മാര്‍ച്ച് 19 – പ.ക.മറിയത്തിന്‍റെ ഭര്‍ത്താവായ വി. യൗസേപ്പിന്‍റെ തിരുനാള്‍

ഒന്നാംവായന
സാമുവലിന്‍റെ രണ്ടാം പുസ്തകത്തില്‍ നിന്ന്
(7:4-5a, 12-14a,16)
(ദൈവമായ കര്‍ത്താവ് പിതാവായ ദാവീദിന്‍റെ സിംഹാസനം
അവനു നല്‍കും)
അക്കാലത്ത് കര്‍ത്താവ് നാഥാനോട് അരുളിച്ചെയ്തു: എന്‍റെ ദാസനായ ദാവീദിനോടു പറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, എനിക്കു വസിക്കാന്‍ നീ ആലയം പണിയുമോ?ദിനങ്ങള്‍ തികഞ്ഞു നീ പൂര്‍വികരോടു ചേരുമ്പോള്‍ നിന്‍റെ ഔരസപുത്രനെ ഞാന്‍ ഉയര്‍ത്തി അവന്‍റെ രാജ്യം സുസ്ഥിരമാക്കും. അവന്‍ എനിക്ക് ആലയം പണിയും;അവന്‍റെ രാജസിംഹാസനം ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും. ഞാന്‍ അവന് പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും. നിന്‍റെ കുടുംബവും രാജത്വവും എന്‍റെ മുന്‍പില്‍ സ്ഥിരമായിരിക്കും. നിന്‍റെ സിംഹാസനം എന്നേക്കും നിലനില്‍ക്കും.
കര്‍ത്താവിന്‍റെ വചനം
പ്രതിവചനസങ്കീര്‍ത്തനം (89:1-2,3-4,26+28)
R (v 36) അയാളുടെ വംശം എന്നേക്കും നിലനില്‍ക്കും.
1. കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെ കാരുണ്യം
പ്രകീര്‍ത്തിക്കും;
എന്‍റെ അധരങ്ങള്‍ തലമുറകളോട് അങ്ങയുടെ
വിശ്വസ്തത പ്രഘോഷിക്കും.
എന്തെന്നാല്‍, അങ്ങയുടെ കൃപ എന്നേക്കും നിലനില്‍ക്കുന്നു;
അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്.
R അയാളുടെ വംശം…………..
2. അവിടുന്ന് അരുളിച്ചെയ്തു:എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവനു
മായി ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി;
എന്‍റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥം ചെയ്തു.
നിന്‍റെ സന്തതിയെ എന്നേക്കുമായി ഞാന്‍ ഉറപ്പിക്കും;
നിന്‍റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിറുത്തും.
R അയാളുടെ വംശം…………..
3. അവന്‍ എന്നോട്, എന്‍റെ പിതാവും എന്‍റെ ദൈവവും
എന്‍റെ രക്ഷാശിലയും അവിടുന്നാണ് എന്ന്
ഉച്ചത്തില്‍ ഉദ്ഘോഷിക്കും.
എന്‍റെ കരുണ എപ്പോഴും അവന്‍റെമേല്‍ ഉണ്ടായിരിക്കും;
അവനോടുള്ള എന്‍റെ ഉടമ്പടി അചഞ്ചലമായി
നിലനില്‍ക്കും.
R അയാളുടെ വംശം…………..
കര്‍ത്താവിന്‍റെ വചനം
രണ്ടാം വായന
വി.പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക്
എഴുതിയ ലേഖനത്തില്‍ നിന്ന് (4:13.16 18,22)
(പ്രത്യാശയ്ക്കു യാതൊരു കാരണവുമില്ലാതിരുന്നപ്പോള്‍,
അവന്‍ വിശ്വസിച്ചു)
സഹോദരരേ,ലോകത്തിന്‍റെ അവകാശിയാകും എന്ന വാഗ്ദാനം അബ്രാഹത്തിനോ അവന്‍റെ സന്തതിക്കോ ലഭിച്ചത് നിയമത്തിലൂടെയല്ല, വിശ്വാസത്തിന്‍റെ നീതിയിലൂടെയാണ്. അതിനാല്‍, വാഗ്ദാനം നല്‍കപ്പെട്ടത് വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ്. അത് ഒരു ദാനമായിരിക്കുന്നതിനും അങ്ങനെ അബ്രാഹത്തിന്‍റെ എല്ലാ സന്തതിക്കും – നിയമം ലഭിച്ച സന്തതിക്കു മാത്രമല്ല ,അബ്രാഹത്തിന്‍റെ വിശ്വാസത്തില്‍ പങ്കുചേരുന്ന സന്തതിക്കും – ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുന്നതിനും വേണ്ടിയാണ്.അവന്‍ നമ്മളെല്ലാവരുടെയും പിതാവാണ്.ഞാന്‍ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ. മരിച്ചവര്‍ക്കു ജീവനും അസ്തിത്വമില്ലാത്തവയ്ക്ക് അസ്തിത്വവും നല്‍കുന്നവന്‍റെ മുമ്പില്‍, അവന്‍ വിശ്വാസമര്‍പ്പിച്ച ദൈവത്തിന്‍റെ സന്നിധിയില്‍, ഉറപ്പുള്ളതായിരുന്നു ഈ വാഗ്ദാനം. നിന്‍റെ സന്തതി ഇപ്രകാരമായിരിക്കും എന്നു പറയപ്പെട്ടിരുന്നതനുസരിച്ച് താന്‍ അനേകം ജനതകളുടെ പിതാവാകും എന്ന് , പ്രതീക്ഷയ്ക്ക് സാധ്യത ഇല്ലാതിരുന്നിട്ടും, പ്രതീക്ഷയോടെ അവന്‍ വിശ്വസിച്ചു. അതുകൊണ്ടാണ് അവന്‍റെ വിശ്വാസം അവനു നീതിയായി പരിഗണിക്കപ്പെട്ടത്.
കര്‍ത്താവിന്‍റെ വചനം

