ണിനോട് ഇരുമ്പ് ചേര്‍ക്കപ്പെട്ടിരുന്നതായി നീ ദര്‍ശിച്ചതുപോലെ, രാജ്യവും, ഭാഗികമായി ശക്തവും ഭാഗികമായി ദുര്‍ബലവും ആയിരിക്കും. ഉറപ്പില്ലാത്ത കളിമണ്ണിനോട് ഇരുമ്പ് ചേര്‍ക്കപ്പെട്ടതായി നീ കണ്ടതുപോലെ, അവര്‍ വിവാഹത്തില്‍ പരസ്പരം ഇടകലരും; പക്ഷേ, ഇരുമ്പ് കളിമണ്ണുമായി കലരാത്തുപോലെ അവരും തമ്മില്‍ ചേരുകയില്ല.
ആ രാജാക്കന്‍മാരുടെ നാളുകളില്‍, ഒരിക്കലും നശിപ്പിക്കപ്പെടാത്തതും പരമാധികാരം മറ്റൊരു ജനതയ്ക്കും വിട്ടുകൊടുക്കാത്തതുമായ ഒരു രാജ്യം സ്വര്‍ഗസ്ഥനായ ദൈവം പടുത്തുയര്‍ത്തും. മേല്‍പറഞ്ഞ രാജ്യങ്ങളെ എല്ലാ തകര്‍ത്ത്, ഇല്ലാതാക്കി, അത് എന്നേക്കും നിലനില്‍ക്കും. മലമുകളില്‍നിന്ന് ആരും തൊടാതെ കല്ല് അടര്‍ന്നുവരുന്നതും ഇരുമ്പും ഓടും കളിമണ്ണും വെള്ളിയും സ്വര്‍ണവും ഇടിച്ചുപൊടിയാക്കുന്നതും നീ ദര്‍ശിച്ചത്പോലെതന്നെ, ഉന്നതനായ ദൈവമാണ് ഭാവികാര്യങ്ങള്‍ നിനക്കു വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്നം തീര്‍ച്ചയായും ഇതു തന്നെ. വ്യാഖ്യാനത്തിനും മാറ്റമില്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( ദാനി.3:57+59,58, 60-61)
R(v.59b) കര്‍ത്താവിനെ വാഴ്ത്തുവിന്‍, എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
1. കര്‍ത്താവിന്‍റെ സൃഷ്ടികളേ, അവിടുത്തെ വാഴ്ത്തുവിന്‍. കര്‍ത്താവിന്‍റെ ദൂതന്‍മാരേ, അവിടുത്തെ വാഴ്ത്തുവിന്‍; അവിടുത്തേക്കു സ്തുതി പാടുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
R കര്‍ത്താവിനെ വാഴ്ത്തുവിന്‍……………….
2. ആകാശങ്ങളേ, കര്‍ത്താവിനെ പുകഴ്ത്തുവിന്‍; ആകാശത്തിനു മുകളിലുള്ള ജലസഞ്ചയമേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; അവിടുത്തെ വാഴ്ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
R കര്‍ത്താവിനെ വാഴ്ത്തുവിന്‍……………….
3. ആധിപത്യങ്ങളേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
R കര്‍ത്താവിനെ വാഴ്ത്തുവിന്‍……………….
