മുപ്പതാം വാരം: ശനി – ഒന്നാം വര്‍ഷം,രണ്ടാം വര്‍ഷം – (4/11/17)

ഒന്നാം വായന
വി.പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ
ലേഖനത്തില്‍നിന്ന് (11:1-2a, 11-12,25-29)
(ഇസ്രായേല്‍ക്കാരുടെ പാപംനിമിത്തം വിജാതീയര്‍ക്കു രക്ഷ ലഭിച്ചു)
സഹോദരരേ, ഞാന്‍ ചോദിക്കുന്നു: ദൈവം തന്‍റെ ജനത്തെ പരിത്യജിച്ചുവോ? ഒരിക്കലുമില്ല. ഞാന്‍ തന്നെയും അബ്രാഹത്തിന്‍റെ സന്തതിയും ബഞ്ചമിന്‍ ഗോത്രജനുമായ ഒരു ഇസ്രായേല്‍ക്കാരനാണല്ലോ. ദൈവം മുന്‍കൂട്ടി അറിഞ്ഞ സ്വന്തം ജനത്തെ അവിടുന്നു പരിത്യജിച്ചിട്ടില്ല. ആകയാല്‍, ഞാന്‍ ചോദിക്കുന്നു: അവര്‍ക്കു കാലിടറിയതു വീഴുവാനായിരുന്നുവോ? ഒരിക്കലുമല്ല. ഇസ്രായേല്‍ക്കാരുടെ പാപംനിമിത്തം വിജാതീയര്‍ക്കു രക്ഷ ലഭിച്ചു. തന്‍മൂലം, അവര്‍ക്കു വിജാതീയരോട് അസൂയ ഉളവായി. അവരുടെ പാപം ലോകത്തിന്‍റെ നേട്ടവും ആയിരുന്നെങ്കില്‍ അവരുടെ പരിപൂര്‍ണത എന്തൊരു നേട്ടമാകുമായിരുന്നു!
സഹോദരരേ, ജ്ഞാനികളാണെന്ന് അഹങ്കരിക്കാതിരിക്കേണ്ടതിനു നിങ്ങള്‍ ഈ രഹസ്യം മനസ്സിലാക്കിയിരിക്കണം: ഇസ്രായേലില്‍ കുറെപ്പേര്‍ക്കു മാത്രമേ ഹൃദയകാഠിന്യം ഉണ്ടായിട്ടുള്ളു. അതും വീജാതീയര്‍ പൂര്‍ണമായി സ്വീകരിക്കപ്പെടുന്നവരെ മാത്രം. അതിനുശേഷം ഇസ്രായേല്‍ മുഴുവന്‍ രക്ഷ പ്രാപിക്കും. എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെതന്നെ: സീയോനില്‍നിന്നു വിമോചകന്‍ വരും; അവിടുന്നു യാക്കോബില്‍നിന്ന് അധര്‍മം അകറ്റിക്കളയും. ഞാന്‍ അവരുടെ പാപങ്ങള്‍ ഉന്‍മൂലനം ചെയ്യുമ്പോള്‍ ഇത് അവരുമായുള്ള എന്‍റെ ഉടമ്പടിയായിരിക്കും. സുവിശേഷം സംബന്ധിച്ചു നിങ്ങളെപ്രതി അവര്‍ ദൈവത്തിന്‍റെ ശത്രുക്കളാണ്. തെരഞ്ഞെടുപ്പു സംബന്ധിച്ചാകട്ടെ, അവരുടെ പൂര്‍വികരെപ്രതി അവര്‍ സ്നേഹഭാജനങ്ങളാണ്. എന്തെന്നാല്‍, ദൈവത്തിന്‍റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 94:12-13a,14-15,17-18)
R (v.14a) കര്‍ത്താവു തന്‍റെ ജനത്തെ പരിത്യജിക്കുകയില്ല.