അല്ലേലൂയാ!
അല്ലേലൂയാ!(Ps.84: 4)കര്‍ത്താവേ, എന്നേക്കും അങ്ങയെ സ്തുതിച്ചുകൊണ്ട് അങ്ങയുടെ ഭവനത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍- അല്ലേലൂയാ!
സുവിശേഷം
വി.മത്തായി എഴുതിയ സുവിശേഷത്തില്‍ നിന്ന് (1:16,18-21, 24a)
(ദൈവദൂതന്‍ കല്‍പ്പിച്ചതുപോലെ ജോസഫ് പ്രവര്‍ത്തിച്ചു)
യാക്കോബ് മറിയത്തിന്‍റെ ഭര്‍ത്താവായ ജോസഫിന്‍റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു. യേശുക്രിസ്തുവിന്‍റെ ജനനം ഇപ്രകാരമായിരുന്നു: അവന്‍റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു:ദാവീദിന്‍റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. എന്തെന്നാല്‍, അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു മോചിപ്പിക്കും. ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്‍റെ ദൂതന്‍ കല്‍പ്പിച്ചതുപോലെ പ്രവര്‍ത്തിച്ചു.
അല്ലെങ്കില്‍
വി.ലൂക്കാ എഴുതിയ സുവിശേഷത്തില്‍ നിന്ന് (Lk.2: 41 – 51 a)
(നിന്‍റെ പിതാവും ഞാനും ഉല്‍ക്കണ്ഠയോടെ നിന്നെ
അന്വേഷിക്കുകയായിരുന്നു)
യേശുവിന്‍റെ മാതാപിതാക്കന്‍മാര്‍ ആണ്ടുതോറും പെസഹാത്തിരുനാ
ളിന് ജറുസലെമില്‍ പോയിരുന്നു. അവനു പന്ത്രണ്ടു വയസ്സായപ്പോള്‍ പതിവനുസരിച്ച് അവര്‍ തിരുനാളിനു പോയി. തിരുനാള്‍ കഴിഞ്ഞ് അവര്‍ മടങ്ങിപ്പോന്നു. എന്നാല്‍ ബാലനായ യേശു ജറുസലെമില്‍ തങ്ങി;മാതാപിതാക്കന്‍മാര്‍ അത് അറിഞ്ഞില്ല. അവന്‍ യാത്രാസംഘത്തിന്‍റെ കൂടെ കാണും എന്നു വിചാരിച്ച് അവര്‍ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ അന്വേഷിച്ചിട്ടു കാണായ്കയാല്‍, യേശുവിനെത്തിരക്കി അവര്‍ ജറുസലെമിലേക്കു തിരിച്ചുപോയി. മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവര്‍ അവനെ ദേവാലയത്തില്‍ കണ്ടെത്തി. അവന്‍ ഉപാധ്യായന്‍മാരുടെ ഇടയിലിരുന്ന്, അവര്‍ പറയുന്നതു കേള്‍ക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു. കേട്ടവരെല്ലാം അവന്‍റെ ബുദ്ധിശക്തിയിലും മറുപടികളിലും അദ്ഭുതപ്പെട്ടു. അവനെക്കണ്ടപ്പോള്‍ മാതാപിതാക്കന്‍മാര്‍ വിസ്മയിച്ചു. അവന്‍റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്‍റെ പിതാവും ഞാനും ഉത്ക്കണ്ഠയാടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന്‍ അവരോടു ചോദിച്ചു:നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്?ഞാന്‍ എന്‍റെ പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?അവന്‍ തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു.
കര്‍ത്താവിന്‍റെ സുവിശേഷം.

LEAVE A REPLY

Please enter your comment!
Please enter your name here