രണ്ടാം വര്‍ഷം
ഒന്നാം വായന
വെളിപാടിന്‍റെ പുസ്തകത്തില്‍നിന്ന് (14:14-19)
(കൊയ്ത്തിനു കാലമായി. ഭൂമിയിലെ വിളവു പാകമായിക്കഴിഞ്ഞു)
ഞാന്‍, യോഹന്നാന്‍, കണ്ടു: ഇതാ, ഒരുവെണ്‍മേഘം; മേഘത്തിന്‍മേല്‍ മനുഷ്യപുത്രനെപ്പോലെയുള്ള ഒരുവന്‍, അവന്‍റെ ശിരസ്സില്‍ സ്വര്‍ണകിരീടവും കൈയില്‍ മൂര്‍ച്ചയുള്ള അരിവാളുമുണ്ട്. ദേവാലയത്തില്‍നിന്നു മറ്റൊരു ദൂതന്‍ പുറത്തുവന്നു മേഘത്തിന്‍മേല്‍ ഇരിക്കുന്നവനോട് ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: അരിവാള്‍ എടുത്തുകൊയ്യുക. കൊയ്ത്തിനു കാലമായി. ഭൂമിയിലെ വിളവു പാകമായിക്കഴിഞ്ഞു. അപ്പോള്‍, മേഘത്തില്‍ ഇരിക്കുന്നവന്‍ തന്‍റെ അരിവാള്‍ ഭൂമിയിലേക്കെറിയുകയും ഭൂമി കൊയ്യപ്പെടുകയും ചെയ്തു. സ്വര്‍ഗത്തിലെ ദേവാലയത്തില്‍നിന്നു മൂര്‍ച്ചയുള്ള ഒരു അരിവാളുമായി മറ്റൊരു ദൂതന്‍ ഇറങ്ങിവന്നു. വോറൊരു ദൂതന്‍ ബലിപീഠത്തില്‍നിന്നു പുറത്തുവന്നു. അവന് അഗ്നിയുടെമേല്‍ അധികാരം ഉണ്ടായിരുന്നു. മൂര്‍ച്ചയുള്ള അരിവാളുള്ളവനോട് അവന്‍ ഉച്ചസ്വരത്തില്‍ വിളിച്ചുപറഞ്ഞു: നിന്‍റെ അരിവാളിറക്കി ഭൂമിയിലെ മുന്തിരിക്കുലകള്‍ ശേഖരിക്കുക; മുന്തിരിപ്പഴം പാകമായിരിക്കുന്നു. അപ്പോള്‍ ദൂതന്‍ അരിവാള്‍ ഭൂമിയിലേക്കെറിഞ്ഞു. ഭൂമിയിലെ മുന്തിരിവിള ശേഖരിച്ച് ദൈവത്തിന്‍റെ ക്രോധമാകുന്ന വലിയ മുന്തിരച്ചക്കിലിട്ടു.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 96:10,11-12,13)
R (13b) കര്‍ത്താവു ഭൂമിയെ വിധിക്കാന്‍ വരുന്നു.
1. ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍: കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അവിടുന്നു ജനതകളെ നീതിപൂര്‍വം വിധിക്കും.
R കര്‍ത്താവു ഭൂമിയെ………………
2. ആകാശം ആഹ്ലാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ; സമുദ്രവും അതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ! വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ! അപ്പോള്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും.
R കര്‍ത്താവു ഭൂമിയെ………………
3. എന്തെന്നാല്‍, അവിടുന്നു വരുന്നു; അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു: അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ സത്യത്തോടും കൂടെ വിധിക്കും.
R കര്‍ത്താവു ഭൂമിയെ………………
അല്ലേലൂയാ!
അല്ലേലൂയാ! (വെളി.2: 10) കര്‍ത്താവ് അരുളിച്ചെയ്യുന്നു: മരണംവരെ വിശ്വസ്തരായിരിക്കുക; ജീവന്‍റെ കിരീടം നിനക്കു നല്‍കും. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (21:5-11)
(കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു)
അക്കാലത്ത്, ചില ആളുകള്‍ ജറുസലേം ദേവാലയത്തെപ്പറ്റി, അത് വിലയേറിയ കല്ലുകളാലും കാണിക്കവസ്തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നല്ലോ എന്നു പറഞ്ഞു. യേശു അവരോടു പറഞ്ഞു: നിങ്ങള്‍ ഈ കാണുന്നവ കല്ലിന്‍മേല്‍ കല്ലുശേഷിക്കാതെ തകര്‍ക്കപ്പെടുന്ന സമയം വരുന്നു.

അവര്‍ ചോദിച്ചു: ഗുരോ, അത് എപ്പോഴാണ് സംഭവിക്കുക? ഇതെല്ലാം സംഭവിക്കാന്‍ തുടങ്ങുന്നതിന്‍റെ അടയാളം എന്താണ്? അവന്‍ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. എന്തെന്നാല്‍, പലരും അവന്‍ ഞാനാണ് എന്നും സമയം അടുത്തു എന്നും പറഞ്ഞുകൊണ്ട് എന്‍റെ നാമത്തില്‍ വരും. നിങ്ങള്‍ അവരുടെ പിന്നാലെ പോകരുത്. യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെടരുത്. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്. എന്നാല്‍, അവസാനം ഇനിയും ആയിട്ടില്ല. അവന്‍ തുടര്‍ന്നു: ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയര്‍ത്തും. വലിയ ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ക്ഷാമവും പകര്‍ച്ചവ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തില്‍നിന്നു വലിയ അടയാളങ്ങളും ഉണ്ടാകം.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here