1. കര്‍ത്താവേ, അവിടുന്നു ശിക്ഷിക്കുകയും നിയമം പഠിപ്പിക്കുകയും നിയമം പഠിപ്പിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍. അവിടുന്ന് അവനു കഷ്ടകാലങ്ങളില്‍ വിശ്രമം നല്‍കുന്നു.
R കര്‍ത്താവു തന്‍റെ ജനത്തെ…………..
2. കര്‍ത്താവു തന്‍റെ ജനത്തെ പരിത്യജിക്കുകയില്ല; അവിടുന്നു തന്‍റെ അവകാശത്തെ ഉപേക്ഷിക്കുകയില്ല. വിധികള്‍ വീണ്ടും നീതിപൂര്‍വകമാകും; പരമാര്‍ഥ ഹൃദയമുള്ളവര്‍ അതു മാനിക്കും.
R കര്‍ത്താവു തന്‍റെ ജനത്തെ…………..
3. കര്‍ത്താവ് എന്നെ സഹായിച്ചിരുന്നില്ലെങ്കില്‍ എന്‍റെ പ്രാണന്‍ പണ്ടേ മൂകതയുടെ ദേശത്ത് എത്തുമായിരുന്നു. എന്‍റെ കാല്‍ വഴുതുന്നു എന്നു ഞാന്‍ വിചാരിച്ചപ്പോഴേക്കും കര്‍ത്താവേ, അങ്ങയുടെ കാരുണ്യം എന്നെ താങ്ങിനിര്‍ത്തി.
R കര്‍ത്താവു തന്‍റെ ജനത്തെ…………..
രണ്ടാം വര്‍ഷം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലന്‍ ഫിലിപ്പിയര്‍ക്ക്
എഴുതിയ ലേഖനത്തില്‍നിന്ന് (1: 18b-26)
(എനിക്കു ജീവിതം ക്രസ്തുവും മരണം നേട്ടവുമാണ്)
സഹോദരരേ, ആത്മാര്‍ത്ഥതയോടെയാണെങ്കിലും കാപട്യത്തോടയാണെങ്കിലും എല്ലാവിധത്തിലും ക്രിസ്തുവാണല്ലോ പ്രസംഗിക്കപ്പെടുന്നത്. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനി സന്തോഷിക്കുകയും ചെയ്യും. നിങ്ങളുടെ പ്രാര്‍ത്ഥനയാലും യേശുക്രിസ്തുവിന്‍റെ ആത്മാവിന്‍റെ ദാനത്താലും ഇത് എനിക്കു മോചനത്തിനായി പരിണമിക്കുമെന്നു ഞാന്‍ അറിയുന്നു. ആകയാല്‍, എനിക്ക് ഒന്നിലും ലജ്ജിക്കേണ്ടിവരുകയില്ലെന്നും, മറിച്ച്, പൂര്‍ണധൈര്യത്തോടെ എപ്പോഴും എന്നപോലെ ഇപ്പോഴും ക്രിസ്തു എന്‍റെ ശരീരത്തില്‍ – ജീവിതംവഴിയോ മരണംവഴിയോ – മഹത്വപ്പെടണമെന്നും എനിക്കു തീവ്രമായ ആഗ്രഹവും പ്രതീക്ഷയുമുണ്ട്. എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്. ശാരീരികമായി ഇനിയും ഞാന്‍ ജീവിക്കുകയാണെങ്കില്‍, ഫലപ്രദമായി ജോലിചെയ്യാന്‍ സാധിക്കും. എങ്കിലും, ഏതാണു തെരഞ്ഞെടുക്കേണ്ടതെന്ന് എനിക്ക് അറിഞ്ഞുകൂടാ. ഇവ രണ്ടിനുമിടയില്‍ ഞാന്‍ ഞെരുങ്ങുന്നു. എങ്കിലും, എന്‍റെ ആഗ്രഹം, മരിച്ച് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ്. കാരണം, അതാണു കൂടുതല്‍ ശ്രേഷ്ഠം. പക്ഷേ, ഞാന്‍ ശരീരത്തില്‍ തുടരുക നിങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആവശ്യമാണ്. നിങ്ങളുടെ അഭിവൃദ്ധിക്കും വിശ്വാസത്തിലുള്ള സന്തോഷത്തിനുമായി ഞാന്‍ തുടര്‍ന്നു ജീവിക്കുമെന്നും നിങ്ങളെല്ലാവരോടുകൂടെ ആയിരിക്കുമെന്നും എനിക്കറിയാം. നിങ്ങളുടെ അടുത്തേക്കുള്ള എന്‍റെ തിരിച്ചുവരവ് യേശുക്രിസ്തുവില്‍ ഞാന്‍ മൂലമുള്ള അഭിമാനത്തെ വര്‍ദ്ധിപ്പിക്കും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം( 42:1,2,4bcd)
R (v.2a) എന്‍റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു.
1. നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോലെ, ദൈവമേ, എന്‍റെ ഹൃദയം അങ്ങയെ തേടുന്നു.
R എന്‍റെ ഹൃദയം ദൈവത്തിനായി…………..
2. എന്‍റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടുത്തെ കാണാന്‍ കഴിയുക!
R എന്‍റെ ഹൃദയം ദൈവത്തിനായി…………..
3. ജനക്കൂട്ടത്തോടൊപ്പം ഞാന്‍ പോയി; ദേവാലയത്തിലേക്കു ഞാനവരെ ഘോഷയാത്രയായി നയിച്ചു. ആഹ്ളാദാരവവും കൃതജ്ഞതാഗീതങ്ങളും ഉയര്‍ന്നു; ജനം ആര്‍ത്തുല്ലസിച്ചു; ഹൃദയം പൊട്ടിക്കരയുമ്പോള്‍ ഞാന്‍ ഇതെല്ലാം ഓര്‍ക്കുന്നു.
R എന്‍റെ ഹൃദയം ദൈവത്തിനായി…………..
അല്ലേലൂയാ!
അല്ലേലൂയാ! (മത്താ.11:29ab) കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്‍റെ നുകം വഹിക്കുകയും എന്നില്‍നിന്ന് പഠിക്കുകയും ചെയ്യുവിന്‍. അല്ലേലൂയാ!
സുവിശേഷം
വി. ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (14:1,7-11)
(തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും;
തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും)
ഒരു സാബത്തില്‍ യേശു ഫരിസേയപ്രമാണികളില്‍ ഒരുവന്‍റെ വീട്ടില്‍ ഭക്ഷണത്തിനുപോയി. അവര്‍ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ക്ഷണിക്കപ്പെട്ടവര്‍ പ്രമുഖസ്ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ അവന്‍ അവരോട് ഒരു ഉപമ പറഞ്ഞു: ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിനു ക്ഷണിച്ചാല്‍, പ്രമുഖസ്ഥാനത്തു കയറിയിരിക്കരുത്. ഒരുപക്ഷേ, നിന്നെക്കാള്‍ ബഹുമാന്യനായ ഒരാളെ അവന്‍ ക്ഷണിച്ചിട്ടുണ്ടായിരിക്കും. നിങ്ങളെ രണ്ടുപേരെയും ക്ഷണിച്ചവന്‍ വന്ന്, ഇവനു സ്ഥലം കൊടുക്കുക എന്നു നിന്നോടു പറയും. അപ്പോള്‍ നീ ലജ്ജിച്ച്, അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കും. അതുകൊണ്ട്, നീ വിരുന്നിനു ക്ഷണിക്കപ്പെടുമ്പോള്‍ അവസാനത്തെ സ്ഥാനത്തുപോയി ഇരിക്കുക. ആതിഥേയന്‍ വന്നു നിന്നോട്, സ്നേഹിതാ, മുമ്പോട്ടു കയറിയിരിക്കുക എന്നുപറയും. അപ്പോള്‍ നിന്നോടുകൂടെ ഭക്ഷണത്തിനിരിക്കുന്ന സകലരുടെയും മുമ്പാകെ നിനക്കു മഹത്വമുണ്ടാകും. തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here